Followers

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!


No comments:

Post a Comment