Followers

Thursday, November 20, 2014

ദൈവമുണ്ട്

Satheesan Nair writes:



പളളിയുടെ മുറ്റത്തൊരു പേരമരമുണ്ട്. ഒരു ദിവസം അച്ചന്‍ നോക്കുമ്പോള്‍  ഒരു പൂച്ചകുഞ്ഞ് അതിന്റെ മുകളില്‍  ഒരു ശാഖയില് അള്ളിപ്പിടിച്ചിരിക്കുന്നു. കൈ എത്തുന്നതിലും ഉയരെയാണ് പൂച്ചയുടെ ഇരുപ്പ്. മരത്തില്‍  വലിഞ്ഞുകയറാമെന്നുവച്ചാല്‍  അതിനുളള ടെക്നോളജിയൊട്ട് പഠിച്ചിട്ടുമില്ല. അതുമല്ല മരം പേരയാണ്. പണികിട്ടുകയും ചെയ്യും.
പാല്‍, ചാളത്തല ഇത്യാദികളെല്ലാം പരീക്ഷിച്ചു. നോ രക്ഷ.
ഇനി ആ ശാഖ ചായ്ക്കുകയല്ലാതെ രക്ഷയില്ല.
അയ കെട്ടിയിരുന്ന കയര്‍ അഴിച്ചെടുത്ത് ഒരറ്റത്ത് തൊള്ളുണ്ടാക്കി പേരയുടെ ശിഖരത്തില് എറിഞ്ഞു പിടിച്ചു.   മറ്റേയറ്റം കാറിന്റെ പിറകുവശത്തെ ബമ്പറില്‍  കെട്ടുകയും ചെയ്തു. വണ്ടി മുന്നോട്ടെടുക്കുമ്പോള്‍  പൂച്ചയിരിക്കുന്ന ശിഖരം താഴും. അപ്പോ പൂച്ചയെ എടുക്കാം. അതായിരുന്നു പ്ലാന്‍.

അദ്ദേഹം പതുക്കെ വണ്ടിയെടുത്തു. വണ്ടി മുന്നോട്ടെടുക്കുംതോറും ശിഖരം താഴേക്കു ചാഞ്ഞുകൊണ്ടിരുന്നു. അതോടെ
വണ്ടി നിറുത്തി മരത്തിനടുത്തേക്കു നീങ്ങിയ അദ്ദേഹത്തിനെ ഞെട്ടിച്ചുകൊണ്ട് ശിഖരത്തില് കെട്ടിയ ചരട് പൊട്ടി. ശിഖരത്തിലിരുന്ന പൂച്ച അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു.
അടുത്തെല്ലാം തിരഞ്ഞെങ്കിലും പൂച്ചയെ കിട്ടിയില്ല. അച്ചന്‍ നിരാശനായി മുറിയിലേക്കുപോയി.

അല്‍പ്പം കഴിഞ്ഞപ്പോള്‍‍; പള്ളിയിലും  ദൈവത്തിലും  വിശ്വാസമില്ലാതിരുന്ന അന്നമ്മ പതിവില്ലാതെ പളളിയിലേക്ക് വരുന്നകണ്ട് അച്ചന്‍  അത്ഭുതത്തോടെ കാര്യം തിരക്കി.
അച്ചോ, എനിക്ക് ദൈവവിശ്വാസം വന്നച്ചോ. വരാന്‍  കാരണം എന്റെ  കൊച്ചുമോളാണ്‌. അവളൊരു ദൈവവിശ്വാസിയാണ്. കുറേ ദിവസമായി അവള്‍ക്കൊരു പൂച്ചക്കുട്ടി വേണമെന്നു പറയാന്‍  തുടങ്ങിയിട്ട്. ഇന്നലെ ശല്യം കൂടിയപ്പോള്‍ അവളോട് ഞാന്‍ പറഞ്ഞു; പോയി ദൈവത്തിനോടു ചോദിക്കാന്‍.
അവളുടനെതന്നെ മുട്ടുകുത്തിനിന്ന്, ദൈവമേ എനിക്കൊരു പൂച്ചയെ തരണേന്ന് പ്രാര്‍ത്ഥിച്ചു. അച്ചോ, പറഞ്ഞാല്‍  വിശ്വസിക്കില്ല. പ്രാര്‍ത്ഥന കഴിഞ്ഞ അടുത്ത നിമിഷം ഒരു പൂച്ചക്കുഞ്ഞ് ആകാശത്തിലൂടെ പറന്ന് റൂമില്‍ വീണു. അതോടെ ഞാനും വിശ്വാസിയായി. എന്നെ അനുഗ്രഹിക്കണം. 

