Followers

Wednesday, October 31, 2012

പല്ല്‌


ടിന്റുമോന്‍ ഒരാളുമായി വഴക്കിടുകയായിരുന്നു. അവന്‍ വീമ്പിളക്കി: നിന്റെ പല്ലുകള്‍ 64 ഉം ഞാന്‍ അടിച്ചുകൊഴിക്കും.
ഇത് കേട്ടുകൊണ്ടിരുന്ന ഒരു മൂന്നാമന്‍: ഒരാള്‍ക്ക് 32 പല്ലുകളാണുണ്ടാവുക. എന്നിരിക്കെ 64 ഉം കൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത് വങ്കത്തം കൂടിയല്ലേ?
ടിന്റുമോന്‍: നിന്റെ നോട്ടം കണ്ടപ്പോള്‍ ഞാന്‍ മനസ്സിലാക്കിയിരുന്നു നീ ഇതില്‍ കയറി ഇടപെടുമെന്ന്. നിന്റെ 32 കൂടി ചേര്‍ത്തിട്ടാണ്‌ 64 കൊഴിക്കാന്‍ പോകുന്നത്.

Tuesday, October 30, 2012

അന്നദാനം


മഹാബലിയും യുധിഷ്ഠിരനും സ്വര്‍ഗത്തില്‍ കണ്ടുമുട്ടിയപ്പോള്‍, ആരോ യുഷിഷ്ഠിരനെ പരിചയപ്പെടുത്തി: ഇതാണ്‌ മഹാനായ ധര്‍മ്മപുത്രര്‍. ഇദ്ദേഹത്തിന്റെ കാലത്ത് ദിനംപ്രതി പതിനായിരങ്ങള്‍ക്ക് അന്നദാനം നടത്തിയിരുന്നു.
യുധിഷ്ഠിരന്‍ പ്രശംസയില്‍ മയങ്ങി നില്‍ക്കവെ മാവേലി: നാട് ഇത്രയും കഷ്ടത്തിലായിപ്പോയോ? നമ്മുടെ ഭരണകാലത്ത് സദ്യ വീട്ടിലെത്തിച്ചുകൊടുക്കാമെന്ന് വച്ചാല്‍ പോലും സ്വീകരിക്കാന്‍ ആളെ കിട്ടാറുണ്ടായിരുന്നില്ല.

Monday, October 29, 2012

ഷോപ്പിങ്


ബാബു: എടാ, നീ അകത്തായിരുന്നെന്ന് കേട്ടല്ലോ. ശരിയാണോ?
ബിച്ചു: അതെ.
ബാബു: എന്തായിരുന്നു കാരണം?
ബിച്ചു: ഓ, വളരെ നിസ്സാരമായ കാരണം. ഞാന്‍ ഒരു ഷോപ്പിങ് നടത്തിയതിന്‌.
ബാബു: ഷോപ്പിങ് നടത്തിയാല്‍ പൊലീസ് പിടിക്കുമോ?
ബിച്ചു: അതെ, ചിലപ്പോള്‍.
ബാബു: ചിലപ്പോള്‍!? ആട്ടെ, താനെപ്പോഴാ ഷോപ്പിങ് നടത്തിയത്?
ബിച്ചു: അസമയത്ത്. കട അടച്ചതിനു ശേഷം.

Tuesday, October 23, 2012

എഴുത്തും വായനയും 



മുല്ലാ നസ്‌റുദ്ദീന്‍ ജോലി തേടി അലയുകയായിരുന്നു. ചെല്ലുന്നിടത്തെല്ലാം ഇവിട് ആളെ ആവശ്യമില്ലെന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്. നടന്നു വലഞ്ഞ മുല്ലാ ഒരു മരത്തണലില്‍ വിശ്രമിക്കുകയാണ്‌. അപ്പോഴവിടെ ഒരു വ്യാപാരിയും തണല്‍ തേടിയെത്തി. മുല്ല തന്റെ സങ്കടം പറഞ്ഞു. അയാള്‍ക്ക് അലിവ് തോന്നി. 'കടയില്‍ കണക്കെഴുതാന്‍ ആളെ വേണം. നിനക്ക് എഴുത്തും വായനയും  അറിയുമോ?'
മുല്ല പറഞ്ഞു: എഴുതാനറിയാം; പക്ഷേ വായിക്കാനറിയില്ല.
വ്യാപാരി: ഇത് വിചിത്രമായിരിക്കുന്നല്ലോ.
മുല്ല: താങ്കളുടെ കയ്യില്‍ കടലാസും പേനയുമുണ്ടെങ്കില്‍ തരൂ. ഞാന്‍ എഴുതിക്കാണിക്കാം.
വ്യാപാരി നല്‍കിയ കടലാസിന്റെ ഇരു പുറവും മുല്ല നീട്ടിവൈലിച്ചെഴുതി. എന്നിട്ടത് വ്യാപാരിക്ക് നല്‍കി. അയാള്‍ എത്ര ശ്രമിച്ചിട്ടും ഒന്നും വായിക്കാന്‍ കഴിഞ്ഞില്ല. അയാള്‍ മുല്ലയോട് വായിക്കാന്‍ പറഞ്ഞു: എനിക്കൊന്നും മനസ്സിലാകുന്നില്ല. എന്താണ്‌ താന്‍ എഴുതി വെച്ചിരിക്കുന്നത്.  ഇതൊന്ന് വായിക്കാമോ?
മുല്ല: എനിക്ക് എഴുതാനേ അറിയൂ; വായിക്കാനറിയില്ലെന്ന് ഞാന്‍ നേരത്തെ പറഞ്ഞതല്ലേ?

Saturday, October 20, 2012

ഹംസ ദമയന്തി


Pc Sanal Kumar Ias writes:

ഒരു പ്രത്യേക പെയിന്റിംഗ് മന്ത്രിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടു.കൊള്ളാം.അത് തന്റെ drawing റൂമില്‍ വേണം.എന്ത് വില ആയാലും വേണ്ടില്ല.മന്ത്രി പീ എ. യോട് പറഞ്ഞു.
"എടൊ ആ പടം വാങ്ങി കൊണ്ട് വാ."
"ഏതു പടം?"
മന്ത്രി എത്ര ശ്രമിച്ചിട്ടും അത് എക്സ്പ്രസ്സ്‌ ചെയ്യാന്‍ കഴിയുന്നില്ല.ഒടുവില്കുരെ ആലോചിച്ചിട്ട് പറഞ്ഞു
"എടൊ ആ കൊയീന്റെം പെണ്ണും പിള്ളയുടെം പടം "
പീ എ യ്ക്ക് പുടി കിട്ടി.
(രാജാ രവി വര്‍മ്മ വരച്ച 'ഹംസ ദമയന്തി')

Wednesday, October 17, 2012

ഉത്തരം


സാക്ഷരതാക്ലാസാണ്‌ രംഗം. പഠിപ്പിക്കുന്നത് നിത്യജീവിതത്തില്‍ അത്യാവശ്യമുള്ള ഗുണനപ്രക്രിയ.
ചോദ്യം: ഒരു പോത്തിന്‌ 18,000 രൂപ വിലയാണെങ്കില്‍ 10 പോത്തിന്‌ എന്തു വില വരും?
ഉത്തരം: ബാക്കി ഒമ്പതിനെക്കൂടി കണ്ടെങ്കിലേ പറയാന്‍ കഴിയൂ.

