Followers

Wednesday, May 29, 2013

ശ്രേഷ്ഠഭാഷാപദവി

CHIRIKKOOTTAM (ചിരിക്കൂട്ടം ) writes:

പത്രക്കാരന്‍: മലയാളത്തിനു ശ്രേഷ്ഠഭാഷാപദവി  കിട്ടിയതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം?

നേതാവ്: ആക്‌ച്വലീ ഈ ന്യൂസ് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ത്രില്‍ഡ് ആയി. മലയാലം ലാങ്‌ഗ്വേജ് ഇത്രവലിയ ഒരു പൊസിഷനില്‍ എത്തിയതില്‍ ഞാന്‍ എക്‌സൈറ്റഡ് ആണ്‌. ഇതിനു വേണ്ടി എഫര്‍ട്ട് ചെയ്‌ത എല്ലാ പൊളിറ്റിക്കല്‍ ലീഡേഴ്‌സിനോടും ഞാന്‍ ഗ്രേറ്റ്ഫുള്‍ ആണ്‌. ഇനി കമിങ് ഫ്യൂച്ചറില്‍ ഇതിനേക്കാള്‍ വലിയ അച്ചീവ്മെന്റ്സ് നമ്മുടെ മതര്‍ ടങ്ങിന്‌ ഉണ്ടാവട്ടെ എന്ന് ഞാന്‍ വിഷ് ചെയ്യുന്നു. വേള്‍ഡിലെ എല്ലാ യൂനിവേഴ്‌സിറ്റികളിലും മലയാലം പഠിപ്പിക്കണം എന്നാണ്‌ എന്റെ ഒപീനിയന്‍. അങ്ങനെ എം.ടിയെപ്പോലുള്ള വെല്‍ നോണ്‍ 'പോയറ്റ്‌സി'നെയും ഓ.എന്‍.വിയെപ്പൊലുള്ള നല്ല 'നോവലിസ്‌റ്റി'നെയും കോണ്‍ട്രിബ്യൂട്ട് ചെയ്യാന്‍ നമുക്ക് സാധിക്കും. 

ബാങ്കിന്റെ സമയം

അടുത്തടുത്ത് രണ്ടു പള്ളികള്‍. ഒന്നില്‍ സമയം നോക്കി ബാങ്കുവിളിക്കും. അവിടത്തെ ബാങ്ക് കേള്‍കുമ്പോഴാണ്‌ രണ്ടാമത്തേതില്‍ വിളിക്കാറുള്ളത്.

ഒരു ദിവസം സമയംതെറ്റി ബാങ്കുവിളിച്ചു. നാട്ടുകാര്‍ ഓടിയെത്തി. ഒന്നാമത്തെ പള്ളിയിലെ മുഅദ്ദിന്‍ കുറ്റംസമ്മതിച്ചു. പക്ഷേ, രണ്ടാമന്‍ കുറ്റംസമ്മതിച്ചില്ല. ഞാന്‍ കൃത്യസമയത്താണ്‌ വിളിച്ചതെന്ന് അയാള്‍ ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞു. അവസാനമയാള്‍ തന്റെ പോളിസി വെളിപ്പെടുത്തി: 'അവിടെ ബാങ്ക് വിളിക്കുമ്പോഴാണ്‌ ഇവിടത്തെ ബാങ്കിന്റെ സമയം.'

ദൈവവിശ്വാസി

നല്ലവനും ദൈവവിശ്വാസിയുമായ ഒരു വേട്ടക്കാരന്‍ കൊടുംകാട്ടില്‍ ഒരു ഭീമന്‍ കരടിയ്ക്കു മുമ്പില്‍ പെട്ടു. അത് ആക്രമിക്കുമെന്നായപ്പോള്‍ അയാള്‍ വെടിയുതിര്‍ത്തു. പല തവണ. ഒന്നും കൊണ്ടില്ല. ഉണ്ട തീര്‍ന്നത് ഫലം. പിന്നെ, അയാള്‍ ഓടി. ഓടിയോടി ഒരു മുനമ്പിലെത്തി. ഇനി മുമ്പോട്ട് പോകാന്‍ പറ്റുകയില്ല. പോയാല്‍ താന്‍ പാറക്കെട്ടുകളില്‍ വീണുടയും. അയാളവിടെ നിന്ന് പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്നെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദൈവമേ, ഈ കരടിയെ നീയൊരു വിശ്വാസിയാക്കേണമേ.'
പ്രാര്‍ത്ഥന ദൈവം കേട്ടു. കരടിയില്‍ വിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അയാള്‍ ആശ്വസിച്ചു. തന്നെ ആക്രമിക്കാനുള്ള ഉദ്യമത്തില്‍ നിന്ന് ഇവന്‍ പിന്‍വങ്ങിക്കൊള്ളുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. ദൈവബോധം അതിനവനെ പ്രേരിപ്പിക്കാതിരിക്കില്ലെന്ന് അയാള്‍ ഉറപ്പിച്ചു. ഇപ്പോള്‍ കരടി പ്രാര്‍ത്ഥനയിലാണ്‌. അയാള്‍ ശ്രദ്ധിച്ചുനോക്കി; പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: 'ദൈവമേ അന്നന്നത്തേക്കുള്ള ആഹാരം എനിക്കു നീ നല്‍കണേ. എന്നും ഞാന്‍ നിന്നോട് നന്ദിയുള്ളവനായിരിക്കും. ഇന്നത്തേക്ക് വളരെ രുചികരമായ ഒരിരയെ നല്‍കിയതിന്‌ നിനക്ക്  ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. നാളെ മുതല്‍ ഏതാനും ദിവസം ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇവനെയും തേടി ഈ വഴിക്ക് വരേണമേ. അപ്പോള്‍ അവരെയും എനിക്ക് ഇരയായി  നീ  നല്‍കേണമേ. നിന്നോട് ഞാന്‍ കൂടുതല്‍ നന്ദി കാണിച്ചുകൊള്ളാം.'

