Followers

Wednesday, September 19, 2012

പുതിയ വിധവ



റഷ്യയില്‍ സ്റ്റാലിന്‍റെ ഭരണകാലം. ലെനിന്‍റെ വിധവ സ്റ്റാലിന്‍ ഭരണത്തെ വിമര്‍ശിക്കാറുണ്ടായിരുന്നു. അവരോട് സ്റ്റാലിന്‍ സൌമ്യമായി പെരുമാറി. എന്നാല്‍ വിമര്‍ശനം  വര്‍ദ്ധിക്കുകയായിരുന്നു. അപ്പോള്‍ സ്റ്റാലിന്‍ അവരെ വിളിപ്പിച്ചു. എന്നിട്ട് താക്കീത് നല്‍കി: നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നത് നിറുത്തണം. ഇല്ലെങ്കില്‍ ലെനിന്‌ പുതിയ വിധവയെ നിശ്ചയിക്കുന്ന ചുമതല കൂടി ഞാന്‍ ഏല്‍ക്കേണ്ടി വരും.

കഥയില്ല


സ്വതവേ ബുദ്ധി അല്‍പ്പം കമ്മിയായ രാമന്‍കുട്ടി കടുത്ത നിരാശയിലാണ്‌ ലൈബ്രറിയിലേക്ക് കടന്ന് വന്നത്. അയാള്‍ കാരണം വിശദീകരിച്ചു: ഇന്നലെ ഞാന്‍ കൊണ്ട്പോയ നോവലില്‍ കഥാപാത്രങ്ങളുടെ പേര്‌ മാത്രമേ ഉള്ളൂ. കഥയില്ല.'
രാമു കൊണ്ട് പോയ നോവല്‍ ബുക്ക് കണ്ടപ്പോള്‍ ലൈബ്രേറിയന്‌ പൊട്ടിച്ചിരിക്കാനാണ്‌ തോന്നിയത്. അമളി പറ്റിയത് രാമുവിനായത് കൊണ്ട് ചിരിയടക്കിപ്പിടിച്ചിരുന്നു. എന്നിട്ട് രാമുവിന്‌ വിശദീകരണം നല്‍കി: രാമൂ, ഇത് നോവലല്ല; നമ്മുടെ ലൈബ്രറി തയ്യറാക്കിയ പ്രാദേശിക ടെലഫോണ്‍ ഡയറക്ടറിയാണ്‌.

സിഗരറ്റ്


കുസൃതിക്കാരനായ മകന്‍ ഉച്ചയോടെ സ്കൂളില്‍ നിന്നും തിരിച്ചെത്തി. അമ്മ ചോദിച്ചു: എന്ത് പറ്റി? എന്താ ഇത്ര നേരത്തെ ഇങ്ങ് പോന്നത്?
മകന്‍: എന്നെ പുറത്താക്കി.
അമ്മ: എന്തിന്‌? നീ എന്ത് തെറ്റാ ചെയ്തത്?
മകന്‍: അക്കരയിലെ രാജന്‍ സിഗരറ്റ് വലിച്ചത് സാര്‍ കണ്ടു പിടിച്ചു; എന്നിട്ട് രണ്ടാളെയും പുറത്താക്കി.
അമ്മ: അവന്‍ സിഗരറ്റ് വലിച്ചതിന്ന് എന്തിനാടാ നിന്നെ പുറത്താക്കിയത്?
മകന്‍: ഞാന്‍ വലിച്ചെറിഞ്ഞ കുറ്റി പെറുക്കിയാ അവന്‍ വലിച്ചത്.

ഇനി ആരെയും പേടിക്കേണ്ടല്ലോ


ആഭരണ മോഷണക്കേസില്‍ പിടിക്കപ്പെട്ട നാണുവിനെ കോടതി വെറുതെ വിട്ടു. തെളിവില്ലെന്നതായിരുന്നു കാരണം. വിധി പ്രസ്താവിച്ച ശേഷം മജിസ്ട്രേറ്റ് നാണുവിനോട് ചോദിച്ചു: നിങ്ങള്‍ക്ക് സന്തോഷമായോ?
നാണു: പെരുത്ത് സന്തോഷായി ഏമാനേ.
മജിസ്ട്രേറ്റ്: ശരി, നിങ്ങള്‍ക്ക് പോകാം.
നാണു: അപ്പോ, ഏമാനേ, എനിക്കാ ആഭരണം  വിറ്റ് കാഷ് ചെലവാക്കാലോ അല്ലേ? ഇനി ആരെയും പേടിക്കേണ്ടല്ലോ.

ആദ്യത്തെ ഓപറഷന്‍


ഓപറേഷന്‍ ടേബിളില്‍ കിടക്കുന്ന രോഗി ഡോക്ടറോട്: ഡോക്ടര്‍, എനിക്ക് പേടിയാകുന്നു.
ഡോക്ടര്‍: സാരമില്ല; ധൈര്യമായിരിക്കൂ.
രോഗി: എന്‍റെ ജീവിതത്തിലെ ആദ്യത്തെ ഓപറഷനാണിത്; അതാണ്‌ പേടി.
ഡോക്ടര്‍: എന്‍റെയും ആദ്യത്തെ ഓപറഷനാണിത്.

അടക്ക ബിറ്റിട്ട് മാങ്ങ


മലപ്പുറത്ത് ഒരു സ്കൂളില്‍, ടീച്ചര്‍: അബൂ, നീ എന്താ ഫീസടക്കാത്തത്?
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; മാങ്ങ ബിറ്റിട്ട് അടക്കാന്ന്.
ടീച്ചര്‍: നീ ബുക്ക് വാങ്ങിയിട്ടുമില്ലല്ലൊ.
അബു: ഞമ്മളെ ബാപ്പ പറഞ്ഞു; അടക്ക ബിറ്റിട്ട് മാങ്ങാന്ന്.