Monday, August 11, 2014

നാലു പേർ

സീമ പാലക്കാട്ടുകാരി writes:

ചുപ്രന്‍ അവന്റെ അച്ഛനോട് : അച്ഛാ അച്ഛാ എനിക്ക് ഉറക്കം വരുന്നില്ല. ഞാൻ പുറത്തു പോയി കളിക്കട്ടെ?
അച്ഛൻ: വേണ്ട മോനേ.. ഇരുട്ടായില്ലേ?
ചുപ്രന്‍: എന്നാൽ നമുക്ക് എന്തെങ്കിലും ഒക്കെ പറഞ്ഞ കിടക്കാം.
അച്ഛൻ: ശരി മോനേ.. എനിക്കും ഉറക്കം വരുന്നില്ല.
ചുപ്രന്‍ : അച്ഛാ.. അച്ഛനും അമ്മയും ഞാനും അനിയത്തിയും ഉൾപെടെ ഈ വീട്ടില് എന്നും നാല് പേര് മാത്രമേ ഉണ്ടാവുകയുള്ളോ?
അച്ഛന്‍: അല്ല മോനേ .. നിന്റെ കല്യാണം കഴിയുമ്പോൾ നമ്മൾ ഈ വീട്ടിൽ അഞ്ചു പേരാകും.
ചുപ്രന്‍ : കുറച്ചു നാൾ കഴിയുമ്പോൾ നമ്മൾ അനിയത്തിയെ കല്യാണം കഴിച്ച അയക്കും.അപ്പോൾ നമ്മൾ വീണ്ടും നാലു പേർ ആവില്ലേ അച്ഛാ?
അച്ഛന്‍: മോനേ അപ്പോൾ നിനക്ക് കുട്ടി ഉണ്ടാകും . അപ്പോൾ ഈ വീട്ടിൽ വീണ്ടും അഞ്ചു പേർ ഉണ്ടാകും.
ചുപ്രന്‍ : അപ്പോഴേക്കും അച്ഛൻ മരിക്കില്ലേ? പിന്നെയും ഈ വീട്ടിൽ ഞങ്ങൾ നാലുപേരാവില്ലേ?
അച്ഛൻ: മോൻ പുറത്തു പോയി കളിച്ചോ!!

(ഈ തമാശക്ക് കടപ്പാട്: shukoor skr)

Saturday, August 9, 2014

നിലവിളി

അടുത്ത കാലത്തു നടന്ന ശ്രദ്ധേയമായ ഒരു സംഭവത്തെക്കുറിച്ച് എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു. കൊച്ചു കുമാരന്‍ എഴുതിയത് ടീച്ചര്‍ പ്രത്യേകം ശ്രദ്ധിച്ചു. അവനെഴുതിയത് അച്ഛന്‍ കിണറ്റില്‍ വീണതിനെക്കുറിച്ചായിരുന്നു.

"ഇന്നലെ വൈകുന്നേരം അച്ഛന്‍ കിണറ്റില്‍ വീണു....."

ടീച്ചര്‍: അദ്ദേഹം ഇപ്പോള്‍ ഒ.കെ ആണോ?

കുമാരന്‍: ഒ.കെ ആയിട്ടുണ്ടാകും. ഇന്ന് കാലത്ത് ഞാന്‍ ഇങ്ങോട്ട് പോരുമ്പോള്‍ കിണറ്റില്‍ നിന്ന് സഹായത്തിനുള്ള നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നില്ല. 