Thursday, October 11, 2012

എട്ടുകാലി മമ്മൂഞ്ഞ്



സ്ത്രീപീഡനക്കേസിലെ പ്രതിയെത്തേടിയിറങ്ങിയതാണ്‌ പൊലീസ്. കൂടെ ഇരയായ യുവതിയുമുണ്ട്. അവര്‍ വളരെ നേരം ശ്രമിച്ചു. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെ മടങ്ങാന്‍ തീരുമാനിച്ചു. അപ്പോള്‍ മൂന്നു പേര്‍ ആ വഴിക്ക് വന്നു. അവരെ യുവതി തിരിച്ചറിഞ്ഞു. തന്റെ നിലവിളി കേട്ട് രക്ഷിക്കാന്‍ വന്നവത് അവരായിരുന്നു.
പ്രതിയെക്കുറിച്ച് വല്ല വിവരവും കിട്ടുമെന്ന് കരുതി പൊലീസ് അവരെ വിളിച്ചു.
'ഇന്നലെ ഇവളെ പീഡിപ്പച്ചത് ആരാണ്‌?'
ഒന്നാമന്‍: ഞാനല്ല.
രണ്ടാമന്‍: ഞാനുമല്ല.
മൂന്നാമന്‍: ഞാനാണ്‌.
'എന്താടാ നിന്റെ പേര്‌?'
'മമ്മൂഞ്ഞ്'.
'മുഴുവന്‍ പേര്‌ പറയെടാ'.
'എട്ടുകാലി മമ്മൂഞ്ഞ്'.'

രാമന്‍ കുട്ടി മാരീഡ്‌



നാടന്‍ മാത്രം കുടിച്ചു ശീലിച്ച രാമന്‍കുട്ടി ഒരിക്കല്‍ ഒരു ബാറില്‍ കയറാന്‍ ഇടയായി. എന്താണ്‌ ഓര്‍ഡര്‍ ചെയ്യേണ്ടതെന്നു ഒരു ധാരണയും അയാള്‍ക്കില്ലായിരുന്നു. അപ്പോഴാണ്‌ അടുത്ത റ്റേബിളിലുള്ള രണ്ടാളുകള്‍ ഓര്‍ഡര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടത്.
അവരില്‍ ഒരാള്‍ പറഞ്ഞു: ജോണിവാക്കര്‍ സിങ്ക്‌ള്‍.
രണ്ടാമന്‍: നെപ്പോളിയന്‍ സിങ്ക്‌ള്‍ .
നമ്മുടെ നാട്ടിന്‍പുറത്തുകാരന്‍ പറഞ്ഞു: 'രാമന്‍ കുട്ടി മാരീഡ്‌'.

കാറും വെള്ളവും


ബാബുവും രാജുവും നട്ടുച്ച നേരത്ത് റോട്ടിലൂടെ നടക്കുകയായിരുന്നു. നല്ല ദാഹവും ക്ഷീണവുമുണ്ട്‌. അപ്പോഴുണ്ട് അവരുടെ സുഹൃത്ത് കബീര്‍ എതിര്‍ ഭാഗത്ത് നിന്ന് കാറോടിച്ച് വരുന്നു. അവരെ കണ്ട് കാര്‍ നിറുത്തി. അപ്പോള്‍ രാജു ചോദിച്ചു: 'കാറില്‍ വെള്ളമുണ്ടോ?'
അപ്പോള്‍ ബാബു പറഞ്ഞു: 'ഉണ്ടാകാന്‍ വഴിയില്ല; ഇത് പെട്രോളൊഴിച്ച് ഓടിക്കുന്ന വണ്ടിയാണ്‌.

രണ്ടര കോടി


ടീച്ചര്‍: 'രണ്ടര കോടി' വാക്യത്തില്‍ പ്രയോഗിക്കുക.
ടിന്‍റു മോന്‍: 2.35 ന്‌ പുറപ്പെടുന്ന ബസ് കിട്ടാന്‍ ഞാന്‍ വീട്ടില്‍ നിന്ന് 'രണ്ടരക്കോടി'.

മെയ്‌ഡ്‌ ഇന്‍ ചൈന


ഒരു ചൈനീസ് ടൂറിസ്റ്റ് കോഴിക്കോട്ട് നിന്ന് ടാക്സി വിളിച്ചു. വേഗത കുറവാണെന്നായി അയാളുടെ പരാതി. അയാള്‍ ഡ്രൈവറെ ശകാരിച്ചു കൊണ്ടേയിരുന്നു. അയാള്‍ പറഞ്ഞു: ചൈനയിലെ കാറുകള്‍ക്കൊക്കെ എന്താ സ്പീഡ്? ഈ കാറിലും ഭേദം കാളവണ്ടിയായിരുന്നു.
അല്‍പ്പ സമയത്തിനകം യാത്ര അവസാനിച്ചു. പിന്നെ ചാര്‍ജിന്‍റെ കാര്യത്തില്‍ തര്‍ക്കം തുടങ്ങി: 'ഇത്രയും ദൂരത്തിനു മുന്നൂറു രൂപയോ? എന്തൊരു കൊള്ളയാണിത്?'
ഡ്രൈവര്‍: ഇത് കൊള്ളയും കൊലയുമൊന്നുമല്ല. ഈ കാറിന്‍റെ മീറ്റര്‍ മെയ്‌ഡ്‌ ഇന്‍ ചൈനയാണ്‌; നല്ല സ്പീഡിലാണ്‌ ഓടുന്നത്.

ആശംസാ ടെലിഗ്രാം


തങ്കമ്മയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്ന അടുത്ത കൂട്ടുകാരി ഒരു ആശംസാ ടെലിഗ്രാം അയച്ചു.. ചെലവ് ചുരുക്കാന്‍ വേണ്ടി ഒരു ബൈബിള്‍ വാക്യത്തിന്‍റെ നമ്പര്‍ മാത്രമാണ്‌ സന്ദേശമായി എഴുതിയിരുന്നത്. '1യോഹന്നാന്‍ 4/18' എന്ന് മാത്രം. ആ വാക്യം ഇപ്രകാരമാണ്‌: 'സ്നേഹത്തില്‍ ഭയമില്ല; പൂര്‍ണ്ണമായ സ്നേഹം ഭയത്തെ പുറംതള്ളുന്നു....'.
പക്‌ഷെ തപാല്‍ വകുപ്പ് അവരുടെ കാഴ്ചപ്പാടില്‍ വളരെ നിസ്സാരമായ ഒരു തെറ്റ് വരുത്തി. അപ്പോള്‍ സന്ദേശം ഇങ്ങനെ ആയി. 'യോഹന്നാന്‍ 4/18'.
തങ്കമ്മയും ജന്‍മനാ സംശയാലുവായ ഭര്‍ത്താവും ചേര്‍ന്ന് കൂട്ടുകാരിയുടെ സന്ദേശം വേദപുസ്തകത്തില്‍ കണ്ടെത്തിയപ്പോള്‍  അതവള്‍ക്ക് വലിയ ഒരു ആഘാതമായി മാറി. കാരണം യോഹന്നാന്‍ 4/18 ഇപ്രകാരമാണ്‌: 'നിനക്ക് അഞ്ച് ഭര്‍ത്താക്കന്മാരുണ്ടായിരുന്നു; ഇപ്പോള്‍ കൂടെയുള്ളവന്‍ നിന്‍റെ ഭര്‍ത്താവല്ല......'

പള്ളിക്കാരുടെ ചുമതല


പള്ളിക്കടുത്ത് റോട്ടില്‍ ഒരു കഴുത ചത്ത് കിടക്കുന്നത് കണ്ട അച്ചന്‍ പഞ്ചായത്ത് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു.
അപ്പോള്‍ ഓഫീസിലുണ്ടായിരുന്ന ആള്‍: "അന്ത്യ കൂദാശയും ശവമടക്കുമൊക്കെ പള്ളിക്കാരുടെ ചുമതലയല്ലേ?".
അച്ചന്‍: "തീര്‍ച്ചയായും അതെ. എന്നാലും ഒന്ന് വിവരമറിയിക്കണമല്ലോ എന്ന് കരുതി വിളിച്ചതാണ്‌. പറ്റുമെങ്കില്‍ ശവമടക്കിന്‌ വന്നേക്കണം. വച്ചു താമസിപ്പിക്കന്‍ പറ്റില്ല; അറിയാലോ നിങ്ങളുടെ ഇനമല്ലേ."

