Followers

Saturday, January 28, 2012

ലവ് ലെറ്റര്‍


സര്‍ദാര്‍ജിക്ക് അയാളുടെ കാമുകി ഒരു ലവ് ലെറ്റര്‍ അയച്ചു. നിരക്ഷരനായ അയാള്‍ക്കത് വായിക്കനായില്ല. അതേ അവസ്ഥയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയി. വര്‍ഷങ്ങളുടെ ആലോചനയ്ക്ക് ശേഷം, അവസാനം അയാള്‍ തന്‍റെ സുഹൃത്തിനെ സമീപിച്ച് കത്ത് വായിപ്പിക്കാന്‍ തീരുമാനിച്ചു. കത്ത് വായിക്കുമ്പോള്‍ ഉള്ളടക്കം സുഹൃത്ത് അറിയാന്‍ പാടില്ല, അതിന്ന് സര്‍ദാര്‍ ഒരു സൂത്രം പ്രയോഗിച്ചു. സുഹൃത്ത് കത്ത് വായിക്കുമ്പോള്‍ സര്‍ദാര്‍ജി അയാളുടെ രണ്ട് വിരലുകള്‍ സുഹൃത്തിന്‍റെ ചെവിയില്‍ തിരുകി.

നിയമോപദേശം


ഒരു കശാപ്പുകാരന്‍റെ കടയില്‍ നിന്ന് ഒരു നായ ഒരു കഷണം മാംസവും കടിച്ചുകൊണ്ടോടി. നായയെ കശാപ്പുകാരന്‍ തിരിച്ചറിഞ്ഞു. അതൊരു വക്കീലിന്‍റേത് ആയിരുന്നു. അയാള്‍ വക്കീലിനെ സമീപിച്ച് ചോദിച്ചു: നിങ്ങളുടെ നായ എന്‍റെ കടയില്‍ നിന്ന് ഒരു കഷണം മാംസം കടിച്ചു കൊണ്ട് പോയാല്‍ അതിന്‍റെ വില നല്‍കാന്‍ നിയമപരമായി താങ്കള്‍ ബാധ്യസ്ഥനാണോ?
വക്കീല്‍: അതെ.
കശാപ്പുകരന്‍: എങ്കില്‍ എനിക്ക് നിങ്ങള്‍ 50 രൂപ തരണം.
വക്കീല്‍: ഒരു 50 രൂപ ഇങ്ങോട്ട് തരാന്‍ കയ്യിലുണ്ടോ?
കശാപ്പുകാരന്‍: ഉണ്ട്. (വേഗം 50 രൂപാ നോട്ടെടുത്ത് വക്കീലിന്ന് നല്‍കി. 100 രൂപ ഇപ്പോള്‍ കിട്ടുമെന്ന് കരുതി കാത്ത് നിന്നു.)
അല്‍പ്പ സമയം കഴിഞ്ഞു വക്കീല്‍: ഇനിയും നിങ്ങള്‍ പോയില്ലേ?
കശാപ്പുകാരന്‍: എനിക്ക് 100 രൂപ തന്നില്ല.
വക്കീല്‍: നിയമോപദേശം നല്‍കുന്നതിന്ന് ഞാന്‍ വാങ്ങുന്ന ഫീസ് 100 രൂപയാണ്‌. അത്‌കൊണ്ടാണ്‌ മാംസത്തിന്‍റെ 50 കഴിച്ച് ബാക്കി 50 ഇങ്ങോട്ട് വാങ്ങിയത്.

അമ്മയല്ല; അമ്മായി


ഒരു യുവതി ഒരു കുഞ്ഞിനെയുമെടുത്ത് ഡിസ്പെന്‍സറിയില്‍ ചെന്നു അതിന്‍റെ തൂക്കം നോക്കനാവശ്യപ്പെട്ടു. കൌണ്ടറിലുള്ളയാള്‍ പറഞ്ഞു: ഇവിടെയുള്ള ബേബി സ്കെയില്‍ (കുട്ടികളുടെ തൂക്കം നോക്കുന്ന ത്രാസ്) കേടാണ്‌. അത്കൊണ്ട് അമ്മയും കുഞ്ഞും കൂടി അഡല്‍ട്ട് സ്കെയിലില്‍ (വലിയ ആളുകള്‍ക്ക് കയറിനിന്ന് തൂക്കം നോക്കാനുള്ള ത്രാസ്) കയറി അമ്മയുടെയും കുഞ്ഞിന്‍റെയും തൂക്കം നോക്കുക; എന്നിട്ട് കുഞ്ഞിനെ താഴെവച്ച് അമ്മയുടെ തൂക്കം ഒരിക്കല്‍ കൂടി നോക്കുക. ആദ്യത്തെ തൂക്കത്തില്‍ നിന്ന് ഇത് കുറച്ചാല്‍ കുഞ്ഞിന്‍റെ തൂക്കം കിട്ടും.
യുവതി: അത് ഇപ്പോള്‍ നടക്കില്ല.
അയാള്‍: അതെന്താ?
യുവതി: ഞാന്‍ കുഞ്ഞിന്‍റെ അമ്മയല്ല; അമ്മായിയാണ്‌.

എട്ടു കൊല്ലം കൂടി....



പ്രശസ്തനായ ഒരഭിഭാഷകന്‍റെ മകന്ന് അച്ചന്‍റെ തൊഴിലിനോടായിരുന്നു താല്‍പര്യം. അത് കൊണ്ടയാള്‍ നിയമ ബിരുദമെടുത്ത് അച്ചന്‍റെ കൂടെ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങി. ഒന്നാമത്തെ ദിവസം മകന്‍ അച്ചനോട് തന്‍റെ സാമര്‍ത്ഥ്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു.
മകന്‍: അച്ഛാ, അച്ഛന്‍ 8 കൊല്ലമായി വാദിച്ചുകൊണ്ടിരിക്കുന്ന രാമന്‍ നായരുടെ കേസില്ലേ? അദ്ദേഹത്തിന്‍റെ അനുജനുമായുള്ള സ്വത്ത് തര്‍ക്കം. അത് ഇന്ന് ഞാന്‍ അവസാനിപ്പിച്ചു. എങ്ങനെയുണ്ടെന്‍റെ മിടുക്ക്?
അച്ഛന്‍: ഇനിയൊരു എട്ടു  കൊല്ലം കൂടി ആ കേസില്‍ നിന്ന് നമുക്ക് വരുമാനം ലഭിക്കുമായിരുന്നു. അതാ താന്‍ ഒറ്റ നാള്‍ കൊണ്ട് ഇല്ലാതാക്കിയത്. താന്‍ ഗുണം പിടിക്കില്ല.

എങ്ങോട്ടാ പോകേണ്ടത്?



ഒരാള്‍ ഓടിക്കിതച്ച് റയില്‍വേ സ്റ്റേഷനില്‍ എത്തിയിട്ട് കൌണ്ടറിലുള്ള ആളോട് ചോദിച്ചു: ഇനി തെക്കോട്ട് എപ്പോഴാ വണ്ടിയുള്ളത്?
കൌണ്ടര്‍: 20 മിനിറ്റ് കഴിയണം.
അയാള്‍: വടക്കോട്ടോ?
കൌണ്ടര്‍: അര മണിക്കൂര്‍ കഴിഞ്ഞേ ഉള്ളൂ. അല്ല നിങ്ങള്‍ക്ക് എങ്ങോട്ടാ പോകേണ്ടത്?
അയാള്‍: എനിക്ക് പടിഞ്ഞാറോട്ടാ പോകേണ്ടത്. ഈ റയിലൊന്ന് മുറിച്ചുകടക്കാനാ വണ്ടിയുടെ സമയം ചോദിച്ചത്.

വിശ്വാസമില്ല അല്ലെ?


അവറാന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. പല തവണ ദൈവത്തോട് പ്രാര്‍ത്ഥിച്ചു, ഫലം കണ്ടില്ല. അവസാനം അയാള്‍ ഒരു നേര്‍ച്ച നേര്‍ന്നു കൊണ്ട് പ്രാര്‍ത്ഥിച്ചു: ദൈവമേ എനിക്ക് ഒരു 100 രൂപ വീണു കിട്ടിയാല്‍ 50 ഞാന്‍ അടുത്ത നേര്‍ച്ചപെട്ടിയില്‍ ഇട്ടോളാം. 1000 കിട്ടിയാല്‍ 500 ഇട്ടോളാം. ഈ നേര്‍ച്ച കാരണമായെങ്കിലും എന്നെ ഒന്ന് സഹായിക്കണേ.
പ്രാര്‍ത്ഥന ഫലിച്ചു. അവറാന്‌ വഴിയില്‍ നിന്ന് 5000 രൂപ കിട്ടി. നാലുപാടും നിരീക്ഷിച്ച്‌ ആരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം കാഷെടുത്ത് കീശയിലാക്കി ആഞ്ഞു വലിച്ച് നടക്കുന്നതിന്നിടയില്‍ അയാള്‍ പിറുപിറുത്തു: എന്നാലും നീ വല്ലാത്തൊരു ദൈവം തന്നെ; നിന്‍റെ വിഹിതം 5000 അവിടെ വച്ച് ബാക്കി 5000 മാത്രമേ നീ എന്‍റെ കയ്യില്‍ തന്നുള്ളൂ അല്ലേ? എന്നെ തീരെ വിശ്വാസമില്ല അല്ലെ?

ബുദ്ധിമാന്‍


യുവതി: പ്രേമാഭ്യര്‍ത്ഥനയുമായി നിങ്ങള്‍ എന്‍റെ പിന്നാലെ നടന്നിട്ട് കാര്യമില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ധീരതയും ബുദ്ധിയുമുള്ള ഒരാളെ മാത്രമേ ഞാന്‍ പ്രേമിക്കുകയുള്ളൂ.
യുവാവ്: അന്ന് തോണി മറിഞ്ഞു ഭവതി വെള്ളത്തില്‍ പോയപ്പോള്‍ ഞാന്‍ രക്ഷിച്ചില്ലേ? അത് ഞാന്‍ ധീരനാണെന്നതിന്‍റെ തെളിവല്ലേ?
യുവതി: ശരി, അത് ഞാന്‍ സമ്മതിച്ചിരിക്കുന്നു. ഇനി നിങ്ങള്‍ ബുദ്ധിമാനാണെന്നതിന്‍റെ തെളിവെവിടെ?
യുവാവ്: അന്ന് വഞ്‌ചി ഞാന്‍ മനപ്പൂര്‍വ്വം മറിച്ചതായിരുന്നു; അപ്പോള്‍ ഞാന്‍ ബുദ്ധിമാനാണെന്നും തെളിഞ്ഞില്ലേ?

ഓര്‍മ്മക്കുറവിന്ന്....


ഭാര്യമാരോടൊത്ത് പാര്‍ക്കില്‍ പോയ പ്രായം ചെന്ന രണ്ട് സുഹൃത്തുക്കള്‍ സൌഹൃദ സംഭാഷണത്തിലായിരുന്നു. ഒന്നാമന്‍ ചോദിച്ചു: ഓര്‍മ്മക്കുറവിനുള്ള ചികില്‍സയ്ക്കായി നിങ്ങള്‍ ഒരു ഡോക്ടറെ കണ്ടെന്ന് കേട്ടു. എന്നിട്ടെന്തായി?
രണ്ടാമന്‍: അവരുടെ ടെക്നിക്കുകള്‍ വളരെ ആധുനികമാണ്‌. എല്ലാം അവര്‍ ഞങ്ങള്‍ക്ക് പഠിപ്പിച്ചുതന്നു.
ഒന്നാമന്‍: എന്തായിരുന്നു ആ ക്ലിനിക്കിന്‍റെ പേര്‌?
രണ്ടാമന്‍: ഞങ്ങളുടെ വീട്ടിന്‍റെ മുറ്റത്ത് മാര്‍ദ്ദവമേറിയ ഇതളുകളുള്ള ഒരു പുഷ്പമില്ലേ? ഞെട്ടില്‍ മുള്ളുകളുള്ളത്. എന്തായിരുന്നു അതിന്‍റെ പേര്‌?
ഒന്നാമന്‍: 'റോസ്' ആണോ ഉദ്ദേശിച്ചത്?
രണ്ടാമന്‍ (ഭാര്യയുടെ നേരെ തിരിഞ്ഞ്‌): ഏയ് റോസ്, എന്തായിരുന്നു നമ്മള്‍ കഴിഞ്ഞ ആഴ്ച പോയ ആ ക്ലിനിക്കിന്‍റെ പേര്‌?
ഭാര്യ: കഴിഞ്ഞ ആഴ്ച നാം ക്ലിനിക്കില്‍ പോയിരുന്നോ?

മാതൃഭാഷ


അദ്ധ്യാപകന്‍: നമ്മുടെ സ്വന്തം സംസാര ഭാഷയെ പിതൃഭാഷ എന്ന് വിളിക്കാതെ, മാതൃഭാഷ എന്ന് വിളിക്കാന്‍ കാരണമെന്ത്?
കുട്ടി: പിതാവിനേക്കാള്‍ കൂടുതലായി മാതാവ് അതുപയോഗിക്കുന്നത് കൊണ്ട്.

അമ്മായിയമ്മ


യുവതി അയല്‍വാസിയോട്: നിങ്ങളുടെ പട്ടി ഇന്നലെ എന്‍റെ അമ്മായിയമ്മയെ കടിച്ചു.
അയല്‍വാസി: സോറി, എന്താണ്‌ വേണ്ടതെന്ന് വച്ചാല്‍ ഞാന്‍ ചെയ്യാം. നമ്മള്‍ തമ്മില്‍ വഴക്കും വക്കാണവും ഒന്നും വേണ്ടാ.
യുവതി: ഞാന്‍ വന്നത് വഴക്കിനും വക്കാണത്തിനുമല്ല. നിങ്ങള്‍ ആ പട്ടിയെ വില്‍ക്കുകയാണെങ്കില്‍ ഞാന്‍ വാങ്ങിക്കൊള്ളാം എന്ന് പറയാനാണ്‌; വില എത്രയായാലും വിരോധമില്ല.