Monday, May 27, 2013

പറയാന്‍ പറ്റില്ല

'അച്ഛാ, ഞാന്‍ മുമ്പിവിടെ ഉണ്ടായിരുന്നില്ലെന്ന് അമ്മ പറഞ്ഞു. അത് ശരിയാണോ?'
'ശരിയാണ്‌.'
'പിന്നെ ഞാനെവിടെ നിന്നാണ്‌ വന്നത്?'

ആറു വയസ്സുകാരന്റെ ഒരു ചോദ്യം. കുട്ടികള്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവയെല്ലാം ശരിക്കും വിശദീകരിച്ചുകൊടുക്കണമെന്നാണ്‌ ശാസ്‌ത്രം പറയുന്നത്. അപ്പോള്‍ പിന്നെ പറഞ്ഞുകൊടുക്കുക തന്നെ.

'അച്ഛാ, ഞാന്‍ ചോദിച്ചതുകേട്ടില്ലേ'?
'കേട്ടു. അത്.....'
'അതെന്താ അച്ഛന്‍ മറന്നുപോയോ?'
'ഇല്ല. എല്ലാം വിശദമായിട്ടു തന്നെ പറയാം.'

എല്ലാം വിശദീകരിച്ചു കഴിഞ്ഞു. പിന്നെ ഒരു നെടുവീര്‍പ്പിട്ടുകൊണ്ട് അവനോട് ചോദിച്ചു: നീയിത് ചോദിക്കാനുള്ള കാരണമെന്താണ്‌?
മകന്‍: 'പിന്നെ, ഇന്ന് ഞാന്‍ നമ്മുടെ ഗെയ്‌റ്റിനടുത്ത് നില്‍ക്കുമ്പോള്‍ ഒരു കുട്ടി നടന്നു പോകുന്നത് കണ്ടു. 'നിന്നെ ഇവിടെയൊന്നും കാണാറില്ലല്ലോ, എവിടെ നിന്ന് വന്നതാണെ'ന്ന് അവനോട് ഞാന്‍ ചോദിച്ചു. യു.കെയില്‍ നിന്ന് വന്നതാണെന്ന് അവന്‍ പറഞ്ഞു. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ആരോടെങ്കിലും പറയാമായിരുന്നു. പിന്നെ, അച്ഛന്‍ പറഞ്ഞ കാര്യം അതാരോടും പറയാന്‍ പറ്റില്ലല്ലോ.

Sunday, May 26, 2013

ഇണ

Manaf Kuniyil writes:

ഈ അറബികൾക്ക് ഒരു ഉപകാരം ചെയ്യാനും പറ്റില്ല. അടുത്ത കാബിനിൽ ജോലി ചെയ്യുന്ന സൗദിക്കാരന്‍ അയാളുടെ താക്കോൽക്കൂട്ടം പള്ളിയിൽ മറന്നു വെച്ചു. പള്ളിയല്‍ ഞാനത് കണ്ടു. കീചെയ്ൻ നേരത്തെ കണ്ടുപരിചയമുള്ളതിനാൽ ഞാൻ അതെടുത്ത് അയാളുടെ കാബിനിലേക്ക്‌ പോയി. അദ്ദേഹം കുറെ നേരമായി അത് തെരയുകയായിരുന്നു. കണ്ടപാടെ കെട്ടിപ്പിടിച്ചു കവിളത്ത് ഉമ്മ തന്നു ഒറ്റ പ്രാർത്ഥന:
ജസാകല്ലാഹ് ഖൈർ, വ സവ്വജകല്ലാഹ് ബിക്റൻ ഥാനിയൻ. (അല്ലാഹു അനുഗ്രഹിക്കട്ടെ, അവൻ ഒരു കന്യകയെക്കൂടി നിനക്ക് ഇണയായി നൽകട്ടെ.)

ഞാൻ ആമീൻ പറഞ്ഞില്ല. പക്ഷേ അയാൾ എന്റെ കൈ മുറുകെപ്പിടിച്ചു; എന്നിട്ട്  പറഞ്ഞു: ഖുൽ ആമീൻ!! (ആമീന്‍ പറ.)
അതുകേട്ടപ്പോള്‍ തലയിൽ ഒരു വെള്ളിടി വെട്ടി. ഒന്നിനെ കൊണ്ടുനടക്കാനുള്ള പാട് എനിക്കല്ലേ അറിയൂ..

ഒച്ച്

ഒച്ചിനെ ഒരു ആമ ഇടിച്ചിട്ടു കടന്നുപോയി. ഒച്ച് പോലീസില്‍ പരാതി നല്‍കി.
പൊലീസ്: നിങ്ങള്‍ ഇടിച്ചിട്ടവന്റെ വല്ല അടയാളവും പറയാമോ?
ഒച്ച്: ഇല്ല; അത് വളരെ വേഗത്തില്‍ കടന്നുപോയതിനാല്‍ ഒന്നും മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. 