ഹോം വര്‍ക്ക്


ടിന്‍റു മോന്‍ ഒരു കടയില്‍ ചെന്നു കടക്കാരനോട്: 22 രൂപ വിലയുള്ള മൂന്ന് കിലോ അരി, 10 രൂപയ്ക്ക് പുളി, 30 രൂപ വിലയുള്ള പയര്‍ 500 ഗ്രാം. ഇവ എല്ലാംകൂടി എത്ര വരും?
കടക്കാരന്‍ കണക്ക് എഴുതിക്കൂട്ടി ഉത്തരം നല്‍കി: 91 രൂപ.
ടിന്‍റു മോന്‍: ഞാന്‍ 500 ന്‍റെ നോട്ട് തന്നാല്‍ ബാക്കി എത്ര തരും?
കടക്കാരന്‍: 500 നു ചില്ലറയില്ല കുട്ടീ.
ടിന്‍റു മോന്‍: ബാക്കി തരണമെന്നില്ല; എത്രയുണ്ടാകുമെന്ന് പറഞ്ഞാല്‍ മതി. ഇത് നാളേക്കുള്ള ഹോം വര്‍ക്കാണ്‌.

ഞാന്‍ പണം ചെലവാക്കാം



ഒരച്ഛന്‍ മകനെ പഠിപ്പിച്ച് ഉദ്യോഗം നേടിക്കൊടുത്തു. എന്നിട്ട് പറഞ്ഞു: നിന്‍റെ ശമ്പളത്തില്‍ നിന്ന് നിന്‍റെ അത്യാവശ്യ ചെലവ് കഴിച്ച് ബാക്കി എനിക്ക് തരണം.
മകന്‍: അത് നടക്കില്ല.
അച്ഛന്‍: നിനക്ക് പഠിക്കാന്‍ പണം മുടക്കിത്തന്നത് ഞാനല്ലേ?
മകന്‍: അത് ശരിയാണ്‌.
അച്ഛന്‍: അപ്പോള്‍ അതിന്ന് നന്ദി കാണിക്കണ്ടേ?
മകന്‍: തീര്‍ച്ചയായും വേണം.
അച്ഛന്‍: അപ്പോള്‍ നിന്‍റെ ശമ്പളം എന്നെ ഏല്‍പ്പിക്കില്ലേ?
മകന്‍: അത് നടക്കില്ലെന്ന് ഞാന്‍ പറഞ്ഞല്ലോ; ഒരു കാര്യം ചെയ്യാം, ഇനി അച്ഛന്‍ പഠിക്കാന്‍ പോയ്ക്കോ, ഞാന്‍ പണം ചെലവാക്കാം.

കള്ളവണ്ടി


ആദ്യമായി ട്രെയിനില്‍ യാത്ര ചെയ്യുകയാണ്‌ രാമു. കണ്ടക്ടര്‍ വരുമ്പോള്‍ ടിക്കറ്റ് എടുക്കാമെന്ന് കരുതി ഇരിക്കുകയാണ്‌. അപ്പോഴുണ്ട് ടി.ടി.ആര്‍. വരുന്നു. അയാള്‍ രാമുവിനോട്: ടിക്കറ്റ് എവിടെ?
രാമു: ടിക്കറ്റ് എടുത്തിട്ടില്ല; കണ്ടക്ടര്‍ ഇത് വരെ വന്നിട്ടില്ല, അത് കൊണ്ടാ എടുക്കാഞ്ഞത്.
ടി.ടി.ആര്‍: കള്ളവണ്ടി കയറിയിട്ട് പൊട്ടന്‍ കളിക്കുന്നോ?
രാമു: അറിയാതെ പറ്റിപ്പോയതാണ്‌; ഇത് കള്ളവണ്ടിയാണെന്ന് എനിക്കറിയില്ലായിരുന്നു.

ടോപ് ഗിയര്‍


ലോകപരിചയം നന്നെക്കുറഞ്ഞ ഒരു പുത്തന്‍പണക്കാരന്‍ ഒരു കാറു വാങ്ങി. എന്നിട്ട് ഡ്രൈവറെ കൂലിക്ക് വെച്ചു. വാഹനത്തിന്‍റെ കന്നിയോട്ടം നടത്തുകയാണ്‌. ഡ്രൈവര്‍ ഗിയര്‍
മാറ്റിക്കൊണ്ടിരിക്കുന്നു. അതിനെ പറ്റി ചോദിച്ച മുതലാളിക്ക് അയാള്‍
വിശദീകരിച്ച് കൊടുത്തു: ആദ്യം ഫസ്റ്റ് ഗിയര്‍, പിന്നെ സെകന്‍റ്‌, പിന്നെ
തേഡ്......... അങ്ങനെയാണ്‌ വണ്ടി ഓടിക്കുന്നത്.
ഇപ്പറഞ്ഞതൊന്നും മനസ്സിലാകാതെ അയാള്‍
ചോദിക്കുകയാണ്‌: എന്നാലും എന്തിനാ ഇങ്ങനെ മാറ്റിക്കൊണ്ടിരിക്കുന്നത്? ആദ്യം തന്നെ ടോപ് ഗിയറിലങ്ങോടിച്ചാല്‍ പോരേ? എന്നാല്‍ തുടക്കം മുതല്‍ തന്നെ വണ്ടി നല്ല സ്പീഡില്‍ പോവുകയില്ലേ?