ന്യായം


അയല്‍വാസികള്‍ തമ്മിലൊരു കലാപം. സംഭവ പരമ്പര ഇങ്ങനെ.
ഒന്നാമന്‍റെ പട്ടി രണ്ടാമന്‍റെ പൂച്ചയെ കടിച്ചു.
രണ്ടാമന്‍ ആ പട്ടിയെ കല്ലെറിഞ്ഞു; അതിന്‍റെ കാലൊടിഞ്ഞു.
ഒന്നാമന്‍ രണ്ടാമന്‍റെ ഭാര്യുടെ വയറിന്‌  ചവിട്ടി; ആറു മാസം ഗര്‍ഭിണിയായിരുന്ന അവര്‍ അകാലത്തില്‍ പ്രസവിച്ചുപോയി.
ഇത്രയുമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടു. മൂന്നാമതൊരാളെ ന്യായമനുസരിച്ച് വിധി പറയാന്‍ വേണ്ടി മധ്യസ്ഥനാക്കി നിശ്ചയിച്ചു.

മധ്യസ്ഥന്‍: 1] പൂച്ചക്ക് സാരമായ പരിക്കില്ലാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല.
2] ഒന്നാമന്‍റെ പട്ടിയുടെ കാല്‌ രണ്ടാമന്‍ ഒടിച്ചതിനാല്‍ ആ പട്ടിയെ അയാള്‍ ശുശ്രൂഷിച്ച് സുഖപ്പെടുത്തി ഒന്നാമനെ തിരിച്ചേല്‍പ്പിക്കണം.
3] ഒന്നാമന്‍റെ ഭാര്യയുടെ ഗര്‍ഭം രണ്ടാമന്‍ അലസിപ്പിച്ചതിനാല്‍ അവരുടെ സംരക്ഷണച്ചുമതല അയാള്‍ ഏറ്റെടുക്കുകയും ആറു മാസം ഗര്‍ഭമാകുമ്പോള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം.

വില


രണ്ടു കള്ളന്‍മാര്‍ തമ്മില്‍ കണ്ട് മുട്ടി.
ഒന്നാമന്‍: നിന്‍റെ വാച്ചിന്‌ എന്ത് വിലയായി?
രണ്ടാമന്‍: ആറ്‌ മാസം തടവ്.

ബന്ധു


നവദമ്പതികള്‍ പാര്‍ക്കിലൂടെ നടക്കുകയാണ്‌. അതിനിടെ ഒരു കഴുത മുമ്പിലൂടെ ഓടി. അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: നിന്‍റെ ഒരു ബന്ധുവതാ ഓടുന്നു, നിന്നെ കണ്ടിട്ട് മിണ്ടിയില്ലല്ലോ.
ഭാര്യ: അതെന്‍റെ ബന്ധു തന്നെയാണ്‌; വിവാഹത്തിലൂടെയുണ്ടായ ബന്ധു.

കഴുതകള്‍ക്ക്


പരസ്പരം ശത്രുക്കളായി കഴിയുന്ന രണ്ടു പേര്‍ ഒരു നേരിയ വയല്‍ വരമ്പില്‍  നേര്‍ക്കുനേര്‍ എത്തി. ഒരാള്‍ വഴിമാറിക്കൊടുത്താലേ മറ്റേയാള്‍ക്ക് പോകാന്‍ പറ്റുകയുള്ളു.
ഓന്നാമന്‍: ഞാന്‍ കഴുതകള്‍ക്ക് വഴിമാറിക്കുടുക്കറില്ല.
രണ്ടാമന്‍: ഞാന്‍ അങ്ങനെ ചെയ്യാറുണ്ട്.
ഇതും പറഞ്ഞ് അയാള്‍ വഴിമാറിക്കൊടുത്തു.

അഥവാ ഉണ്ടെങ്കിലോ?

മീന്‍ കച്ചവടക്കാരനായ ഒരു നിരീശ്വരവാദിയുണ്ടായിരുന്നു. പകല്‍ മുഴുവന്‍ ശക്തമായി ദൈവനിഷേധം പ്രചരിപ്പിക്കും. കച്ചവടം കഴിഞ്ഞ് വീട്ടിലെത്തിയാല്‍ അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ചങ്ങ് നമസ്കരിക്കുകയും ചെയ്യും. ഇത് കൂട്ടുകാരില്‍ ഒരാള്‍ കണ്ടുപിടിച്ചു. അങ്ങാടിയില്‍ സംസാരമായി. ആളുകള്‍ വളഞ്ഞു വച്ച് ചോദിച്ചു: പകല്‍ മുഴുവന്‍ ദൈവ നിഷേധം പ്രസംഗിച്ച് നടന്നിട്ട് രാത്രി വീട്ടില്‍ ചെന്ന് അഞ്ച് നേരത്തെ നമസ്കാരം ഒരുമിച്ച് നിര്‍വഹിക്കുകയോ? ദൈവമില്ല എന്നല്ലേ തന്‍റെ വാദം? പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: ദൈവം ഇല്ല; അത് തന്നെയാണ്‌ എന്‍റെ വിശ്വാസം. 
നട്ടുകാര്‍: അത് തന്നെയാ ഞങ്ങളും ചോദിക്കുന്നത്; പിന്നെന്തിന്‌ നമസ്കരിക്കുന്നു?
അയാള്‍: അഥവാ ഉണ്ടെങ്കിലോ?

പഠിച്ചിട്ടില്ല.


അദ്ധ്യാപകന്‍ ക്ലാസില്‍; രാജുവിനോട്: രാജു ബാലുവിന്ന് 10 ശതമാനം പലിശ നിരക്കില്‍ 100 രൂപ കടം കൊടുത്തുവെന്ന് സങ്കല്‍പ്പിക്കുക. എന്നാല്‍ ഒരു വര്‍ഷം കഴിയുമ്പോള്‍ എത്ര രൂപ ബാലുവില്‍ നിന്ന് തിരിച്ച് കിട്ടും?
രാജു: ഒന്നും കിട്ടുകയില്ല.
അദ്ധ്യാപകന്‍: താനെന്താ ഒരു മണ്ടനെപ്പോലെ സംസാരിക്കുന്നത്? ഇന്നത്തെ പാഠം ​നീ തീരെ പഠിച്ചില്ല അല്ലേ?
രാജു: പാഠം ഞാന്‍ ശരിക്കും പഠിച്ചിട്ടുണ്ട്. എന്നാല്‍ സാര്‍ രാജുവിനെ ഒട്ടും പഠിച്ചിട്ടില്ല.

കൈനോട്ടകാരി


ഭാര്യയും ഭര്‍ത്താവും ഉമ്മറത്തിരിക്കെ ഒരു കൈനോട്ടകാരി കയറി വന്നു. ഭാര്യയുടെ കൈ പിടിച്ചിട്ട് പറഞ്ഞു: ഭാവിയെപ്പാറ്റി ഒരു പാട് കാര്യങ്ങള്‍ പറയാനുണ്ട്.
ഭാര്യ: ഒന്നും പറയണ്ട.
കൈനോട്ടക്കാരി: 100 വയസ്സ് വരെ ആയുസ്സുണ്ട്.
ഭാര്യ: എനിക്കൊന്നും കേള്‍ക്കണ്ട.
കൈനോട്ടക്കാരി ഭര്‍ത്താവിനോട്: താങ്കളുടെ ഭാവി പറയാം. കൈ കാണിക്കൂ.
ഭര്‍ത്താവ്: എന്‍റെ ഭാവി എനിക്ക് മനസ്സിലായി.
കൈനോട്ടക്കാരി: എന്ത് മനസ്സിലായി?
ഭര്‍ത്താവ്: ഭാവി ഇരുളടഞ്ഞതാണെന്ന് മനസ്സിലായി.
ഭാര്യ: അതെങ്ങനെ മനസ്സിലായി?
ഭര്‍ത്താവ്: നിന്‍റെ ആയുസ്സിനെക്കുറിച്ച് കേട്ടപ്പോള്‍ എനിക്കെല്ലാം മനസ്സിലായെടീ.

കെട്ടിത്തൂക്കി


ഭാര്യയും ഭര്‍ത്താവും തമ്മില്‍ കടുത്ത പകയാണ്‌. എപ്പോഴും ശണ്ഠ കൂടും. ഭര്‍ത്താവ് ജയിക്കും. ഒരിക്കലെങ്കിലും ഭര്‍ത്താവിനെ തോല്‍പ്പിക്കാന്‍ അവള്‍ കൊതിച്ചു. അവസാനം അവള്‍ വഴി കണ്ടെത്തി; ആത്മഹത്യ ചെയ്യുക. എന്നിട്ട് ഒരു കുറിപ്പും എഴുതി വച്ചു: ഞാന്‍ സ്വയം തൂങ്ങിയതല്ല; എന്നെ എന്‍റെ ഭര്‍ത്താവ് കെട്ടിത്തൂക്കി കൊന്നതാണ്‌.

മറ്റൊരു ഡോക്ടറെ


ഗുരുതരമായ രോഗം ബാധിച്ച രോഗിയോട് ഡോക്ടര്‍: നിങ്ങളുടെ ചികില്‍സക്കായി ചെയ്യാവുന്നതെല്ലാം ചെയ്തു കഴിഞ്ഞു; ഇനി ഒന്നും ചെയ്യാനില്ല. അവസാനമായി നിങ്ങള്‍ക്ക് ആരെയെങ്കിലും കാണണമെന്നുണ്ടെങ്കില്‍....
രോഗി: ഉണ്ട്.
ഡോക്ടര്‍: ആരെ?
രോഗി: മറ്റൊരു ഡോക്ടറെ.

ആമയും മുയലും 


ഉച്ചയൂണു കഴിഞ്ഞ് ക്ലാസിലെത്തിയ അദ്ധ്യാപകന്‍ മേശമേല്‍ തല വച്ച് ഒന്നു മയങ്ങി. അപ്പോഴുണ്ട് ഹെഡ്മാസ്റ്റര്‍ കയറി വരുന്നു. കുട്ടികള്‍ ഒരുമിച്ച് എഴുന്നേറ്റു നിന്ന് പറഞ്ഞു: ഗുഡ് ആഫ്‌റ്റര്‍ നൂണ്‍  സാര്‍.
ഇത് കേട്ടാണ്‌ കക്ഷി ഉണര്‍ന്നത്. ഉടനെ അയാള്‍ പറഞ്ഞു: ഇത് പോലെയായിരുന്നു മുയല്‍ ഉറങ്ങിയത്. അത്കൊണ്ടാണ്‌ ആമ പന്തയത്തില്‍ ജയിച്ചത്.

വിശ്വാസവും കുടയും


നാട്ടില്‍ കടുത്ത വരള്‍ച്ച. എല്ലാ വഴിയും അടഞ്ഞപ്പോഴാണ്‌ നാട്ടുകാര്‍ മുല്ലാ നസ്റുദ്ദീനെ സമീപിക്കാന്‍ തീരുമാനിച്ചത്. അവര്‍ മുല്ലയുടെ വിട്ടിലെത്തി. സങ്കടം പറഞ്ഞു: താങ്കള്‍ അല്‍ഭുതങ്ങള്‍ കാണിക്കുന്ന ആളല്ലേ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് അല്‍ഭുതം കാണിക്കണം.
മുല്ല: സാധ്യമല്ല.
പക്ഷെ നാട്ടുകാര്‍ വിട്ടില്ല. അവര്‍ കാരണം ചോദിച്ചു.
മുല്ല പറഞ്ഞു: നിങ്ങള്‍ക്ക് വിശ്വാസമില്ല. അത് കൊണ്ട് ഞാന്‍ പ്രാര്‍ത്ഥിച്ചാലും ഫലം കാണില്ല.
നാട്ടുകാര്‍: ഞങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടല്ലേ ഞങ്ങള്‍ ഇങ്ങോട്ട് വന്നതും പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടതും?
മുല്ല: ഇല്ല; നിങ്ങള്‍ക്ക് വിശ്വാസമില്ല. ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇങ്ങോട്ട് വരുമ്പോള്‍ കുടയുമായി വരുമായിരുന്നു.