Saturday, May 25, 2013

മരണകാരണം 

ഒരു കുട്ടി കായലിലൂടെ ബോട്ടില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ സമീപത്തുകൂടി മറ്റൊരു ബോട്ട് വരുകയും അത് മുങ്ങുകയും ചെയ്‌തു. കുട്ടി ഉടനെ അങ്ങോട്ടു നീങ്ങി. മുങ്ങിയ ആളെ രക്ഷിച്ചു. അപ്പോഴാണ്‌ മനസ്സിലാകുന്നത്; താന്‍ രക്ഷിച്ചത്  മുഖ്യമന്ത്രിയെ ആണെന്ന്. മുഖ്യമന്ത്രി കുട്ടിയെ അഭിനന്ദിച്ചു; ഏറെ സന്തോഷം പ്രകടിപ്പിച്ചു. അവന്റെ ധീരതയെയും സാഹസികതയെയും പുകഴ്‌ത്തി. എന്നിട്ട് ചോദിച്ചു: നിനക്ക് ഞാനെന്താണ്‌ സമ്മാനം തരേണ്ടത്?
കുട്ടി: എന്നെ സെക്രട്ടരിയേറ്റ് വളപ്പിലോ അല്ലെങ്കില്‍ അതിനടുത്ത് ശ്രദ്ധേയമായ മറ്റൊരു സ്ഥലത്തോ മറവുചെയ്യണം.
മുഖ്യമന്ത്രി: അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യാം.
കുട്ടി: വളരെ നന്ദി.
മുഖ്യമന്ത്രി: നീ വളരെ ചെറുപ്പമാണ്‌. എന്നിട്ടും മരണം, ശവമടക്ക് ഇതിനെപ്പറ്റിയൊക്കെ വേവലാതിപ്പെടുന്നതെന്തിനാണ്‌?
കുട്ടി: എന്റെ ആയുസ്സ് അവസാനിക്കാറായിരിക്കുന്നു.
മുഖ്യമന്ത്രി: നിനക്ക് മാരകമായ വല്ല രോഗവുമുണ്ടോ?
കുട്ടി: രോഗമല്ല. താങ്കളെ രക്ഷിച്ചതാണ്‌ എന്റെ മരണകാരണമാകന്‍ പോകുന്നത്.
മുഖ്യമന്ത്രി: നീ എന്താണീ പറയുന്നത്? എനിക്കൊന്നും മനസ്സിലാകുന്നില്ല.
കുട്ടി: താങ്കളെ രക്ഷിച്ചത് ഞാനാണെന്നറിയുമ്പോള്‍, എന്റെ അച്ഛന്‍ എന്നെ കൊല്ലും.
മുഖ്യമന്ത്രി: ആരാണ്‌ നിന്റെ അച്ഛന്‍?
കുട്ടി: പ്രതിപക്ഷ നേതാവ്.

സന്തോഷം 

കേരളത്തിലെ മൂന്നു മന്ത്രിമാര്‍ വിമനത്തില്‍ യാത്രചെയ്യുകയായിരുന്നു. അതിനിടയില്‍ ഒന്നാമത്തെ മന്ത്രി പറഞ്ഞു: ഞാനൊരു ആയിരം രൂപാ നോട്ട് താഴേക്കിട്ട് ഒരാളെ സന്തോഷിപ്പിക്കന്‍ ഉദ്ദേശിക്കുന്നു.
രണ്ടാമത്തെ മന്ത്രി: ഞാന്‍ പത്തു നൂറു രൂപാ നോട്ടുകള്‍ താഴേക്കിട്ട് പത്തു പേരെ സന്തോഷിപ്പിക്കന്‍ ഉദ്ദേശിക്കുന്നു.
മൂന്നാമത്തെ മന്ത്രി: ഞാന്‍ നൂറു പത്തു രൂപാ നോട്ടുകള്‍ താഴേക്കിട്ട് നൂറു പേരെ സന്തോഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നു.
ഇതു ശ്രവിച്ച ഒരു യാത്രക്കാരന്‍: അതിലേറെ ആളുകളെ  സന്തോഷിപ്പിക്കാന്‍ പറ്റുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു തരട്ടേ?
മൂവരും: പറയൂ.
അയാള്‍:  നിങ്ങള്‍ മൂന്നു പേരും ഈ വിമാനത്തില്‍ നിന്ന് താഴേക്ക് ചാടുക. കേരളത്തിലെ മൂന്നേകാല്‍ കോടി മനുഷ്യര്‍ക്കും  സന്തോഷമാകും.

നടത്തം

പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ മുഴുവന്‍ താമസിക്കുന്നത് ഓഫീനടുത്തുള്ള   ക്വോട്ടേഴ്‌സിലാണ്‌. പുതുതായി ജോയിന്‍ ചെയ്‌ത ക്ലാര്‍ക്കിന്‌ മോണിങ് വോക്ക് ഒരു ശീലമാണ്‌. എന്നാല്‍ കൂട്ടിന്‌ ആരെയും കിട്ടുന്നില്ല. അവസാനമാണ്‌ അയാള്‍ പോസ്‌റ്റ് മാനെ സമീപിച്ചത്. നടത്തത്തിന്റെ സമയത്തില്‍ അല്‍പ്പം ഭേദഗതി വേണമെന്ന ഒരു നിബന്ധനയോടെ പോസ്റ്റ് മാന്‍ സമ്മതിച്ചു.
ക്ലാര്‍ക്ക്: സമയത്തില്‍ മാറ്റമാവാം. പറ്റുന്ന സമയം ചേട്ടന്‍ പറഞ്ഞോളൂ.
പോസ്‌റ്റ് മാന്‍: കാലത്ത് പത്തു മുതല്‍ വൈകീട്ട് നാലു വരെ ആവാം. 

