Followers

Tuesday, October 13, 2015

ഹോംലി മീല്‍സ്

നഗരത്തില്‍ ചെന്ന നമ്പൂതിരി ഉച്ചയ്ക്ക് ഒരു ഹോട്ടലില്‍ കയറി. കാഷ്യറോട് ചോദിച്ചു: ഇവിടെ നല്ല ഊണ്‌ കിട്ട്വോ?
കാഷ്യര്‍: അതെ. ഇവിടെ ഹോംലി മീല്‍സ് തന്നെ കിട്ടും.
നമ്പൂതിരി: എന്ന് വെച്ചാ എന്താ?
കാഷ്യര്‍: ഹോം‌ലി മീല്‍സ് എന്നാല്‍   വീട്ടിലുണ്ടാക്കുന്ന അതേ ഊണ്‍ തന്നെ.
നമ്പൂതിരി:  അത് കഴിച്ച് മടുത്തിട്ടാ നോം ഈ പട്ടണത്തില്‍ വന്നു നോക്കിയത്. ഇവിടെയും ഇല്ലത്തെ ഊണാണ്‌ ഉള്ളതെങ്കില്‍ വെറുതെ കാശ്‌ കളയുന്നില്ല. അടുത്ത വണ്ടിക്ക് ഇല്ലത്തേക്ക് മടങ്ങിപ്പോയി അവിടത്തെ ഊണു തന്നെ കഴിക്കാം.

Saturday, October 10, 2015

വനിതാ വാര്‍ഡ്

Rafeeque Socialite writes:

വനിതാ വാർഡായി മാറിയതിനാൽ നമ്മുടെ മെംബർ ഇപ്രാവശ്യം മത്സരിക്കുന്നില്ല..
"സാറേ..ഇനി വിശ്രമ ജീവിതം നയിക്കാം അല്ലേ....."
മെംബർ നിരാശയോടെ പറഞ്ഞു: "എങ്ങിനെ വിശ്രമിക്കും. ഇനി മെംബറുടെ പണി കൂടാതെ വീട്ടിലെ ജോലിയും ചെയ്യണം ..
ഭാര്യ മത്സരിക്കുന്നുണ്ട്."

Thursday, October 8, 2015

മോര്‍ച്ചറി

മോര്‍ച്ചറിയില്‍ കിടത്തിയിരിക്കുന്ന 'ശവം' പറഞ്ഞു: ഞാന്‍ മരിച്ചിട്ടില്ല. മരിച്ചെന്ന് വിധിച്ചത് ഡോക്‌ടര്‍ക്ക് പറ്റിയ തെറ്റാണ്‌.
മോര്‍ച്ചറി കീപ്പര്‍: ഞാന്‍ ആരെ വിശ്വസിക്കണം? ഡോക്‌ടറെയോ വെറും ഒരു ശവമായ നിന്നെയോ?

Wednesday, October 7, 2015

കവടി

ജ്യോതിഷപരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സിനിമാ താരം മധു. നോട്ടീസില്‍ അച്ചടിച്ചിരുന്ന പേരുകാരില്‍ പലര്‍ക്കും ആ പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് പരാമര്‍ശിച്ചുകൊണ്ട് സംഘാടകരോട് മധു: 'ചടങ്ങില്‍ എത്താന്‍ കഴിയുന്നവരാണോ എന്ന് കവടി നിരത്തിനോക്കി വരുമെന്ന് ഉറപ്പുള്ളവരെ മാത്രം ക്ഷണിച്ചാല്‍ മതിയായിരുന്നില്ലേ?'

Sunday, October 4, 2015

രക്ഷപ്പെട്

ടിന്റുമോന്‍ കുളത്തില്‍ വീണു. അവനു നീന്തല്‍ അറിയില്ല. അതിനാല്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്‌. ഇതിനിടയിലാണ്‌ ഒരു മീനിനെ കയ്യില്‍ കിട്ടിയത്. ഒന്ന് പൊങ്ങിയപ്പോള്‍ അതിനെ കരയിലേക്കെറിഞ്ഞിട്ട് പറഞ്ഞു: എന്റെ കാര്യം കഷ്ടമാണ്‌; നീയെങ്കിലും പോയി രക്ഷപ്പെട്.

Friday, October 2, 2015

കാരണം

കല്യാണം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ പെണ്ണ്‌ പിണങ്ങിപ്പോയി. കാരണം ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. 'ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മടുത്തു; വെറുത്തു.' ഇത്രയേ പറയുന്നുള്ളു.

അവസാനം അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ വരുത്തി. അവളെക്കൊണ്ട് ചോദിപ്പിച്ചു. അപ്പോഴാണ്‌ കാരണം മനസ്സിലായത്. ഭര്‍ത്താവ് നല്ല ഒന്നാം തരം വലിക്കാരനാണെന്ന്. വലിയെന്നാല്‍ സിഗരറ്റ് വലിയല്ല; കൂര്‍ക്കം വലി.

സംശയം

പോക്കരിനോട് അമ്മദ് ഒരാഴ്‌ചത്തെ അവധിയിക്ക് 2000 രൂപ കടംവാങ്ങി. ആഴ്‌ചകള്‍ പലത് കഴിഞ്ഞു. പോക്കര്‍ പല തവണ ചോദിച്ചു. എന്നിട്ടെന്താ? അമ്മദ് തുക തിരിച്ചടച്ചില്ല. അങ്ങനെയാണ്‌ പോക്കരിനെ കാണുമ്പോള്‍ അമ്മദ് മുങ്ങാന്‍ തുടങ്ങിയത്.
ഇത്രയുമെത്തിയപ്പോള്‍ ഇനിയവനെ കണ്ടുമുട്ടിയാല്‍ പോലും പണം ചോദിക്കില്ലെന്ന് പോക്കര്‍ തീരുമാനിച്ചു; സങ്കടം തോന്നിയിട്ടാണ്‌.