മാറ്റം


ഒരു പറ്റം ആളുകള്‍ കൂടിയിരുന്ന് സംസാരിക്കുകയാണ്‌. കൂട്ടത്തില്‍ മുല്ലാ നസ്റുദ്ദീനുമുണ്ട്.
ഒരാള്‍ പറഞ്ഞു: മനുഷ്യന്‌ അവന്‍റെ യൌവനാരംഭത്തില്‍ നല്ല ശക്തിയുണ്ടായിരിക്കും; പിന്നെ അത് ക്രമേണ ക്ഷയിക്കും; വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ ശക്തി കൂടുതല്‍ ക്ഷയിച്ചിരിക്കും.
ഈ പ്രസ്താവന എല്ലാവരും സമ്മതിച്ചു. എന്നാല്‍ ഈ പ്രസ്താവനയെ എതിര്‍ത്തുകൊണ്ട് മുല്ലാ നസ്റുദ്ദീന്‍ പറഞ്ഞു: അത് ശരിയല്ല; എനിക്ക് യൌവനത്തിലും ഇപ്പോള്‍ വാര്‍ദ്ധക്യത്തിലും ഒരേ ശക്തി തന്നെ അനുഭവപ്പെടുന്നുണ്ട്.
ആളുകള്‍: അതെങ്ങനേ ശരിയാകും മുല്ലാ?
മുല്ല: അത് ശരിയാണ്‌.
ആളുകള്‍: എങ്കില്‍ അതൊന്നു വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്യാമോ?
മുല്ല: തെളിയിക്കാം. എന്‍റെ വീട്ടിന്‍റെ അടുത്ത് ഭാരമേറിയ ഒരു കല്ലുണ്ട്. എന്‍റെ യൌവന കാലത്ത് ഞാന്‍ അത് പൊക്കുവാന്‍ ശ്രമിച്ചിരുന്നു; ഒരിക്കല്‍ പോലും സാധിച്ചിട്ടില്ല, ഇപ്പോള്‍ വാര്‍ദ്ധക്യത്തില്‍ ഞാനത് പൊക്കാന്‍ ശ്രമിച്ചു നോക്കി. ഇപ്പോഴും സാധിക്കുന്നില്ല. അഥവാ എന്‍റെ ശക്തിയില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

രാജകല്‍പ്പന



രാജാവ് ഒരു സദ്യയൊരുക്കി. പ്രധാനികളെ അതിലേക്ക് ക്ഷണിച്ചു. മുല്ല വിജ്ഞനും രസികനുമാണെന്ന് രാജാവിന്നറിയാം. അതുകൊണ്ട് മുല്ലയെയും ക്ഷണിച്ചുവെന്ന് മാത്രമല്ല; അദ്ദേഹത്തെ കളിയാക്കാനുള്ള ഒരു സൂത്രമൊപ്പിക്കുകയും ചെയ്തു. മുല്ല എത്തുന്നതിന്നു മുമ്പു തന്നെ അതിഥികളില്‍ എല്ലാവര്‍ക്കും രാജാവ് ഓരോ കോഴിമുട്ട നല്‍കുകയും അവ ഇരിപ്പിടത്തില്‍ ഒളിച്ചുവെക്കാന്‍ പറയുകയും ചെയ്‌തിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോള്‍ രാജാവ് പറഞ്ഞു: ഇനി എല്ലവരും ഓരോ മുട്ടയിടണം. ഇതു രാജകല്‍പ്പനയാണ്‌.
മുല്ലയൊഴികെ എല്ലാവരും കല്‍പ്പന അനുസരിച്ചു. മുട്ട രാജാവിന്‌ നല്‍കി.
രാജാവ്: മുല്ലാ, താങ്കളെന്താ രാജകല്‍പ്പന അനുസരിക്കാത്തത്?
മുല്ല എഴുന്നേറ്റ് നിന്ന് കൈകള്‍ രണ്ടും തുടയില്‍ ഇരുവശത്തുമായി രണ്ടുമൂന്നു തവണ അടിച്ചു. എന്നിട്ട് ഈണത്തില്‍ ചൊല്ലി: കൊ കൊ കോ കോ.
രാജാവ്: എന്താ പരിഹസിക്കുകയാണോ?
മുല്ല: മഹാരാജന്‍, അങ്ങ് ക്ഷമിക്കണം. താങ്കള്‍ ക്ഷണിച്ച ഈ അതിഥികളെല്ലാം പിടക്കോഴികളാണ്‌. അവരുടെ പൂവനാണ്‌ ഞാന്‍. അത് തിരിച്ചറിയാതെയാണ്‌ അങ്ങെന്നോട് മുട്ടയിടാന്‍ കല്‍പ്പിച്ചത്.

പോക്കറ്റ് എവിടെ?


മുല്ലാ നസ്റുദ്ദിന്‌ വയസ്സായി; രോഗവും അവശതയുമേറി; ഏത് സമയവും മരിക്കാമെന്ന നിലയിലായി. മുല്ലാക്കും ഇതറിയം. അദേഹം തന്‍റെ അന്ത്യയാത്രയ്ക്കു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുകയാണ്‌. തന്‍റെ മയ്യിത്തിനെ ധരിപ്പിക്കാന്‍ വേണ്ടി നല്ല ഒരു ജുബ്ബ അദ്ദേഹം തയ്പ്പിക്കനേല്‍പ്പിച്ചു. ടൈലര്‍ ജുബ്ബയുമായി വന്നപ്പോള്‍ മുല്ല അതാകെയൊന്ന് പരിശോധിച്ചു. എന്നിട്ട് കോപത്തോടെ പ്രതികരിച്ചു: 'ഇതിന്‍റെ പോക്കറ്റ് എവിടെ? കൊണ്ട് പോയി പോക്കറ്റ് കൂടി തയ്ച്ചിട്ട് വാ'.

ആരെ?


ഒരാള്‍ മുല്ലാ നസ്റുദ്ദീന്‍റെ വീട്ടില്‍ വന്ന് അദ്ദേഹത്തിന്‍റെ കഴുതയെ വായ്പ ചോദിച്ചു. മുല്ല പറഞ്ഞു: കഴുത ഇവിടെയില്ല; അതിനെ ഞാന്‍ മറ്റൊരാള്‍ക്ക് വായ്പ കൊടുത്തിരിക്കയാണ്‌.
ഇതിനിടെ കഴുതയൊന്ന് കരഞ്ഞു. ഇത് കേട്ടപ്പോള്‍ അയാള്‍ ചോദിച്ചു: മുല്ലാ, കഴുതയെ തരാന്‍ പറ്റില്ലെങ്കില്‍ അത് പറഞ്ഞാല്‍ പോരേ? കള്ളം പറയുന്നതെന്തിന്?
മുല്ല: ഞാന്‍ കള്ളം പറഞ്ഞെന്നോ? കൊള്ളാം. നിങ്ങള്‍ക്ക് ആരെയാണ്‌ വിശ്വാസം? എന്നെയോ അതോ വെറുമൊരു കഴുതയെയോ?

ഭാണ്ഡം


മുല്ലാ നസ്റുദ്ദീന്‍ ഒരിക്കല്‍ കഴുതപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. തന്‍റെ കൂടെ കഴുതപ്പുറത്ത് ഒരു ഭാണ്ഡവുമുണ്ട്. ആളുകള്‍ മുല്ലയെ കുറ്റപ്പെടുത്തി, ഒന്നുകില്‍ ഭാരം വഹിപ്പിക്കുക; അല്ലെങ്കില്‍ താങ്കള്‍ കയറുക; രണ്ടും കൂടി ചെയ്യുന്നത് ശരിയല്ല. മുല്ല ഉടനെ ആ കെട്ടെടുത്ത് തന്‍റെ തലയില്‍ വച്ചു. എന്നിട്ട് പറഞ്ഞു: ഭാണ്ഡം ഞാന്‍ വഹിച്ചോളാം; കഴുത എന്നെ മാത്രം വഹിച്ചാല്‍ മതി.

എന്നെക്കാള്‍ വളരെ നല്ല


ഒരു പള്ളിയിലെ ഇമാം സ്ഥലം മാറിപ്പോവുകയാണെന്ന് നാടകീയമായ ഒരു പ്രഖ്യാപനം നടത്തി. പ്രസംഗം കഴിഞ്ഞ ശേഷം വളരെ സങ്കടത്തോട് കൂടി ഒരു സ്ത്രീ ഇമാമിന്‍റെയടുത്ത് വന്നിട്ട് പറഞ്ഞു: താങ്കളെ ഞങ്ങള്‍ക്ക് നഷ്ടപെടുകയാണ്‌. ഇത് സഹിക്കാന്‍ വയ്യ. താങ്കള്‍ ഞങ്ങളെ വിട്ട് പോകരുത്.
ഇമാം: സഹോദരീ നിങ്ങള്‍ സമാധാനിക്കണം; എന്നെക്കാള്‍ വളരെ നല്ല ഒരാളാണ്‌ എനിക്ക് ശേഷം വരാന്‍ പോകുന്നത്.
സ്ത്രീ: ഇത് തനെയായിരുന്നു കഴിഞ്ഞ തവണത്തെ ഇമാമും അദ്ദേഹം പോകുമ്പോള്‍ പറഞ്ഞിരുന്നത്.

ഇതിലേറെ പ്രായമുള്ള............


സമ്പന്നനായ ഒരു കര്‍ഷകന്‍ മുല്ലാ നസ്റുദ്ദിനോട് പറഞ്ഞു: ഞാന്‍ കണ്ണടക്കുന്നതിന്ന് മുമ്പ് എന്‍റെ നാല്‌ പെണ്‍മക്കളെ കെട്ടിച്ചയച്ച് കാണണമെന്നുണ്ട്. അവര്‍ ഭര്‍തൃ ഭവനങ്ങളിലേക്ക് വെറും കയ്യോടെയല്ല കയറിച്ചെല്ലുക. ഏറ്റവും  ഇളയവള്‍ക്ക് 23 വയസ്സായി. അവളുടെ പേരില്‍ 35000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 26 വയസ്സായി അവളുടെ പക്കല്‍ 42000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 32 വയസ്സായി അവളുടെ പക്കല്‍ 65000 സ്വര്‍ണ്ണനാണയമുണ്ട്. അതിന്‍റെ മൂത്ത ആള്‍ക്ക് 44 വയസ്സായി അവളുടെ പക്കല്‍ 85000 സ്വര്‍ണ്ണനാണയമുണ്ട്....
മുല്ല: താങ്കള്‍ക്ക് ഇതിലേറെ പ്രായമുള്ള മക്കളുണ്ടോ?

ലോക്കപ്പിലിടണം


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്നിട്ട് പറഞ്ഞു: ഞാന്‍ എന്‍റെ ഭാര്യയെ ഉലക്ക കൊണ്ട് തലക്കടിച്ചിരിക്കുന്നു; എന്നെ എത്രയും വേഗം ലോക്കപ്പിലിടണം.
ഒഫീസര്‍: അവര്‍ മരിച്ചുവോ?
മുല്ല: ഇല്ല; അത് കൊണ്ടാണ്‌ എത്രയും വേഗം ലോക്കപ്പിലിടാന്‍ പറഞ്ഞത്.

പകരം


മുല്ലാ നസ്‌റുദ്ദീന്‍റെ കഴുത ചത്തു. അദ്ദേഹത്തിന്ന് വല്ലാത്ത സങ്കടം. ഒരാള്‍ പറഞ്ഞു: ഇതിന്‌ ഇത്ര മാത്രം സങ്കടപ്പെടാനെന്തിരിക്കുന്നു? നിങ്ങളുടെ ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഇത്രയും സങ്കടം ഉണ്ടായിരുന്നില്ലാല്ലോ.
മുല്ല: ഒന്നാം ഭാര്യ മരിച്ചപ്പോള്‍ ഒരു പകരം കണ്ടെത്താമെന്ന് എല്ലാവരും പറഞ്ഞിരുന്നു. ഇപ്പോള്‍ ആരും അങ്ങനെ ഒരു പകരത്തെക്കുറിച്ച് പറയുന്നില്ല; അതാണെന്‍റെ സങ്കടം.

ഞങ്ങളിലൊരാള്‍


മുല്ലാ നസ്‌റുദ്ദീന്‍ ഒരിക്കല്‍ ഒരു മനോരോഗ ചികില്‍സാലയത്തില്‍ ആയിരുന്നു. സ്ഥാപനത്തിന്‍റെ മേധാവിയോട് മുല്ല പറഞ്ഞു: താങ്കളെ ഞങ്ങള്‍ രോഗികള്‍ക്കെള്ളാവര്‍ക്കും വളരെ ഇഷ്ടമാണ്‌.
മേധാവി: എന്താണ്‌ എന്നോടുള്ള ഈ ഇഷ്ടക്കൂടുതലിന്‍റെ കാരണം?
മുല്ല: താങ്കളെ കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളിലൊരാളായിട്ട് മാത്രമാണ്‌ തോന്നുന്നത്.

വിഷയം മാറ്റല്ലേ


ഒരിക്കല്‍ മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ഗേള്‍ ഫ്രന്‍ഡിനോട് സംസാരിക്കുകയായിരുന്നു. അയാള്‍ അവരെ വര്‍ണ്ണിച്ചുകൊണ്ടേയിരുന്നു: നിന്‍റെ കണ്ണൂകള്‍ .. ഒഹ്! ഇത്പോലുള്ള കണ്ണൂകള്‍ വേറെ ഞാന്‍ കണ്ടിട്ടില്ല. അവ ഈ ലോകത്തിന്‍റെ ഭാഗമല്ല; അങ്ങ് ആകാശത്ത് നിന്ന് വന്നവയാണ്‌. നിന്‍റെ മുഖം... അതിന്‍റെയൊരു ശോഭ! ഞാന്‍ എന്ത് പറയാനാ.... പൂര്‍ണ്ണ ചന്ദ്രന്‍റെ ശോഭയാണതിന്ന്. നിന്‍റെ സാന്നിധ്യം സൃഷ്ടിക്കുന്ന ഒരാനന്ദം അത് വര്‍ണ്ണിക്കാന്‍ ഞാന്‍ അശക്തനാണ്‌.....
അവര്‍ ഇടക്ക് കയറി ചോദിച്ചു: നസ്‌റുദ്ദീന്‍, താങ്കളെന്നെ കല്യാണം കഴിക്കുമോ?
മുല്ല: ദയവ് ചെയ്ത് നീ വിഷയം മാറ്റല്ലേ.

താങ്കളെപ്പോലുള്ളവരിലേക്ക്.....