Friday, May 24, 2013

ലിഖിതം

പണ്ടൊരു അറവുകാരന്‍ തന്റെ കടയ്ക്കുമുമ്പില്‍ ഒരു ബോഡ് വെച്ചു. 'ഇവിടെ ആട്ടിറച്ചി വില്‍ക്കപ്പെടും' അതായിരുന്നു ലിഖിതം.
ഒന്നാമന്‍: ഇറച്ചിക്കാരാ, ഇവിടത്തെ കാര്യമല്ലാതെ മറ്റേതെങ്കിലും കടയിലെ കാര്യം ​ഇവിടെ എഴുതിവെക്കുമോ?
ഇറച്ചിക്കാരന്‍: ഇല്ല.
ഒന്നാമന്‍: എങ്കില്‍ ഈ ബോഡില്‍ നിന്ന് 'ഇവിടെ' എന്നെഴുതിയത് മായ്ക്കണം.
അയാളത് അനുസരിച്ചു.
രണ്ടാമന്‍:  ഇറച്ചിക്കാരാ, കടയില്‍ സാധാരണയായി ആട്ടിറച്ചി വില്‍ക്കുക മാത്രമേ ചെയ്യാറുള്ളൂ. അല്ലാതെ വാങ്ങാറില്ലല്ലോ.
ഇറച്ചിക്കാരന്‍: ഇല്ല.
രണ്ടാമന്‍: എങ്കില്‍ ഈ ബോഡില്‍നിന്ന് 'വില്‍ക്കപ്പെടും' എന്ന ഭാഗം മായ്‌ക്കണം.
അയാളതും അനുസരിച്ചു.
മൂന്നാമന്‍: ഇവിടെ കൊളുത്തില്‍ തൂക്കിയിട്ട ഇറച്ചി കണ്ടാലറിഞ്ഞുകൂടേ ഇത് ആട്ടിറച്ചിയാണെന്ന്?
ഇറച്ചിക്കാരന്‍: അതെ.
മൂന്നാമന്‍: പിന്നെന്തിനാണ്‌ ഇവിടെ 'ആട്ടിറച്ചി' എന്ന് എഴുതിവെച്ചത്? ഈ ബോഡിന്റെ ആവശ്യം തന്നെയില്ല. അതെടുത്തുമാറ്റണം.
അയാളതും അനുസരിച്ചു.

ഗുരു

ഏതാനും കുട്ടികള്‍ കൂടിയിരുന്ന് തങ്ങളുടെ ഗുരുവിനെ വിലയിരുത്തുകയായിരുന്നു. കൂട്ടത്തില്‍ ബുദ്ധിയും സാമര്‍ത്ഥ്യവുമുള്ള കുട്ടി പറഞ്ഞു: നമ്മുടെ ഗുരുവിന്‌ വിവരമില്ല; അക്കാര്യം അദ്ദേഹം ഇതുവരെ അറിഞ്ഞിട്ടില്ല; അതിനാല്‍ കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്നുമില്ല.  

എ.ടി.എം

അല്‍പനേരം ക്യൂ നിന്നിട്ടാണ്‌ ടിന്റുമോന്‌ എ.ടി.എം കൌണ്ടറില്‍ കയറാനായത്. അകത്ത് കടന്ന ഉടനെ അവന്‍ സ്വന്തം തലയില്‍ ശക്തമായി അടിച്ചു. എന്നിട്ട് കൌണ്ടറിന്റെ വാതില്‍ തുറന്ന് ക്യൂവിലുള്ളവരോട് സംസാരിച്ചു:  സുഹൃത്തുക്കളേ, എന്റെ കാര്‍ഡ് എടുക്കാന്‍ മറന്നുപോയി. അല്ലെങ്കിലും ഞാനങ്ങനെയാണ്‌. പലപ്പോഴും പലതും മറക്കും. നിങ്ങളില്‍ ആരുടെയെങ്കിലും കാര്‍ഡ് വായ്‌പ തന്ന് ഒന്ന് സഹായിക്കണേ. ഒരു മിനിറ്റിനകം തിരിച്ചുതരാം.

Thursday, May 23, 2013

പട്ടി


ഒരു വൃദ്ധന്‍ റോട്ടിലൂടെ ഒരു പട്ടിയെയും കൊണ്ട് പോവുകയായിരുന്നു. അപ്പോള്‍ എതിരില്‍ വന്ന യുവതി അയാളോട് ചോദിച്ചു: അങ്ക്‌ള്‍  നിങ്ങളുടെ പട്ടി കടിക്കുമോ?
അയാള്‍: ഇല്ല.
യുവതി പട്ടിയെ ഒന്ന് തൊട്ടുഴിഞ്ഞു; അതവള കടിക്കുകയും ചെയ്‌തു.
യുവതി: എന്തായിത് അങ്ക്‌ളിന്റെ പട്ടി കടിക്കില്ലെന്ന് എന്നോട് പറഞ്ഞില്ലേ?
അയാള്‍: അതെ, പറഞ്ഞു.
യുവതി: എന്നിട്ടിപ്പോള്‍ കടിച്ചതോ?
അയാള്‍: ഇതെന്റെ പട്ടിയല്ല. മകന്റെ വീട്ടിലേതാണ്‌. 