Monday, July 21, 2014

മനസ്സിലായി

ഇന്ന് ഒരാളുമായി സംസാരിച്ചുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു: 'കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കരുത്.'

സുപ്രസിദ്ധമായ ഒരു പഴഞ്ചൊല്ല്‌!

എന്നിട്ട് ഞാനവനോട് ചോദിച്ചു: മനസ്സിലായോ?
അവന്‍: മനസ്സിലായി.
ഞാന്‍: എന്തു മനസ്സിലായി?
അവന്‍: പ്രസവിച്ച ഉടനെ കുട്ടിയെ കെട്ടിയിടരുതെന്ന് മനസ്സിലായി.

ചാര്‍ജ്

Vishnu Das writes:

ജയിലില്‍ നിന്നും ഇറങ്ങിയ ചുപ്രനോട് അഡ്വക്കറ്റായ സുഹൃത്ത്‌: രണ്ട് മാസം ജയിലില്‍ കിടന്നില്ലേ;  എന്തായിരുന്നു ചാര്‍ജ് ?

ചുപ്രന്‍: എല്ലാം ഫ്രീ ആയിരുന്നു.

Saturday, July 12, 2014

ചതി

ബസ് സ്റ്റാന്റില്‍ പത്രം വില്‍ക്കുകയാണ്‌ ഒരു പയ്യന്‍. അവന്‍ വിളിച്ച് പറയുന്നു: 'ഏറ്റവും പുതിയ വാര്‍ത്ത, ചൂടുള്ള വാര്‍ത്ത, അന്‍പതു പേര്‍ ചതിയില്‍ പെട്ടു.'
ഇതു കേട്ട ഒരാള്‍ ആവേശത്തോടെ ചെന്ന് പത്രം വാങ്ങി. സൂക്ഷിച്ചുനോക്കിയപ്പോള്‍ മനസ്സിലായി, ഇത് പഴയ പത്രമാണെന്ന്. അയാള്‍ പയ്യനോട് അത് പറഞ്ഞു. പക്ഷേ, അവനതിന്ന് ചെവികൊടുത്തില്ല.
പിന്നീട് അവന്‍ വിളിച്ചുപറഞ്ഞത് ഇങ്ങനെയായിരുന്നു: 'ഏറ്റവും പുതിയ വാര്‍ത്ത, ചൂടുള്ള വാര്‍ത്ത, അന്‍പത്തൊന്നു പേര്‍ ചതിയില്‍ പെട്ടു.'

Thursday, June 26, 2014

കൌതുകജീവി

ഒരു സ്കൂളില്‍ ശാസ്‌ത്രവും ഭാഷയും പഠിപ്പിക്കുന്ന രണ്ട് അദ്ധ്യാപകര്‍ പാര്‍ക്കില്‍ കണ്ടുമുട്ടി.

ശാസ്ത്രാദ്ധ്യാപകന്‍: നമുക്കൊരു ഗെയ്‌ം ആയാലെന്താ?

ഭാഷാദ്ധ്യാപകന്‍: എന്തു ഗെയ്‌മാണ്‌?

ശാസ്ത്രാ: ഒന്നാമന്‍ ഒരു ചോദ്യം ചോദിക്കും. രണ്ടാമന്‍ കൃത്യമായ ഉത്തരം പറഞ്ഞാല്‍ അയാള്‍ക്ക് അമ്പത് രൂപ ലഭിക്കും. ഉത്തരം പറഞ്ഞില്ലെങ്കില്‍ ചോദ്യകര്‍ത്താവിന്‌ അമ്പത് രൂപ കൊടുക്കണം.

ഭാഷാ: ആവാം. ഒന്നാമത്തെ ചാന്‍സ് എനിക്ക്...

ശാസ്ത്രാ: ശരി, ചോദിച്ചോളൂ.

ഭാഷാ: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്‌?