ഒരു മനുഷ്യന്‍ പ്രവാചകത്വ വാദമുന്നയിച്ചു. രാജാവ് അയാളെ ചോദ്യം ചെയ്തു. അയാളുടെ പ്രതികരണം നിലവാരമില്ലാത്തതാണെന്ന് അദ്ദേഹത്തിന്‌ തോന്നി. അയാളെ കളിയാക്കിക്കൊണ്ട് രാജാവ് പറഞ്ഞു: താന്‍ ഒരു വിഡ്ഢിയായ പ്രവാചകനാണെന്ന് ഞാന്‍ സാക്‌ഷ്യപ്പെടുത്തുന്നു.
അയാള്‍: അത് ഞാന്‍ സമ്മതിക്കുന്നു; താങ്കളെപ്പോലുള്ളവരിലേക്ക് മാത്രമാണ്‌ ഞാന്‍ അയക്കപെട്ടത്. അത് കൊണ്ടാണ്‌ ഞാന്‍ അങ്ങനെ ആയത്.

ആണും പെണ്ണും


മുല്ലാ നസ്‌റുദ്ദീന്‍ അരമണിക്കൂറിലേറെ നേരം ശ്രമിച്ചിട്ടാണ്‌ അയാളെ ശല്യം ചെയ്തുകൊണ്ടിരുന്ന രണ്ട് ഈച്ചകളെ പിടി കൂടിയത്. എന്നിട്ട് ഭാര്യയോട് പറഞ്ഞു: ഈച്ചകളില്‍ ഒന്ന് ആണും മറ്റേത് പെണ്ണുമാണ്‌.
ഭാര്യ: ഇത്ര വേഗം നിങ്ങള്‍  അതിന്‍റെ ലിംഗവും മനസ്സിലാക്കിയോ? അതെങ്ങനെ സാധിച്ചു?
മുല്ല: ഒന്ന് ഏറെ നേരം കണ്ണാടിക്ക് മേലാണ്‌ ഇരുന്നത്. ഞാന്‍ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പറന്നു പോകും; പിന്നെയും അവിടെത്തന്നെ തിരിച്ചെത്തും. രണ്ടാമത്തേത് എപ്പോഴും ന്യൂസ് പേപ്പറിന്‍മേലാണ്‌ ഇരുന്നത്. പിടിക്കാന്‍ ചെല്ലുമ്പോള്‍ പറന്നു പോകുമെങ്കിലും അവിടെത്തന്നെ തിരിച്ചെത്തും. ഇതില്‍ ഒന്നാമത്തേത് പെണ്ണും രണ്ടാമത്തേത് ആണുമാണെന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഓടിച്ചിട്ടുണ്ട്


മുല്ലാ നസ്‌റുദ്ദീന്‍: ഞാന്‍ മരുഭൂമിയിലായിരുന്നപ്പോള്‍ ശൂരന്‍മാരായ ഒരു ഗോത്രത്തെ ഞാനൊറ്റയ്ക്ക് ഓടിച്ചിട്ടുണ്ട്.
ശ്രോതാവ്: അതേയോ? എങ്ങനെ സാധിച്ചു?
മുല്ല: സംഗതി നിസ്സാരം. ഞാനോടിയപ്പോള്‍ അവരെനിയ്ക്ക് പിന്നാലെ ഓടി.

എലിക്കെണി


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെയൊരു കൂട്ടുകാരനോട്: എന്‍റെ ഭാര്യ ഒരെലിക്കെണി പോലെയാണ്‌.
ഭാര്യ അത് കേട്ടു; എന്നിട്ട് പറഞ്ഞു: ഞാന്‍ എലിക്കെണി തന്നെയാണ്‌. അപ്പോള്‍ നിങ്ങളോ ഒരെലി. ഒരു കാര്യം കൂടി നിങ്ങള്‍ മനസ്സിലാക്കാണം. എലിക്കെണി എലിയെത്തേടി പിന്നാലെ ചെല്ലാറില്ല. കെണിയും തേടി എലി അങ്ങോട്ട് ചെല്ലുകയും കെണിയില്‍ പെടുകയുമാണ്‌ പതിവ്. എന്നിരിക്കെ ഇനി നിങ്ങളുടെ കൂട്ടുകാരനോട് നിങ്ങള്‍ക്കെന്താണ്‌ പറയാനുള്ളത്?

കൃഷി


ഒരു ഇന്ത്യക്കാരന്‍ മരിച്ചു; അയാള്‍ നരകത്തില്‍ എത്തിപ്പെട്ടു. പിശാച് അയാളെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു: സ്വാഗതം! എന്‍റെ സാമ്രാജ്യത്തിലേക്ക് സ്വാഗതം!
അയാള്‍: ഞാന്‍ ഈ സ്വര്‍ഗം കൊണ്ട് തൃപ്തിപ്പെട്ടിരിക്കുന്നു. എനിക്ക് സന്തോഷമായി.
പിശാച്: മിസ്റ്റര്‍! ഇത് നരകമാണ്‌.
അയാള്‍: ദൈവദോഷം പറയാതെ. ഇവിടം  സ്വര്‍ഗമായിട്ടാണ്‌ എനിക്കനുഭവപ്പെടുന്നത്.
പിശാച്: താന്‍ എവിടെ നിന്ന് വരുന്നു?
അയാള്‍: ഞാന്‍ വരുന്നത് ഇന്ത്യയില്‍ നിന്നാണ്‌.
പിശാച്: എന്തായിരുന്നു നിന്‍റെ തൊഴില്‍?
അയാള്‍: കൃഷി.
പിശാച്: ദൈവമേ! കടുത്ത പാപികളെ ഇന്ത്യയില്‍ കൃഷി ചെയ്യാന്‍ അയച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നുന്നു.

ശമ്പളം


മുല്ലാ നസ്‌റുദ്ദീന്‍ തന്‍റെ ശമ്പളം വാങ്ങിയപ്പോള്‍ 10 രൂപ കൂടുതല്‍ കിട്ടി. ഒന്നും പറയാതെ അദ്ദേഹം വാങ്ങിക്കൊണ്ട് പോയി. അടുത്ത മാസം ശമ്പളം കിട്ടിയത് 10 രൂപ കുറവായിരുന്നു. ഉടനെ മുല്ല അത് റിപ്പോര്‍ട്ട് ചെയ്തു.
ശമ്പളം നല്‍കുന്ന ഉദ്ദ്യോഗസ്ഥന്‍: കഴിഞ്ഞ മാസം ശമ്പളം 10 രൂപ കൂടുതല്‍ കിട്ടിയിട്ട് താങ്കള്‍ ഒന്നും മിണ്ടാതെ കൊണ്ട്പോയതല്ലേ? പിന്നെ ഈ മാസം 10 കുറഞ്ഞത് എന്തിനാ പരാതിപ്പെടുന്നത്?
മുല്ല: ഒരു തെറ്റ് ഒരു തവണ ചെയ്താല്‍ ക്ഷമിക്കാം. അത് ആവര്‍ത്തിക്കുമ്പോള്‍ പരാതി പറയാതിരിക്കുന്നതെങ്ങനെ?

പുള്‍ 


എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ജ്വല്ലറിയിയുടെ വതിലിന്‍മേല്‍ 'PULL' എന്നെഴുതിയിരുന്നു. ഇത് കണ്ട ഒരു പശു തലയും കുലുക്കി ഓടിക്കയറിച്ചെന്നു. കാരണം, പശു അത് വായിച്ചത് 'പുല്ല്‌' എന്നായിരുന്നു.

ഗവേഷണഫലം


ഒരു ഗവേഷകന്‍ തവളയെ പിടിച്ച് ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' തവള ചാടി. പിന്നെ അതിന്‍റെ മുന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' അപ്പോഴും തവള ചാടി. പിന്നീട് അതിന്‍റെ പിന്‍കാലുകള്‍ രണ്ടും ഛേദിച്ച ശേഷം ചൂടുവെള്ളത്തിലിട്ടിട്ട് പറഞ്ഞു: 'ചാടെടാ തവളേ.' ഇപ്പോള്‍ തവള ചാടിയില്ല. അയാള്‍ തന്‍റെ ഗവേഷണ ഫലം ഇങ്ങനെ രേഖപ്പെടുത്തി: 'പിന്‍കാലുകള്‍ രണ്ടും മുറിച്ച് കഴിഞ്ഞാല്‍ പിന്നെ തവളക്ക് ചെവി കേള്‍ക്കുകയില്ല'.

ആളുകളുണ്ടോ?


ഒരു ഹര്‍ത്താല്‍ ദിവസം മരണവീട്ടില്‍ പോകേണ്ടി വന്ന മുത്തശ്ശിയോട്, അവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പേരക്കുട്ടി ചോദിച്ചു: മുത്തശ്ശീ, അങ്ങാടിയില്‍ ആളുകളുണ്ടോ?
മുത്തശ്ശി: അഞ്ച് മനുഷ്യന്‍മാരും ആറ്‌ പോലീസുകാരുമുണ്ട് കുട്ടീ.

ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല


അര്‍ദ്ധ രാത്രി കഴിഞ്ഞപ്പോള്‍ മൊല്ലാക്ക ഞെട്ടിയുണര്‍ന്നു. നല്ല നിലാവുള്ള രാത്രി ആയിരുന്നു. നേരം പുലര്‍ന്നതാണെന്നണ്‌ അദ്ദേഹം കരുതിയത്. പ്രഭാത സമയത്തെ ബാങ്ക് വിളിയുടെ സമയം കഴിഞ്ഞിരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. ഭയപ്പാടോടെ ക്ലോക്കില്‍ നോക്കി. സമയം അഞ്ച് മണി ആയിരിക്കുന്നു എന്ന് കണ്ടു. ഉടനെ ബാങ്ക് വിളിച്ചു. അസമയത്തെ ബാങ്ക് വിളി കേട്ട് നാട്ടുകാര്‍ പള്ളിയിലേക്കോടി. ആളുകല്‍ വന്ന് വാതിലില്‍ മുട്ടാന്‍ തുടങ്ങിയപ്പോള്‍ മൊല്ലാക്ക ക്ലോക്കില്‍ ശരിക്കൊന്ന് നോക്കി. സമയം 12:27. (12:25 കാണിക്കുന്ന രണ്ട് സൂചികള്‍  തെറ്റായി മനസ്സിലാക്കിയാണ്‌ മൊല്ലാക്ക 5 മണി ആയെന്ന് ധരിച്ചത്.) അബദ്ധം ബോധ്യപ്പെട്ട മൊല്ലാക്ക ജനങ്ങളെ പേടിച്ചിട്ട് വാതില്‍ തുറന്നില്ല. പകരം മൈക്കിലൂടെ ഇങ്ങനെ അനൌണ്‍സ് ചെയ്തു: ഇപ്പോള്‍ കൊടുത്തത് ബാങ്കല്ല.

ഇപ്രോച്ച് റോഡ്


രണ്ട് നിയോജക മണ്ഡലങ്ങള്‍ക്ക് അതിരിടുന്ന പുഴയ്ക്ക് പാലം പണിയുകയാണ്‌. ഒരു മണ്ഡലം ഭരണ കക്ഷിയുടേതും മറ്റേത് പ്രതിപക്ഷത്തിന്‍റേതുമാണ്‌. ഇതില്‍ ഭരണകക്ഷി എം.എല്‍.എ. യാണ്‌ പാലം കൊണ്ട്‌വരാന്‍ അധ്വാനിച്ചത്. പ്രതിപക്ഷ എം.എല്‍.എ.യുടെ മുഖ്യ ജോലി ഭരണപക്ഷത്തെ വിമര്‍ശിക്കലായിരുന്നു. പാലം അനുവദിക്കില്ലെന്നും പ്രദേശത്തോട് കടുത്ത അവഗണനയാണെന്നും ആദ്യം പറഞ്ഞു. പാലം അനുവദിച്ചപ്പോള്‍  തറക്കല്ലിടല്‍ പോലും നടക്കില്ലെന്നും ഇത് വഞ്ചനയാണെന്നും പറഞ്ഞു. തറക്കല്ലിടല്‍ കഴിഞ്ഞപ്പോള്‍ തറക്കല്ലേ ഉണ്ടാകൂ പാലം ഉണ്ടാകില്ലെന്ന് പ്രസംഗിച്ച് നടന്നു. എന്നാലും പാലം യാഥാര്‍ത്ഥ്യമായി. അപ്രോച്ച് റോഡിന്‍റെ പണി നടക്കുകയാണ്‌. അപ്രോച്ച് റോഡിന്‍റെ പണി തുടങ്ങിയത് ഭരണകക്ഷി എം.എല്‍.എ.യുടെ മണ്ഡലത്തിന്‍റെ ഭാഗത്തായിരുന്നു. ഇത് കണ്ടതും എം.എല്‍.എ. സ്വന്തം മണ്ഡലത്തില്‍ നിന്ന് കൊണ്ട് പ്രസംഗിച്ചു: പ്രതിപക്ഷ എം.എല്‍.എ.മാരുടെ മണ്ഡലങ്ങളോട് എന്നും അവഗണന കാണിക്കുന്ന ഈ സര്‍ക്കാര്‍ ഇപ്പോഴും അത് തുടരുകയാണ്‌. ഈ പാലത്തിന്‍റെ കാര്യം തന്നെ നോക്കൂ. ഇവിടെ 'അപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങിയിരിക്കുന്നു; എന്നാല്‍ 'ഇപ്രോച്ച് റോഡിന്‍റെ' പണി തുടങ്ങാതെ അനന്തമായി നീട്ടിക്കൊണ്ട് പോവുകയാണ്‌. അവഗണന തന്നെ അവഗണന.

പാപം


സ്ഥലം മാറിപ്പോകുന്ന വികാരിയച്ചന്‍റെ യാത്രയയപ്പാണ്‌ രംഗം. ഇടവക അംഗങ്ങളിലൊരാള്‍ പ്രസംഗിക്കുകയാണ്‌: 'പ്രിയപ്പെട്ട അച്ചാ! താങ്കളിവിടെ വരുന്നത് വരെ പാപമെന്തെന്ന് ഞങ്ങളറിഞ്ഞിരുന്നില്ല'.