പാമ്പാട്ടി


ഒരിടത്തൊരു പാമ്പാട്ടിയുണ്ടായിരുന്നു. ഊരു ചുറ്റി പാമ്പുപ്രദര്‍ശനം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നയാള്‍. ഒരു നാട്ടിലെത്തിയാല്‍ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ടയാളെ സന്ദര്‍ശിച്ച് അയാളുടെ സഹായം തേടും. എന്നിട്ടാണ്‌ പ്രദര്‍ശനം നടത്തുക. വല്ല പ്രശ്‌നവുമുണ്ടായാല്‍ രക്ഷിക്കാന്‍ ആളു വേണമല്ലോ.

ഒരിക്കല്‍ അയാളൊരു ഗ്രാമത്തിലെത്തി, സ്ഥലത്തെ പ്രധാനി മഹല്ല്‌ ഖാദിയായിരുന്നു. പള്ളിയില്‍ ചെന്ന് ഖാദിയെ കണ്ടു; സംസാരിച്ചു. അപ്പോള്‍ ഖാദിക്കൊരു സംശയം: ഇങ്ങനെ കയ്യിലെടുത്തും ദേഹത്ത് ചുറ്റിയും കളിക്കുമ്പോള്‍ പാമ്പ് കടിക്കില്ലേ?
പാമ്പാട്ടി: സാധാരണ ഗതിയില്‍ കടിക്കുകയില്ല; ഇനി കടിച്ചാലും കുഴപ്പമില്ല. എന്നെ നാലു തവണ കടിച്ചിരിക്കുന്നു. അതില്‍ രണ്ടു തവണ കടിച്ചതും ഒരേ മൂര്‍ഖന്‍ തന്നെയായിരുന്നു. എന്നിട്ടും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
പാമ്പാട്ടിയോട്, ഖാദി: പുറത്തിറങ്ങ്.
പാമ്പാട്ടി: ഉസ്‌താദ് എന്താണ്‌ പറയുന്നത്?
ഖാദി: നീ ആദ്യം പുറത്തിറങ്ങ്. ബാക്കി കാര്യങ്ങള്‍ എന്നിട്ട് പറയാം.
അയാള്‍ പുറത്തിറങ്ങി. ഖാദി പറഞ്ഞു: നീ കാഫിറാണ്‌; പള്ളിയില്‍ കയറാന്‍ പാടില്ല; അതുകൊണ്ടാണ്‌ പുറത്തിറങ്ങാന്‍ പറഞ്ഞത്.
പാമ്പാട്ടി: അല്ല ഉസ്‌താദേ, ഞാന്‍ മുസ്‌ലിമാണ്‌; എന്റെ പേര്‌ മുഹമ്മദെന്നാണ്‌. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ.
ഖാദി: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ?
പാമ്പാട്ടി: ഉസ്‌താദ് തന്നെ പറയൂ.
ഖാദി: "ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിയേല്‍ക്കുകയില്ല.' നിനക്കോ, മൊത്തം നാലു തവണ, അതും ഒരേ പാമ്പില്‍ നിന്ന് തന്നെ രണ്ടു തവണ കടിയേറ്റിട്ടുണ്ടെങ്കില്‍, പടച്ചവനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു: നീ വിശ്വാസിയല്ല.

വരം


വികൃതനായ ഒരു മനുഷ്യന്‍ കടല്‍ക്കരയിലൂടെ നടക്കുകയായിരുന്നു. അപ്പോള്‍ ഒരു കുപ്പി അയാളുടെ ശ്രദ്ധയില്‍ പെട്ടു. അതില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കുന്നുണ്ടായിരുന്നു: ഞാനൊരു ഭൂതമാണ്‌. വര്‍ഷങ്ങളായി ഈ കുപ്പിയില്‍ അടക്കപ്പെട്ടിരിക്കുകയാണ്‌. എന്നെ നീ തുറന്നുവിട്ടാല്‍ നിനക്കു ഞാന്‍ മൂന്നു വരം തരാം.
അയാള്‍: എന്തു വരം?
ഭൂതം: എന്ത് ചൊദിച്ചാലും തരും.
അയാള്‍: എനിക്ക് നൂറു കോടി രൂപ വേണം. തരാമോ?
ഭൂതം: തരാം.
അയാള്‍ കുപ്പി തുറന്നു; ഭൂതം പുറത്തുവന്നു. തന്റെ സാക്ഷാല്‍ രൂപം അയാള്‍ക്ക് കാണിച്ചുകൊടുത്തു.
അയാള്‍: എങ്കില്‍ എന്റെ വരം തരൂ.
ഭൂതം ഒന്ന് കൈവീശി; എന്നിട്ട് പറഞ്ഞു: റെഡി. നൂറു കോടി രൂപ നിന്റെ ബേങ്ക് അക്കൌണ്ടില്‍ എത്തിയിരിക്കുന്നു.
തുക ബാങ്കിലെത്തിയതായി അപ്പോള്‍ തന്നെ അയാള്‍ക്കൊരു എസ്.എം.എസ് കിട്ടുകയും ചെയ്‌തു.
ഭൂതം: അടുത്ത വരം ചോദിച്ചോളൂ.
അയാള്‍: ഈ കടല്‍ക്കരയില്‍ എല്ലാ സൌകര്യങ്ങളുമുള്ള ഒരു ബംഗ്ലാവ്  വേണം.
ഭൂതം ഒന്നു കൈ വീശി. അയാള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വളരെ നല്ല ഒരു ബംഗ്ലാവ് അവിടെ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.
ഭൂതം: മൂന്നാമത്തെ വരം ചോദിച്ചോളൂ.
അയാള്‍: ഏത് സ്ത്രീയും കണ്ടാല്‍ കൊതിക്കുന്ന ഒരവസ്ഥയിലേക്ക് എന്നെ മാറ്റണം.
ഭൂതം ഒന്ന് കൈ വീശി; അതോടെ അയാളൊരു സ്വര്‍ണ്ണ പ്രതിമയായി മാറി.