ശാസ്‌ത്രാദ്ധ്യാപകന്‍ വളരെ നേരം ആലോചിച്ചു. തന്റെ ലാപ്‌ടോപ്പിലെ എന്‍സൈക്ളോപീഡിയ പരതി നോക്കി. ഉത്തരം കിട്ടിയില്ല. ഇത്രയും കൌതുകമുള്ള ഒരു ജീവിയെക്കുറിച്ച് താന്‍ കേള്‍ക്കാതെ പോയത് വളരെ മോശമാണെന്നയാള്‍ക്ക് തോന്നി. ഭാഷാദ്ധ്യാപകര്‍ക്ക് ശാസ്ത്രവിഷയത്തില്‍ ജനറല്‍ നോളജ് കുറവായിരിക്കുമെന്ന തന്റെ ധാരണ അയാള്‍ തിരുത്തി. ഒരു ഭാഷാദ്ധ്യാപകന്‍ തന്നെ ഇത്ര ദയനീയമായി തോല്‍പ്പിച്ചതിനാല്‍ അയാള്‍ക്ക് 50 നു പകരം 500 രൂപ നല്‍കി. എന്നിട്ട് ഉത്തരം പറഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉത്തരം പറഞ്ഞുകൊടുക്കേണ്ട ബാദ്ധ്യത ചോദ്യകര്‍ത്താവിനുണ്ടെന്ന് ഗെയ്‌മിന്റെ നിബന്ധനയില്‍ പറഞ്ഞിട്ടില്ലെന്ന കാരണം പറഞ്ഞ് അയാള്‍ ഒഴിഞ്ഞുമാറി.

അതിനാല്‍ ശാസ്‌ത്രാദ്ധ്യാപകന്‍ തന്റെ ചാന്‍സ് ഈ അല്‍ഭുതജീവിയെക്കുറിച്ച് പഠിക്കാനായി ഉപയോഗിക്കാമെന്ന് കരുതി. അയാള്‍ ചോദിച്ചു: കാലുപയോഗിച്ച് പറക്കുകയും ചിറകുപയോഗിച്ച് നടക്കുകയും ചെയ്യുന്ന പക്ഷി ഏതാണ്‌?

ഭാഷാ: 50 രൂപ തരൂ. ഉത്തരം പറയാം.

ശാസ്‌ത്രാദ്ധ്യാപകന്‍ 50 രൂപ നല്‍കി. ആകാംക്ഷയോടെ ഉത്തരത്തിനായി കാത്തുനിന്നു.

ഭാഷാദ്ധ്യാപകന്‍ പറഞ്ഞു: അങ്ങനെ ഒരു പക്ഷി ഇല്ല.

Friday, May 30, 2014

അശരീരി

സീമ പാലക്കാട്ടുകാരി writes:

ശാര്‍ങ്‌ഗധരന്‍ മനഃശാസ്ത്രജ്ഞനോട് :
'ഡോക്‌ടര്‍, എനിക്ക് ചില സമയത്ത് സൌണ്ട് മാത്രം കേള്‍ക്കും; പക്ഷേ, ആളെ കാണാന്‍ സാധിക്കുന്നില്ല'
ഡോക്ടര്‍ : എപ്പോഴാ ഇത് അനുഭവപെടുന്നത്?
ശാര്‍ങ്‌ഗധരന്‍: 'ഫോണില്‍ സംസാരിക്കുമ്പോള്‍'

Saturday, May 24, 2014

പാലം

അയാള്‍ സുദീര്‍ഘമായി തപസ്സു ചെയ്‌തപ്പോള്‍ ഇഷ്ടദേവത പ്രത്യക്ഷപ്പെട്ടു.
'ഒരു വരം ചോദിച്ചുകൊള്ളുക.'
'അറബിക്കടലിന്‌ ഒരു പാലം പണിയണം.'
'അത് ബുദ്ധിമുട്ടുള്ള കാര്യമാണ്‌. മറ്റെന്തെങ്കിലും ചോദിക്കുക.'
'എന്റെ ഭാര്യയുടെ മനസ്സ് അറിയാനുള്ള കഴിവ് തരണം.'
'അറബിക്കടലിന്‌ എത്ര വീതിയുള്ള പാലമാണ്‌ വേണ്ടത്?'