ആരാധകന്‍


വൈക്കം മുഹമ്മദ് ബഷീര്‍ വീടിന്‍റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരാള്‍ ഗെയ്റ്റ് തള്ളിത്തുറക്കാന്‍ ശ്രമിക്കുന്നത് കണ്ടു.
ബഷീര്‍: 'ആരാണത്?'
അയാള്‍: ഒരാരാധകനാണ്‌.
ബഷീര്‍: എങ്കില്‍ അവിടെ നിന്ന് ആരാധിച്ചിട്ട് പൊയ്ക്കോളൂ.

ആകാശം


സോവിയറ്റ് യൂനിയന്‍ പരീക്ഷണാര്‍ത്ഥം ശൂന്യാകാശത്തേക്ക് പട്ടിയെ അയച്ച കാലം. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനോട് ബഷീര്‍: ഇത് വേണായിരുന്നോ?
നേതാവ്: പരീക്ഷണം നടത്താതെ മനുഷ്യന്‌ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുമോ?
ബഷീര്‍: ഭൂമി ഏതായാലും നമ്മള്‍ നാറ്റിച്ചു; ഇനി ആകാശവും കൂടി നാറ്റിക്കണോ എന്നാ ഞാന്‍ ചോദിച്ചത്.

ബഷീറിന്‍റെ കുട


വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തന്‍റെ കാലന്‍ കുട ഒരിടത്ത് തൂക്കിയിട്ടു; സീറ്റില്‍ ചെന്നിരുന്നു. അപ്പോള്‍ മറ്റൊരള്‍ ബഷീറിന്‍റെ കുടയുമെടുത്ത് ഇറങ്ങിപ്പോവുന്നു. ബഷീര്‍ അയാളെ വിളിച്ചിട്ട് ചോദിച്ചു: താങ്കളാണോ വൈക്കം മുഹമ്മദ് ബഷീര്‍?
അയാള്‍: അല്ല.
ബഷീര്‍: എങ്കില്‍ ആ കുട അവിടെ വച്ചേക്ക്. അത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കുടയാണ്‌.

ഉരല്‌

 വികാരിയച്ചന്‍: എന്നാലും ഏലിയമ്മേ, ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചത് ശരിയായില്ല.
ഏലിയാമ്മ: ശരിയാണാച്ചോ, ഉരല്‌ പൊക്കി അതിയാന്‍റെ തലയിലിടാനാ എനിക്ക് തോന്നിയത്; ഞാന്‍ പൊക്കിയിട്ടത് പൊങ്ങിയില്ല.

ദാമ്പത്യജീവിതം



ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു ചിന്തകന്‍ പറഞ്ഞത്: ഒന്നാം വര്‍ഷം ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാം വര്‍ഷം ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. മൂന്നാം വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും.

കറുത്ത വസ്ത്രം


ഒരു വിവാഹച്ചടങ്ങ് വീക്ഷിക്കുകയായിരുന്ന കൊച്ചു കുഞ്ഞ് അമ്മയോട്: കല്യാണപ്പെണ്ണെന്താണമ്മേ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത്?
അമ്മ: വെള്ള വിശുദ്ധിയുടെ നിറമാണ്‌.
കുഞ്ഞ്: വെളുപ്പിന്റെ വിപരീതം കറുപ്പല്ലേ?
അമ്മ: അതെ.
കുഞ്ഞ്: അപ്പോള്‍ ചെറുക്കന്‍ കറുത്ത വസ്ത്രം ധരിച്ചതോ?


Friday, January 27, 2012

കഴുതയും ഫലിതവും

ഞാന്‍ ഒരു മൃഗശാലയില്‍ ചെന്നു. അപ്പോള്‍ എല്ലാ മൃഗങ്ങളും ചിരിക്കുകയായിരുന്നു; കഴുത എന്തോ കാര്യമായ ആലോചനയിലും.
അടുത്ത ആഴ്ചയും ഞാന്‍ അതേ മൃഗശാലയിലെത്തി. അപ്പോള്‍ എല്ലാ മൃഗങ്ങളും ഓരോരോ ജോലികളില്‍ വ്യാപൃതരാണ്‌. അതേസമയം കഴുത പൊട്ടിച്ചിരിക്കുകയായിരുന്നു.
കഴുതയുടെ തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന കുതിരയോട്, രണ്ടു തവണയും കണ്ട കാര്യത്തെ സംബന്ധിച്ച് ഞാന്‍  അന്വേഷിച്ചു.
കുതിര പറഞ്ഞു: കഴിഞ്ഞ ആഴ്ച കുറുക്കന്‍ ഒരു തമാശ പറഞ്ഞിരുന്നു. അത് കേട്ടാണ്‌ ഞങ്ങളെല്ലാം അന്ന് ചിരിച്ചത്. കഴുതയ്ക്ക് ഇന്നാണ്‌ അത് മനസ്സിലായത്; അതുകൊണ്ടാണ്‌ അവന്‍ ഇപ്പോള്‍ ചിരിക്കുന്നത്‌.

Friday, January 13, 2012

മീന്‍ ഫ്രൈ



അദ്ധ്യാപകന്‍ കുട്ടികളോട്, അവര്‍ കാലത്ത് എന്ത് ഭക്ഷണമാണ്‌ കഴിച്ചത് എന്നന്വേഷിച്ചു.

ബാബു: ചപ്പാത്തിയും ഫിഷ് ഫ്രൈയും കഴിച്ചു.
അദ്ധ്യാപകന്‍: മലയാളത്തില്‍ പറ.
ബാബു: മീന്‍ ഫ്രൈ.
അദ്ധ്യാപകന്‍: പച്ച മലയാളത്തില്‍ പറ.
ബാബു: പച്ചമീന്‍ ഫ്രൈ.

പൈല്‍സ്



മദ്യപനായ മത്തായി വികാരിയച്ചനോട്: അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാല്‍ എന്താണ്‌?
മത്തായിയുടെ മദ്യപാനം നിറുത്തിക്കാന്‍ ഈ ചാന്‍സ് ഉപയോഗിക്കാമെന്ന സദുദ്ദേശത്തില്‍ അച്ചന്‍ കള്ളം പറഞ്ഞു: മത്തായീ, അത് വളരെ പേടിക്കേണ്ട ഒരു രോഗമാണ്‌. അമിതമായി മദ്യപിക്കുന്നവര്‍ക്കാണ്‌ ഇത് പിടിപെടുക. എന്താ മത്തായിക്ക് ഇതുണ്ടോ?
മത്തായി: എനിക്കില്ലച്ചോ, മെത്രാന്‌ പൈല്‍സാണെന്ന് കേട്ടു; അതുകൊണ്ട് ചോദിച്ചതാണ്‌.

സീറ്റ് കിട്ടിയില്ല



വൈദികന്‍ ബസില്‍ കയറി; നല്ല തിരക്കായത് കൊണ്ട് സീറ്റ് കിട്ടിയില്ല. അദ്ദേഹം അല്‍പ്പം മുമ്പോട്ട് മാറിനിന്നപ്പോള്‍ ഒരു യുവാവ് എഴുനേറ്റു. അച്ചന്‌ വളരെ സന്തോഷമായി. ഇക്കാലത്തും ഇങ്ങനെ പുരോഹിതന്‍മാരെ നഹുമാനിക്കുന്ന ചെറുപ്പക്കാരുണ്ടല്ലോ എന്ന സന്തോഷം. അച്ചന്‍ അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ കൂട്ടാക്കിയില്ല. അച്ചന്‍ അയാളെ ബലമായി പിടിച്ചിരുത്താന്‍ ശ്രമിച്ചു. അയാള്‍ പരഞ്ഞു: എന്നെ വിടച്ചോ, എനിക്കിറങ്ങേണ്ട സ്ഥലമെത്തി.

എതിര്‌ നില്‍ക്കാറില്ല



സസുഖം കഴിയുന്ന ഒരു കുടുംബത്തിലെ ഭാര്യാ ഭര്‍ത്താക്കന്‍മാരോടായി ദൈവം പറഞ്ഞു: നിങ്ങള്‍ രണ്ടിലൊരാളെ എനിക്ക് വേണം. അത് ആരാണെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഭര്‍ത്താവ്: ദൈവമേ, അത് ഞാനാകട്ടെ. ഞാന്‍ മരിച്ചാലും എനിക്ക് ധാരാളം സ്വത്തുള്ളത് കൊണ്ട് അതുപയോഗിച്ച് ഇവള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ കഴിയുമല്ലോ.
ഭാര്യ: ദൈവമേ, അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന്ന് ഞാനൊരിക്കലും എതിര്‌ നില്‍ക്കാറില്ല; ഇക്കാര്യത്തിലും ഞാനതിന്ന് മുതിരുന്നില്ല.

കൂട്ടിപ്പോയാല്‍



അന്നാമ്മ അച്ചനോട്: വ്രതകാലത്ത് അറിയാതെ കോഴി 'കൂട്ടിപ്പോയാല്‍' എന്ത് ചെയ്യണം, അച്ചോ?
അച്ചന്‍: 'വാതിലടച്ചാല്‍' മതി അന്നാമ്മേ.

മണത്തറിഞ്ഞു



പള്ളിപ്പെരുന്നാളിന്ന് പ്രസംഗിക്കാനെത്തിയതായിരുന്നു ബിഷപ്പ്. സദസ്സ് വളരെ ശുഷ്കം. ക്ഷുപിതനായിക്കൊണ്ട് ഇടവകയച്ചനോട്: ഞാന്‍ ഇന്നിവിടെ പ്രസംഗിക്കാന്‍ വരുന്ന കാര്യം നേരത്തെ ഇടവകയില്‍ അറിയിച്ചിരുന്നില്ലേ?
അച്ചന്‍: ഇല്ല പിതാവേ. എന്നാലും അക്കാര്യം എങ്ങനെയോ ജനങ്ങള്‍ മണത്തറിഞ്ഞെന്നാണ്‌ തോന്നുന്നത്.

കാരണക്കാരന്‍



മുഴുക്കുടിയനും തമ്മാടിയുമായ ഔസേപ്പിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതാണ്‌ വികാരിയച്ചന്‍.
ഔസേപ്പിന്‍റെ ഭാര്യ കുടുംബത്തിലെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും അച്ചന്‌ മുമ്പില്‍ നിരത്തി. (എന്നിട്ട് ഭര്‍ത്താവിന്‌ നേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:) ഇതിയാന്‍ ഒരുത്തനാണച്ചോ ഇതിനെല്ലാം കാരണക്കാരന്‍.
അച്ചന്‍: ഔസേപ്പേ, നീ കേട്ടില്ലേ ഇപ്പറഞ്ഞതെല്ലാം?
ഔസേപ്പ്: കേട്ടച്ചോ.
അച്ചന്‍: ഔസേപ്പേ, മദ്യമാണ്‌ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.
ഔസേപ്പ്: നന്ദിയുണ്ടച്ചോ. അച്ചനൊരാളെങ്കിലും പറഞ്ഞല്ലോ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഞാനല്ലെന്ന്.

നരകം


പള്ളിയില്‍ നമസ്കാര ശേഷം കേട്ട അറിയിപ്പ്: നാളെ കാലത്ത് 10 മണിക്ക് മദ്‌റസാ ഹാളില്‍ ബഹുമാനപ്പെട്ട ഖാസി അവര്‍കളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്‌. വിഷയം: നരകം. എല്ലാവരും കുടുംബ സമേതം അവിടെ എത്തിചേരാന്‍ പരമാവധി പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്‌.

കുര്‍ബാന



ഒരു ഹിന്ദു ക്രിസ്ത്യാനിയിയായ സുഹൃത്തിനെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു: 'അല്ല, ഈ കുര്‍ബാനയെന്ന ആനയെ എവിടെയാ കെട്ടിയത്?
ക്രിസ്ത്യാനി: അത് ബ്രഹ്മാവെന്ന മാവില്‍ കെട്ടിയിരിക്കുന്നു.

പുരുഷനും സ്ത്രീയും



മുല്ലാ നസ്‌റുദ്ദീന്‍റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളെ എനിക്ക് വിചിത്രമായി തോന്നുന്നു. ചിലപ്പോള്‍ നിങ്ങള്‍ ഒരു നല്ല പുരുഷനാണ്‌. മാന്യന്‍, ധീരന്‍, എല്ലാം കൊണ്ടും കൊള്ളാവുന്നവന്‍. എന്നാല്‍ മറ്റു ചിലപ്പോള്‍ നിങ്ങള്‍ ഒരു പെണ്ണിനെ പ്പോലെയാണ്‌ തോന്നിക്കുന്നത്. നാണം കുണുങ്ങിയും ഉള്‍വലിയുന്നവനും അധീരനും മറ്റും. എന്താണ്‌ ഈ വിചിത്ര സ്വഭാവത്തിന്ന് കാരണം?
മുല്ല: അത് പാരമ്പര്യമാണ്‌.
 ഭാര്യ: പാരമ്പര്യമോ?
മുല്ല: അതെ, എനിക്ക് ജന്‍മം നല്‍കിയവരില്‍ ഒരാള്‍ പുരുഷനും മറ്റെ ആള്‍ സ്ത്രീയും ആണല്ലോ.

കല്‍പ്പന


മുല്ലാ നസ്‌റൂദ്ദീനോട് ഒരാള്‍ ചോദിച്ചു: എന്താണ്‌ പതിനൊന്നാമത്തെ കല്‍പ്പന?

മുല്ല: നീ പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുക.

