Followers

Wednesday, September 7, 2016

ആലിന്റെ വേര്

Mahesh writes: .

രാമന്റെ ഭാര്യ പാമ്പുകടിയേറ്റു മരിച്ചു. ചടങ്ങുകളെല്ലാം കഴിഞ്ഞ് മൃതദേഹം ദഹിപ്പിക്കാന്‍ കൊണ്ടുപോകുകയാണ്. ശ്മശാനം കുറച്ചകലെയായിരുന്നു. ഇതുപോലെ വാഹനങ്ങളൊന്നുമില്ലാത്ത കാലമാണത്. മൃതദേഹം ഒരു മഞ്ചലില്‍ കയറ്റി നാലുപേര്‍ ചുമന്നാണ് ശ്മശാനത്തിലേക്കു പോകുന്നത്. ശവസംസ്‌കാരത്തിനു കൂടാന്‍ കുറേപേര്‍ ഒരു ജാഥപോലെ മഞ്ചലിനൊപ്പമുണ്ട്.
ഭഗവതിക്കാവിന്റെ അരികിലൂടെ വേണം ശ്മശാനത്തിലെത്താന്‍, ധാരാളം ആല്‍വൃക്ഷങ്ങളുള്ള സ്ഥലമായിരുന്നു അത്. മൃതദേഹം വഹിച്ച് ആ വഴിയിലെത്തിയപ്പോള്‍ മഞ്ചല്‍ ചുമന്ന ഒരാള്‍ ആല്‍വൃക്ഷത്തിന്റെ വേരു തടഞ്ഞു വീണു. വീഴ്ചയുടെ ആഘാതത്തില്‍ മഞ്ചലിലുള്ള മൃതദേഹം തെറിച്ചുപോയി. മഞ്ചലില്‍നിന്നു തെറിച്ചുവീണ മൃതദേഹം ചെറുതായി അനങ്ങുന്നതുപോലെ ആരോകണ്ടു. ഉടനെ വൈദ്യനെ വരുത്തി. ശുശ്രൂഷ തുടങ്ങി. പതിയെ ആ സ്ത്രീ സുഖംപ്രാപിച്ചു. പിന്നീട് ഇരുപത്തിയെട്ടു വര്‍ഷങ്ങള്‍കൂടി രാമന്റെ ഭാര്യ ജീവിച്ചു. അതുകഴിഞ്ഞ് ഒരു ദിവസം സ്വാഭാവികമായി അവര്‍ മരിച്ചു.
മൃതദേഹം സംസ്‌കരിക്കുന്നതിനായി ദൂരെയുള്ള ശ്മശാനത്തിലേക്ക് കൊണ്ടുപോകുകയാണ്. വര്‍ഷങ്ങള്‍ അത്ര കഴിഞ്ഞിട്ടും ശ്മശാനത്തിലേക്കുള്ള ആ വഴിക്കൊന്നും യാതൊരു മാറ്റവും വന്നിട്ടുണ്ടായിരുന്നില്ല. നാലുപേര്‍ ചുമന്നു നീങ്ങുന്ന മഞ്ചലില്‍ത്തന്നെയായിരുന്നു മൃതദേഹം കൊണ്ടുപോയത്.
ശവഘോഷയാത്ര ഭഗവതിക്കാവിന്റെയരികിലെത്തിയപ്പോള്‍ പിറകില്‍നിന്ന് രാമന്‍ വിളിച്ചു പറഞ്ഞു-

ശ്രദ്ധിക്കണേ! അവിടെ ആലിന്റെ വേരുണ്ട്..

No comments:

Post a Comment