പിന്നെ അമ്മദ് ഒരു സദസ്സില്‍ ഇരിക്കുന്നുണ്ടെങ്കില്‍ പോക്കര്‍ അവിടേക്ക് ചെല്ലാതായി. ക്രമേണ അമ്മദിനെ കണ്ടാല്‍ പോക്കര്‍ വഴി മാറി നടക്കുമെന്നായി. അതോടെ അമ്മദിന്‌ ആ 'ബാദ്ധ്യത' ഒഴിവായിക്കിട്ടി. കടം നല്‍കിയതും പോക്കര്‍! വഴിമാറി നടക്കുന്നതും പോക്കര്‍!

ഈ നിലയില്‍ അല്‍പ്പകാലംകൂടി കഴിഞ്ഞപ്പോള്‍ അമ്മദിന്‌ ഒരു സംശയം. ആര്‌ ആരോടാണ്‌ കടംവാങ്ങിയത്? താന്‍ പോക്കരോട് കടംവാങ്ങിയോ? അതല്ല; പോക്കര്‍ തന്നോട് വാങ്ങിയോ? അമ്മദ് ചിന്തിച്ചു: രണ്ടാമതു പറഞ്ഞതാണ്‌ സംഭവിച്ചിരിക്കുക. ഇല്ലെങ്കില്‍ അവനെന്തിനാണ്‌ തന്നെ കാണുമ്പോള്‍ വഴിമാറി നടക്കുന്നത്?

ഇക്കാര്യം പോക്കരോട് ചോദിച്ച് സംശയനിവാരണം വരുത്താമെന്നും അമ്മദ് തീരുമാനിച്ചു. അമ്മദിന്റെ ചോദ്യം കേട്ടപ്പോള്‍ പോക്കരിനും സംശയം. തുക 2000 ആണെന്ന് പോക്കര്‍ ഓര്‍ക്കുന്നു. പക്ഷേ ആര്‌ ആരോടാണ്‌ വാങ്ങിയത്‌?

അവസാനം നാട്ടുകൂട്ടത്തിനു മുമ്പില്‍ പ്രശ്‌നമെത്തി. എന്നുവെച്ചാല്‍ അമ്മദ് എത്തിച്ചു. അവര്‍ ഇരുവരെയും ചോദ്യം ചെയ്‌തു. തുക കൊടുത്തതിനും വാങ്ങിയതിനും സാക്ഷികളില്ല. വാങ്ങിയിട്ടുണ്ടെന്നോ കൊടുത്തിട്ടുണ്ടെന്നോ ഇരുവരും ആരോടും പറഞ്ഞിട്ടുമില്ല. കിട്ടാനുണ്ടെന്നോ കൊടുക്കാനുണ്ടെന്നോ ആരും പറഞ്ഞതായും ഒരു തെളിവുമില്ല.

പിന്നെ, സാക്ഷികളുള്ളത് ഒരു കാര്യത്തിനു മാത്രം. അമ്മദിനെ കാണുമ്പോള്‍ പോക്കര്‍ വഴിമാറിനടക്കുന്നത് കണ്ട പലരുമുണ്ട്. അപ്പോള്‍ പിന്നെ എന്ത് സംശയം? അമ്മദിനോട് പോക്കരാണ്‌ കടംവാങ്ങിയത്.
നാട്ടുകൂട്ടം വിധിച്ചു: അമ്മദിന്‌ പോക്കര്‍ 2000 രൂപ നല്‍കണം. ഇത്രയും കാലം പണം നല്‍കാതെ മുങ്ങിനടന്നതിന്‌ പരസ്യമായി മാപ്പ് പറയുകയും ചെയ്യണം.

Wednesday, September 30, 2015

കുടി

'നീ രാജമ്മയെ കെട്ടുമെന്ന് പറഞ്ഞ് നടക്കാന്‍ തുടങ്ങിയിട്ട് കാലം ​കുറെ ആയല്ലോ.'
'അത് ഞാ വേണ്ടെന്ന് വെച്ചു.'
'ങേ, അതെന്തു പറ്റി?'
'ഞാന്‍ കുടിക്കുന്നത് അവള്‍ക്കിഷ്ടമല്ല.'
'എങ്കില്‍ കുടി നിറുത്തണം.'
'നിറുത്തി.'
'പിന്നെ എന്താ പ്രശ്‌നം?'
'കുടി നിറുത്തിക്കഴിഞ്ഞപ്പോള്‍ അവളെ കെട്ടണമെന്ന് തോന്നുന്നില്ല.'

രണ്ടും രണ്ടും

ഒരു കമ്പനിയുടെ എക്കൌണ്ടന്റ് പോസ്റ്റിലേക്കുള്ള ഇന്റര്‍വ്യൂ നടക്കുകയാണ്‌. ആദ്യ റൌണ്ട് പരിശോധനയില്‍ നാലു പേര്‍ വിജയികളായി. അവരില്‍ നിന്നു  ഒരാളെ തെരഞ്ഞെടുക്കണം. അതിനുള്ള രണ്ടാം ഘട്ട ഇന്റര്‍വ്യൂ ആരംഭിച്ചു. ഒന്നാമനോട്   ബോഡ് ചോദിച്ചു.
'രണ്ടും രണ്ടും എത്രയാണ്‌?'
'നാല്`
'അതിന്‌ വല്ല മാറ്റവും സംഭവിക്കുമോ?'
'ഇല്ല.'
'ശരി, നിങ്ങള്‍ക്കു പോകാം.'
രണ്ടാമനും മൂന്നാമനും ഇതേ ഉത്തരം നല്‍കി. അവരെയും പറഞ്ഞുവിട്ടു.
എന്നാല്‍ നാലാമന്‌ ജോലി ലഭിച്ചു. കാരണം അയാള്‍  ഈ ചോദ്യത്തിന്‌ നല്‍കിയ ഉത്തരം ഇപ്രകാരമായിരുന്നു: 'രണ്ടും രണ്ടും സാധാരണഗതിയില്‍ നാലാണ്‌. എങ്കിലും    അത് മൂന്നോ അഞ്ചോ ആക്കാന്‍ സാധിക്കും.' 