Wednesday, April 30, 2014

കൊടും പാപം

കുമ്പസാരക്കൂട്ടിലിരിക്കുന്ന യുവാവ്: ഞാന്‍ ഒരു കൊടും പാപം ചെയ്‌തുപോയച്ചോ.
അച്ചന്‍: പറയൂ...
യുവാവ്: ഞാന്‍... ഒരു..... കൊലപാതകം.....
അച്ചന്‍: കൊലപാതകം?
യുവാവ്: അതെ അച്ചോ.
അച്ചന്‍: ആരെ?
യുവാവ്: ഒരു രാഷ്ട്രീയകാരനെ.
അച്ചന്‍: മകനേ, നീ ഇരിക്കുന്നത് കുമ്പസാരക്കൂട്ടിലാണ്‌. ഇവിടെ വരുമ്പോള്‍ സംസാരിക്കേണ്ടത് പാപങ്ങളെക്കുറിച്ചാണ്‌. പുണ്യകര്‍മ്മങ്ങളെക്കുറിച്ചല്ല.

Saturday, April 26, 2014

മയക്കം

ഒരു ശസ്ത്രക്രിയക്കു ശേഷം മയക്കത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്‌ അയാള്‍. തന്റെ അരികില്‍ നില്‍ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു: 'നിന്നെ അടുത്ത് കണ്ടപ്പോള്‍ വലിയ ആശ്വാസം തോന്നുന്നു.'

അയാള്‍ വീണ്ടും മയക്കത്തിലേക്കു നീങ്ങി. പിന്നെ ഉണര്‍ന്നപ്പോള്‍: 'നീ ഇവിടെ ഉണ്ടല്ലോ അല്ലെ? എന്തെങ്കിലും സഹായമൊക്കെ വേണ്ടി വന്നാല്‍ ചെയ്യുമായിരിക്കും അല്ലേ?'

അയാള്‍ ഒരിക്കല്‍ക്കൂടി മയങ്ങുകയും ഉണരുകയും ചെയ്‌തു. അപ്പോഴത്തെ പ്രതികരണം:  'നാശം നീ ഇവിടെയുമെത്തിയോ?'

അവര്‍ ആശ്ചര്യപ്പെട്ടു. എന്താണ്‌ ഇങ്ങനെ ഓരോ തവണയും മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്?
അയാളോട് തന്നെ അത് ചോദിക്കുകയും ചെയ്‌തു.
മറുപടി: ഇപ്പോള്‍ എന്റെ മയക്കം പൂര്‍ണ്ണമായും മാറിയെടീ.


Sunday, April 20, 2014

ചികില്‍സ

മനോരോഗവിദഗ്ദനോട് രോഗി: 'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.'

'എന്താണ്‌ പ്രശ്‌നം?'

'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്റെ പ്രശ്‌നം.'

'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്‌. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്‌. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'

'അപ്പോള്‍ എല്ലാ ആഴ്‌ചയും നൂറു രൂപ ഫീസ് തരണമോ?'

'അതു വേണം.'

ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല. ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു: 'നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്?'

'രോഗം ഭേദമായി.'

'അതെയോ. ആരാണ്‌ ചികില്‍സിച്ചത്?'

'ഒരു ആശാരി.'

'ആഹാ. കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ? അയാള്‍ ഫീസെത്ര വാങ്ങി?'

'ആകെ നൂറു രൂപ.'

'എന്ത് ചികില്‍സയാണ്‌ നല്‍കിയത്?'

'അയാള്‍ കട്ടിലിന്റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'

Wednesday, April 16, 2014

മല്‍സരം 

രാജുവിന്റെ കയ്യില്‍ പുതിയ വാച്ച് കണ്ട ബാലന്‍: ഇത് നന്നായിട്ടുണ്ടല്ലോ. എവിടെ നിന്ന് കിട്ടി?
രാജു: ഒരു ഓട്ട മല്‍സരത്തില്‍ സമ്മാനം കിട്ടിയതാണ്‌.
ബാലന്‍: എത്ര പേരുണ്ടായിരുന്നു മല്‍സരത്തില്‍?
രാജു: മൊത്തം നാലു പേര്‍. വാച്ചിന്റെ ഉടമസ്ഥനും അയാളുടെ രണ്ടു സുഹൃത്തുക്കളും പിന്നെ ഞാനും.