ഒരു സിനിമ



സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്‍ അച്ഛനോട്: അച്ഛാ, 'A' എന്നാല്‍ ഏന്താണര്‍ത്ഥം?
അച്ഛന്‍: 'A' എന്നാല്‍ ഒരു, ഒന്ന് എന്നൊക്കെയാണര്‍ത്ഥം.
മകന്‍: എന്നാല്‍ ഞാന്‍ ഇന്ന് 'ഒരു' സിനിമ കണ്ടു.

ഗോഡ്



ടീച്ചര്‍: വാട്ടീസ് യുവര്‍ നെയിം?
വിദ്യാര്‍ത്ഥി: ദേവന്‍.
ടീച്ചര്‍: റ്റെല്‍ മി ഇന്‍ ഇങ്ഗ്ലീഷ്, ആസ് എ കംപ്ളീറ്റ് സെന്‍റന്‍സ്.
വിദ്യാര്‍ത്ഥി: മൈ നെയിം ഈസ് ഗോഡ്

മൈ ഹെഡ്



കുട്ടി വീട്ടിലിരുന്ന് തന്‍റെ പാഠം ചൊല്ലിപ്പഠിക്കുകയാണ്‌: മൈ ഹെഡ്, ടീച്ചറുടെ തല... മൈ ഹെഡ്, ടീച്ചറുടെ തല.
അടുക്കളയിലെ പണിത്തിരക്കിനടയില്‍ ഇത് കേട്ട അമ്മ വിളിച്ച് പറഞ്ഞു: മോനേ അത് ശരിയല്ല. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അമ്മയുടെ തല... മൈ ഹെഡ്, അമ്മയുടെ തല.
ഇത് കേട്ടുകൊണ്ടാണ്‌ അച്ഛന്‍ കയറി വന്നത്. അച്ഛന്‍ പറഞ്ഞു: നീ ചൊല്ലുന്നത് ശരിയല്ലെടാ. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അച്ഛന്‍റെ തല... മൈ ഹെഡ്, അച്ഛന്‍റെ തല.
ഇത് കേട്ട ചേച്ചിയും തിരുത്തിക്കൊടുത്തു.
പിന്നെ ചേട്ടനും തിരുത്തിക്കൊടുത്തു.
അവസാനം കുട്ടി ഇങ്ങനെ ചൊല്ലി: മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല. മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല.

വിവാഹം



ഇടവക പുരോഹിതനോട് ഒരു ചെറുപ്പക്കാരന്‍റെ അന്വേഷണം: ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്ന് നിയമമുണ്ടാക്കാന്‍ കാരണമെന്താണ്‌?
പുരോഹിതന്‍: സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തവരെ നിയമം സംരക്ഷിക്കണമെന്നുണ്ട്.

Thursday, January 5, 2012

താഴെ വെച്ചു



അച്ചനും കപ്യാരും കൂടി ഒരിടം വരെ പോവുകയാണ്‌. വഴിക്കൊരു തോടുണ്ട്. ഇറങ്ങിക്കടക്കണം. അവര്‍ തോട് കടക്കാനൊരുങ്ങുമ്പോള്‍  ഒരു യുവതിയും അവിടെയെത്തി. അവള്‍ക്ക് ഒരു തരത്തിലും കടക്കാന്‍ കഴിയുന്നില്ല. അവസാനം കപ്യാര്‍ അവളെ ചുമന്ന് അക്കരെയെത്തിച്ചു.
പിറ്റേന്ന് കാലത്ത് അച്ചനും കപ്യാരും തമ്മില്‍ സംസാരിച്ചിരിക്കയായിരുന്നു. അപ്പോള്‍ അച്ചന്‍ കപ്യാരോട്: എന്നാലും അവളെ ചുമന്ന് കടത്തിയത് അത്രയങ്ങ് ശരിയായെന്ന് എനിക്ക് തോന്നുന്നില്ല.
കപ്യാര്‍: ഞാന്‍ തോട് കടന്നപ്പോള്‍ അവളെ താഴെ വച്ചു. അച്ചനിപ്പോഴും അവളെ ഏറ്റിക്കൊണ്ട് നടക്കുകയാണോ?

ഒരെണ്ണം ഫ്രീ



കത്രീന പന്ത്രണ്ടാമത്തെ പ്രസവത്തിന്‌ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കയാണ്‌. ഭര്‍ത്താവ് ചാക്കോച്ചന്‍ ഡോക്ടറോട് പറഞ്ഞു: ഒരു ഡസന്‍ തികയ്കണമെന്നാണ്‌ ഞങ്ങള്‍ രണ്ടാളുകളുടേയും ആഗ്രഹം.
കത്രീനയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ രണ്ടെണ്ണം.
ഡോക്ടര്‍: ചാക്കോച്ചാ, കണക്ക് തെറ്റിയല്ലോ. ഇനിയിപ്പോള്‍ രണ്ട് ഡസന്‍ പൂര്‍ത്തിയാക്കുന്നോ, അതോ ഒന്നര മതിയോ?
ചാക്കോച്ചന്‍: ഡോക്ടര്‍ എന്താണിപ്പറയുന്നത്? എല്ലാറ്റിനും ഫ്രീയുള്ള കാലമല്ലേ? കത്രീന 12 പെറ്റപ്പോള്‍ കര്‍ത്താവ് ഒരെണ്ണം ഫ്രീ തന്നു. അത്രയേ ഉള്ളു.

വലിയ ഉപകാരം



വികാരിയച്ചന്‍ പൌലോസിനോട്: നിന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ വര്‍ഗീസിനെ ഇന്ന് ഞാന്‍ കണ്ടിരുന്നു. ഞാന്‍ നന്നായിട്ട് ചീത്ത പറഞ്ഞു. അവന്ന് മാനസാന്തരം വരാനിടയുണ്ട്.
പൌ: അത് വേണ്ടായിരുന്നച്ചോ. ഇപ്പോള്‍ ഞാനവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
അച്ചന്‍: അപ്പോള്‍ 'ശത്രുവിനെ സ്നേഹിക്ക'യെന്ന പാഠം ന്നി പഠിച്ചുവല്ലേ?
പൌ: അതല്ലച്ചോ. അവന്‍ എനിക്ക് വലിയ ഉപകാരം ചെയ്തവനാണ്‌. അത്കൊണ്ടാ സ്നേഹിക്കുന്നത്.

നമ്മുടെ വീട്ടിലേക്ക്



അങ്ങേയറ്റം ദരിദ്രനായ ഒരാളും അയാളുടെ മകനും ഒരു വഴിക്ക് നടന്ന് പോവുകയാണ്‌. അപ്പോള്‍ ഒരു സംഘം ഒരു മയ്യിത്തുമായി വരുന്നു. കൂടെ മരിച്ചയാളുടെ ഭാര്യയുമുണ്ട്.
അവര്‍ വിലപിച്ചുകൊണ്ടിരിക്കുന്നു: എന്‍റെ പൊന്നേ, കിടക്കാന്‍ ബെഡ്ഡോ കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലാത്ത, വിളക്കും വെളിച്ചവുമില്ലാത്ത, നേരം പോക്കിന്ന് അതിഥികള്‍ വരാത്ത ഒരിടത്തേക്കാണല്ലോ ഇവരിപ്പോള്‍ താങ്കളെ കൊണ്ട് പോകുന്നത്.

ഇത് കേട്ട് വഴിപോക്കനായ ദരിദ്രന്‍റെ മകന്‍ പറഞ്ഞു: ബാപ്പാ, ഇവര്‍ ഇയാളെ കൊണ്ട് പോകുനത് നമ്മുടെ വീട്ടിലേക്കാണെന്ന് തോന്നുന്നു.

താന്‍ കുഴിച്ച കുഴിയില്‍......



ടിന്‍റുമോന്‍ ഒരു ഖബര്‍സ്താനടുത്ത്കൂടി നടന്ന് പോവുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒരു ഖബ്റിനടുത്തിരുന്ന് കരയുന്നത് അവന്‍റെ ശ്രദ്ധയില്‍ പെട്ടു.
ടിന്‍റുമോന്‍: എന്തിനാ നിങ്ങള്‍ കരയുന്നത്? ആരുടെ ഖബ്റാണിത്?
സ്ത്രീ: ഇതെന്‍റെ ഭര്‍ത്താവിന്‍റെ ഖബ്റാണ്‌. അദ്ദേഹം മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടുപോയി. എനിക്ക് ജീവിക്കാന്‍ വകയില്ലാതെയായി.
ടിന്‍റുമോന്‍: അദ്ദേഹത്തിന്‍റെ തൊഴിലെന്തായിരുന്നു?
സ്ത്രീ: ഖബര്‍ കുഴിക്കലായിരുന്നു.
ടിന്‍റുമോന്‍: താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന് അദ്ദേഹത്തിന്നറിയില്ലായിരുന്നോ?

കന്യക



പുരോഹിതന്‍: ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകളിലെ കന്യകമാര്‍ എഴുന്നേറ്റ് നില്‍ക്കണം.
അപ്പോള്‍ ഒരു സ്ത്രീ അവരുടെ കൈകളില്‍ ഒരു കുഞ്ഞുമായി എഴുന്നേറ്റ് നിന്നു.
പുരോഹിതന്‍: നിങ്ങള്‍ ഒരു കന്യകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരമ്മയല്ലേ?
അവര്‍: അതെ, ഞാനൊരമ്മയാണ്‌. പക്ഷെ, എന്‍റെ കയ്യിലിരിക്കുന്ന ഈ പെണ്‍കുഞ്ഞ്; അത് കന്യകയാണ്‌. അതിന്‌ സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ലല്ലോ.

മരണം



പഴയ സോവിയറ്റ് യൂനിയനിലെ രോഗിയും അവശനുമായ ഒരു വൃദ്ധന്‍. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ മരിക്കാന്‍ കിടക്കുന്നയാള്‍. ഒരു രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു; അയാള്‍ ചോദിച്ചു: ആരാണത്?
മറുപടി: മരണം.
അയാള്‍: ഈശ്വരാ, നന്ദി. അതൊരു രഹസ്യപ്പോലീസുകാരന്‍ ആയിരിക്കുമോ എന്നായിരുന്നു, ഞാന്‍ പേടിച്ചത് .

മരിച്ചിട്ടില്ല



മുല്ലാ നസ്‌റുദ്ദീന്‍ അത്യാസന്ന നിലയിലയിലായിരുന്നു. ഒരു വൈദ്യന്‍ അദ്ദേഹത്തെ പരിശോധിച്ചു. നാടിമിടിപ്പ് നോക്കിയിട്ട് പറഞ്ഞു: രോഗി മരിച്ചിരിക്കുന്നു. (ഇയാള്‍ മദ്യപിച്ചിരുന്നു. അത് കൊണ്ട് നാടി പരിശോധിച്ചത് തെറ്റായിട്ടായിരുന്നു.)
മുല്ല കണ്ണ്‌ തുറന്ന് നോക്കുകയും വളരെ പ്രയസപെട്ടാണെങ്കിലും 'ഞാന്‍ മരിച്ചിട്ടില്ലെ'ന്ന് പറയുകയും ചെയ്തു.
മുല്ലയുടെ ഭാര്യ: ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ; വലിയ പഠിപ്പും പട്ടവുമുള്ള വൈദ്യരാ പറഞ്ഞത് നിങ്ങള്‍ മരിച്ചെന്ന്. അതല്ലാതെ ഇക്കാര്യത്തില്‍  നിങ്ങളുടെ വാക്ക് വിശ്വസിക്കന്‍ എനിക്കാവില്ല.

കമ്മ്യൂണിസ്റ്റ്



വൈക്കം മുഹമ്മദ് ബഷീറീനോട് ഒരാള്‍: ധാരാളം കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളുള്ള താങ്കള്‍ എന്ത് കൊണ്ടാണ്‌ ഒരു കമ്മ്യൂണിസ്റ്റാകാത്തത്?
ബഷീര്‍: കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ നന്‍മയുള്ളവരാണ്‌. എന്നാല്‍ കമ്മ്യൂണിസത്തിന്ന് ഈ നന്‍മ വേണ്ടത്രയില്ല. അത്കൊണ്ട് ഞാന്‍ കമ്മ്യൂണിസത്തെ വിട്ട് കമ്മ്യൂണിസ്റ്റുകാരെ സുഹൃത്തുക്കളാക്കി.

ഒന്നും ഒന്നും



ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട്. ഇത് നമ്മുടെ സാധാരണ മനുഷ്യരുടെ അറിവ്.
എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത് ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്നാകുമെന്നാണ്‌.
കുഞ്ഞുണ്ണി മാഷ് പറയുന്നത് ഇങ്ങനെ: ഒന്നും ഒന്നും തമ്മില്‍ ചേര്‍ക്കാന്‍ കഴിയില്ല. കാരണം ഒന്ന് ഒന്നേയുള്ളു.

ചട്ടുകം.



ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്‌?
കുട്ടി: ചട്ടുകം.
ടീച്ചര്‍: നിന്നോട് ഞാനെന്താണ്‌ ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര്‌ ചോദിച്ചു.

നിയമം



ലാ - അതായത് നിയമം- കുറച്ചു പേരുടെ ആവശ്യത്തിനുവേണ്ടി കുറച്ചുപേര്‍ കൂടി ഉണ്ടാക്കി എല്ലാവരെയുംകൊണ്ട് അനുസരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.
(പേജ് 18, ചിരിയും ചിന്തയും. ഇ.വി. കൃഷ്ണ പിള്ള, രചന ബുക്സ്, കൊല്ലം.)