Tuesday, September 29, 2015

ഭക്ഷണം

അന്യനാട്ടില്‍ പഠിക്കുന്ന മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അമ്മ: ഹോസ്റ്റലിലെ ഭക്ഷണം എങ്ങനെയുണ്ട് മോളേ?
മകള്‍: വളരെ മോശമാണമ്മേ.
അമ്മ: എന്നിട്ടും നീ ഇങ്ങനെ തടിച്ചതെന്തുകൊണ്ടാണ്‌?
മകള്‍: എന്റെ റൂം മേറ്റ്സ് ഭക്ഷണം കുറച്ചേ കഴിക്കൂ. അവരുടെ ബാക്കി കൂടി ഞാന്‍ കഴിക്കും.

ഉപ്പുരസം

അദ്ധ്യാപകന്‍: കടല്‍ ജലത്തിന്‌ ഉപ്പുരസം കൈവന്നതെങ്ങനെ?
വിദ്യാര്‍ത്ഥി: മീനുകളുടെ വിയര്‍പ്പ് കലര്‍ന്നിട്ട്.

അന്ധന്‍ 

'കണ്ണുകാണാത്തവനാണേ, വല്ലതും തരണേ.'
'താന്‍ കണ്ണുകാണാത്തവനായി അഭിനയിക്കുകയല്ലെന്ന് ആര്‍ക്കറിയാം.'
'അഭിനയിക്കുകയല്ല സാര്‍. ശരിക്കും അന്ധനാണ്‌ ഞാന്‍.'
'അതെങ്ങനെ മനസ്സിലാക്കും?'
'സാറിന്റെ കയ്യിലെ ബേഗിന്റെ നിറം കറുപ്പല്ലേ?'
'അതെ.'
'സാറത് കാണുന്നില്ലേ?'
'ഉണ്ട്.'
'ഞാന്‍ ബേഗും കാണുന്നില്ല; അതിന്റെ നിറവും  കാണുന്നില്ല.'

പ്രതികാരം

ഉറുമ്പിനെ കൊല്ലുകയായിരുന്ന  മകനോട് അമ്മ: ഈ ജന്മത്തില്‍ നീ ഉറുമ്പിനെ കൊന്നാല്‍ അടുത്ത ജന്മത്തില്‍ ആ ഉറുമ്പ് നിന്നെ കൊല്ലും.
മകന്‍: കഴിഞ്ഞ ജന്മത്തില്‍ ഈ ഉറുമ്പാണ്‌ എന്നെ കൊന്നത്.   അതിന്ന് പ്രതികാരം ചെയ്യുകയാണ്‌ ഞാനിപ്പോള്‍. 

Monday, September 28, 2015

തുമ്മല്‍

രോഗി: എനിക്ക് ശക്തമായ തുമ്മലാണ്‌. സുരക്ഷിതമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.
ഡോക്‌ടര്‍:   ഏതു സമയത്താണ്‌ തുമ്മല്‍ വരുന്നത്?
രോഗി: രാത്രിയില്‍.
ഡോക്‌റ്റര്‍: ഓ, നൈറ്റ് ഡ്യൂട്ടിയാണല്ലേ?
രോഗി: അതെ.
ഡോക്‌ടര്‍: എന്താണു ജോലി?
രോഗി: ഡോക്‌ടറോടും വക്കീലിനോടും കള്ളം പറയരുതെന്നാണല്ലോ. അതുകൊണ്ട് പറയുകയാണ്‌. ജോലി മോഷണം.  

കണ്ണീര്‍ 

അമ്മായിയമ്മ: സീരിയല്‍ കാണുന്നതിന്നിടയിലാണോ ഉള്ളി അരിയുന്നത്?
മരുമകള്‍: രണ്ടിനും കൂടി ഒരുമിച്ച് ഒരു പ്രാവശ്യം കണ്ണീരൊഴുക്കിയാല്‍ മതിയല്ലോ എന്ന് കരുതിയിട്ടാണമ്മേ.

വെള്ളത്തില്‍

അദ്ധ്യാപകന്‍: ബാബൂ, സദാ സമയത്തും വെള്ളത്തില്‍ കഴിയുന്ന ഒരു ജീവിയുടെ പേര്‌   പറയൂ.
ബാബു: (മൌനം)
അദ്ധ്യാപകന്‍: നീ എന്താ ഒന്നും പറയാത്തത്?
ബാബു: കൂട്ടുകാര്‍ കേള്‍ക്കെ, അച്ഛനെക്കുറിച്ച് മോശമയി ഒന്നും പറയരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.

സമരം

കോളേജില്‍ നിന്ന് നേരത്തെ വീട്ടിലെത്തിയ മകനോട് അച്ഛന്‍: ഇന്നെന്താ നേരത്തെ പോന്നത്?
മകന്‍: ഇന്നു സമരമാണച്ഛാ.
അച്ഛന്‍: ചര്‍ച്ച നടന്നെന്നും എല്ലാം ഒത്തുതീര്‍പ്പായെന്നുമാണല്ലോ ഞാന്‍ കേട്ടത്. പിന്നെ എന്തു സമരം?
മകന്‍: ആ ഒത്തു തീര്‍പ്പിനെതിരെയാണ്‌ ഇന്നത്തെ സമരം.

ചുണ്ട്

സുധ: നിന്റെ ചുണ്ട് പൊട്ടിയിരിക്കുന്നല്ലോ, എന്തു പറ്റി?
രാധ: അത് ദുഃഖം കടിച്ചമര്‍ത്തിയപ്പോള്‍ പറ്റിയതാണ്‌.