കച്ചവടം


ഇന്ദ്രന്‍സ്: ഞാന്‍ തെരെഞ്ഞെടുക്കുന്ന ഒരു പെണ്‍കുട്ടിയെ നീ കല്യാണം കഴിക്കണം.
മകന്‍: എനിക്കിഷ്ടപ്പെട്ട വധുവിനെ ഞാന്‍ തെരെഞ്ഞെടുക്കും.
ഇന്ദ്രന്‍സ്: പക്ഷേ, ഇത് ബില്‍ഗേറ്റ്സിന്റെ മകളാണ്‌.
മകന്‍: എങ്കില്‍ സന്തോഷത്തോടെ അത് സ്വീകരിക്കാം.

ഇന്ദ്രന്‍സ് ബില്‍ഗേറ്റ്സിനു മുമ്പിലെത്തി.

ഇന്ദ്രന്‍സ്: നിങ്ങളുടെ മകള്‍ക്കു പറ്റിയ ഒരു വരന്‍ എന്റെ പക്കലുണ്ട്.
ബില്‍ഗേറ്റ്സ് : എന്റെ മകള്‍ വളരെ ചെറുപ്പമാണ്‌; കല്യാണപ്രായമായിട്ടില്ല.
ഇന്ദ്രന്‍സ്: പക്ഷേ, ഈ ചെറുപ്പക്കാരന്‍ വേള്‍ഡ് ബാങ്കിന്റെ വൈസ് പ്രസിഡന്റാണ്‌.
ബില്‍ഗേറ്റ്സ് : ഓ, എങ്കില്‍ അത് കൊള്ളാം.


ഇന്ദ്രന്‍സ് വേള്‍ഡ് ബാങ്ക് പ്രസിഡന്റിനു മുമ്പില്‍.

ഇന്ദ്രന്‍സ്: ഒരു ചെറുപ്പക്കാരനെ ഞാന്‍ താങ്കളുടെ വൈസ് പ്രസിഡന്റായി ശുപാര്‍ശ ചെയ്യുന്നു .
പ്രസിഡന്റ്: വേണ്ടാ; ഇപ്പോള്‍ തന്നെ ആവശ്യത്തിലധികം വൈസ് പ്രസിഡന്റുമാര്‍ ഇവിടെയുണ്ട്.
ഇന്ദ്രന്‍സ്: പക്ഷേ, ഈ പയ്യന്‍ ബില്‍ഗേറ്റ്സിന്റെ മരുമകനാണ്‌.
പ്രസിഡന്റ്: എങ്കില്‍ ഒരു വൈസ് പ്രസിഡന്റ് കൂടി ആവാം.

മജീഷ്യനും പൂച്ചയും



സമര്‍ത്ഥനായ ഒരു മജീഷ്യന്‍ കപ്പല്‍ യാത്രക്കിടയില്‍ തന്റെ മാജിക്ക് കാണിക്കുകയായിരുന്നു. ഓരോ ഇനം കാണിക്കുമ്പോഴും ഒരു പൂച്ച ഇപ്രകാരം പ്രതികരിച്ചുകൊണ്ടിരുന്നു: 'ഇത്  മാജിക്കല്ല; വെറും തട്ടിപ്പാണ്‌. ഇയാള്‍ ആളുകളെ വിഡ്ഢികളാക്കുകയാണ്‌.'
അങ്ങനെയിരിക്കെ അടിച്ചുവീശിയ ശക്തമായ ചുഴലിക്കാറ്റില്‍ ആ കപ്പല്‍ മറിഞ്ഞു. അത് കടലിന്റെ ആഴങ്ങളില്‍ അപ്രത്യക്ഷമായി. മജീഷ്യന്‍  ഒരു ലൈഫ് ബോട്ടില്‍ കയറി. അതിന്റെ ഓരത്തു തന്നെ ആ പൂച്ചയും സ്ഥലം പിടിച്ചു. അവര്‍ പരസ്‌പരം നോക്കുമെങ്കിലും ഒന്നും ഉരിയാടിയില്ല. മൂന്നാം ദിവസം പൂച്ച സംസാരിച്ചു: നിങ്ങളുടെ കഴിവുകള്‍ അപാരം തന്നെ.  ആ കപ്പല്‍ നിങ്ങളെന്ത് ചെയ്‌തു? ഇനി എപ്പോഴാണ്‌ അത് പുറത്തുകൊണ്ടുവരുക?