കാട്ടാന



മുത്തശ്ശിയും കൊച്ചുമകളും സിനിമ കാണാന്‍ പോയി. അവര്‍ സിനിമയില്‍ ലയിച്ചിരിക്കയാണ്‌. അപ്പോഴുണ്ട് സ്ക്രീനില്‍ ഒരു കാട്ടാന പ്രത്യക്ഷപ്പെടുന്നു. മുത്തശ്ശിക്ക് പേടിയായി. കൊച്ചുമകള്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: മുത്തശ്ശീ, ഇത് സിനിമയാണ്‌.
മുത്തശ്ശി; അതെനിക്കറിയാം; പക്ഷെ ആനക്കതറിയില്ലല്ലോ.

മര്യാദക്ക് വണ്ടിയെടുക്ക്.



മരക്കച്ചവടക്കാരനായ ഹുസൈന്‍ ഹാജി തന്‍റെ ജീപ്പില്‍ മലമുകളില്‍ മരം മുറിക്കുന്നിടത്ത് പോവുകയാണ്‌. ഡ്രൈവറാണ്‌ ജീപ്പ് ഓടിക്കുന്നത്. നല്ല ചളിയുള്ള ഒരിടത്തെത്തി. സാമാന്യം നല്ല ഡ്രൈവറാണ്‌. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ടി മല കയറുന്നില്ല. ഇത് കണ്ട ഹാജി: താനങ്ങോട്ട് മാറി നില്‍ക്ക്; ഞാന്‍ ഓടിക്കാം.
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വണ്ടി ഒരിഞ്ച് പോലും മുമ്പോട്ട് നീക്കാന്‍ ഹാജിക്കും കഴിഞ്ഞില്ല.
ഹാജി ഡൈവിങ് സീറ്റില്‍ നിന്ന് മാറിയിരുന്നിട്ട് പറഞ്ഞു: ഇത് വരെ നീ ഇങ്ങനെയാണ്‌ ഓടിച്ചത്. ഇങ്ങനെയല്ല മര്യാദക്ക് വണ്ടിയെടുക്ക്.

ഏറ്റവും അടുത്ത്



ടീച്ചര്‍: ചന്ദ്രനോ പാകിസ്താനോ ഏതാണ്‌ നമ്മോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്?
കുട്ടി: ചന്ദ്രന്‍?
ടീച്ചര്‍: ചന്ദ്രന്‍ തന്നെയാണോ?
കുട്ടി: അതേ ടീച്ചര്‍; ചന്ദ്രനെ നമുക്ക് കാണാന്‍ കഴിയും; പാക്കിസ്താനെ കാണാന്‍ കഴിയില്ല. അപ്പോള്‍ ചന്ദ്രന്‍ തന്നെയല്ലേ അടുത്ത്?

ഡി.എന്‍.എ.



അച്ഛന്‍: ടെസ്റ്റ് കഴിഞ്ഞില്ലേ?. റിസല്‍റ്റ് എന്താണ്‌?
മകന്‍: ഞാന്‍ തോറ്റു.
അച്ഛന്‍: ഇനി മേല്‍ നീയെന്നെ അച്ഛാ എന്ന് വിളിക്കരുത്.
മകന്‍: ഞാന്‍ പോയത് ഡി.എന്‍.എ. ടെസ്റ്റിനായിരുന്നില്ല; വെറുമൊരു ഡ്രൈവിങ് ടെസ്റ്റിനായിരുന്നു.

മലയാളം



കമല: എടീ സരളേ ഞാനിങ്ങ് കേരളത്തില്‍ ജനിച്ചത് നന്നായി.
സരള: അതെന്താടീ?
കമല: ഞാന്‍ അമേരിക്കയിലെങ്ങാന്‍ ജനിച്ചിച്ചിരുന്നെങ്കില്‍, അവിടെ ഇംഗ്ളീഷ് പറയേണ്ടി വരുമായിരുന്നില്ലേ? എനിക്കൊരു പൊടി അറിയില്ലടീ. ഇവിടെയാകുമ്പോള്‍ മലയാളം പറഞ്ഞാല്‍ മതിയല്ലോ.

പ്ലൂട്ടോയെ പുറത്താക്കി



ഒരു പത്ര വാര്‍ത്ത:
പ്ലൂട്ടോയെ പുറത്താക്കി:
നാളെ ഭാരത് ബന്ദ്

ന്യൂ ദെല്‍ഹി: നവ ഗ്രഹങ്ങളുടെ ഭാഗമായി കണക്കാക്കിവന്നിരുന്ന പ്ലൂട്ടോയെ ഈയിടെ നവഗ്രഹങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചില ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഇത് സാമ്രാജ്യത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ഈ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത ബന്ദ് നടത്താന്‍  സര്‍വ കക്ഷി യോഗം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍  ഹര്‍ത്താല്‍ എന്ന പേരിലുള്ള ബന്ദായിരിക്കും നടക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

സായിപ്പ്



ഒരു സായിപ്പ് മലയാളം പഠിക്കാന്‍ വേണ്ടി കേരളത്തില്‍ വന്നു. ഒന്നാം നാള്‍ തന്നെ ആവർത്തിച്ച് കേട്ട  രണ്ടു വാചകം അദ്ദേഹം ശരിക്കും പഠിച്ചു.
1. മഹാ ഭാഗ്യം‌ കരണ്ട് വന്നല്ലോ.
2. ഒഹ് നാശം പിന്നെയും പോയി.

നൂറിന്‍റെ കടലാസ്



ബസില്‍ യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കണ്ടക്റ്റര്‍ അവര്‍ എന്താണ്‌ തെരയുന്നതെന്ന് അന്വേഷിച്ചു.
അമ്മൂമ്മ: എന്‍റെ നൂറിന്‍റെ കടലാസ് കാണുന്നില്ല.
ഉടനെ കണ്ടക്റ്റര്‍ ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്‍ കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്‍ ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്‍ ബസ്സിറങ്ങുന്നിടത്ത് രാമന്‍ നായരുടെ കടയില്‍ നിന്ന് പുതിയ ഒരു നൂറിന്‍റെ പൊതി വാങ്ങിക്കൊള്ളാം.

ദോശമാവ്



ടീച്ചര്‍: ചൂടാക്കുമ്പോള്‍ ഖരമായി മാറുന്ന ഒരു ദ്രാവകത്തിന്‍റെ പേര്‌ പറയുക.
കുട്ടി: ദോശമാവ്.

കടം



ബാബു തന്‍റെ കൂട്ടുകാരന്‍ കണ്ണനെ ദൂരെ ഒരിടത്ത് കച്ചവടത്തിന്ന് പോകാന്‍ ക്ഷണിച്ചു.
കണ്ണന്‍: എന്‍റെ കയ്യില്‍ കാഷില്ല; ഞാന്‍ വരുന്നില്ല.
ബാബു: എന്‍റെ കയ്യില്‍ 10000 ഉണ്ട്. 5000 നിനക്ക് കടം തരാം. എന്നിട്ട് നമുക്ക് ഷെയറായിട്ട് കച്ചവടം ചെയ്യാം.
കണ്ണന്‍ സമ്മതിച്ചു. ഇരുവരും കച്ചവടത്തിന്ന് പോയി. വഴിയില്‍ ഒരു കൊള്ള സംഘം അവരെ പിടി കൂടി.
അപ്പോള്‍ കണ്ണന്‍ ബാബുവിനോട്: ഇതാ പിടിച്ചോ, ഞാന്‍ നിനക്ക് തരാനുള്ള 5000. ഇനി നമ്മള്‍ തമ്മില്‍ ഒരു ഇടപാടും ബാക്കിയില്ല.

പരിപ്പ് കിട്ടുന്നില്ല



പുതിയ സൈക്കിള്‍ കിട്ടിയ കുട്ടി ഊണും ഉറക്കവും പോലും മറന്ന് സൈക്കിളില്‍ കളിക്കുകയാണ്‌. ഇത് കണ്ട അച്ഛന്‍: ഇവനിതിന്‍റെ പരിപ്പെടുക്കുമെന്നാ തോന്നുന്നത്.
കുട്ടി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു: അമ്മേ ഇതിന്‍റെ പരിപ്പെടുക്കുന്നത് എങ്ങനെയാണ്‌? ഒന്ന് കാണിച്ച് തരൂ. ഞാനെടുത്തിട്ട് പരിപ്പ് കിട്ടുന്നില്ല.

അറിയുമോ?



ഒരു നാട്ടിന്‍പുറത്തുകാരി ബസില്‍ കയറി; സീറ്റില്‍ ചെന്നിരുന്നു. കണ്ടക്റ്റര്‍ അടുത്ത് ചെന്ന് ചോദിച്ചു: എങ്ങോട്ടാ?
അവര്‍: മനസ്സിലായില്ല; നിങ്ങള്‍ക്കെന്നെ അറിയാമോ?

ആശ്വാസായി



നമ്പൂതിരിയോട് കാര്യസ്ഥന്‍: തിരുമേനീയുടെ കാര്‍ ഒരാളെ ഇടിച്ചു.
നമ്പൂതിരി: അയ്യോ, പൊല്ലാപ്പായല്ലോ, ഇനീപ്പം കേസും കൂട്ടവുമായി നടക്കണോല്ലോ, ന്‍റെ ഭഗവാനേ.
നമ്പൂതിരി ഇത് തന്നെ ആലോചിച്ചും പറഞ്ഞും ഇരിക്കുകയായിരുന്നു; അതിനിടെ  ഉണ്ണിനമ്പൂതിരി കയറിവന്നു പറഞ്ഞു: അച്ഛാ മുത്തച്ഛനെയാ നമ്മുടെ കാറിടിച്ചത്.
നമ്പൂതിരി: ഹാവൂ, ആശ്വാസായി, കേസിനും കൂട്ടത്തിനും പോവൂലാലോ.

പരിഹാരം



നമ്പൂതിരിയുടെ മകനെ ടീച്ചര്‍ അടിച്ചു; അവന്‍റെ കൈ മുറിഞ്ഞു. നമ്പൂതിരി ടീച്ചറെ കാണാന്‍ ചെന്നു.
ടീച്ചര്‍: പറ്റിപ്പോയി തിരുമേനീ. ഇതിന്ന് പരിഹാരമായി ഞാന്‍ എന്താ വേണ്ടതെന്നു വെച്ചല്‍ ചെയ്യാം.
നമ്പൂതിരി: എന്ത് വേണേലും ചെയ്വോ?
ടീച്ചര്‍: ചെയ്യാം തിരുമേനീ.
നമ്പൂതിരി: അവന്‍റെ ഇടത് കൈയല്ലേ മുറിഞ്ഞത്? അപ്പോ ടീച്ചര്‍ നാളെ കാലത്ത് ഇല്ലത്തേക്ക് വര്വാ. എന്നിട്ട് അവന്‍ കലത്ത് ഇടത് കൈ കൊണ്ട് ചെയ്യണതൊക്കെ അങ്ങ് ചെയ്ത് കൊടുക്വാ. അതന്നെ പരിഹാരം.

വൈരം

മൊല്ലാക്ക ഭാര്യയോടൊന്നുടക്കി. അയാള്‍ തറപ്പിച്ച് പറഞ്ഞു: ഇല്ല, ഇനി നിന്നോട് ഞമ്മള്‍ മിണ്ടൂലാ.
അപ്പോള്‍ ടി.വി.യിലെ വാര്‍ത്തയുടെ സമയമായിരുന്നു.
വാര്‍ത്ത: ഇന്ന് 'വൈര'വുമായി തീവണ്ടിയില്‍ യാത്ര ചെയ്ത യുവാവിനെ ചെന്നൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇത് കേട്ട മൊല്ലാക്ക ഭാര്യയോട്: എടീ, നബീസാ ഇനി ഞമ്മക്ക് നിന്നോടൊരു 'വൈര'വും ഇല്ല. ഈ വയസ്സ് കാലത്ത് സ്റ്റേഷനും കോടതിയുമായിട്ട് കളികാന്‍ വയ്യ.

ചെസ്സ്



ഉണ്ണിനമ്പൂതിരിയോട് അയല്‍ വാസി ചെറുക്കന്‍: ഉണ്ണി തിരുമേനിക്ക് ചെസ്സ് കളിക്കനറിയോ?
ഉണ്ണി: അറിയുമോന്ന്. താന്‍ പാടത്തേക്ക് നട. ഞാന്‍ ഷൂ ഇട്ടിട്ട് ഇപ്പോ വരാം.

ചെഗുവേരയും ടിന്‍റു മോനും



ചെഗുവേര: നിങ്ങള്‍ക്ക് ഞങ്ങളെ കൊല്ലാന്‍ കഴിയും; പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല.


ടിന്‍റു മോന്‍: നിങ്ങള്‍ക്ക് എന്നെ ജയിപ്പിക്കാന്‍ കഴിയും; പക്ഷെ പഠിപ്പിക്കാന്‍ കഴിയില്ല.

എന്തും വിളിക്കാം



ടീച്ചര്‍: കണ്ണു കാണാത്തവനെ നമുക്ക് അന്ധന്‍, കുരുടന്‍, കണ്ണുപൊട്ടന്‍ എന്നൊക്കെ വിളിക്കാം. എന്നാല്‍ ചെവി കേള്‍ക്കാത്തവനെ എന്ത് വിളിക്കും?
കുട്ടി: എന്തും വിളിക്കാം.
ടീച്ചര്‍: എന്തും വിളിക്കാമെന്നോ?
കുട്ടി: അതെ, അയാള്‍ക്ക് ചെവി കേള്‍ക്കില്ലല്ലോ.

ബനാന



ടീച്ചര്‍: ബാരിയം; ഇതിന്റെ രാസനാമം പറയൂ.
കുട്ടി: ബി.എ.
ടീച്ചര്‍: സോഡിയത്തിന്‍റെയോ?
കുട്ടി: എന്‍.എ.
ടീച്ചര്‍: ബാരിയത്തിന്‍റെ ഒന്നും സോഡിയത്തിന്‍റെ രണ്ടും ആറ്റമുകള്‍ ചേര്‍ന്നുണ്ടാകുന്ന പദാര്‍ത്ഥത്തിന്റെ  രാസനാമം പറയൂ.
കുട്ടി: ബി.എ.എന്‍.എ.എന്‍.എ. അതായത് ബനാന.