പേടി

'പണ്ടത്തെ പോലെയല്ല; ഇപ്പോള്‍ ട്രെയ്‌നില്‍ യാത്ര ചെയ്യുമ്പോള്‍ വല്ലാത്ത പേടിയാണ്‌.'
'അപകടം കൂടുതലാണെന്നാണോ ഉദ്ദേശിച്ചത്?'
'അല്ല; ടിക്കറ്റ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നു.'

കൂടെക്കൂടെ

നഴ്‌സ്: നിങ്ങളിനിയും ഉറങ്ങിയില്ലേ?
രോഗി: ഇല്ല.
നഴ്‌സ്: അര മണിക്കൂര്‍ കഴിഞ്ഞ് ഞാന്‍ വീണ്ടും വരും. അപ്പോഴേക്കും നിങ്ങള്‍ ഉറങ്ങണം.
രോഗി: നിങ്ങളിങ്ങനെ കൂടെക്കൂടെ വരുമെന്ന് പറഞ്ഞിട്ടാ എനിക്ക് ഉറക്കം വരാത്തത്. 

കണ്ടുപിടിച്ചത്

അദ്ധ്യാപകന്‍: കമ്പ്യൂട്ടര്‍ കണ്ടുപിടിച്ചത് ആരാണ്?
വിദ്യാര്‍ത്ഥി: അത് എപ്പോഴാണ്‌ കാണാതെ പോയത്?

ഹൌസ് ഫുള്‍

'തന്റെ സിനിമ റിലീസ് ചെയ്ത് ഒരാഴ്‌ച   ഹൌസ് ഫുള്‍ ആയി ഓടിയതാണല്ലോ. പിന്നെ എന്തു സംഭവിച്ചു?'

'അപ്പോഴേക്കും  പടത്തിന്‌ അവാര്‍ഡ് ലഭിച്ചില്ലേ?'

പാഠം

അമ്മ: വയസ്സ് മുപ്പത് കഴിഞ്ഞില്ലേ നിനക്ക്? എന്നിട്ടും നീയെന്താ കല്യാണത്തിന്‌ സമ്മതിക്കാത്തത്?
മകന്‍: ഞാന്‍ അച്ഛന്റെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചിരിക്കുന്നു.

കിട്ടും

ഭാര്യ: 'ചേട്ടന്‍ മരിച്ചാല്‍ എനിക്ക് വിധവാ പെന്‍ഷന്‍ കിട്ടും? ഞാന്‍ മരിച്ചാല്‍ ചേട്ടന്‌ എന്തു കിട്ടും?'
ഭര്‍ത്താവ്: 'മനസ്സമാധാനം കിട്ടും.'

വയസ്സ്

'അമ്പതു വയസ്സുള്ള ഒരു വേലക്കാരിയെ കൊണ്ടുവരാന്‍ പറഞ്ഞിട്ട് നിങ്ങളെന്താ മനുഷ്യാ രണ്ടു യുവതികളെ കൊണ്ടുവന്നിരിക്കുന്നത്?'
'അമ്പതു വയസ്സുള്ള ഒരാളെ കിട്ടിയില്ല. അതുകൊണ്ട് 25 വയസ്സുള്ള രണ്ടു പേരെ കൊണ്ടുവന്നു.'

ജീവന്‍

ജഡ്‌ജ്: ഭാര്യ നിങ്ങളെ  ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്നാണല്ലോ അവര്‍ പറയുന്നത്?
യുവാവ്: അതു തന്നെയാണ്‌ എന്റെ പ്രശ്‌നം.
ജഡ്‌ജ്: എന്ത്? ഭാര്യ നിങ്ങളെ അഗാധമായി സ്നേഹിക്കുന്നു എന്നതാണോ നിങ്ങളുടെ പ്രശ്‌നം?
യുവാവ്: അല്ല സാര്‍. അവളുടെ കാമുകന്റെ പേരാണ്‌  'ജീവന്‍'.

നീഗ്രോ

'ബ്ലാക്ക് മെയ്‌ല്‍ എന്നാല്‍ എന്താണ്‌?'
'കറുത്ത പുരുഷന്‍. അതായത് ഒരു ആണ്‍ നീഗ്രോ.'

സ്വപ്നം

'ചേട്ടാ, കാര്‍  ഓടിക്കുമ്പോള്‍ സൂക്ഷിക്കണേ.'
'അതെന്താടീ പുതിയ ഒരുപദേശം?'
'ചേട്ടന്‍ കാര്‍ മറിഞ്ഞ് മരിക്കുന്നത് ഞാന്‍ ഇന്നലെ സ്വപ്നം കണ്ടിരുന്നു.'
'ഓ, അത് നീ എന്റെ 10 ലക്ഷത്തിന്റെ എല്‍.ഐ.സി പോളിസിയെക്കുറിച്ച് ഓര്‍ത്ത് കിടന്നിട്ടാ.'

Sunday, September 27, 2015

ഇനാം

തന്റെ ഭാര്യയുടെ കാണാതെ പോയ പൂച്ചയെ കണ്ടുപിടിക്കുന്നവര്‍ക്ക് അയാള്‍ 10,000 രൂപ ഇനാം വാഗ്ദാനം ചെയ്‌തു. ഇതു കണ്ട സുഹൃത്ത്: ഒരു പൂച്ചയെ കണ്ടെത്താന്‍ ഇത്രയും വലിയ തുകയോ?
അയാള്‍: ഈ തുക ആര്‍ക്കും കൊടുക്കേണ്ടിവരില്ല. പൂച്ചയെ ഞാന്‍ കൊന്നതാണ്‌. ഇപ്പോള്‍ ഭാര്യക്ക് പരാതിയുമില്ല  എനിക്ക് പൂച്ചയുടെ ശല്യം സഹിക്കുകയും വേണ്ട. 

താഴെ വീണു

'മോനെന്തിനാ കരയുന്നത്?'
'അച്ഛന്‍ കട്ടിലില്‍ നിന്ന് താഴെ വീണു.'
'അച്ഛന്‌ ഒന്നും പറ്റിയിട്ടില്ലല്ലോ; പിന്നെന്തിനാ കരയുന്നത്?'
'അച്ഛന്‍ വീണത് എനിക്ക് കാണാന്‍ പറ്റിയില്ല. ചേച്ചി ശരിക്കും കണ്ടു.'