പൂച്ച


പണ്ടൊരു നാട്ടുമ്പുറത്തുകാരന്‍ കുട്ടി ഇംഗ്ളീഷ് പഠിക്കാന്‍ പോയി. ഒരു ദിവസത്തെ ക്ലാസ് കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി അമ്മയോട് പരാതി പറഞ്ഞു.: ഇംഗ്ളീഷ് പഠിക്കാന്‍ കഴിയില്ല. മലയാളമാകുമ്പോള്‍ 'പൂ' 'ച്ച' എന്നെഴുതി 'പൂച്ച' എന്ന് വായിച്ച് 'പൂച്ച' എന്ന് തന്നെ അര്‍ത്ഥം മനസ്സിലാക്കിയാല്‍ മതി. ഇംഗ്ളീഷിലാകുമ്പോള്‍ 'സി എ ടി' എന്നെഴുതണം; എന്നിട്ടത് 'ക്യാറ്റ്' എന്ന് വായിക്കണം; അതും പോര 'പൂച്ച എന്ന് അര്‍ത്ഥവും പറയണം. എനിക്ക് വയ്യാ

വിഡ്ഢി


ബര്‍ണാഡ്ഷായെ അദ്ദേഹത്തിന്‍റെ ഒരെതിരാളി പരിഹസിച്ചു: 'വിഡ്ഢിത്തത്തിന്ന് ഒരു ആഗോള മല്‍സരം സംഘടിപ്പിച്ചാല്‍ താങ്കള്‍ക്ക് ഒന്നാം സമ്മനം കിട്ടും.'
ഷാ: 'എന്ന് തന്നെയാണ്‌ ഞാനും കരുതിയിരുന്നത്; എന്നാല്‍ താങ്കളെ പരിചയപ്പെട്ടപ്പോള്‍ ആ ധാരണ മാറിയിരിക്കുന്നു. ഇനിയെനിക്ക് രണ്ടാം സ്ഥാനമേ കിട്ടുകയുള്ളു.'

പെന്‍സില്‍


യുവ നാടകകൃത്ത്: സര്‍, ഞാന്‍ ഒരു നാടകം താങ്കളെ ഏല്‍പിച്ചിരുന്നു; ഒന്ന് പരിശോധിച്ച് തിരുത്തിത്തരാനായിട്ട്. അത് തീര്‍ന്നുവോ?
ഷാ: തീര്‍ന്നു, തീര്‍ന്നു.
യു.നാ: എന്നാല്‍ അതിങ്ങ് തന്നാല്‍ നന്നായിരുന്നു.
ഷാ: എന്ത്?
യു.നാ: അല്ല, ആ നാടകം.
ഷാ: ഓ, ക്ഷമിക്കണം; ഞാനെന്‍റെ പെന്‍സില്‍ തീര്‍ന്ന കാര്യമാണ്‌ പറഞ്ഞത്.

എനിക്കതും അറിയാം



ഒരു പൊങ്ങച്ചക്കാരന്‍ തനിക്ക് എല്ലാം അറിയാമെന്ന് ബര്‍ണാഡ് ഷായെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമയാണ്‌.
സഹി കെട്ട ഷാ പറഞ്ഞു: കാര്യങ്ങളൊക്കെ നമ്മള്‍ രണ്ട് പേര്‍ക്കും അറിയാമെന്ന് നമുക്ക് രണ്ട് പേര്‍ക്കും അറിയാമല്ലോ.
അയാഅള്‍: അതെങ്ങനെ?
ഷാ: നിങ്ങള്‍ ഒരു ബോറനാണെന്നതൊഴികെ മറ്റെല്ലാം നിങ്ങള്‍ക്കറിയാമെന്‍ തോന്നുന്നു; എനിക്കതും അറിയാം.

രണ്ട് ബിഷപ്പുമാര്‍


പത്രക്കാര്‍ ഷായോട്: താങ്കളെന്ത് കൊണ്ടാണ്‍ ഒരു റോമന്‍ കത്തോലിക്കനാകാഞ്ഞത്?
ഷാ: ചര്‍ച്ച് ഓഫ് റോമിന്‌ രണ്ട് ബിഷപ്പുമാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയില്ല.

മുട്ടയിടാന്‍


ഒരു നാടക നടിയോട് ബര്‍ണാഡ് ഷാ: താങ്കളുടെ അഭിനയം ഇനിയും നന്നാക്കണം.
നടി: ഞാനീ നാടകത്തില്‍ അഭിനയിച്ച പോലെ താങ്കള്‍ക്കഭിനയിക്കാന്‍ കഴിയുമോ?
ഷാ: ഒരു കോഴിമുട്ട രുചിച്ച് നോക്കി അത് നല്ലതോ ചീത്തയോ എന്ന് പറയാന്‍ എനിക്ക് കഴിയും. ചീത്തയെന്ന് പറയുമ്പോഴേക്ക് അത് പോലെ ഒരു മുട്ടയിടാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഉത്തരം ​മുട്ടും.

നര്‍ത്തകി


ഒരിക്കല്‍ ബര്‍ണാഡ് ഷാ ഒരു കപ്പല്‍ യാത്രയിലായിരുന്നു. നല്ല തടിയുള്ള ഒരു നര്‍ത്തകിയും ആ കപ്പലില്‍ ഉണ്ടായിരുന്നു. അവര്‍ ഷായുമായി പരിചയപ്പെട്ടു. ശേഷമവര്‍ കപ്പലിന്‍റെ മുകള്‍ത്തട്ടിലേക്ക് പോയി. അല്‍പ്പ സമയത്തിനകം ​കാലാവസ്ഥ മോശമായി; കപ്പല്‍ ആടിയുലഞ്ഞു.
അപ്പോള്‍ കപ്പിത്താന്‍: പേടിക്കനൊന്നുമില്ല; ചെറിയൊരു കാറ്റ് അത്രയേ ഉള്ളൂ.
ഷാ: ഓ, അത്രയേ ഉള്ളോ? ഞാന്‍ കരുതി ആ നര്‍ത്തകി നൃത്തം തുടങ്ങിയതാണെന്ന്.