അപ്പനമ്മമാരുടെ ആഗ്രഹം



ജോസഫ്: എന്നെ അച്ചനാക്കണമെന്നായിരുന്നു എന്‍റെ അപ്പന്‍റെയും അമ്മയുടെയും ആഗ്രഹം. അങ്ങനെ അവരെന്നെ സെമിനാരിയില്‍ ചേര്‍ത്തു. അച്ചന്‍ പട്ടം കിട്ടാന്‍ മൂന്ന് വര്‍ഷം ബാക്കിയുള്ളപ്പോള്‍ എനിക്ക് പെണ്ണ്‌ കെട്ടാന്‍ വല്ലാത്ത മോഹം തോന്നി. ഞാന്‍ സെമിനാരിയില്‍ നിന്ന് ചാടിപ്പോന്ന് പെണ്ണ്‌ കെട്ടി. അങ്ങനെ ഞാന്‍ എന്‍റെ അപ്പനമ്മമാരുടെ ആഗ്രഹം വളരെ വേഗം പൂര്‍ത്തീകരിച്ചു; അഥവാ കല്യാണം കഴിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്പ് ഞാന്‍ ഒരു അച്ഛനായി.

മരണവിവരം



ഒരാള്‍ കോയിന്‍ ബോക്സില്‍ ഒരു രൂപയിട്ട് ഫോണ്‍ വിളിക്കുകയാണ്‌.
അപ്പോള്‍ കിട്ടിയ മെസ്സേജ്: നിങ്ങള്‍ വിളിക്കുന്ന ലൈന്‍ ഇപ്പോള്‍ ബിസിയാണ്‌ അല്‍പ്പം കഴിഞ്ഞു വിളിക്കുക.
അയാള്‍: ബിസിയാണെന്നൊന്നും പറഞ്ഞാല്‍ പറ്റില്ല; ഒരു മരണ വിവരമറിയിക്കാനാ ഞാന്‍ വിളിച്ചത്. അവളുടെ അമ്മായിയമ്മ മരിച്ചെന്ന് അവളോട് പറഞ്ഞേക്കണം.
ഇതും പറഞ്ഞ് അയാള്‍ ഫോണ്‍ വച്ചു. അപ്പോള്‍ ഒരു രൂപാ കോയിന്‍ പുറത്തേക്ക് വന്നു.
അയാള്‍: ടെലഫോണ്‍ കമ്പനിക്ക് നന്ദി പറയണം; മരണ വിവരമറിയിക്കാന്‍ അവര്‍ കാഷ് വാങ്ങുന്നില്ലല്ലോ.

കുടമാറ്റം



കാലത്തുതന്നെ കീറിയ രണ്ട് കുടയുമായി മൊല്ലാക്ക വീട്ടില്‍ നിന്നിറങ്ങുന്നത് കണ്ട ഭാര്യ: എങ്ങോട്ടാ നിങ്ങള്‍?
മൊല്ലാക്ക: ഞമ്മള്‍ പൂരത്തിനു പോവ്വാ.
ഭാര്യ: എന്‍റെ ബദ്‌രീങ്ങളേ, പൂരത്തിനോ?  ആട്ടെ. അതിനെന്തിനാ രണ്ടു കുട? അതും കീറി നാശമായത്?
മൊല്ലാക്ക: അവിടെ കുടമാറ്റം ഉണ്ടെന്ന് കേട്ടു. ഇവ രണ്ടും മാറ്റിക്കിട്ടിയാല്‍ നന്നല്ലോ.

ഞാനും പറയില്ല



രണ്ട് കൊച്ചു കൂട്ടുകാര്‍ തമ്മില്‍ നടന്ന സംഭാഷണം.
ബാബു: നിന്‍റെ അച്ഛന്‍ പ്ലാവില്‍ നിന്ന് വീണു അല്ലേ?
കണ്ണന്‍: അതെ, കാലൊടിഞ്ഞു; അച്ഛന്‍ കിടപ്പിലാ.
ബാബു: എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നത്?
കണ്ണന്‍: സോറി, മറന്നു പോയെടാ.
ബാബു: എന്‍റെ വീട്ടിലും പ്ലാവുണ്ട്. ചക്കയുമുണ്ട്. എന്‍റെ അച്ഛനും പ്ലാവില്‍ കയറാറുണ്ട്. ചിലപ്പോള്‍ വീണെന്നിരിക്കും; കാലൊടിഞ്ഞെന്നിരിക്കും. അപ്പോള്‍ നിന്നോട്  ഞാനും പറയില്ല.

കെട്ടാന്‍



സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസില്‍ പഠിക്കുന്ന രണ്ട് കൂട്ടുകാര്‍ മൊബൈലില്‍:
ഒന്നാമന്‍: വാട്ടാര്‍ യൂ ഡൂയിങ് നൌ?
രണ്ടാമന്‍: നൌ അയാം ഗോയിങ് റ്റു മാരി ദ കൌ. (ഇപ്പോള്‍ ഞാന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്‌.)

പശുവിനോട്.



കുസൃതിക്കാരനാണ്‌ ബാബു. അവന്‍റെ  അച്ഛന്‍ പശുവിനെ കെട്ടാന്‍ പോവുകയാണ്‌.
അപ്പോള്‍ ബാബു: എങ്ങോട്ടാ ഈ പോത്തിനെയും കൊണ്ട്?
അച്ഛന്‍: ഇത് പോത്തല്ലെടാ; പശുവാണ്‌.
ബാബു: ഞാന്‍ അച്ഛനോടൊന്നും ചോദിച്ചില്ലല്ലോ.
അച്ഛന്‍: പിന്നെ നീ ആരോടാ ചോദിച്ചത്?
ബാബു: പശുവിനോട്.

മറവി



ടീച്ചര്‍: സ്വന്തം ഭാര്യയുടെ ഓര്‍മ്മയ്ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു.
ടിന്‍റുമോന്‍: ഇയാള്‍ ഇത്ര വലിയ മറവിക്കാരനായിരുന്നോ?

ഇന്‍റര്‍വ്യൂ


മലയാളം പരീക്ഷക്ക് വന്ന ഒരു ചോദ്യം: പ്രസിദ്ധ എഴുത്തുകാരനായ സി. രാധാകൃഷ്ണനുമായുള്ള ഒരു സാങ്കല്‍പ്പിക ഇന്‍റര്‍വ്യൂ തയ്യാറാക്കുക.
ബാബുവിന്‍റെ ഉത്തരം ഇപ്രകാരമായിരുന്നു.
ബാബു: നമസ്‌കാരം സാര്‍
സി.ആര്‍: നമസ്‌കാരം, കുട്ടി എവിടെ നിന്ന് വരുന്നു.
ബാബു: ഞാന്‍ വയനാട്ടില്‍ നിന്നാണ്‌. സാറുമായി ഒരു ഇന്‍റര്‍വ്യൂ നടത്താന്‍ വന്നതാണ്‌.
സി. ആര്‍: ഇന്‍റര്‍വ്യൂ നടത്തുന്നത് കൊള്ളാം; പക്ഷെ ഇപ്പോള്‍ ഞാന്‍ എന്‍റെ പുതിയ നോവലിന്‍റെ അവസാന മിനുക്ക് പണിയിലാണുള്ളത്. കുട്ടി അടുത്ത ഞായറാഴ്ച   കാലത്ത് പത്ത് മണിക്ക്  വന്നോളൂ.
ബാബു: ശരി സാര്‍. നന്ദി, നമസ്‌കാരം.
സി. ആര്‍. നമസ്‌കാരം.

ഇസ്ലാമാബാദ്



ബാബു പ്രാര്‍ത്ഥിക്കുകയാണ്‌: ദൈവമേ, ഇസ്‌ലാമാബാദിനെ ഇറാഖിന്‍റെ തലസ്ഥാനമക്കണേ.
അമ്മ: ഇതെന്ത് പ്രാര്‍ത്ഥനയാ മോനേ?
ബബു: ഞാന്‍ പരീക്ഷക്ക് അങ്ങനെയാ ഉത്തരമെഴുതിയത്.

ചണ്ടി വെള്ളം



പുതിയ ഡാം പണിതുകൊണ്ടിരിക്കുകയാണ്‌. അതിന്‍റെ പ്രയോജനത്തെ പറ്റി ആളുകള്‍ സംസാരിക്കുന്നു. കരണ്ട് ഉല്‍പ്പദിപ്പിച്ച ശേഷം ആ വെള്ളം കൃഷിക്ക് നല്‍കുമെന്ന അറിയിപ്പ് കേട്ടപ്പോള്‍ അവറാന്‍ ചാടിയെഴുന്നേറ്റ് പറഞ്ഞു: വേണ്ടാ, ആ വെള്ളം ഞങ്ങള്‍ക്ക് വേണ്ടാ. ഉള്ള കരണ്ടെല്ലാം നിങ്ങള്‍ ഊറ്റിയെടുത്തിട്ട് പിന്നെ ബാക്കിയാകുന്ന ആ ചണ്ടി വെള്ളം അത് ഞങ്ങള്‍ക്ക് വേണ്ടാ.

ന്‍റുപ്പൂപ്പക്കൊരാന ണ്ടാര്‍ന്നു



ന്‍റുപ്പൂപ്പക്കൊരാന ണ്ടാര്‍ന്നു എന്ന പുസ്തകം ഉപപാഠപുസ്തകമാക്കുന്നതിനെ ചൊല്ലി വിവാദം നില നിലനില്‍ക്കേ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയ ഗ്രന്‍ഥകര്‍ത്താവ് വൈക്കം മുഹമ്മദ് ബഷീറിനെ സന്ദര്‍ശിച്ചു.
ബഷീര്‍: എന്‍റെ പുസ്തകത്തെ എന്തിനാ ലീഗുകാര്‍ എതിര്‍ക്കുന്നത്?
സി.എച്ച്: അവരത് വായിക്കാത്തത് കൊണ്ട്.
ബഷീര്‍: കോണ്‍ഗ്രസ്സുകാര്‍ എതിര്‍ക്കുന്നതോ?
സി.എച്ച്: അവര്‍ക്കത് വയിച്ചിട്ട് മനസ്സിലാകാത്തത് കൊണ്ട്.
ബഷീര്‍: അപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എതിര്‍ക്കാന്‍ കാരണം?
സി.എച്ച്: അവരതില്‍ മതത്തെയും പ്രവാചകനെയും കണ്ടത് കൊണ്ട്.

താമസം



ബാബു: സാര്‍, ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ എന്താണ്‌?
സാര്‍: ഫുഡ് എന്നാല്‍ ഭക്ഷണം; അക്കമഡേഷന്‍ എന്നാല്‍ താമസം. മനസ്സിലായോ?
ബാബു: മനസ്സിലായി സാര്‍.
സാര്‍: എന്നാല്‍ പറയൂ, നോക്കട്ടെ.
ബാബു: ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ ഭക്ഷണത്തിന്‌ താമസമുണ്ട് എന്ന്.

ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍



ബാബു: സാര്‍, ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ എന്താണ്‌?
സാര്‍: ഫുഡ് എന്നാല്‍ ഭക്ഷണം; അക്കമഡേഷന്‍ എന്നാല്‍ താമസം. മനസ്സിലായോ?
ബാബു: മനസ്സിലായി സാര്‍.
സാര്‍: എന്നാല്‍ പറയൂ, നോക്കട്ടെ.
ബാബു: ഫുഡ് ആന്‍റ്‌ അക്കമഡേഷന്‍ എന്നാല്‍ ഭക്ഷണത്തിന്‌ താമസമുണ്ട് എന്ന്.


സിലബസ്



സി.എച്ച്. മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ചില വിദ്യാര്‍ത്ഥി നേതാക്കള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. അവരുടെ പരാതി പുതിയ സിലബസിനെ സംബന്ധിച്ചായിരുന്നു. 
അവര്‍ പറഞ്ഞു: കടിച്ചാല്‍ പൊട്ടാത്ത സിലബസാണിത്.
സി.എച്ച് പറഞ്ഞു:  നോക്കൂ, സിലബസ് കടിക്കാനുള്ളതല്ല; പഠിക്കാനുള്ളതാണ്‌.

കാക്ക



സി.എച്ച്. മുഹമ്മദ് കോയ ലോക രാഷ്ട്രങ്ങള്‍ പലതിലും സഞ്ചരിച്ച ശേഷം ഇങ്ങനെ പറഞ്ഞു: കാക്കകളില്ലാത്ത നാട് ഞാന്‍ കണ്ടിട്ടുണ്ട്; എന്നാല്‍ കാക്കാമാരില്ലാത്ത നാട് കണ്ടിട്ടില്ല.

പ്യൂണ്‍



ഒരു പ്രൈമറി സ്കൂളില്‍ പ്യൂണില്ലാത്തതു കൊണ്ട് പ്യൂണിന്‍റെ പണി ചെയ്യുന്നത് ഹെഡ്മാസ്റ്ററാണെന്ന് സ്ഥലം എം.എല്‍.എ. നിയമസഭയില്‍ പരാതി പറഞ്ഞു.

വിദ്യാഭ്യാസ മന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ മറുപടി: അതുകൊണ്ട് വലിയ കുഴപ്പമില്ല; ഹെഡ്മാസ്റ്ററുടെ ജോലി പ്യൂണ്‍ ചെയ്യേണ്ടി വന്നാലാണ്‌ കുഴപ്പം.