എലിപ്പെട്ടി

'വലിയ ഒരു എലിപ്പെട്ടി എടുക്കൂ. വേഗമാകട്ടെ. ഗ്രാമത്തിലേക്കുള്ള ബസ് പിടിക്കാനുള്ളതാ.'
'അത്രയും വലിയ എലെപ്പെട്ടി ഇവിടെയില്ല ചേട്ടാ.'

പെഴ്‌സ്

പെഴ്‌സ് കളവു പോയ യുവതിയോടു പോലിസുകാരന്‍: 'എവിടെയായിരുന്നു പെഴ്‌സ്  വെച്ചത്?'
അവള്‍ നാണത്തോടെ പറഞ്ഞു: 'ബ്ലൌസിനടിയില്‍.'
പോലീസ്: 'എന്നിട്ട് അവന്‍ എടുക്കുന്നത് നിങ്ങള്‍ കണ്ടില്ലേ?'
യുവതി: 'കൈ നീട്ടുന്നത് കണ്ടിരുന്നു. പെഴ്‌സ് എടുക്കാനാണെന്ന് മനസ്സിലായിരുന്നില്ല.'

സംഘട്ടനം

റോഡിലൂടെ അതിവേഗം ​ഓടുന്ന ചന്തുവിനെ കണ്ട സുഹൃത്ത്: 'എന്താടാ നീ ഓടുന്നത്?
ചന്തു: ഒരു സംഘട്ടനം അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള ഓട്ടത്തിലാണ്‌ ഞാന്‍.
സുഹൃത്ത്: എന്തു സംഘട്ടനം? ആരു തമ്മിലാ സംഘട്ടനം?
ചന്തു: വിശദീകരിക്കാന്‍ നേരമില്ല; എന്റെ പിന്നാലെ അവളുണ്ട്. ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. 

പകുതി

സമപ്രായക്കാരായിരുന്നു അവര്‍. ക്ലാസ് മേറ്റ്സ്. പ്രണയത്തിലായി വിവാഹം കഴിച്ചവര്‍. വിവാഹത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികം   ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കും   പ്രായം അമ്പത്.   ബന്ധുക്കളും സുഹൃത്തുക്കളും അയല്‍വാസികളും നിറഞ്ഞ സദസ്സ്. അവിടെ ഒരു ദേവത പ്രത്യക്ഷപ്പെടുന്നു. ദമ്പതികളില്‍ ഒരാളോട് ഒരു വരം ചോദിക്കാന്‍ ആവശ്യപ്പെടുന്നു. ഭര്‍ത്താവ് പറഞ്ഞു: 'ഇവളുടെ പ്രായം എന്റെ പ്രായത്തിന്റെ പകുതി ആക്കിത്തരണം.'
ദേവത ഒരു മന്ത്രം ചൊല്ലി. ഉടനെ ഭര്‍ത്താവിന്റെ വയസ്സ് നൂറായിത്തീര്‍ന്നു. 

മൃഗം

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വഴക്ക്  നടക്കുകയാണ്‌. സഹികെട്ട ഭര്‍ത്താവ് ദേശ്യത്തോടെ പറഞ്ഞു: 'നിറുത്തുന്നതാ നിനക്ക് നല്ലത്. ഇല്ലെങ്കില്‍ എന്റെ ഉള്ളിലെ മൃഗം   പുറത്ത് വരും.'
ഭാര്യ: 'ആ മൃഗം പുറത്ത് വരട്ടെ, കഴുതയെ ആര്‍ക്കാ  പേടി?' 

കേമന്‍ 

അച്ചന്‍ ആ ഇടവകയില്‍   ചാര്‍ജ്ജെടുത്ത ദിവസം ഒരാള്‍ മരണപ്പെടുന്നു. ശവസംക്കാരച്ചടങ്ങില്‍ അച്ചന്‍ ഇടവകക്കാരോട് ആവശ്യപ്പെട്ടു; "മരിച്ചയാളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അതുകൊണ്ട് നിങ്ങളില്‍ ആരെങ്കിലും രണ്ടു നല്ല വാക്ക് പറയണം."
ആരും അതിന്‌ തുനിഞ്ഞില്ല.
അച്ചന്‍ പല തവണ ആവശ്യപ്പെട്ടു.  അവസാനം ഒരാള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ കേമനാണ്‌; ഇവന്റെ അപ്പനേക്കാള്‍. അപ്പന്‍ മഹാ തെമ്മാടി ആയിരുന്നു. 

ഉണങ്ങാന്‍

ഒരു ഭാന്താശുപത്രി. ഒരു ഭ്രാന്തനെ മറ്റൊരു  ഭ്രാന്തന്‍ പുഴയില്‍ നിന്നും കയറ്റിക്കൊണ്ടുവരുന്നത് ഡോക്‌ടറുടെ ശ്രദ്ധയില്‍ പെട്ടു.
അപകടത്തില്‍ പെട്ട അല്ലെങ്കില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഒന്നാമനെ രക്ഷിക്കുകയാണ്‌ രണ്ടാമന്‍  ചെയ്തതെന്ന് ഡോക്‌ടര്‍ അനുമാനിച്ചു. രണ്ടാമനെ നന്നായി അനുമോദിക്കുകയും   ഈ പ്രവൃത്തി രോഗം ഭേദമായതിന്റെ അടയാളമായി   സ്വീകരിച്ചുകൊണ്ട് അയാളെ ഡിസ്‌ചാര്‍ജ്ജ് ചെയ്യാന്‍    തീരുമാനിക്കുകയും ചെയ്‌തു.
അല്‍പ്പസമയത്തിനകം മറ്റേ ഭ്രാന്തന്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതായി ഡോക്‌ടര്‍ അറിഞ്ഞു. അപ്പോള്‍ രണ്ടാമനെ വിളിച്ച് സങ്കടത്തോടെ പറഞ്ഞു: ഒരിക്കല്‍ അയാളെ മരണത്തില്‍ നിന്ന് നിങ്ങള്‍ രക്ഷിച്ചു. എന്നാല്‍ അടുത്ത തവണ അയാള്‍ തൂങ്ങിമരിച്ചുകളഞ്ഞു.
ഭ്രാന്തന്‍: 'അയ്യേ. അയാള്‍ തൂങ്ങിമരിച്ചതല്ല. നേരത്തെ ഞാനയാളെ പുഴയില്‍ തള്ളിയിട്ടിരുന്നു. ആ നനവ് ഉണങ്ങാന്‍ വേണ്ടി ഇപ്പോള്‍  കെട്ടിത്തൂക്കിയിരിക്കുകണ്‌'.