അലക്സാൻഡർ


അലക്സാണ്‍ഡര്‍ ചക്രവര്‍ത്തി ഒരിക്കല്‍ ഗ്രീസിലെ തത്വ ചിന്തകനായ ഡയോജെനിസിനെ കണ്ടു. സന്തോഷത്തോടെ അലക്സാണ്‍ഡര്‍ പറഞ്ഞു: ഞാന്‍ അലക്സാണ്‍ഡര്‍ ആയിരുന്നില്ലെങ്കില്‍ ഡയോജെനിസ് ആകാന്‍ ആഗ്രഹിക്കുമായിരുന്നു.
ഡയോജനിസ്: ഞാന്‍ ഡയോജനിസ് ആയിരുന്നില്ലെങ്കിലും അലക്സാണ്‍ഡറാകാന്‍ കൊതിക്കുമായിരുന്നില്ല. എനിക്ക് അലക്സാണ്‍ഡറല്ലാത്ത മറ്റാരെങ്കിലും ആയാല്‍ മതി.

കള്ളന്‍ ആദ്യം


ഒരു വക്കീലും ഡോക്ടറും തമ്മില്‍ തര്‍ക്കം; ആരാണ്‌ ആദ്യം പോകേണ്ടതെന്ന്. ഡയോജനിസ് പറഞ്ഞു: കള്ളന്‍ ആദ്യം; പിന്നെ ആരാച്ചര്‍.

അത്യാഹിതം


ഇങ്‌ഗ്ലാന്‍ഡിലെ പാര്‍ലമെന്റേറിയനായിരുന്ന ഡിസ്റേലിയോട് ഒരു പത്രക്കാരന്‍: ദൌര്‍ഭാഗ്യവും അത്യാഹിതവും തമ്മിലുള്ള വ്യത്യാസമെന്താണ്‌?

ഡിസ്റേലി: മിസ്റ്റര്‍ ഗ്ലാഡ്‌സ്‌റ്റണ്‍ അതായത് നമ്മുടെ  പ്രധാനമന്ത്രി  തെംസ് നദിയില്‍ വീണാല്‍ അതൊരു ദൌര്‍ഭാഗ്യമാണ്‌; അദ്ദേഹത്തെ ആരെങ്കിലും വലിച്ച് കരക്കിട്ടാല്‍ അതൊരു അത്യാഹിതമായിരിക്കും.

അപഖ്യാതി

തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞു പരത്തിയ ആളോട് ഡയോജനിസ് പറഞ്ഞു: നിങ്ങള്‍ എന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുകയില്ല.  നിങ്ങളെ ക്കുറിച്ച് കുറെ നന്മകള്‍ ഞാന്‍ പറഞ്ഞാല്‍ പോലും ആരും വിശ്വസിക്കാത്തത് പോലെ. 

ഉപദേശം തേടണം


മഹാരാഷ്ട്രാ ഗവര്‍ണ്ണറായിരുന്ന പി.വി.ചെറിയാന്‍റെ ഭാര്യ താരാ ചെറിയാന്‍: ഒരു കാര്യം ചെയ്യും മുമ്പ് 20 പേരോടെങ്കിലും അന്വേഷിക്കണം; അത്രയും സുഹൃത്തുക്കളില്ലെങ്കില്‍ 15 പേരോടെങ്കിലും; അത്രയുമില്ലെങ്കില്‍ 10 എങ്കിലും; അതുമില്ലെങ്കില്‍ 5. ഇനിയൊരാള്‍ക്ക് തീരെ സുഹൃത്തുക്കളില്ലെങ്കില്‍ അയാള്‍ ഭാര്യയോട് ഉപദേശം തേടണം; എന്നിട്ട് നേരെ എതിരായി പ്രവര്‍ത്തിക്കണം.

ഇ.എം.എസ്


1959-ല്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചു വിട്ടതിന്ന് ശേഷം ഒരു ബസില്‍ യാത്ര ചെയ്യുകയായിരുന്നു ഇ.എം.എസ്. ഇത് കണ്ട് അമ്പരന്ന ഒരാള്‍ അദ്ദേഹത്തോട്: എന്താ ബസില്‍?
ഇ.എം.എസ്: ഒരു യാത്ര ചെയ്യേണ്ടി വന്നു അതുകൊണ്ടാണ്‌.

ഹ്യൂമന്‍ ബീയിങ്സ്


തിരുവല്ല ലയണ്‍സ് ക്ലബ്ബുകാര്‍ ശ്രീ. കെ.ജി.എന്‍. നമ്പൂതിരിപാടിനെ ഒരിക്കല്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചു.
അദ്ദേഹം പ്രസംഗം ആരംഭിച്ചത് ഇങ്ങനെ: "ലയണ്‍സ്, ലയണസ് ആന്‍റ്‌ ഹ്യൂമന്‍ ബീയിങ്സ്..... "

ബിവെയര്‍ ഓഫ് ഡോഗ്സ്


'ബിവെയര്‍ ഓഫ് ഡോഗ്സ്' എന്ന് വീടിന്ന് മുമ്പില്‍ ബോഡ് തൂക്കിയിരുന്ന ഒരാളോട് കെ.ജി.എന്‍.നമ്പൂതിരിപ്പാട്: ഹലോ, നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ ഈ ബോഡ് മാറ്റിവയ്കാറുണ്ടോ?
അയാള്‍: ഇല്ല.
(ഉത്തരം പറഞ്ഞ ശേഷമാണ്‌ അയാള്ക്ക് അമളി മനസ്സിലായത്)

ഇംഗ്ലീഷ് അറിയില്ലേ?


കേരളത്തില്‍ മന്ത്രിയായിരുന്ന ഒരാള്‍ ഒരു യോഗത്തില്‍ ഇംഗ്ളീഷിലാണ്‌ പ്രസംഗിക്കുന്നത്. ഇത് കണ്ട കെ.ജി.എന്‍. നമ്പൂതിരി: മലയാളത്തില്‍ പ്രസംഗിച്ചാല്‍ പോരേ?
മന്ത്രി: ഇവിടെയിരിക്കുന്നവര്‍ക്കെന്താ ഇംഗ്ലീഷ് അറിയില്ലേ?
കെ.ജി.എന്‍: അറിയാം; അത് കൊണ്ട് തന്നെയാ ചോദിച്ചത്.

