ഒരിടത്തൊരു പാമ്പാട്ടിയുണ്ടായിരുന്നു. ഊരു ചുറ്റി പാമ്പുപ്രദര്‍ശനം നടത്തി ഉപജീവനത്തിനുള്ള വക കണ്ടെത്തിയിരുന്നയാള്‍. ഒരു നാട്ടിലെത്തിയാല്‍ അവിടത്തെ ഏറ്റവും പ്രധാനപ്പെട്ടയാളെ സന്ദര്‍ശിച്ച് അയാളുടെ സഹായം തേടും. എന്നിട്ടാണ് പ്രദര്‍ശനം നടത്തുക. വല്ല പ്രശ്‌നവുമുണ്ടായാല്‍ രക്ഷിക്കാന്‍ ആളു വേണമല്ലോ.
ഒരിക്കല്‍ അയാളൊരു ഗ്രാമത്തിലെത്തി, സ്ഥലത്തെ പ്രധാനി മഹല്ല് ഖാദിയായിരുന്നു. പള്ളിയില്‍ ചെന്ന് ഖാദിയെ കണ്ടു; സംസാരിച്ചു. അപ്പോള്‍ ഖാദിക്കൊരു സംശയം: ഇങ്ങനെ കയ്യിലെടുത്തും ദേഹത്ത് ചുറ്റിയും കളിക്കുമ്പോള്‍ പാമ്പ് കടിക്കില്ലേ?
പാമ്പാട്ടി: സാധാരണ ഗതിയില്‍ കടിക്കുകയില്ല; ഇനി കടിച്ചാലും കുഴപ്പമില്ല. എന്നെ നാലു തവണ കടിച്ചിരിക്കുന്നു. അതില്‍ രണ്ടു തവണ കടിച്ചതും ഒരേ മൂര്‍ഖന്‍ തന്നെയായിരുന്നു. എന്നിട്ടും കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
പാമ്പാട്ടിയോട്, ഖാദി: പുറത്തിറങ്ങ്.
പാമ്പാട്ടി: ഉസ്‌താദ് എന്താണ് പറയുന്നത്?
ഖാദി: നീ ആദ്യം പുറത്തിറങ്ങ്. ബാക്കി കാര്യങ്ങള്‍ എന്നിട്ട് പറയാം.
അയാള്‍ പുറത്തിറങ്ങി. ഖാദി പറഞ്ഞു: നീ കാഫിറാണ്; പള്ളിയില്‍ കയറാന്‍ പാടില്ല; അതുകൊണ്ടാണ് പുറത്തിറങ്ങാന്‍ പറഞ്ഞത്.
പാമ്പാട്ടി: അല്ല ഉസ്‌താദേ, ഞാന്‍ മുസ്‌ലിമാണ്; എന്റെ പേര് മുഹമ്മദെന്നാണ്. ഞാനത് നേരത്തെ പറഞ്ഞതാണല്ലോ.
ഖാദി: അല്ലാഹുവിന്റെ റസൂല്‍ പറഞ്ഞതെന്താണെന്ന് നിനക്കറിയുമോ?
പാമ്പാട്ടി: ഉസ്‌താദ് തന്നെ പറയൂ.
ഖാദി: "ഒരു സത്യവിശ്വാസിക്ക് ഒരു മാളത്തില്‍ നിന്ന് രണ്ടുതവണ പാമ്പുകടിയേല്‍ക്കുകയില്ല.' നിനക്കോ, മൊത്തം നാലു തവണ, അതും ഒരേ പാമ്പില്‍ നിന്ന് തന്നെ രണ്ടു തവണ കടിയേറ്റിട്ടുണ്ടെങ്കില്‍, പടച്ചവനെ സാക്ഷിയാക്കി ഞാന്‍ പറയുന്നു: നീ വിശ്വാസിയല്ല.
No comments:
Post a Comment