എതിര്‍ സ്ഥാനാര്‍ത്ഥി


തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് കടുത്ത ദേഷ്യവും സങ്കടവും. ഭാര്യ അടുത്ത് ചെന്ന് മയത്തില്‍ കാര്യമന്വേഷിച്ചു.
മറുപടി: 'ഇന്നെനിക്ക് 37 ഹാരമേ കിട്ടിയിട്ടുള്ളൂ...."
ഭാര്യ ഇടക്കു കയറി ചോദിച്ചു: 'എതിര്‍ സ്ഥാനാര്‍ത്ഥിക്ക് ഒമ്പതേ കിട്ടിയിട്ടുള്ളു എന്നാണല്ലോ ഞാന്‍ കേട്ടത്. എങ്കില്‍ ഇത് നല്ല ലീഡിങ്ഗ് അല്ലേ?'
സ്ഥനാര്‍ത്ഥി: 'അതല്ലടീ കാര്യം. അമ്പത് ഹാരത്തിനുള്ള കാഷ് ഞാന്‍ കാലത്ത് എണ്ണിക്കൊടുത്തതാണ്‌."

തിരുവാതിര ഞാറ്റുവേല


പണ്ടു പറങ്കികള്‍ കുരുമുളകിന്റെ വള്ളി കൊണ്ടുപോകാന്‍ സാമൂതിരിയുടെ അനുവാദം നേടിയപ്പോള്‍ രാജസദസിലെ ചിലര്‍ അതപകടമാണെന്നു പറഞ്ഞു.
സാമൂതിരി കൊടുത്ത മറുപടി, 'അവര്‍ വള്ളിയല്ലേ കൊണ്ടു പോകൂ. തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാനാവില്ലല്ലോ'

അനിയത്തി


ടീച്ചര്‍: മുംതാസ് റാണി മരിച്ചപ്പോള്‍ ഷാജഹാന്‍ ചക്രവര്‍ത്തി എന്ത് ചെയ്തു?
ടിന്‍റു മോന്‍: അറിയില്ല.
ടീച്ചര്‍: ബാബു പറയൂ.
ബാബു: താജ്മഹല്‍ കെട്ടി.
ടിന്‍റു മോന്‍: അതാരാ മുംതാസിന്‍റെ അനിയത്തി ആണോ?

ഇത് കേരളമാണോ?



ഇന്ന് ജനിച്ച ഒരു കുഞ്ഞ്‌: പതുക്കെ തന്‍റെ കണ്ണുകള്‍ തുറന്നു നോക്കി; ആകെ ഒരിരുട്ട്. ദേഷ്യവും സങ്കടവും കൊണ്ട് അത് കണ്ണടച്ചു. അല്‍പം കഴിഞ്ഞു കരണ്ട് വന്നപ്പോള്‍ കണ്ട ആളോട് കുഞ്ഞ് ചോദിച്ചു: ഇത് കേരളമാണോ?
അയാള്‍: അതേ.
കുഞ്ഞ്: ഈശ്വരാ ഈ ജന്‍മവും പാഴായല്ലോ.

സൌന്ദര്യവും ബുദ്ധിയും



ജോര്‍ജ്ജ് ബര്‍ണാഡ് ഷായുമായി സുന്ദരിയായ ഒരു യുവതി വിവാഹാലോചന നടത്തി; അവര്‍ പറഞ്ഞു: 'എന്‍റെ സൌന്ദര്യവും താങ്കളുടെ ബുദ്ധിയുമുള്ള ഒരു കുഞ്ഞ് ജനിച്ചാല്‍ അത് വളരെ നന്നാവുമല്ലോ.
ഷാ: അത് കൊള്ളാം; എന്നാല്‍ നേരെ മറിച്ച് എന്‍റെ സൌന്ദര്യവും നിന്‍റെ ബുദ്ധിയുമുള്ള ഒരു കുഞ്ഞാണ്‌ ജനിക്കുന്നതെങ്കിലോ?

രണ്ടാമന്‍ എവിടെ?


ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍; അവിടെ കുട്ടികള്‍ പഠനത്തില്‍ മോശമാണെന്ന് നാട്ടുകാര്‍ക്ക് പരാതി. കുട്ടികള്‍ക്ക് ബുദ്ധിയില്ലെന്ന് അദ്ധ്യാപകര്‍. എന്നാല്‍ അധ്യാപകരുടെ ബുദ്ധിയില്ലായ്മയാണ്‌ കാരണമെന്നാണ്‌ നാട്ടുകാരുടെ പക്ഷം. ഈ വിവരം അധ്യാപകരുടെ ചെവിയിലും എത്തി. എന്ന് മാത്രമല്ല പരിഹാരമെന്തെന്ന് ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിക്കാനും അവര്‍ തീരുമനിച്ചു. ഒരു ഞായറഴ്ചയാണ്‌ മീറ്റിംഗ് നടക്കുന്നത്. അധ്യാപകര്‍ക്ക് ബുദ്ധിയില്ല എന്ന് പറയുന്നത് ശരിയോ എന്ന പരിശോധനാണ്‌ അജന്‍ഡയിലെ ഏക ഇനം. യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ ആലോചിച്ചിട്ടും അവര്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. അവസാനം ഒരു ചായ കുടിക്കാമെന്ന് അവര്‍ തീരുമാനിച്ചു. അന്ന് പ്യൂണ്‍ ഇല്ലായിരുന്നു; പ്യൂണിനെ മനപ്പൂര്‍വ്വം മാറ്റിനിറുത്തിയതാണ്‌. അയാള്‍ നട്ടുകാരന്‍ കൂടിയാണ്‌ എന്നത് തന്നെ മുഖ്യ കാരണം. പകരം ഒരു അധ്യാപകന്‍ ചായ വാങ്ങാന്‍ പോകാമെന്ന് വച്ചു. തൊട്ടടുത്ത കവലയിലെ ചായക്കടയിലെത്തി ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചായക്കാരന്ന് ഒരു സംശയം. അയാള്‍ ചോദിച്ചു; അല്ല മാഷേ, ഇന്ന് ഞായറാഴ്ചയല്ലേ? പിന്നെന്താ സ്കൂളില്‍ പരിപാടി?
മാഷ്: ഞങ്ങള്‍ക്ക് ബുദ്ധിയില്ല എനൊരു പരാതിയുണ്ടല്ലോ നിങ്ങള്‍ നാട്ടുകര്‍ക്ക്; അതിനെക്കുറിച്ച് ആലോചിക്കാന്‍ വേണ്ടി ഇന്നൊരു സ്റ്റാഫ് മീറ്റിംഗ് നടക്കുകയാണ്‌.
ചായക്കാരന്‍: എന്നിട്ടെന്തായി?
മാഷ്: ആലോചന നടക്കുകയാണ്‌.
ചായക്കാരന്‍: ബുദ്ധിയുണ്ടോ എന്ന് പരീക്‌ഷിക്കാന്‍ പറ്റിയ ഒരു ചോദ്യം ഞാന്‍ ചോദിക്കാം.
മാഷ് വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞു: ചോദിച്ചോളൂ.
ചായക്കാരന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് ആണ്‍ മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
മാഷ് വളരെ നേരം ഇരുന്നും നിന്നും കണ്ണ്‌ തുറന്നും അടച്ചും  ആലോചിച്ചു. അവസാനം വളരെ നിരാശയോടെ തോല്‍വി സമ്മതിച്ചപ്പോള്‍ ചായക്കാരന്‍ ഉത്തരം പറഞ്ഞ് കൊടുത്തു: രണ്ടാമന്‍ ഞാനാണ്‌.
തനിക്ക് ബുദ്ധിയില്ലെന്ന് ബോധ്യമായെങ്കിലും  മറ്റുള്ളവരുടെ ബുദ്ധി പരിശോധിക്കാന്‍ ഒരു അളവ് കോല്‍ കിട്ടിയ സന്തോഷത്തിലാണ്‌ അയാള്‍ ചായയുമായി സ്കൂളിലേക്ക് തിരിച്ചത്.
സ്കൂളിലെത്തിയതും അയാള്‍ സഹ അധ്യാപകരോട് പറഞ്ഞു: നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ എന്ന് പരിശോധിക്കാന്‍ പറ്റിയ ഒരു ചോദ്യം കിട്ടിയിട്ടുണ്ട്‌.
പ്രധാന അധ്യാപകന്‍ പറഞ്ഞു: എങ്കില്‍ അതൊന്നു കേള്‍ക്കട്ടെ.
അധ്യാപകന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
 രണ്ടാമന്‍ എവിടെ എന്ന് അദ്ധ്യാപകര്‍ ഒറ്റക്കും കൂട്ടായും ആലോചിച്ചു. ചിലര്‍ ചായ കുടിച്ച് കൊണ്ട് ആലോചീച്ചു. ചീലര്‍ ചായ കുടിക്കാന്‍ പോലും മറന്നുകൊണ്ട് ആലോചിച്ചു. പക്‌ഷെ ഉത്തരം മാത്രം കിട്ടിയില്ല. അവര്‍ ഒന്നടങ്കം തോല്‍വി സമ്മതിച്ചു.
അപ്പോള്‍ ചോദ്യം ചോദിച്ച അദ്ധ്യാപകന്‍ വിജയ ഭാവത്തില്‍  ഉത്തരം വിളിച്ചു പറഞ്ഞു: ആ രണ്ടാമത്തെ മകനാണ്‌ കവലയില്‍ ചായക്കട നടത്തുന്നത്.