പേന

പേനയുടെ മഷി കീഴ്‌പ്പോട്ട് ഒഴുകണമെങ്കില്‍ ഗുരുത്വാകര്‍ഷണം വേണം. പേന കുത്തനെ പിടിച്ചെഴുതിയാല്‍ എഴുത്ത് വരുകയില്ലല്ലൊ. ബഹിരാകാശയാത്രയിലാണ്‌ പ്രശ്‌നം. അവിടെ ഗുരുത്വാകര്‍ഷണം ഇല്ലാത്തതിനാല്‍ സാധാരണ പേനകൊണ്ട് എഴുതാന്‍ കഴിയുകയില്ല. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ അമേരിക്ക ഗവേഷണം തുടങ്ങി. രണ്ടു മില്യന്‍ ഡോളര്‍ ചെലവഴിച്ചു. അങ്ങനെ പ്രഷര്‍ മൂലം പ്രവര്‍ത്തിക്കുന്ന പേന കണ്ടുപിടിച്ചു. റഷ്യക്കാര്‍ ഇതിനെ സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിഞ്ഞു. അതിനാല്‍ തങ്ങളുടെ പേനക്ക് റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ലഭിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയും ചെയ്‌തു. പക്ഷേ, അതുണ്ടായില്ല. ഇത് അമേരിക്കയെ അത്ഭുതപ്പെടുത്തി. അതിനാല്‍ ഇതിന്റെ രഹസ്യം കണ്ടുപിടിക്കാനായി ഒരു ചാരനെ റഷ്യയിലേക്ക് വിട്ടു. വളരെ നീണ്ടതും അതിസാഹസികവുമായ ശ്രമത്തിനൊടുവില്‍ അയാള്‍ ആ രഹസ്യം കണ്ടെത്തി; എന്നിട്ട് പ്രസിഡന്റിന്‌ റിപ്പോര്‍ട്ട് അയച്ചു: 'റഷ്യക്കാര്‍  ബഹിരാകാശയാത്രയില്‍ എഴുതാനുപയോഗിക്കുന്നത് പെന്‍സിലാണ്‌.'

Tuesday, May 21, 2013

വില്‌ക്കുമോ?


രാംദാസ് ഒരു പാവം കര്‍ഷകനാണ്‌. തന്റെ ഭാര്യ ഒരു പൊങ്ങച്ചക്കാരിയും അഹങ്കാരിയും ആയിരുന്നു. അവര്‍ എന്നുമയാളെ അകാരണമായി ശകാരിച്ചുകൊണ്ടിരിക്കും. എല്ലാം സഹിക്കുകയായിരുന്നു അയാളുടെ ശീലം. അതിനിടയില്‍ ഒരു ദിവസം പതിവിന്‍പടി അവര്‍ ശകാരവര്‍ഷം തുടങ്ങി. അപ്പോള്‍ അയാളുടെ കഴുത അവരുടെ സമീപത്തുണ്ടായിരുന്നു. എന്തോ കണ്ടു വിരണ്ട കഴുത അവരെ ശക്തമായി തൊഴിച്ചു. അതവരുടെ മരണത്തിനു കാരണമായി. അടുത്ത നാള്‍ സംസ്കാരച്ചടങ്ങ് നടക്കുകയാണ്‌. അവിടെയെത്തിപ്പെട്ട പലരും അദ്ദേഹത്തോട് സംസാരിച്ചിരുന്നു. സ്ത്രീകള്‍ അയാളോട് സംസാരിച്ചപ്പോള്‍ അനുകൂലമായും പുരുഷന്മാര്‍ സംസാരിച്ചപ്പോള്‍ നിഷേധാര്‍ത്തിലും അയാള്‍ തലയാട്ടിക്കൊണ്ടിരുന്നു. ഇതില്‍ കൌതുകം തോന്നിയ ഒരാള്‍ ഇതിനെക്കുറിച്ചന്വേഷിച്ചു. അയാളുടെ മറൂപടി ഇപ്രകാരമായിരുന്നു: സ്ത്രീകള്‍ പരേതയുടെ സൌന്ദര്യം ആഭരണത്തിന്റെയും വസ്‌ത്രങ്ങളുടെയും പകിട്ട് തുടങ്ങിയവയെ പ്രശംസിച്ചുകൊണ്ടാണ്‌ സംസാരിച്ചുകൊണ്ടിരുന്നത്. അതുകൊണ്ടാണ്‌ അവര്‍ക്കുള്ള മറുപടിയായി അനുകൂലാര്‍ത്ഥത്തില്‍ തലയാട്ടിയത്. പുരുഷന്മാര്‍ സംസാരിച്ചത് കൊലയാളി കഴുതയെക്കുറിച്ചായിരുന്നു. അവര്‍ക്കറിയേണ്ടിയിരുന്നത് അതിനെ വില്‌ക്കുമോ എന്നായിരുന്നു.

Sunday, May 19, 2013

അദ്ധ്യാപകന്‍


അദ്ധ്യാപകന്‍: കേള്‍വിക്കാര്‍ക്ക് ഒട്ടും താല്‍പര്യമില്ലെന്നറിഞ്ഞിട്ടും നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാളെ എന്ത് വിളിക്കുന്നു?
വിദ്യാര്‍ത്ഥി: അദ്ധ്യാപകന്‍.