അരമണിക്കൂര്‍


മഹാത്മാ ഗാന്ധിയും തിലകനും ഒരു യോഗത്തില്‍ പ്രസംഗിക്കാന്‍ എത്തേണ്ടതുണ്ടായിരുന്നു. ഗാന്ധിജി സമയത്ത് തന്നെ എത്തി; അദ്ദേഹം പ്രസംഗം തുടങ്ങി അരമണിക്കൂര്‍ കഴിഞ്ഞാണ്‌ തിലകന്‍ സ്ഥലത്തെത്തിയത്. ഇത് കണ്ട ഗാന്ധിജിയുടെ കമന്‍റ്‌: തിലകന്‍ ഇവിടെ എത്താന്‍ അര മണിക്കൂര്‍ താമസിച്ചിരിക്കുന്നു; ഇനി ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ അര മണിക്കൂര്‍ താമസിച്ചാല്‍ അതിന്നുത്തരവാദി തിലകനായിരിക്കും.

തീക്കനല്‍ 


ഇംഗ്ലന്‍ഡിലെ പ്രശസ്ത സാഹിത്യകാരനായ സോമര്‍ സെറ്റ് മോമിനോട് ഒരു യുവ കഥാകൃത്ത് ചോദിച്ചു: ഞാന്‍ എന്‍റെ കഥകളില്‍ കൂടുതല്‍ തീക്കനല്‍  ഇടണമോ?
സോമര്‍ സെറ്റ് മോം: വേണ്ട, നേരെ മറിച്ചാണ്‌ ഇടേണ്ടത്.

ഉള്ളൂര്‍



പ്രശസ്തനായ ഒരു രാഷ്ട്രീയ നേതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്ന് സ്മാരകമുണ്ടാക്കാനായി പിരിവുകാര്‍ ഉള്ളൂരിന്‍റെ അടുത്ത് ചെന്നു. ഉള്ളൂര്‍: അതേയതെ, അയാള്‍ മരിച്ചത് വലിയ നഷ്ടമായിപ്പോയി. എനിക്കും ഇതാ 25 രൂപ ഇപ്പോള്‍ നഷ്ടമായി.

ഫിഫ്റ്റി ഫിഫ്റ്റി


രാജന്‍ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലില്‍ ചെന്നു. കോഴിക്കറിക്ക് ഓഡര്‍ കൊടുത്തു. കഴിച്ചപ്പോള്‍ രുചിഭേദം അനുഭവപ്പെട്ടതിനാല്‍ സപ്ലയറെ വിളിച്ച് അന്വേഷിച്ചു.
സപ്ലയര്‍: കോഴി കുറവായതിനാല്‍ അല്‍പ്പം കുതിര മാംസം കൂടി ചേര്‍ത്തു.
രാജന്‍: എത്ര ചേര്‍ത്തു?
സപ്ലയര്‍: ഫിഫ്റ്റി ഫിഫ്റ്റി.
രാജന്‍: ഫിഫ്റ്റി ഫിഫ്റ്റി എന്നാല്‍......?
സപ്ലയര്‍: ഒരു കോഴിക്ക് ഒരു കുതിര.

ഉടന്‍


അമേരിക്കയില്‍ ആഭ്യന്തരകലഹം നടക്കുന്ന കാലം. എല്ലാ വിവരങ്ങളും തന്നെ അപ്പപ്പോള്‍ അറിയിക്കണമെന്ന് പ്രസിഡന്‍റ്‌ ലിങ്കണ്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഒരു ജനറല്‍ അയച്ച സന്ദേശം: പത്തു പശുക്കളെ പിടികൂടിയിരിക്കുന്നു; എന്തു ചെയ്യണം?
ലിങ്കണ്‍: ഒട്ടും താമസിക്കരുത്; ഉടന്‍ പാല്‌ കറക്കുക.

ദയ കാണിക്കണം


സ്വന്തം അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പിടിക്കപ്പെട്ട യുവാവ് ആരോപിക്കപെട്ട കുറ്റം ചെയ്തതായി കോടതിക്ക് ബോധ്യം വന്നു. ശിക്ഷവിധിക്കുന്നതിന്ന് മുമ്പായി അയാളോട് കോടതി ചോദിച്ചു: അവസാനമായി നിങ്ങള്‍ക്കെന്തെങ്കിലും പറയാനുണ്ടോ?
പ്രതി:  എന്നോട് ദയ കാണിക്കണം. ഞാന്‍ അച്ഛനും അമ്മയും ഇല്ലാത്തവനാണ്‌.

വാല്‌ കാലാവുകയില്ല


ഒരു പ്രസംഗത്തിനിടെ അബ്രഹാം ലിങ്കണ്‍: വാലു കൂടി കാലാണെന്ന് കണക്കാക്കിയാല്‍ ഒരാടിന്‌ മൊത്തം എത്ര കാലുണ്ടാകും?
സദസ്സ്യര്‍: അഞ്ച്.
ലിങ്കണ്‍: ഇല്ല; നാല്‌ തന്നെ. പേര്‌ മാറ്റി വിളിച്ചത്കൊണ്ട് വാല്‌ കാലാവുകയില്ല.

തറ വരെ


ഒരാള്‍: മനുഷ്യന്‍റെ കാലുകള്‍ക്ക് എന്ത് നീളം വേണം?
രണ്ടാമന്‍: അയാളുടെ ഇടുപ്പില്‍ നിന്ന്  തറവരെ എത്താനുള്ള നീളം.