നിങ്ങളുടെ ഈ അവസ്ഥ


റഷ്യന്‍ ഭരണാധികാരിയായുന്ന ക്രൂഷ്ചേവ് ഒരു പാര്‍ട്ടി പരിപാടിയില്‍ മുന്‍ ഭരണാധികാരി സ്റ്റാലിനെ വിമര്‍ശിച്ചു കൊണ്ട് പറഞ്ഞു: സ്റ്റാലിന്‍ പലപ്പോഴും ഏകാധിപതിയെപ്പോലെയാണ്‌ പെരുമാറിയത്. നിരവധി നിരപരാധികളെ കൊന്നൊടുക്കിയ അദ്ദേഹം ഒരു സ്വേച്ഛാധിപതി കൂടി ആയിരുന്നു. ഞാന്‍ പലതിനും  സാക്ഷിയാണ്‌.'

സദസ്സില്‍ നിന്ന് ഒരാള്‍ ചോദിച്ചു: 'താങ്കള്‍ എന്ത് കൊണ്ട് അന്ന് പ്രതികരിച്ചില്ല?'

ക്രൂഷ്ചേവ് തന്‍റെ അരയില്‍ നിന്ന് കൈത്തോക്കെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് ചോദിച്ചു: 'ആരാണ്‌ എന്നെ ചോദ്യം ചെയ്തത്?'

ആരും ഒന്നും ഉരിയാടിയില്ല. ക്രൂഷ്ചേവ് പറഞ്ഞു: 'നിങ്ങളുടെ ഈ അവസ്ഥയിലാണ്‌ അന്ന് ഞാന്‍ ഉണ്ടായിരുന്നത്.'

കഴുതയുടെ ചിത്രം


ബ്രിട്ടീഷ് പ്രധാന മന്ത്രിയായിരുന്ന ചര്‍ച്ചില്‍ ഒരിക്കല്‍ സുഹൃത്തുക്കളോട് സംസാരിച്ചുകൊണ്ടിരിക്കയായിരുന്നു. അതിനിടയില്‍ അദ്ദേഹം ബാത് റൂമില്‍ പോയി. അപ്പോള്‍ ഒരു സുഹൃത്ത് ചര്‍ച്ചിലിന്‍റെ കര്‍ച്ചീഫില്‍ ഒരു കഴുതയുടെ ചിത്രം വരച്ചു വച്ചു. അദ്ദേഹത്തെ പരിഹസിക്കാനാണ്‌ ഇത് ചെയ്തത്. എന്നാല്‍ കര്‍ച്ചീഫില്‍ കഴുതയുടെ ചിത്രം കണ്ട ചര്‍ച്ചില്‍ ചോദിച്ചു: ഞാന്‍ ബാത് റൂമില്‍ പോയ സമയത്ത് ആരാണ്‌ എന്‍റെ കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചത്?

ഏറ്റവും നല്ല ഭര്‍ത്താവ്



കുറ്റാന്വേഷണ സാഹിത്യകാരിയായ അഗത ക്രിസ്റ്റിയോട് പത്രക്കാരന്‍: സാഹിത്യത്തില്‍ താല്‍പര്യമുള്ള ഒരാളെ കല്യാണം കഴിക്കാമായിരുന്നില്ലേ? എന്തിനാണ്‌ ഒരു പുരാവസ്തു ഗവേഷകനെ കെട്ടിയത്? അതും സഹിത്യത്തില്‍ ഒരു താല്‍പര്യവുമില്ലാത്ത ആള്‍!
അഗത: ഒരു സ്ത്രീയ്ക്ക് കിട്ടാവുന്നതില്‍ വച്ച് ഏറ്റവും നല്ല ഭര്‍ത്താവിനെയാണ്‌ എനിക്ക് കിട്ടിയത്. എനിക്ക് പ്രായം കൂടുംതോറും എന്നോടുള്ള അദ്ദേഹത്തിന്‍റെ താല്‍പര്യം കൂടുകയേ ഉള്ളൂ. അത് പുരാവസ്തു ഗവേഷകന്‍റെ മാത്രം പ്രത്യേകതയാണ്‌.

ഭരണാധികാരി



ചര്‍ച്ചിലിന്ന് ഒരു മരുമകനുണ്ടായിരുന്നു. ഒട്ടും പരിസര ബോധമോ അവസരബോധമോ കാണിക്കാതെ അപ്രസക്തമയ ഓരോന്ന് ചോദിച്ചുകൊണ്ടേയിരിക്കും. ചര്‍ച്ചിലിന്ന് ഇത് വലിയ ശല്യമായിരുന്നു. ഒരിക്കല്‍ മരുമകന്‍ ചോദിച്ചു: ലോകത്തിലെ ഏറ്റവും നല്ല ഭരണാധികാരി ആരാണ്‌?
ചര്‍ച്ചില്‍: മുസ്സോളനി.
മരുമകന്‍: എന്താ കാരണം?
ചര്‍ച്ചില്‍: മുസ്സോളനി അദ്ദേഹത്തിന്‍റെ മരുമകനെ വെടിവച്ച് കൊന്നു. അതു തന്നെ കാരണം.

യഥാര്‍ത്ഥ പ്രായം



ഒരു സ്ത്രീ ബര്‍ണാഡ് ഷായോട് ചോദിച്ചു: എനിക്കെന്ത് പ്രായമുണ്ടെന്നാണ്‌ താങ്കള്‍ കരുതുന്നത്?
ഷാ: താങ്കളുടെ മുടി കണ്ടാല്‍ ഒരു 19 തോന്നിക്കും, പല്ല്‌ കണ്ടാല്‍ 18, മൊത്തം ശരീരം കണ്ടാല്‍ 15 മാത്രമേ തോന്നൂ.
അവര്‍ക്ക് വലിയ സന്തോഷമായി. അവര്‍ ഷായെ ചുമ്പിക്കുവാന്‍ തുനിഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങളുടെ മുടിക്കും പല്ലിനും ശരീരത്തിനും ഉണ്ടെന്ന് ഞാന്‍ പറഞ്ഞ പ്രായത്തിന്‍റെ ആകത്തുകയാണ്‌ നിങ്ങളുടെ യഥാര്‍ത്ഥ പ്രായം.