ഒരു ജോലി


Adv Sanalkumar Ias Rtd

ദക്ഷിണ റെയില്‍വേയില്‍ ഒരു ജോലി.  ശമ്പളം ഇരുപതിനായിരം രൂപ.  പരസ്യം കണ്ട കുമാരേട്ടന്‍ അപേക്ഷനല്‍കി. അഭിമുഖത്തിനു ചെന്നു. അവര്‍ക്ക് കുമാരേട്ടനെ ഇഷ്ടപ്പെട്ടു.
'നാളെത്തന്നെ ചാര്‍ജ് എടുത്തോളൂ.' - കുമാരേട്ടന് സന്തോഷമായി.
'സാറേ, എന്റെ ജോലി എന്താണെന്ന് പറഞ്ഞില്ല.' കുമാരേട്ടന്‍ ചോദിച്ചു
"പറയാം.തീവണ്ടിയുടെ ഹെഡ് ലൈറ്റ് ചിലപ്പോള്‍ പണി മുടക്കും. കത്തത്തില്ല. എന്നുവെച്ച് തീവണ്ടി നിര്‍ത്തിയിടാന്‍ പറ്റുമോ? അപ്പോള്‍ നിങ്ങള്‍ക്ക് ഒരു വലിയ ടോര്‍ച്ച് തരും. അത് കത്തിച്ചുപിടിച്ച് തീവണ്ടിക്കു മുന്നാലെ ഓടണം."

Wednesday, May 15, 2013

വെണ്ടക്കൃഷി


Abdul Samad Andathode writes:


വേലായുധന്‍ തന്റെ കൃഷിയിടം ദേവനു നല്‍കിയത് വെണ്ടക്കൃഷി ചെയ്യാനാണ്‌. എന്നാല്‍ ദേവനവിടെ  വെണ്ടയൊഴികെ പലതും കൃഷി ചെയ്തു. അതൊന്നും വേലായുധന്‍ അറിഞ്ഞിരുന്നില്ല. വെണ്ടക്കൃഷിക്കു വേണ്ടത് പരമാവധി മൂന്നുമാസമാണ്‌. വിളവെടുപ്പ് കഴിഞ്ഞാല്‍ ഭൂമി തിരിച്ചേല്‍പ്പിക്കണമെന്ന് കരാറിലെഴുതിയിട്ടുമുണ്ട്. മൂന്നു മാസം കഴിഞ്ഞിട്ടും വേലായുധന്‍ ആവശ്യപ്പെട്ടിട്ടും ദേവന്‍ ഭൂമി തിരിച്ചുകൊടുത്തില്ല. കരാറനുസരിച്ച് താന്‍ ഭൂമി തിരിച്ചുതരേണ്ടതില്ലെന്നായിരുന്നു അവന്റെ വാദം. വേലായുധന്‍ ഒരിക്കല്‍ കൂടി കരാര്‍ പത്രം വായിച്ചു നോക്കി. അതില്‍  'വെണ്ടക്കൃഷി' എന്നെഴുതേണ്ടിടത്ത് എഴുതിയത് 'വേണ്ട കൃഷി' എന്നായിരുന്നു.

Monday, May 6, 2013

ഒറ്റക്കണ്ണന്‍


ഒരു കവിയും ഒരു ടൈലറും (പേര്‌ അംറ്‌) ചങ്ങാതിമാരായിരുന്നു. രണ്ടുപേരും അവരവരുടെ മേഖലയില്‍ വിദഗ്ദരും. കവി ഒരു കുപ്പായം തയ്ക്കാന്‍ വേണ്ടി ടൈലറെ സമീപിച്ചു. എന്നിട്ടു പറഞ്ഞതിങ്ങനെ: അകവും പുറവുമില്ലാത്ത ഒരു കുപ്പായം തയ്‌ച്ചുതരണം. തിരിച്ചും മറിച്ചും ഇടാന്‍ പറ്റണമെന്നര്‍ത്ഥം.

ഒരു നിബന്ധനയോടെ ടൈലര്‍ അതേറ്റെടുത്തു. നിബന്ധന ഇതായിരുന്നു: തന്നെക്കുറിച്ച് ഒരു കവിത രചിക്കണം. പക്ഷേ, അതിന്റെ ഉള്ളടക്കം പ്രശംസയാണോ നിന്ദയാണോ എന്നു മനസ്സിലാക്കാന്‍ കഴിയരുത്.

അകവും പുറവും ഒരു പോലിരിക്കുന്ന കുപ്പായവും പ്രശംസയാണോ നിന്ദയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത കവിതയും.

രണ്ടു പേരും അവരവരുടെ വാഗ്ദാനങ്ങള്‍ പാലിച്ചു. ആ കവി രചിച്ചതാണിത്: ഖാത്വ ലീ അംറുന്‍ ഖമീസ്വന്‍  ലൈത ഐനയ്‌ഹി സവാഉ. = അംറ്‌ എനിക്കൊരു കുപ്പായം തയ്‌ച്ചു തന്നു. അവന്റെ രണ്ടു കണ്ണും ഒരു പോലെ ആയാല്‍ നന്നായിരുന്നു.

ആ ടൈലറൊരു ഒറ്റക്കണ്ണന്‍ ആയിരുന്നു.