ജനുവരിയില്‍



ജോലിയില്‍ നിന്ന് വിരമിച്ച ഒരാള്‍ പെന്‍ഷന്‍ വാങ്ങാന്‍ പോകുമ്പോള്‍ അയാള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവ് ഹാജറാക്കണമായിരുന്നു. ഇങ്ങനെ ചട്ടപ്പടി എല്ലാ മാസവും തുടര്‍ന്ന് വരുകയായിരുന്നു ഒരാള്‍. അതിനിടെ ഇയാള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ ജനുവരി മാസം പെന്‍ഷന്‌ പോകാന്‍ കഴിഞ്ഞില്ല. ഫെബ്രുവരിയില്‍  രണ്ടും ഒരുമിച്ച് വാങ്ങാന്‍ ചെന്നു. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ഫെബ്രുവരിയിലെ പെന്‍ഷന്‍ മാത്രമേ കൊടുത്തുള്ളു. കാരണം ചോദിച്ചപ്പോള്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്ന് തെളിവില്ല എന്നായിരുന്നു മറുപടി.
അത് ഞാന്‍ ഹാജറാക്കിയിട്ടുണ്ടെന്ന് ബോധിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍ നല്‍കിയ മറുപടി: ഫെബ്രുവരിയില്‍ ജീവിച്ചിരിപ്പുണ്ടെന്നതിന്‍റെ തെളിവാണ്‌ ഹാജറാക്കിയത്; ജനുവരിയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്നത്തിന്ന് തെളിവില്ല.

എസ്.ഐ. ഏമാന്‍ തന്നെ


ബാബു ചില പോലീസുകാരുടെ അപ്രീതി സമ്പാദിച്ചതിനാല്‍ ഒരു കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടു. സമീപത്തുള്ള കാട്ടില്‍ ഒരു കണ്ണന്‍ വെടിയേറ്റ് മരിച്ചിരുന്നു. ബാബുവാണ്‌ വെടിവച്ചതെന്നായിരുന്നു പോലീസിന്‍റെ വാദം. നിരക്ഷരനായ ഒരു സാധുവായിരുന്നു പോലീസിന്‍റെ സാക്ഷി. പറഞ്ഞു പഠിപ്പിച്ച പോലെ തന്നെ അയാള്‍ കോടതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു.
ബാബുവിന്‍റെ വക്കീല്‍ ക്രോസ് വിസ്താരം നടത്തുകയാണ്‌. സാക്ഷി പറഞ്ഞ കാര്യങ്ങള്‍ അതേ പടി അയാളെക്കൊണ്ട് പല തവണ പറയിച്ച ശേഷം പെട്ടെന്ന് ചോദിച്ചു: ഇത് ഇങ്ങനെ ഇവിടെ പറയാന്‍ ആരാ നിങ്ങളോട് പറഞ്ഞത്? സാദാ പോലീസുകാരില്‍ ആരെങ്കിലുമാണോ അതോ എസ്.ഐ. തന്നെ നേരിട്ട് പറഞ്ഞുവോ?
സാക്ഷി: എസ്.ഐ. ഏമാന്‍ തന്നെ നേരിട്ട് പറഞ്ഞതാണ്‌.

മാന്യമായി


വുഡ്രോ വില്‍സണ്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ മുടി നീട്ടി വളര്‍ത്തിയ ഒരാള്‍ ഓരോന്ന് ചോദിച്ചുകൊണ്ടിരുന്നു. 'മാന്യമായി പെരുമാറൂ നിങ്ങള്‍, ആണാണെങ്കിലും, പെണ്ണാണെങ്കിലും'. ഇതോടെ അയാള്‍ നിശ്ശബ്ദനായി.

കണ്ടാല്‍ അറിഞ്ഞുകൂടേ?


ഒരിക്കല്‍ നാരായണ ഗുരു തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ അടുത്തിരിക്കാന്‍ വന്ന നമ്പൂതിരി ചോദിച്ചു: എന്താ പേര്‌?
 ഗുരു: നാരായണന്‍
നമ്പൂതിരി: ജാതിയില്‍ ആരാ?
ഗുരു: കണ്ടാല്‍ അറിഞ്ഞു കൂടേ?
നമ്പൂതിരി: അറിഞ്ഞുകൂടാ.
ഗുരു: കണ്ടാല്‍ അറിഞ്ഞുകൂടെങ്കില്‍ പിന്നെ കേട്ടാലെങ്ങനെ അറിയും?

തുപ്പിയാല്‍


ഒരാള്‍ നാരായണ ഗുരുവിനോട്: ഇന്ത്യക്കാരെല്ലാം ചേര്‍ന്ന് തുപ്പിയാല്‍ ഇവിടെയുള്ള വെള്ളക്കാരെല്ലം മുങ്ങിച്ചത്ത് പോകുമല്ലോ.
ഗുരു: അത് ശരിയാണ്‌; എന്നാല്‍ വെള്ളക്കാരനെ കാണുമ്പോള്‍ വായില്‍ തുപ്പലുണ്ടായിട്ട് വേണ്ടേ?

നനഞ്ഞെങ്കില്‍


ഒരു ജനപ്രതിനിധി ബസിലെ ചോര്‍ച്ചയെക്കുറിച്ച് നിയമസഭയില്‍ പരാതിപ്പെട്ടു: ബസിലിരിക്കുമ്പോള്‍ കുട നിവര്‍ത്തിപ്പിടിച്ചാലും ചോരുന്നു.
സര്‍ സി.പി: കുട നിവര്‍ത്തിപ്പിടിച്ചിട്ടും നനഞ്ഞെങ്കില്‍ മെമ്പറുടെ കുടയില്‍ ദ്വാരമുള്ളത് കൊണ്ടായിരിക്കും.

അശ്ലീലപദങ്ങള്‍


ഡോക്ടര്‍ ജോണ്‍സണ്‍ തയ്യാറാക്കിയ നിഘണ്ടുവില്‍ അശ്ലീല പദങ്ങളുണ്ടെന്ന് ഒരു വായനക്കാരി കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി: 'ശരിയാണ്‌ മാഡം, നിങ്ങളവ തെരയുമെന്നെനിക്കറിയാമായിരുന്നു.'