സ്ത്രീ

തവള: എന്റെ ജീവിതത്തിലേക്ക് ഒരു  സ്ത്രീ കടന്നുവരുമോ?
കൈനോട്ടക്കാരന്‍: ഉവ്വ്.  നിന്റെ ഹൃദയം കാണാനും  നിന്നെ കൂടുതല്‍ അറിയാനും ഒരു ടീച്ചര്‍ ഉടനെ വരും.
തവള: എപ്പോള്‍, എവിടെ വെച്ച് അത് സംഭവിക്കും?
കൈനോട്ടക്കാരന്‍: നാളെ സംഭവിക്കും. അവള്‍ പഠിപ്പിക്കുന്ന സ്കൂളിലെ ലാബില്‍ വെച്ച്. 

ആല്‍ബം

ഭര്‍ത്താവ്: മോന്‍ എന്തിനാടീ കരയുന്നത്?
ഭാര്യ: നമ്മുടെ കല്യാണ ആല്‍ബം കണ്ടപ്പോള്‍ തുടങ്ങിയ കരച്ചിലാണ്‌. അവനെ കല്യാണത്തിന്‌ വിളിച്ചില്ലെന്നും പറഞ്ഞാ ബഹളം വെക്കുന്നത്.

ശരിയായ പേര്‌

ഭര്‍ത്താവ്: നീ ആലോചിച്ചിട്ടുണ്ടോ? നമ്മള്‍ തമ്മിലുള്ള കല്യാണം നടന്നിരുന്നില്ലെങ്കില്‍....
ഭാര്യ: ഓ, ഒന്നും സംഭവിക്കാനില്ല.
ഭര്‍ത്താവ്: നമ്മുടെ മോന്‍ ഉണ്ടാകുമായിരുന്നോ?
ഭാര്യ: ഉണ്ടാകുമായിരുന്നു  എന്നു മാത്രമല്ല അവന്റെ അച്ഛന്റെ ശരിയായ പേര്‌ പറഞ്ഞുകൊടുക്കാന്‍ പറ്റുകയും ചെയ്യുമായിരുന്നു. 

മുഖം

പോലീസ്‌: നിങ്ങളുടെ ബാഗ് തട്ടിപ്പറിച്ചവളുടെ മുഖം ഓര്‍മ്മയുണ്ടോ?
സ്ത്രീ: ഇല്ല സാര്‍. എന്നാലും അവളുടെ സാരിയുടെ ഡിസൈന്‍, ബ്ലൌസിന്റെ നിറം, ചെയ്‌നിന്റെ മോഡല്‍, കമ്മലിലെ കല്ലിന്റെ എണ്ണം, മൂക്കുത്തിയിലെ കല്ലിന്റെ തിളക്കം  എല്ലാം അറിയാം.

ടെലിവിഷന്‍

അദ്ധ്യാപകന്‍: 'ടെലിവിഷന്‍ അക്രമങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പറയുന്നത് ശരിയാണോ?'
വിദ്യാര്‍ത്ഥി: 'വളരെ ശരിയാണ്‌ സാര്‍.'
അദ്ധ്യാപകന്‍: 'ഉദാഹരണം പറയൂ.'
വിദ്യാര്‍ത്ഥി: 'ഇന്നലെ സന്ധ്യക്ക് ഞാന്‍ ടി.വി ഓണാക്കിയപ്പോള്‍ മമ്മി എന്നെ അടിച്ചു.'

ഡയമന്‍ഡ്

'നാളെ എന്റെ ഭാര്യയുടെ ജന്മദിനമാണ്‌.'
'അപ്പോള്‍ ചെലവാണല്ലോ.'
'അതെ. എന്തു സമ്മാനമാണ്‌ വേണ്ടതെന്ന് ചോദിച്ചപ്പോള്‍, ഡയമന്‍ഡ് ഉള്ള എന്തും സ്വീകരിക്കാമെന്നാണ്‌ അവള്‍ പറയുന്നത്.'
'നീ എന്താണ്‌ നല്‍കാന്‍ പോകുന്നത്?'
'ഒരു ബോക്‌സ് കാര്‍ഡ്‌സ്.'

Monday, September 7, 2015

ഓട്ട

Mohammed Swalih writes:

ധവാനും സുലൈമാനും ഹോട്ടലിൽ കേറി..
ടേബിളിൽ 4 ഗ്ലാസ്‌ കമഴ്‌ത്തി വച്ചിരിക്കുന്നത്‌ കണ്ട സുലൈമാൻ: " ഈ ഗ്ലാസ്സിൽ എങ്ങനാ വെള്ളം കുടിക്കിക്കുന്നെ?  ഇതിന്റെ വായ്ഭാഗം ക്ലോസ്‌ ആണല്ലൊ.!
ധവാൻ: ശരിയാണല്ലൊ. എന്ത്‌ ചെയ്യും?? നമുക്ക്‌ മുകൾഭാഗം കട്ട്‌ ചെയ്താലൊ?
സുലൈമാൻ( ഗ്ലാസ്‌ എടുത്ത്‌ പൊക്കി നോകിയിട്ടു പറഞ്ഞു:: "കാര്യമില്ലെടാ.. ഇതിന്റെ അടിഭാഗത്ത്‌ ഓട്ടയാ."