മറ്റൊരാളുടെ ഭാര്യ



ജവഹര്‍ ലാല്‍ നെഹ്‌റു വലിയ ഒരാള്‍ക്കൂട്ടത്തോട് പ്രസംഗിക്കുകയാണ്‌. അദ്ദേഹം പറഞ്ഞു: 'എന്‍റെ ജീവിതത്തിലെ ഏറ്റവും സുന്ദര വേളകളായി ഞാന്‍ കണക്കാക്കുന്നത് മറ്റൊരാളുടെ ഭാര്യയുടെ മടിയില്‍ ഞാന്‍ കഴിച്ചുകൂട്ടിയ വേളകളാണ്‌ '
സ്തംഭിച്ചൂ നില്‍ക്കുന്ന ശ്രോതാക്കളെ നോക്കി ഒരു കുസൃതിച്ചിരിയോടെ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: "ആ മറ്റൊരാള്‍ എന്‍റെ അച്ഛനാണ്‌."

വെക്കേഷന്‍



വെക്കേഷന്‍ കഴിഞ്ഞു ക്ലാസിലെത്തിയ ടിന്‍റു മോനോട് ടീച്ചര്‍: വെക്കേഷന്‍ കാലത്ത് നീ എന്ത് ചെയ്തു?
ടിന്‍റു മോന്‍: ഒരു ദിവസം ഞാന്‍ ബൈക്ക് പഠിക്കാന്‍ പോയി.
ടീച്ചര്‍: ശരി, ബാക്കിയുള്ള ദിവസങ്ങളിലോ?
ടിന്‍റു മോന്‍: ഹോസ്പിറ്റലില്‍ കിടന്നു.

വിക്ക്



ശ്രീ. ഇ. എം.എസ്. നമ്പൂതിരിപ്പാടിനോട് ഡല്‍ഹിലെ പത്രപ്രവര്‍ത്തകരിലൊരാള്‍ അദ്ദേഹത്തിന്‍റെ വിക്കിനെ പരിഹസിക്കാന്‍ വേണ്ടി ഇങ്ങനെ ചോദിച്ചു: താങ്കള്‍ക്ക് എപ്പോഴും വിക്ക് അനുഭവപ്പെടാറുണ്ടോ?
ഇ.എം.എസ്: ഇല്ല; സംസാരിക്കുമ്പോള്‍ മാത്രമേ ഉള്ളൂ.

ബസ് ഓടിക്കാന്‍



നാട്ടില്‍ ബസ് വന്നു തുടങ്ങിയ കാലം. നമ്പൂതിരിക്ക് ബസില്‍ കയറാന്‍ ഒരു മോഹം. അവസാനം ബസില്‍ കയറി; തൊട്ടടുത്ത പട്ടണത്തില്‍ പോയി, അടുത്ത ട്രിപ്പില്‍ തിരിച്ചു ഗ്രാമത്തിലേക്ക് പോന്നു. ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനം ഓടിവന്നു. എന്നിട്ട് ചോദിച്ചു: എങ്ങനെയാണ്‌ ബസ്? എങ്ങനെയാണ്‌ അതില്‍ കയറുക? നിങ്ങള്‍ ശരിക്കും കയറിയോ?
ഒരു കൂട്ടം ചോദ്യങ്ങള്‍! ഒറ്റ ശ്വാസത്തില്‍!
എല്ലാറ്റിനും നമ്പൂതിരി മറുപടിയും നല്‍കി. അവസാനം ചോദിക്കാത്ത ഒരു ചോദ്യത്തിനു കൂടി ഉത്തരം നല്‍കി: 'നോം ബസ് കാണുകയും ബസില്‍ കയറുകയും ബസില്‍ യാത്ര ചെയ്യുകയും മാത്രമല്ല ചെയ്തത്. ബസ് ഓടിക്കാന്‍ പഠിക്കുകയും ചെയ്തു.'
അന്തര്‍ജ്ജനം ആശ്ചര്യത്തോടെ ചോദിച്ചു: എങ്ങനെയാണ്‌ ബസ് ഓടിക്കുന്നത്?
നമ്പൂതിരി: 'അത് വളരെ എളുപ്പമാണ്‌. ബസിന്‍റെ മുന്‍ഭാഗത്ത് നിന്ന് പിന്‍ ഭാഗത്തേക്ക് ഒരു ചരട് വലിച്ച് കെട്ടിയിട്ടുണ്ട്. അത് പിടിച്ച് ഒരു വലി വലിച്ചാല്‍ ബസ് നില്‍ക്കും; രണ്ട് വലി വലിച്ചാല്‍ ബസ് ഓടുകയും ചെയ്യും. അത്രയേ ഉള്ളൂ.'

മുസ്‌ലിം തീവ്രവാദി



അമേരിക്കയിലെ ഒരു പാര്‍ക്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഉല്ലസിച്ചുകൊണ്ടിരിക്കുകയാണ്‌. ഒരു കുട്ടി കൂട്ടം തെറ്റി അകന്നു പോയി. ഒരു തെരുവു പട്ടി ആ കുട്ടിയെ ആക്രമിക്കാന്‍ ചെന്നു. നല്ലവനായ ഒരാള്‍ ഓടിയെത്തി ശൌര്യം നിറഞ്ഞ പട്ടിയില്‍ നിന്നും കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു; പക്ഷെ പട്ടി വിടുന്നില്ല. അവസാനമയാള്‍ക്ക് പട്ടിയെ തല്ലിക്കൊല്ലേണ്ടി വന്നു. അങ്ങനെയാണ്‌ ഒരു വിധം ആ കുട്ടിയെ രക്ഷപ്പെടുത്തിയത്.
ഇതിന്ന്‌ സാക്ഷിയായ പത്രപ്രവര്‍ത്തകന്‍ അയാളെ സമീപിച്ച് ഇത് നളെ പത്രത്തില്‍ വാര്‍ത്തയാക്കുമെന്നറിയിച്ചു. 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു ന്യൂയോര്‍ക്കുകാരന്‍ ശൂരനും ക്രൂരനുമായ ഒരു തെരുവു പട്ടിയുടെ ആക്രമണത്തില്‍ നിന്ന് നിഷ്കളങ്കനായ ഒരു കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി' എന്നായിരിക്കും വാര്‍ത്ത എന്നും അറീയിച്ചു.
അയാള്‍ ചോദിച്ചു: ഞാനൊരു ന്യൂയോര്‍ക്കുകാരന്‍ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: 'ധീരനും മനുഷ്യ സ്നേഹിയുമായ ഒരു അമേരിക്കക്കാരന്‍ ......"
അയാള്‍: ഞാനൊരമേരിക്കക്കാരന്‍ തന്നെ അല്ലെങ്കിലോ?
പത്രപ്രവര്‍ത്തകന്‍: നിങ്ങളുടെ നാടേതാണ്‌?
അയാള്‍: ഞാന്‍ ഫലസ്തീനിയാണ്‌.
പത്രക്കാരന്‍: എങ്കില്‍ ഞാന്‍ ഇങ്ങനെ വാര്‍ത്ത കൊടുക്കും. ' കൊടുംഭീകരനായ ഒരു മുസ്‌ലിം തീവ്രവാദി നിരപരാധിയായ ഒരമേരിക്കന്‍ തെരുവുപട്ടിയെ നിഷ്കരുണം കൊന്നു കളഞ്ഞു.'