ഒഴിവുദിവസം

ഭാഗ്യം പ്രവചിക്കുന്ന ഒരു സ്ത്രീയുടെ അടുത്ത് ചെന്ന ഹിറ്റ്ലര്‍ അദ്ദേഹമെന്നാണ്‌ മരിക്കുക എന്ന ചോദിച്ചു.
പ്രവാചക: ജൂതരുടെ ഒരൊഴിവ് ദിവസമാണ്‌ താങ്കള്‍ മരിക്കുക.
ഹിറ്റ്ലര്‍: അതെന്താണ്‌?
പ്രവാചക: നിങ്ങള്‍ മരിക്കുന്നത് എന്നായാലും അന്ന് ജൂതന്‍മാര്‍ക്ക് ഒരൊഴിവ് ദിവസമായിരിക്കും.

രോഗം മുഴുവന്‍


ക്ഷയരോഗം വന്ന് വര്‍ഷങ്ങളോളം കിടപ്പിലായ ശേഷം മരണപ്പെട്ട ഒരു പണക്കാരന്‍റെ കാര്യസ്ഥനെ സമീപിച്ച് ഒരാള്‍ ചോദിച്ചു: 'മുതലാളി മരിച്ചപ്പോള്‍ നല്ല കോള്‌ കിട്ടിക്കാണുമല്ലോ.
കാര്യസ്ഥന്‍: എനിക്കും മുതലാളിയെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും കിട്ടി.
അയാള്‍: അതേയോ; എത്ര വീതം കിട്ടി.
കാര്യസ്ഥന്‍: സ്വത്ത് മുഴുവന്‍ ഡോക്ടര്‍മാര്‍ കൊണ്ട് പോയി. രോഗം മുഴുവന്‍ എനിക്കും കിട്ടി.

തിരിച്ചേല്‍പ്പിക്കാന്‍....


റോഡിലൂടെ അതിവേഗത്തില്‍ ഒരു ട്രക്ക് വരുന്നത് കണ്ട സര്‍ദാര്‍ജി പെട്ടെന്ന് അടുത്തുള്ള കടയുടെ പിന്നില്‍ പോയൊളിച്ചു.
സുഹൃത്ത്: ട്രക്കിന്‍റെ മരണപ്പാച്ചില്‍ കണ്ട് ഓരത്തേക്ക് മാറി നിന്നാല്‍ അത് മനസ്സിലാക്കാം. പക്ഷെ എന്തിനാ കടയുടെ പിന്നില്‍ പോയൊളിച്ചത്?
സര്‍ദാര്‍ജി: ആറ്‌ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ട്രക്ക് ഡ്രൈവര്‍ എന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയി.
സുഹൃത്ത്: ഓ. അയാള്‍ നിന്നെക്കൂടി തട്ടിക്കൊണ്ട് പോകുമെന്ന് ഭയന്നാണോ നീ ഓടിയത്?
സര്‍ദാര്‍ജി: അല്ല; അയാള്‍ അവളെ തിരിച്ചേല്‍പ്പിക്കാന്‍ വന്നതാകുമോ എന്ന് ഭയന്നാണ്‌ ഞാന്‍ ഓടിയത്.

ഉപദേശം


മുല്ലാ നസ്റുദ്ദീന്‍ ഒരു പണക്കാരന്‍റെ അടുത്ത് ചെന്ന് കുറച്ച് പണം കടം ചോദിച്ചു.
അയാള്‍: എന്തിനാ പണം?
മുല്ലാ: ഒരാനയെ വാങ്ങാനാണ്‌.
അയാള്‍: കയ്യില്‍ പണമില്ലതെ ആനയെ പോറ്റാന്‍ കഴിയില്ല.
മുല്ലാ: ഞാന്‍ വന്നത് ഉപദേശത്തിനല്ല; പണത്തിനാണ്‌.

ഗര്‍ഭിണി


എപ്പോഴും സര്‍ദാര്‍ജി ഫലിതങ്ങള്‍, അഥവാ തന്നെക്കുറിച്ചുള്ള കളിയാക്കലുകള്‍, കേട്ട് മടുത്ത ഒരു സര്‍ദാര്‍ജി വീട്ടിലെത്തിയപ്പോള്‍ ഭാര്യയോട്: നിനക്കെങ്കിലും ഞാനുള്‍പ്പെടാത്ത വല്ല കാര്യവും പറയാനുണ്ടോ?
ഭാര്യ: ഉണ്ട്.
സര്‍ദാര്‍: സന്തോഷമായി; പറയൂ.
ഭാര്യ: ഞാന്‍ ഗര്‍ഭിണിയാണ്‌.

ഇസ്തിരിപ്പെട്ടി


രണ്ട് ചെവിയും പൊള്ളിയ നിലയില്‍ ഡോക്ടറെ കാണാനെത്തിയ സര്‍ദാര്‍ജിയോട് ഡോക്ടര്‍ ചോദിച്ചു: ഇതെങ്ങനെ സംഭവിച്ചു?
സര്‍ദാര്‍ജി: ഞാന്‍ വസ്ത്രം ഇസ്തിരിയിട്ടുകൊണ്ടിരിക്കേ ഒരാള്‍ എന്നെ ഫോണില്‍ വിളിച്ചു; ഫോണാണെന്ന് കരുതി ഞാന്‍ ഇസ്തിരിപ്പെട്ടിയെടുത്ത് ചെവിയില്‍ വച്ചു. അങ്ങനെയാ ഇടത്തെ ചെവി പൊള്ളിയത്.
ഡോ: അപ്പോള്‍ വലത്തെ ചെവിയോ?
സര്‍ദാര്‍ജി: എന്ത് പറയാനാ, ആ വിവരദോശി രണ്ടാമതും വിളിച്ചു.

