Followers

Wednesday, April 30, 2014

കൊടും പാപം

കുമ്പസാരക്കൂട്ടിലിരിക്കുന്ന യുവാവ്: ഞാന്‍ ഒരു കൊടും പാപം ചെയ്‌തുപോയച്ചോ.
അച്ചന്‍: പറയൂ...
യുവാവ്: ഞാന്‍... ഒരു..... കൊലപാതകം.....
അച്ചന്‍: കൊലപാതകം?
യുവാവ്: അതെ അച്ചോ.
അച്ചന്‍: ആരെ?
യുവാവ്: ഒരു രാഷ്ട്രീയകാരനെ.
അച്ചന്‍: മകനേ, നീ ഇരിക്കുന്നത് കുമ്പസാരക്കൂട്ടിലാണ്‌. ഇവിടെ വരുമ്പോള്‍ സംസാരിക്കേണ്ടത് പാപങ്ങളെക്കുറിച്ചാണ്‌. പുണ്യകര്‍മ്മങ്ങളെക്കുറിച്ചല്ല.

Saturday, April 26, 2014

മയക്കം

ഒരു ശസ്ത്രക്രിയക്കു ശേഷം മയക്കത്തില്‍ നിന്ന് ഉണര്‍ന്നുകൊണ്ടിരിക്കുകയാണ്‌ അയാള്‍. തന്റെ അരികില്‍ നില്‍ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു: 'നിന്നെ അടുത്ത് കണ്ടപ്പോള്‍ വലിയ ആശ്വാസം തോന്നുന്നു.'

അയാള്‍ വീണ്ടും മയക്കത്തിലേക്കു നീങ്ങി. പിന്നെ ഉണര്‍ന്നപ്പോള്‍: 'നീ ഇവിടെ ഉണ്ടല്ലോ അല്ലെ? എന്തെങ്കിലും സഹായമൊക്കെ വേണ്ടി വന്നാല്‍ ചെയ്യുമായിരിക്കും അല്ലേ?'

അയാള്‍ ഒരിക്കല്‍ക്കൂടി മയങ്ങുകയും ഉണരുകയും ചെയ്‌തു. അപ്പോഴത്തെ പ്രതികരണം:  'നാശം നീ ഇവിടെയുമെത്തിയോ?'

അവര്‍ ആശ്ചര്യപ്പെട്ടു. എന്താണ്‌ ഇങ്ങനെ ഓരോ തവണയും മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നത്?
അയാളോട് തന്നെ അത് ചോദിക്കുകയും ചെയ്‌തു.
മറുപടി: ഇപ്പോള്‍ എന്റെ മയക്കം പൂര്‍ണ്ണമായും മാറിയെടീ.


Sunday, April 20, 2014

ചികില്‍സ

മനോരോഗവിദഗ്ദനോട് രോഗി: 'ഡോക്‌ടര്‍, എനിക്ക് ഉറങ്ങാന്‍ പറ്റുന്നില്ല.'

'എന്താണ്‌ പ്രശ്‌നം?'

'ഞാന്‍ കട്ടിലില്‍ കിടക്കുമ്പോള്‍ അടിയില്‍ ആരോ ഉണ്ടെന്ന് തോന്നും. ഇറങ്ങി നോക്കിയാല്‍ ആരും ഉണ്ടായിരിക്കില്ല. വീണ്ടും കട്ടിലില്‍ കിടക്കും. അപ്പോഴും ഇത് ആവര്‍ത്തിച്ചുകൊണ്ടിരിക്കും. പിന്നെ ഞാന്‍ കട്ടിലിന്നടിയില്‍ കിടക്കാന്‍ തുടങ്ങി. അപ്പോള്‍ കട്ടിലില്‍ ആരോ ഉണ്ടെന്ന് തോന്നും. അതാണെന്റെ പ്രശ്‌നം.'