Sunday, April 13, 2014

തുക

ഒരാള്‍ കാറ്‌ വാങ്ങാന്‍ ഷോപ്പില്‍ കയറി. 200,000 രൂപയായിരുന്നു അടയ്ക്കേണ്ട തുക. അയാളുടെ കയ്യില്‍ 199,995 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യര്‍ സമ്മതിച്ചില്ല. ബില്‍ തുക തികച്ചടയ്ക്കണം എന്ന് വാശി പിടിച്ചു.

അപ്പോഴാണ്‌ പുറത്ത് ഒരു ഭിക്ഷക്കാരനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഭിക്ഷക്കാരനെ സമീപിച്ച് അയാള്‍ അഞ്ചു രൂപ കടം ചോദിച്ചു. അത് എന്തിനാണ്‌  ചോദിച്ചപ്പോള്‍ ഒരു കാര്‍ വാങ്ങാനാണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഭിക്ഷക്കാരന്‍ ചില്ലറ പെറുക്കി എണ്ണിക്കണക്കാക്കി പത്തു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഒരെണ്ണം എനിക്കും വാങ്ങിക്കൊള്ളൂ.

Friday, March 28, 2014

ഉൽഘാടനം

Siddeeq Kizhakkethil writes:

ഇപ്പൊ ലൈവായി നടക്കുന്ന ഒരു തമാശ:

അപ്പുറത്തെ ഗ്രാമത്തിലെ ഒരു കാക്ക ഞങ്ങളുടെ അങ്ങാടിയിലേക്ക്‌ വന്നതാണു. നമസ്ക്കാര സമയമായപ്പോൾ പള്ളിയില്‍ കയറി.

പള്ളിയുടെ മുറ്റത്ത്‌ നിൽക്കുന്ന പ്രായം ചെന്ന ഒരു ഹാജിയാരോട്‌ അയാള്‍ ചോദിച്ചു:

'ഞങ്ങളുടെ പള്ളിയിൽ ഒരു പുതിയ സാധനം വാങ്ങിയിട്ടുണ്ട്. അതൊന്ന് ഉൽഘാടനം നടത്താൻ ഒരു ആളെ വേണം. നിങ്ങൾക്ക്‌ ഒഴിവുണ്ടാകുമോ?'

'ആ നോക്കാം. എന്താണു സാധനം?'

'ഒരു മയ്യിത്ത്‌ കട്ടിലാണ്‌...'

Wednesday, March 26, 2014

കാമാസക്ത

Pramod Kadavil Pushkaran writes:

യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ മത്തായി വൈദികനോട്‌ വിങ്ങി പൊട്ടി.
അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ?
വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ്‌ ആ പെണ്ണ്‌ ?
മത്തായി : അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,
വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍ : മത്തായി നീ നല്ലവനാണ്‌ അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ ‌അവളുടെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും...

സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌. മത്തായിയെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത്‌ സുരേഷ്‌ ഓടി എത്തി:
എന്തായി അളിയാ ?
മത്തായി : നാല്‌ പെണ്ണുങ്ങളുടെ പേര്‌ അച്ചന്‍റെ കൈയ്യില്‍ നിന്ന്‌ കിട്ടി മോനേ, വേഗം വാ...(!!)
(Copy & Paste)