ഒരു പാത്രം വെള്ളം



നാട്ടിന്‍ പുറത്തുകാരുടെ തമാശയുടെ ഭാഗമായി ഒരു പന്തയം നടക്കുകകയാണ്‌. കവലയിലെ ചായക്കടയാണ്‌ വേദി. ഒരു പാത്രം വെള്ളം മുഴുവന്‍ കുടിച്ച് തീര്‍ക്കുക. ഇതാണ്‌ പന്തയം. യുവാക്കള്‍ തമ്മിലുള്ള പന്തയത്തിന്ന്‌ തുടക്കം കുറിക്കാനിരിക്കെ ഒരു നമ്പൂതിരി സ്ഥലത്തെത്തി. അപ്പോള്‍ ആരോ ഒരു കൌതുകത്തിന്‌ അദ്ദേഹത്തോട് ചോദിച്ചു: തിരുമേനീ, ഈ ഒരു പാത്രം വെള്ളം കുടിച്ച് തീര്‍ക്കാമോ?
നമ്പൂതിരി: 'ഇപ്പോള്‍ പറയാം.'
ഇതും പറഞ്ഞ് അദ്ദേഹം കടയുടെ പിന്‍ ഭാഗത്തേക്കോടി.
എന്നിട്ട് ഒരു പാത്രം വെള്ളമെടുത്ത് കുടിച്ച് നോക്കി. ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും കുടിച്ച് തീര്‍ക്കന്‍ കഴിഞ്ഞു. ഒരു സാമ്രാജ്യം കീഴടക്കിയ സന്തോഷത്തോടെ കടയുടെ മുന്‍ ഭാഗത്ത് ചെന്ന് പന്തയം വച്ചു. എന്നിട്ട് രണ്ട് കവിള്‍ പോലും കുടിക്കാനാവാതെ ദയനീയമായി പരാജയപ്പെട്ടു.

പിശാച്



ഒരു കപ്പല്‍ യത്രക്കിടയില്‍ ജോണ്‍ വെസ്ലിയെ പരിഹസിക്കാനായി ചിലര്‍ പറഞ്ഞു: 'പിശാച് മരിച്ച് പോയിരിക്കുന്നു എന്ന് ഇന്നത്തെ പത്രത്തിലുണ്ട്'.
ജോണ്‍ വെസ്ലി: പാവങ്ങള്‍! നിങ്ങള്‍ അനാഥരായല്ലേ.

അയ്യായിരം അപ്പം 



അച്ചന്‍ പള്ളിയില്‍ പ്രസംഗിക്കുകയാണ്‌. ക്രിസ്തുവിന്‍റെ അല്‍ഭുത കൃത്യങ്ങള്‍ വിവരിച്ച കൂട്ടത്തില്‍ അഞ്ചപ്പം കൊണ്ട് 5000 പേരെ ഊട്ടിയ കാര്യവും പറഞ്ഞിരുന്നു. അത് കേട്ടപ്പോള്‍ കുസൃതിക്കാരിയായ യുവതി മോളി പറഞ്ഞു: 'അത് എനിക്കും കഴിയും.'
പിന്നീട് കപ്യാര്‌ പറഞ്ഞ് അച്ചന്‍ തനിക്ക് പറ്റിയ തെറ്റ് മനസ്സിലാക്കിയപ്പോഴാണ്‌ മോളിയുടെ അവകാശവാദത്തിന്‍റെ കാരണമറിയുന്നത്. '5000 അപ്പം കൊണ്ട് അഞ്ച് പേരെ ഊട്ടി എന്നാണ്‌ അച്ചന്‍ പറഞ്ഞിരുന്നത്'.
അടുത്ത നാള്‍ അതെ അല്‍ഭുത പ്രവൃത്തി അച്ചന്‍ തെറ്റൊന്നും കൂടാതെ ആവര്‍ത്തിച്ചു പറഞ്ഞു. അപ്പോഴും മോളി പറഞ്ഞു: 'അതെനിക്കും കഴിയും'
ഉടനെ അച്ചന്‍ അവളെ കയ്യോടെ പിടികൂടി; എന്നിട്ട് ചോദിച്ചു: 'നിനക്കതെങ്ങനെ കഴിയും?'
മോളി: 'ഇന്നലത്തെ അപ്പം എത്രയാണച്ചോ ബാക്കി കിടക്കുന്നത്'?

പഴത്തൊലി



ഒരു മജീഷ്യന്‍ പല വിദ്യകളും കാണിച്ചു. ഒന്നും കാണികള്‍ക്ക് രസിച്ചില്ല. അപ്പോള്‍ അയാള്‍ പറഞ്ഞു: ഒരു പഴത്തൊലി കിട്ടിയാല്‍ നല്ല ഒരു മാജിക്ക് കാണിക്കാം. ആരെങ്കിലും ഒന്ന് ശ്രമിച്ച് നോക്കൂ.
കാണികളിലൊരാള്‍: പരിസരത്തെവിടെയെങ്കിലും ഒരു പഴത്തൊലി ഉണ്ടായിരുന്നെങ്കില്‍ ചോദിക്കും മുമ്പ് തന്നെ താങ്കള്‍ക്കത് കിട്ടുമായിരുന്നു.

നേതാവാകാന്‍



ചര്‍ച്ചിലിനോട് ഒരു പത്രക്കാരന്‍ ചോദിച്ചു: ഒരു രഷ്ട്രീയ നേതാവാകാന്‍ വേണ്ട യോഗ്യതകള്‍ എന്തെല്ലാമാണ്‌?
ചര്‍ച്ചില്‍: ഭാവിയില്‍ എന്തെല്ലാമാണ്‌ സംഭവിക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാന്‍ കഴിയണം.
ചെറിയ ഇടവേളക്ക് ശേഷം അദ്ദേഹം തുടര്‍ന്നു: എന്ത് കൊണ്ടാണ്‌ പ്രവചിച്ച കാര്യങ്ങള്‍ നടക്കാതിരുന്നത് എന്ന് വിശദീകരിക്കാനും കഴിയണം.

ഉത്തരവാദി



ബര്‍ണാഡ് ഷാ മെലിഞ്ഞ് ഉയരം കൂടിയ ആളും ചെസ്റ്റര്‍ട്ടണ്‍ തടിച്ച് പൊക്കം കുറഞ്ഞ ആളുമായിരുന്നു. ഒരിക്കല്‍ ഇരുവരും തങ്ങളുടെ ശരീരപ്രകൃതിയെ സംബന്ധിച്ച് സംസാരിക്കവെ ചെസ്റ്റര്‍ട്ടന്‍ പറഞ്ഞു: "താങ്കളുടെ ശരീരം കാണുമ്പോള്‍ ഇങ്ഗ്ലന്‍ഡില്‍ കടുത്ത ക്ഷാമമാണെന്ന് ആളുകള്‍ ധരിക്കാനിടവരുമല്ലോ."
ഷാ: "തങ്കളെ കാണുമ്പോള്‍ അതിനുത്തരവാദി ആരാണെന്ന കാര്യം അവര്‍ക്ക് മനസ്സിലാവുകയും ചെയ്യും.'"

ബോറന്‍ ഷാ



ബര്‍ണാഡ് ഷാ ഒരു ബസ് യാത്രയിലായിരുന്നു. അപ്പോള്‍ സഹയാത്രികന്‍ (അയാള്‍ക്ക് ഷായെ മുഖപരിചയമില്ല.) ചോദിച്ചു: താങ്കള്‍ എങ്ങോട്ടാണ്‌?
ഷാ: ലിങ്കന്‍ ഹാളില്‍ ഒരു പ്രസംഗമുണ്ട്; അവിടേക്കാണ്‌.
സഹയത്രികന്‍: ഓ, ആ ബോറന്‍ ഷായുടെ പ്രസംഗം! അതിനാണോ പോകുന്നത്?
ഷാ: ഷാ ബോറനാണ്‌. പക്ഷെ എന്തുചെയ്യും. പോകാതെ പറ്റില്ല. അവിടെ പ്രസംഗിക്കാമെന്ന് ഞാനേറ്റു പൊയില്ലേ?