'ഇതൊരു ഗുരുതരമായ മാനസിക പ്രശ്‌നമാണ്‌. ആറു മാസത്തെ ചികില്‍സ ആവശ്യമാണ്‌. ആഴ്‌ചയില്‍ ഒരു തവണ നിങ്ങള്‍ എന്നെ വന്ന് കാണണം.'

'അപ്പോള്‍ എല്ലാ ആഴ്‌ചയും നൂറു രൂപ ഫീസ് തരണമോ?'

'അതു വേണം.'

ഈ രോഗി പിന്നീട് ഡോക്‌ടറെ കാണാന്‍ ചെന്നില്ല. ഒരിക്കല്‍ ടൌണിലെ ഒരു റെസ്റ്റോറന്റില്‍ രണ്ടു പേരും കണ്ടുമുട്ടിയപ്പോള്‍ ഡോക്‌ടര്‍ ചോദിച്ചു: 'നിങ്ങളെ പിന്നീട് കണ്ടില്ലല്ലോ. രോഗം ഇപ്പോള്‍ ഏതവസ്ഥയിലാണുള്ളത്?'

'രോഗം ഭേദമായി.'

'അതെയോ. ആരാണ്‌ ചികില്‍സിച്ചത്?'

'ഒരു ആശാരി.'

'ആഹാ. കൊള്ളാമല്ലോ. മനോരോഗവിദഗ്ദനായ ആശാരിയോ? അയാള്‍ ഫീസെത്ര വാങ്ങി?'

'ആകെ നൂറു രൂപ.'

'എന്ത് ചികില്‍സയാണ്‌ നല്‍കിയത്?'

'അയാള്‍ കട്ടിലിന്റെ കാലുകള്‍ മുറിച്ചുകളഞ്ഞു.'

Wednesday, April 16, 2014

മല്‍സരം 

രാജുവിന്റെ കയ്യില്‍ പുതിയ വാച്ച് കണ്ട ബാലന്‍: ഇത് നന്നായിട്ടുണ്ടല്ലോ. എവിടെ നിന്ന് കിട്ടി?
രാജു: ഒരു ഓട്ട മല്‍സരത്തില്‍ സമ്മാനം കിട്ടിയതാണ്‌.
ബാലന്‍: എത്ര പേരുണ്ടായിരുന്നു മല്‍സരത്തില്‍?
രാജു: മൊത്തം നാലു പേര്‍. വാച്ചിന്റെ ഉടമസ്ഥനും അയാളുടെ രണ്ടു സുഹൃത്തുക്കളും പിന്നെ ഞാനും.

Sunday, April 13, 2014

തുക

ഒരാള്‍ കാറ്‌ വാങ്ങാന്‍ ഷോപ്പില്‍ കയറി. 200,000 രൂപയായിരുന്നു അടയ്ക്കേണ്ട തുക. അയാളുടെ കയ്യില്‍ 199,995 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളു. കാഷ്യര്‍ സമ്മതിച്ചില്ല. ബില്‍ തുക തികച്ചടയ്ക്കണം എന്ന് വാശി പിടിച്ചു.

അപ്പോഴാണ്‌ പുറത്ത് ഒരു ഭിക്ഷക്കാരനിരിക്കുന്നത് അയാളുടെ ശ്രദ്ധയില്‍ പെട്ടത്. ഭിക്ഷക്കാരനെ സമീപിച്ച് അയാള്‍ അഞ്ചു രൂപ കടം ചോദിച്ചു. അത് എന്തിനാണ്‌  ചോദിച്ചപ്പോള്‍ ഒരു കാര്‍ വാങ്ങാനാണെന്ന് മറുപടി നല്‍കി. അപ്പോള്‍ ഭിക്ഷക്കാരന്‍ ചില്ലറ പെറുക്കി എണ്ണിക്കണക്കാക്കി പത്തു രൂപ കൊടുത്തു. എന്നിട്ട് പറഞ്ഞു: ഒരെണ്ണം എനിക്കും വാങ്ങിക്കൊള്ളൂ.