ഒമ്പതാം മാസം

ഭര്‍ത്താവ്: 'നീ ശരിക്ക് ശ്രദ്ധിക്കണം. ഇത് ഒമ്പതാം മാസമാണ്‌.'
ഭാര്യ: 'ഒമ്പതാം മാസമോ?'
ഭര്‍ത്താവ്: 'അതെ. സെപ്റ്റംബര്‍ മാസം.'

Saturday, August 15, 2015

കറുപ്പും വെളുപ്പും

വംശീയതയെ കുറിച്ച് സിംബാബ്‌വെ പ്രസിഡന്റ്‌ റോബര്‍ട്ട്‌ മുഗാബെ:

വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയര്‍ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടര്‍ന്നുകൊണ്ടേയിരിക്കും.
വെളുപ്പ്‌ സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങള്‍ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല.
മംഗല്യത്തിനു വെളുത്ത വസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പു തൂവാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയില്‍ നില്‍ക്കുക തന്നെ ചെയ്യും.
ബ്ലാക്ക് മണിയും ബ്ലാക്ക്‌ ലിസ്റ്റും ബ്ലാക്ക്‌ മാര്‍ക്കും നെഗറ്റീവ് അര്‍ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാന്‍ ആവുകയില്ല.

പക്ഷേ, എന്റെ കറുത്ത ചന്തി ശുദ്ധിയാക്കാന്‍ വെളുത്ത ടോയിലെറ്റ്‌ പേപ്പര്‍ ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല.

Monday, April 20, 2015

പരിവർത്തനം

Santhosh Babu K writes:

ഒരു പള്ളിയിലെ അച്ചനു ആട്ടിറച്ചിയാണു പഥ്യം. മറ്റൊന്നും കഴിക്കില്ല. ഒരു ദിവസം കുശിനിക്കാരന്‍ മത്തായി അച്ചനു പോത്തിറച്ചി കറി വച്ച് ആട്ടിറച്ചിയാണെന്നും പറഞ്ഞു കൊടുത്തു. കാര്യം പിടി കിട്ടിയ അച്ചന്‍ ചൂടായി,
"എടാ മത്തായിയേ, ഇതെന്നാ പണിയാ നീ കാണിച്ചേ? മാട്ടിറച്ചി തന്ന് ആട്ടിറച്ചിയാണെന്നു പറഞ്ഞ് എന്നെ പറ്റിക്കാമെന്നു വിചാരിച്ചോ?"
"അല്ലച്ചാ, അത് ആട്ടിറച്ചി തന്നെയാ."
"പോടാ, അതെനിക്കു തിരിച്ചറിയാം. നീ സത്യം പറ."
"അതു പിന്നെ അച്ചാ, ആട്ടിറച്ചി കിട്ടാതെ വന്നപ്പോ ഞാന്‍ മാട്ടിറച്ചി വാങ്ങിയെന്നതു നേരാ. പക്ഷേ കറി വയ്ക്കുന്നതിനു മുമ്പ് അതിനെ ആട്ടിറച്ചി ആക്കിയിരുന്നു."
"എന്തു മണ്ടത്തരമാടാ പറയുന്നേ? അതെങ്ങിനെ?"
"ഇറച്ചിയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ നിന്നെ ഞാന്‍ ആട്ടിറച്ചിയാക്കുന്നു എന്നു പറഞ്ഞായിരുന്നു."
"അങ്ങിനെ പറഞ്ഞാല്‍ എങ്ങിനെയാടാ പോത്തേ പോത്ത് ആടാകുന്നത്?"
"അതു പിന്നെ എന്‍റെ തലയില്‍ കുറച്ചു വെള്ളം തളിച്ചിട്ട് മാധവാ നിന്നെ ഞാന്‍ മത്തായിയാക്കുന്നു എന്നച്ചന്‍ പറഞ്ഞപ്പോ ഞാന്‍ മത്തായി ആയില്ലായിരുന്നോ?

Friday, April 17, 2015

സ്റ്റേജില്‍

Fasil Shajahan

സലാമിക്കാന്റെ മകന്‍ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ വേണ്ടി സ്കൂളിലേക്ക് ഓടുകയാണ്. വഴിക്കു വെച്ചു നാട്ടിലെ തലയ്ക്കു നല്ല സുഖമില്ലാത്ത പയ്യന്‍ അവന്റെ പേന പിടിച്ചുവാങ്ങി ഓടിക്കളഞ്ഞു .
എങ്ങിനെയൊക്കെയോ പരീക്ഷ എഴുതി തിരിച്ചു വീട്ടിലെത്തിയ അവന്‍ വാപ്പാനോട് കമ്പ്ലൈന്റ് പറഞ്ഞു. വാപ്പ അങ്ങാടിയില്‍ വെച്ചു ആ പയ്യനെ കയ്യോടെ പിടികൂടി.
"ഡാ ഇങ്ങോട്ടു വാടാ.. എന്റെ മകന്‍ ഒരു ക്രിട്ടിക്കല്‍ സ്റ്റേജില്‍ നില്‍ക്കുമ്പോഴാണോ നിന്റെ ഓരോ തമാശ? "
"അള്ളോ ..റബ്ബേ ഓന്‍ പച്ചക്കള്ളത്തരമാണ് പറയുന്നത് സലാമിക്കാ , ഓനന്നേരം റോഡ്‌ സൈഡില്‍ നില്‍ക്കുകയായിരുന്നു. സ്റ്റേജില്‍ ഒന്നും ആയിരുന്നില്ല"

Wednesday, April 15, 2015

പാണ്ടി

Shanavas Babu writes:

വിവാഹം നിശ്ചയിച്ച ശേഷമുള്ള ഫോൺ സംഭാഷണത്തിൽ രണ്ടുപേരുടേയും അഭിരുചികൾ ചോദിച്ചറിയുന്നതിനിടെ
വധു : എനിക്ക്‌ തമിഴ്‌ പടങ്ങളാണ്‌ കൂടുതലിഷ്ടം, സൺ ടി വി യാണ്‌ വീട്ടിൽ കൂടുതൽ സമയവും കാണാറുള്ളത്‌ !
വരൻ : ഇതിപ്പോൾ പറയാൻ കാരണം ?
വധു : സൺ ടി വി സ്ഥിരമായി കാണുന്നത്‌ കൊണ്ട്‌ വാപ്പ പലപ്പോഴും കളിയാക്കി പറയുമാരുന്നു, നിന്നെയൊരു പാണ്ടിയെ കൊണ്ടേ കെട്ടിക്കുവെന്ന് !
വരൻ : എന്നിട്ട്‌ ?
വധു : നിങ്ങടെ ഫോട്ടോ കണ്ടപ്പോളാണറിഞ്ഞത്‌ എന്റെ വാപ്പ പറയാറുള്ളത്‌ തമാശയല്ലായിരുന്നുവെന്ന്
വരൻ : പ്ലിംഗ്‌

Thursday, November 20, 2014

ദൈവമുണ്ട്

Satheesan Nair writes:



പളളിയുടെ മുറ്റത്തൊരു പേരമരമുണ്ട്. ഒരു ദിവസം അച്ചന്‍ നോക്കുമ്പോള്‍  ഒരു പൂച്ചകുഞ്ഞ് അതിന്റെ മുകളില്‍  ഒരു ശാഖയില് അള്ളിപ്പിടിച്ചിരിക്കുന്നു. കൈ എത്തുന്നതിലും ഉയരെയാണ് പൂച്ചയുടെ ഇരുപ്പ്. മരത്തില്‍  വലിഞ്ഞുകയറാമെന്നുവച്ചാല്‍  അതിനുളള ടെക്നോളജിയൊട്ട് പഠിച്ചിട്ടുമില്ല. അതുമല്ല മരം പേരയാണ്. പണികിട്ടുകയും ചെയ്യും.
പാല്‍, ചാളത്തല ഇത്യാദികളെല്ലാം പരീക്ഷിച്ചു. നോ രക്ഷ.
ഇനി ആ ശാഖ ചായ്ക്കുകയല്ലാതെ രക്ഷയില്ല.
അയ കെട്ടിയിരുന്ന കയര്‍ അഴിച്ചെടുത്ത് ഒരറ്റത്ത് തൊള്ളുണ്ടാക്കി പേരയുടെ ശിഖരത്തില് എറിഞ്ഞു പിടിച്ചു.   മറ്റേയറ്റം കാറിന്റെ പിറകുവശത്തെ ബമ്പറില്‍  കെട്ടുകയും ചെയ്തു. വണ്ടി മുന്നോട്ടെടുക്കുമ്പോള്‍  പൂച്ചയിരിക്കുന്ന ശിഖരം താഴും. അപ്പോ പൂച്ചയെ എടുക്കാം. അതായിരുന്നു പ്ലാന്‍.

അദ്ദേഹം പതുക്കെ വണ്ടിയെടുത്തു. വണ്ടി മുന്നോട്ടെടുക്കുംതോറും ശിഖരം താഴേക്കു ചാഞ്ഞുകൊണ്ടിരുന്നു. അതോടെ
വണ്ടി നിറുത്തി മരത്തിനടുത്തേക്കു നീങ്ങിയ അദ്ദേഹത്തിനെ ഞെട്ടിച്ചുകൊണ്ട് ശിഖരത്തില് കെട്ടിയ ചരട് പൊട്ടി. ശിഖരത്തിലിരുന്ന പൂച്ച അന്തരീക്ഷത്തിലേക്ക് എടുത്തെറിയപ്പെട്ടു.
അടുത്തെല്ലാം തിരഞ്ഞെങ്കിലും പൂച്ചയെ കിട്ടിയില്ല. അച്ചന്‍ നിരാശനായി മുറിയിലേക്കുപോയി.

അല്‍പ്പം കഴിഞ്ഞപ്പോള്‍‍; പള്ളിയിലും  ദൈവത്തിലും  വിശ്വാസമില്ലാതിരുന്ന അന്നമ്മ പതിവില്ലാതെ പളളിയിലേക്ക് വരുന്നകണ്ട് അച്ചന്‍  അത്ഭുതത്തോടെ കാര്യം തിരക്കി.
അച്ചോ, എനിക്ക് ദൈവവിശ്വാസം വന്നച്ചോ. വരാന്‍  കാരണം എന്റെ  കൊച്ചുമോളാണ്‌. അവളൊരു ദൈവവിശ്വാസിയാണ്. കുറേ ദിവസമായി അവള്‍ക്കൊരു പൂച്ചക്കുട്ടി വേണമെന്നു പറയാന്‍  തുടങ്ങിയിട്ട്. ഇന്നലെ ശല്യം കൂടിയപ്പോള്‍ അവളോട് ഞാന്‍ പറഞ്ഞു; പോയി ദൈവത്തിനോടു ചോദിക്കാന്‍.
അവളുടനെതന്നെ മുട്ടുകുത്തിനിന്ന്, ദൈവമേ എനിക്കൊരു പൂച്ചയെ തരണേന്ന് പ്രാര്‍ത്ഥിച്ചു. അച്ചോ, പറഞ്ഞാല്‍  വിശ്വസിക്കില്ല. പ്രാര്‍ത്ഥന കഴിഞ്ഞ അടുത്ത നിമിഷം ഒരു പൂച്ചക്കുഞ്ഞ് ആകാശത്തിലൂടെ പറന്ന് റൂമില്‍ വീണു. അതോടെ ഞാനും വിശ്വാസിയായി. എന്നെ അനുഗ്രഹിക്കണം.