Followers

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

No comments:

Post a Comment