കൂടുതല്‍ പണം

ഒരിക്കല്‍ ഒരാള്‍ ബര്‍ണാഡ് ഷായോട്: ഏത് ബുക്കില്‍ നിന്നാണ്‌ താങ്കള്‍ക്ക് ഏറ്റവും കൂടുതല്‍ പണം കിട്ടിയത്?
ഷാ: ചെക്ക് ബുക്കില്‍ നിന്ന്.

വിനയം


ബര്‍ണാഡ് ഷാ ഒരിക്കല്‍ മഹാന്‍മാരെ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: 'ലോകത്ത് ആകെക്കൂടി രണ്ട് മഹാന്‍മാരേ ഉള്ളൂ. ഒന്ന്: മഹാത്മാ ഗാന്ധി. രണ്ടാമത്തേത് ആരെന്ന് പറയാന്‍ എന്‍റെ വിനയം എന്നെ അനുവദിക്കുന്നില്ല.

ഓര്‍മ്മയ്ക്കായി


അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കന്‌ ഒരിക്കല്‍ ഒരു വ്യവസായി മനോഹരമായ ഒരു ചെടി സമ്മാനിച്ചു. എങ്ങനെയാണ്‌ ഈ ചെടി പരിചരിക്കേണ്ടതെന്ന് ലിങ്കന്‍ അയാളോട് ചോദിച്ച് മനസ്സിലക്കിക്കൊണ്ടിരിക്കയണ്‌. ലിങ്കന്‍ ചോദിച്ചു; എന്ത് വളമാണ്‌ ഇതിന്ന് നല്‍കേണ്ടത്?
അയാള്‍: ഇതിന്ന് പ്രത്യേകമയി വളമൊന്നും നല്‍കേണ്ടതില്ല; മറ്റു ചെടികള്‍ക്ക് നല്‍കുന്ന വളം വലിച്ചെടുത്ത് ഇത് വളര്‍ന്ന് കൊള്ളും.
ലിങ്കന്‍: എങ്കില്‍ താങ്കളുടെ ഓര്‍മ്മയ്ക്കായി ഞാനിത് വളര്‍ത്തും.

ഇലയെടുക്കരുത്

മലയാള സാഹിത്യകാരന്‍ തകഴി പിശുക്കിന്‌ പേരു കേട്ട ആളാണ്‌. അദ്ദേഹത്തിന്‍റെ മകളുടെ കല്യാണം നടക്കുകയാണ്‌. സദ്യയ്ക്കു ശേഷം ആളുകള്‍ ഇലയെടുക്കാന്‍ ഒരുങ്ങുന്നതു  കണ്ട രസികനായ ഒരാള്‍ വിളിച്ചു പറഞ്ഞു: ആരും ഇലയെടുക്കരുത്. അത് കഴുകി അടുത്ത തവണ വിളമ്പാനുള്ളതാണ്‌.

പ്രസംഗം


ഒരിക്കല്‍ ബര്‍ണാഡ് ഷാ പ്രസംഗിച്ച് കൊണ്ടിരിക്കേ സ്റ്റേജ് തകര്‍ന്നു; അദ്ദേഹം താഴെ വീണു. പരിക്ക് കൂടാതെ രക്ഷപ്പെട്ടെങ്കിലും  മണ്ണും പൊടിയും പുരണ്ട് ആകെ വൃത്തികേടായിരുന്നു. എല്ലാം  ​തട്ടിത്തുടച്ച് വൃത്തിയാക്കുന്നതിന്നിടയില്‍ ഷായുടെ കമന്‍റ്: 'അരങ്ങ് തകര്‍ക്കുന്ന ഒരു പ്രസംഗം ഞാന്‍ നടത്തിയില്ലെന്ന് നിങ്ങളാരും ഇനി പറയില്ലല്ലൊ'.

പകുതിയിലേറെപ്പേര്‍


മാര്‍പ്പാപ്പ ജോണ്‍ ഇരുപത്തി മൂന്നാമനെ ഒരു വിദേശ പ്രതിനിധി സന്ദര്‍ശിക്കുകയാണ്‌. അദ്ദേഹം മാര്‍പ്പാപ്പയോട് ചോദിച്ചു; ഇവിടെ എത്ര പേര്‍ ജോലി ചെയ്യുന്നുണ്ട്‌?
മാര്‍പ്പാപ്പ: പകുതിയിലേറെപ്പേര്‍ 'ജോലി ചെയ്യുന്നുണ്ട്'.

ചെരുപ്പ്


നാട്ടു കാരണവര്‍ ബസില്‍ കയറുമ്പോള്‍ ചെരുപ്പ് താഴെ ഊരി വച്ചു. ഇറങ്ങേണ്‌ട സ്ഥലത്തെത്തി ഇറങ്ങി. എന്നിട്ട് ബസിന്‍റെ താഴെ തന്‍റെ ചെരുപ്പ് തിരയാന്‍ തുടങ്ങി. ഇത് കണ്ട ഒരാള്‍ കാരണവര്‍ക്ക് കാര്യം പറഞ്ഞു കൊടുത്തു. പക്ഷെ അയാള്‍ തര്‍ക്കിച്ചു കൊണ്ട് പറഞ്ഞു: 'ഞാന്‍ ഇവിടെ തന്നെയാണ്‌ ഊരി വച്ചത്'.

എനിക്ക് മോനില്ല


വളരെക്കാലത്തെ ഇടവേളക്ക് ശേഷം ബന്ധു വീട്ടില്‍ വിരുന്ന് ചെന്നതാണ്‌ കല്യാണി. ഇളയ കുഞ്ഞിനെ ഒക്കത്തെടുത്തും വലിയ കുഞ്ഞിനെ കൈ പിടിച്ച് നടത്തിച്ചുമാണ്‌ അവള്‍ വന്നത്. അവരെ വീട്ടിലെ കാരണവര്‍ സന്തോഷത്തോടെ സ്വീകരിച്ചു; കുശലം ചോദിച്ചു. ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ചൂണ്ടി കാരണവര്‍ ചോദിച്ചു: എന്താ മോന്‍റെ പേര്?
കല്യാണി: അശോകന്‍
വലിയ കുട്ടിയുടെ നേരെ തിരിഞ്ഞു അവനോട് ചോദിച്ചു: എന്താ മോന്‍റെ പേര്?
കുട്ടി പറഞ്ഞു: എനിക്ക് മോനില്ല.

തമ്മില്‍ ഭേദം കടുവ



കാട്ടിലിരുന്ന് കരയുന്ന ഒരു മനുഷ്യനെ കണ്ട കണ്‍ഫ്യുഷസ്: എന്തിനാണ്‌ നിങ്ങള്‍ കരയുന്നത്?
അയാള്‍: എന്‍റെ ഭാര്യയെയും പൊന്നു മക്കളേയും കടുവ പിടിച്ച് തിന്നു.
കണ്‍ഫൂഷ്യസ്: പിന്നെന്താ നിങ്ങള്‍ നാട്ടിലേക്ക് പോകാതെ ഈ കൊടും കാട്ടില്‍ തന്നെ കഴിയുന്നത്?
അയാള്‍: എങ്ങനെ പോകും പ്രഭോ, അവിടെ സര്‍ക്കാറുണ്ട്.