Saturday, March 22, 2014

സുഖം

അയാള്‍ തന്റെ ഭാര്യയ്ക്ക് ജീവിതകാലത്ത് ഒട്ടും സമാധാനം കൊടുത്തിരുന്നില്ല. പിന്നീട് ഭാര്യയുടെ മരണശേഷം അയാള്‍ക്ക് അവരോട് വല്ലാതെ സഹതാപം തോന്നി.  അവരെ തന്നെ വിചാരിച്ചുകൊണ്ടാണ്‌ ഒരു രാത്രി അയാള്‍  കിടന്നുറങ്ങിയത്. അന്നവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
അയാള്‍ ചോദിച്ചു: നിനക്ക് സുഖം തന്നെയല്ലേ?
ഭാര്യ: അതെ; വളരെ സുഖമാണ്‌.
ഭര്‍ത്താവ്: എന്റെ കൂടെ ജീവിച്ചതിനേക്കാള്‍ സുഖമാണോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അപ്പോള്‍ നീ സ്വര്‍ഗത്തിലാണ്‌ അല്ലേ?
ഭാര്യ: അല്ല; നരകത്തിലാണ്‌. 

Thursday, February 27, 2014

കല്ലറ

ഒരാള്‍ സെമിത്തേരിയില്‍ ഒരു കല്ലറയ്ക്കരുകില്‍ അങ്ങേയറ്റത്തെ സങ്കടത്തോടെ കരഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരാള്‍ കണ്ടു. രണ്ടാമന്‍ ഒന്നാമന്റെ അടുത്ത് ചെന്നുനോക്കി. അപ്പോള്‍ അയാള്‍ ഇങ്ങനെ പിറുപിറുക്കുകയായിരുന്നു: നീ എന്തിനാണ്‌ മരിച്ചത്? നീ മരിച്ചതുകൊണ്ടല്ലേ ഞാനിങ്ങനെ സങ്കടപ്പെടേണ്ടിവന്നത്?

രണ്ടാമന്‍: നിങ്ങളുടെ സ്വകാര്യത്തില്‍ ഇടപെടുന്നതില്‍ എനിക്ക് താല്‍പര്യമില്ല. എന്നാലും ഒരു മരണത്തെത്തുടര്‍ന്ന് മറ്റാരും ഇങ്ങനെ സങ്കടപ്പെട്ടത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചുപോവുകയാണ്‌. നിങ്ങളുടെ ആരാണ്‌ ഈ അടക്കം ചെയ്യപ്പെട്ടിരിക്കുന്നയാള്‍?

ഒന്നാമന്‍: എന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവ്.

Wednesday, February 26, 2014

കുരിശ്

Vishnu Das writes:

കണക്ക് ക്ലാസില്‍ ഇരുന്ന് കുരിശ് വരയ്ക്കുന്ന സണ്ണിക്കുട്ടിയെ നോക്കി ടീച്ചര്‍: 'കുട്ടികളായാല്‍ ഇങ്ങനെ
വേണം,പഠിക്കുന്ന സമയത്ത് ദൈവ വിശ്വാസം ഒക്കെ വേണം '

സണ്ണികുട്ടി: അതല്ല ടീച്ചറെ എല്ലാരും ഉറങ്ങുമ്പോള്‍ ചെകുത്താന്‍ വരുമെന്ന്
വല്ല്യമ്മച്ചി പറഞ്ഞിട്ടുണ്ട്.

Monday, February 3, 2014

അഭിപ്രായസ്വാതന്ത്ര്യം 

അനുയായി: നമ്മുടെ പാര്‍ട്ടിയില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടോ?
നേതാവ്: ഉണ്ടല്ലോ; ധാരാളമുണ്ട്.
അനുയായി: എന്നുവെച്ചാല്‍ എത്രത്തോളമുണ്ട്?
നേതാവ്: നിങ്ങള്‍ വാ തുറക്കുന്നതു വരെ. 

Wednesday, January 15, 2014

റിലേ നിരാഹാരസമരം

കുട്ടി: അച്ഛാ, 'റിലേ നിരാഹാരസമരം' എന്നാല്‍ എന്താണ്‌ ?

അച്ഛന്‍: ഒരാള്‍ക്ക് വിശപ്പ് തോന്നുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കാന്‍ പോവുകയും ഭക്ഷണം കഴിച്ച മറ്റൊരാള്‍ തല്‍സ്ഥാനത്തിരിക്കുകയും ചെയ്യുന്ന നിരാഹാരസമരം.