Followers

Wednesday, May 29, 2013

ദൈവവിശ്വാസി

നല്ലവനും ദൈവവിശ്വാസിയുമായ ഒരു വേട്ടക്കാരന്‍ കൊടുംകാട്ടില്‍ ഒരു ഭീമന്‍ കരടിയ്ക്കു മുമ്പില്‍ പെട്ടു. അത് ആക്രമിക്കുമെന്നായപ്പോള്‍ അയാള്‍ വെടിയുതിര്‍ത്തു. പല തവണ. ഒന്നും കൊണ്ടില്ല. ഉണ്ട തീര്‍ന്നത് ഫലം. പിന്നെ, അയാള്‍ ഓടി. ഓടിയോടി ഒരു മുനമ്പിലെത്തി. ഇനി മുമ്പോട്ട് പോകാന്‍ പറ്റുകയില്ല. പോയാല്‍ താന്‍ പാറക്കെട്ടുകളില്‍ വീണുടയും. അയാളവിടെ നിന്ന് പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്നെ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ദൈവമേ, ഈ കരടിയെ നീയൊരു വിശ്വാസിയാക്കേണമേ.'
പ്രാര്‍ത്ഥന ദൈവം കേട്ടു. കരടിയില്‍ വിശ്വാസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. അയാള്‍ ആശ്വസിച്ചു. തന്നെ ആക്രമിക്കാനുള്ള ഉദ്യമത്തില്‍ നിന്ന് ഇവന്‍ പിന്‍വങ്ങിക്കൊള്ളുമെന്ന് അയാള്‍ പ്രതീക്ഷിച്ചു. ദൈവബോധം അതിനവനെ പ്രേരിപ്പിക്കാതിരിക്കില്ലെന്ന് അയാള്‍ ഉറപ്പിച്ചു. ഇപ്പോള്‍ കരടി പ്രാര്‍ത്ഥനയിലാണ്‌. അയാള്‍ ശ്രദ്ധിച്ചുനോക്കി; പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു: 'ദൈവമേ അന്നന്നത്തേക്കുള്ള ആഹാരം എനിക്കു നീ നല്‍കണേ. എന്നും ഞാന്‍ നിന്നോട് നന്ദിയുള്ളവനായിരിക്കും. ഇന്നത്തേക്ക് വളരെ രുചികരമായ ഒരിരയെ നല്‍കിയതിന്‌ നിനക്ക്  ഞാന്‍ പ്രത്യേകം നന്ദി പറയുന്നു. നാളെ മുതല്‍ ഏതാനും ദിവസം ഇവന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇവനെയും തേടി ഈ വഴിക്ക് വരേണമേ. അപ്പോള്‍ അവരെയും എനിക്ക് ഇരയായി  നീ  നല്‍കേണമേ. നിന്നോട് ഞാന്‍ കൂടുതല്‍ നന്ദി കാണിച്ചുകൊള്ളാം.'

No comments:

Post a Comment