റ്റൂത്ത്‌ബ്രഷ്


മുന്‍കോപിയായ ഒരു ഭര്‍ത്താവ് മരിച്ച് പോയ ഭാര്യയെ സ്വപ്നത്തില്‍ കണ്ടു. അപ്പോള്‍ അയാള്‍ ചോദിച്ചു: ഞാന്‍ എപ്പോഴും ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യാറുണ്ടായിരുന്നല്ലോ. നീ എങ്ങനെയായിരുന്നു എല്ലാം സഹിച്ചത്? നിനക്ക് ദേഷ്യം വരുമ്പോള്‍ നീ എന്താണ്‌ ചെയ്തിരുന്നത്?
ഭാര്യ: ദേഷ്യം വരുമ്പോള്‍ ഞാന്‍ പോയി റ്റൂത്ത്‌ബ്രഷ് കൊണ്ട് ക്ലോസെറ്റ് കഴുകുമായിരുന്നു.
ഭര്‍ത്താവ്: ഇത് നല്ല രസമായിരിക്കുന്നല്ലോ കേള്‍ക്കാന്‍. ആട്ടെ, അങ്ങനെ ചെയ്യുമ്പോള്‍ ദേഷ്യം കുറയുമായിരുന്നോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അതിന്‍റെ ഗുട്ടന്‍സാണ്‌ എനിക്ക് മനസ്സിലാകാത്തത്.
ഭാര്യ: മനുഷ്യാ, നിങ്ങളുടെ റ്റൂത്ത്‌ബ്രഷ് കൊണ്ടായിരുന്നു ക്ലോസെറ്റ് കഴുകിയിരുന്നത്.

അക്കരയ്ക്ക്...



പുഴക്കരയിലിരുന്ന് കാറ്റ്കൊള്ളുകയായിരുന്ന സര്‍ദാര്‍ജിയോട് മറുകരയില്‍ നിന്ന് ഒരാള്‍ വിളിച്ച് ചോദിച്ചു: എനിക്കൊന്ന് അക്കരയ്ക്ക് വരണമെന്നുണ്ട്. എന്തുണ്ട് മാര്‍ഗ്ഗം?
സര്‍ദാര്‍ജി: ഇവനെന്തൊരു മണ്ടനാ? താന്‍ ഇപ്പോള്‍ നില്‍ക്കുന്നത് തന്നെ അക്കരെയല്ലേ?

ഗ്രൈന്ഡര്‍



സര്‍ദാര്‍ജി ഭാര്യയോട്: എടീ, നീ വാങ്ങിയ കറങ്ങുന്ന ക്ലോസെറ്റ് ഉഗ്രന്‍!
ഭാര്യ: ദൈവമേ, ഇയാള്‍ ആ ഗ്രൈന്ഡര്‍ വൃത്തികേടാക്കിയെന്നാ തോന്നുന്നത്.

Tuesday, September 18, 2012

ഷെയര്‍

Pc Sanal Kumar Ias writes:


രണ്ടു വൃദ്ധ ദമ്പതികള്‍ ഒരു restorantil ആഹാരം കഴിക്കാന്‍ ഇരിക്കുന്നു.വൃദ്ധന്‍ ഒരു ബിരിയാണി ഓര്‍ഡര്‍ ചെയ്തു.ബിരിയാണി കൊണ്ട് വന്നു.ഒരു പാത്രം കൂടി തരുമോ?അയാള്‍ ചോദിച്ചു.waitor കൊടുക്കുന്നുവൃദ്ധന്‍ ബിരിയാണിയുടെ നേര്‍പകുതി പകുത്തു മറ്റേ പാത്രത്തില്‍ ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. .പക്ഷെ ഭാര്യ അത് അപ്പോഴും കഴിക്കുന്നില്ല.വൃദ്ധന്‍ ഒരു ഒമ്ലെറ്റ് ഓര്‍ഡര്‍ ചെയ്തു അതും നേര്‍ പകുതി പകുത്തു ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു.വൃദ്ധന്‍ കഴിക്കുന്നു.ഭാര്യ കഴിക്കുന്നില്ല.അടുത്ത സീറ്റില്‍ ഇരുന്ന ഒരാള്‍ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.അയാള്‍ ധരിച്ചത് പണത്തിന്റെ കുറവ് കൊണ്ടാണ് ഇങ്ങനെ ആഹാരം ഷെയര്‍ ചെയ്യുന്നത് എന്നാണു."സര്‍ വിരോധമില്ലെങ്കില്‍ ഒരു ഫുള്‍ ബിരിയാണി അങ്ങയ്ക്ക് വേണ്ടി ഞാന്‍ ഓര്‍ഡര്‍ ചെയ്യാം "അയാള്‍ പറഞ്ഞു
അപ്പോള്‍ വൃദ്ധന്‍ "സോറി.അതല്ല പ്രശ്നം.ഞങ്ങള്‍ എന്തും ഷെയര്‍ ചെയ്തു കഴിക്കുന്നതില്‍ ആനന്ദം അനുഭവിക്കുന്നവരാണ്.അത് കൊണ്ടാണ് കേട്ടോ " വൃദ്ധന്‍ ഒരു ഡ്രിങ്ക്സ് വാങ്ങി പകുതി കുടിച് പകുതി ഭാര്യയുടെ മുന്നില്‍ വയ്ക്കുന്നു. എന്നിട്ട് ചിരി തുടച്ചു കൈ കഴുകാന്‍ പോകുന്നു..അപ്പോള്‍ അടുത്തിരുന്ന ആള്‍ അവരോടു ചോദിക്കുന്നു.അദ്ദേഹം കഴിച്ചു കഴിഞ്ഞല്ലോ.ഇനി മാടത്തിന് കഴിച്ചു തുടങ്ങിക്കൂടെ?'
ഭാര്യയുടെ മറുപടി
"കഴിക്കാം പല്ല് അദ്ദേഹത്തിന്റെ വായിലല്ലേ ?അത് വരട്ടെ