അമ്മയും മകനും



ഒരു യുവാവ് ഷോപ്പിങ് നടത്തുകയാണ്‌. അപ്പോള്‍ ഒരു വൃദ്ധ അയാളെ സമീപിച്ചു പറഞ്ഞു: നീ എന്‍റെ മരിച്ച് പോയ മകനെപ്പോലെയുണ്ട്. നിന്നെ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. അവനെ കണ്ടില്ലെങ്കിലും അവനെപ്പോലെ ഒരാളെ കാണാനായല്ലോ. ഇനി നീ എനിക്ക് എന്‍റെ മകന്‍ തന്നെയാണ്‌.
അയാള്‍ക്ക് വല്ലാത്ത അനുകമ്പ തോന്നി; അയാള്‍ പറഞ്ഞു: ശരി അമ്മെ. എന്‍റെ പെറ്റമ്മ മരിച്ച് പോയതാണ്‌. ഇനി ഞാന്‍ ഈ അമ്മയെ എന്‍റെ സ്വന്തം അമ്മയായി സ്വീകരിച്ച് കൊള്ളാം.
അവര്‍: ശരി, മകനേ. എനിക്ക് തൃപ്തിയായി. എന്‍റെ ഷോപ്പിങ് കഴിഞ്ഞു. എനിക്കല്‍പ്പം ധൃതിയുണ്ട്. ഞാന്‍ പോവുകയാണ്‌. നിനക്ക് വിരോധമില്ലെങ്കില്‍ ഒന്ന് കാഷ് കൌണ്ടര്‍ വരെ വന്ന് എന്നെ യാത്രയാക്കാമോ?
അയാള്‍: തീര്‍ച്ചയായും.
അവരൊരുമിച്ച് നടന്ന് കാഷ് കൌണ്ടറിന്ന് മുമ്പിലെത്തി. അപ്പോള്‍ അവര്‍ പറഞ്ഞു: ഇനി മോന്‍ പോയ്ക്കോളൂ.
അയാള്‍: ശരി, അമ്മെ. അമ്മ വിളികാന്‍ മറക്കരുതേ.
ഇത്രയും പറഞ്ഞു അയാള്‍ തിരിച്ച് നടന്നു. ഷോപ്പിങ് കഴിഞ്ഞ് കാഷ് അടക്കാന്‍ അയാള്‍ കൌണ്ടറിലെത്തി. ബില്‍ കിട്ടിയപ്പോള്‍ അയാള്‍ അന്ധാളിച്ച് പോയി. അയാള്‍ വാങ്ങിയതിന്‍റെ നാലിരട്ടി വരുന്ന ബില്‍ ആണ്‌ കിട്ടിയത്. അയാള്‍ കഷ്യറോട്: ഞാന്‍ ഇത്രയൊനും സാധനം വാങ്ങിയിട്ടില്ലല്ലോ.
കാഷ്യര്‍: ഇത് നിങ്ങളുടെ അമ്മ വാങ്ങിയത് കൂടി ചേര്‍ത്താണ്‌ ബില്‍ ഇട്ടത്. മകന്‍ തരുമെന്ന് പറഞ്ഞാണ്‌ അവര്‍ സാധനവുമായി പോയത്.

സ്വന്തക്കാര്‍



ഒരു വേദപഠനക്ലാസാണ്‌ രംഗം. അന്ന് ക്ലാസെടുത്ത ഭാഗം ഒരു കുട്ടി വായിക്കുകയും മറ്റുള്ളവര്‍ വേദപുസ്തകം നോക്കി ഇരിക്കുകയുമാണ്‌. ഉപദേശിയും വേദ പുസ്തകം നോക്കിയിരിക്കുകയാണ്‌. ഇതിനിടെ പെട്ടെന്ന് വായന നിന്നു. ഉപദേശി തല ഉയര്‍ത്തി നോക്കി. എല്ലാ കുട്ടികളും വാതിലിനു നേരെ നോക്കുന്നത് കണ്ടപ്പോള്‍  ഉപദേശിയും അങ്ങോട്ട് നോക്കി. ഒരു പട്ടിക്കുട്ടി ക്ലാസില്‍ കയറി വന്നിരിക്കുന്നു. ഉപദേശി ഒച്ചയിട്ടു. പട്ടിക്കുട്ടി പേടിച്ചോടി. കുട്ടികള്‍ ആരംഗം കണ്ട് ചിരിക്കാനും ഓരോന്ന് പറയാനും തുടങ്ങി.
ഉപദേശി: സയലന്‍സ്‌, സയലന്‍സ്‌. ജോണ്‍, വായന തുടരൂ.
ജോണ്‍ വേദപുസ്തകം നോക്കി വായിച്ചൂ: 'അവന്‍ തന്‍റെ സ്വന്തക്കാരിലേക്ക് വന്നു; എന്നാല്‍ അവരോ അവനെ ആട്ടിക്കളഞ്ഞു.'

Sunday, October 7, 2012

ശകാരം 


Abdul Gafoor Ap Shares:
പിതാവും മകനും ഉമ്മറത്തിരുന്ന് സംസാരിക്കുകയാണ്‌. ഇതിനിടയില്‍    അടുക്കളയില്‍ നിന്ന് ഒരു ഗ്ലാസ് വീണുടയുന്ന ശബ്ദം. ഒരു മിനിറ്റ് നിശ്ശബ്ദതയ്ക്കു ശേഷം പിതാവ് മകനോട്: ''ആ ഗ്ലാസ് വീണത് ആരുടെ കയ്യില്‍ നിന്നാണെന്ന് അറിയാമോ?''
മകന്‍: "അറിയില്ല."
പിതാവ്: "അത് ഉമ്മയുടെ കയ്യില്‍ നിന്നാണ്".
മകന്‍ ആകാംക്ഷയോടെ പിതാവിനോട് ചോദിച്ചു: അതെങ്ങനെ കാണാതെ ഉപ്പാക്ക് മനസ്സിലായി?"
പിതാവ് ചിരിച്ചുകൊണ്ട് പറഞ്ഞു: "മോളുടെ കയ്യില്‍ നിന്നാണെങ്കില്‍ ഉടനെ ശകാരവും കേള്‍ക്കാമായിരുന്നു."
By Shareef Vandoor

മരണവാര്‍ത്ത‍

Pc Sanal Kumar Ias writes:




മന്ത്രിയുടെ അമ്മ മരിച്ചു. മരണ വാര്‍ത്ത‍ പത്രത്തില്‍ കൊടുക്കാന്‍ പീ എ പത്രം ഓഫീസ്സില്പോയി.വാര്‍ത്ത‍ ഒന്നാം പെജില്ബോക്സില്‍ കൊടുക്കണം എന്ന് ആവശ്യപ്പെട്ടു.ബുദ്ധിമുട്ടാണെന്ന് മാനേജര്‍."അകത്തു കൊടുക്കാം.മന്ത്രിയുടെ അമ്മ എന്നതില്കവിഞ്ഞു പ്രാധാന്യം ഒന്നും ഇല്ലല്ലോ"
.മന്ത്രി വിളിച്ചു പറഞ്ഞു."എന്റെ അമ്മയാണ്.ഒന്നാം പേജില്‍ വാര്‍ത്ത കൊടുത്തെ പറ്റൂ.ഞാന്‍ മന്ത്രിയാണെന്ന് അറിയാമല്ലോ"
."അമ്മ ഏതു വരെ പഠിച്ചിട്ടുണ്ട്?"
"അമ്മ പഠിച്ചിട്ടില്ല"
"ശരി ഞാന്‍ നോക്കട്ടെ"
"നോക്കിയാല്പോരാ .ഒന്നാം പെജില്ബോക്സില്‍ തന്നെ കൊടുക്കണം" മന്ത്രി വീണ്ടും ആവശ്യപ്പെട്ടു.
പിറ്റേന്ന് പത്രത്തില്‍ ഒന്നാം പെജില്ബോക്സില്‍ തന്നെ വാര്‍ത്ത‍ വന്നു വാര്‍ത്ത ഇങ്ങനെ
"മന്ത്രി കൊച്ചുരാമന്റെ മാതാവ് ഗോമതി (90 )ഇന്നലെ അന്തരിച്ചു.ഗോമതിയുടെ മരണത്തോടെ മേലക്കര ഗ്രാമം സമ്പൂര്‍ണ്ണ സാക്ഷരത നേടി.അക്ഷരങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായ ഗോമതിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി പേര്‍ എത്തിച്ചേര്‍ന്നിരുന്നു"