Followers

Monday, December 12, 2011

സ്ഥാനാര്‍ത്ഥി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണ്‌. കൊള്ളാവുന്ന പൊതുസമ്മതരായ വനിതാ സ്ഥാനാര്‍ത്ഥികളെ കിട്ടാന്‍ പര്‍ട്ടികള്‍ നാലു പാടും ഓടിക്കൊണ്ടിരിക്കുന്നു.  ഇതിനിടയില്‍  ഒരു പാര്‍ട്ടിയുടെ ആളുകള്‍ നസീമയെ പാട്ടിലാക്കാന്‍ നോക്കി.

അവര്‍ക്കു മുമ്പില്‍ നസീമയും ഭര്‍ത്താവ് അബ്ദുല്ലയും നിരവധി ഒഴികഴിവുകള്‍ നിരത്തി.  കുടുംബ കാര്യങ്ങള്‍, കുട്ടികളുടെ വിദ്യാഭ്യാസം, അയാളും ഭാര്യയും നടത്തുന്ന തൊഴില്‍ സ്ഥാപനം, പിന്നെ സ്വന്തം നാട് മറ്റൊന്നായതിനാല്‍ ഒഴിവുസമയത്തെ നാട്ടില്‍ പോക്ക് - ഇങ്ങനെ പലതും. എന്നിട്ടും അവര്‍ വിട്ടില്ല. നിര്‍ബന്ധം സഹിക്കാന്‍ പറ്റാതെ വന്നപ്പോള്‍ 'ഒന്നുകൂടി ആലോചിക്കട്ടെ' എന്നൊരു ഭംഗിവാക്ക്  പറഞ്ഞ് അവരെ യാത്രയാക്കി.
ഏതായാലും മല്‍സരത്തിനില്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഇരുവരും. അതുകൊണ്ടുതന്നെ വേണ്ടപ്പെട്ടവരുടെ ഈ നിര്‍ബന്ധത്തെ, അവരെ മുഷിപ്പിക്കാതെ,  എങ്ങനെ മറികടക്കുമെന്നതായി അവരുടെ മുഖ്യ ആലോചനാവിഷയം.

അല്‍പ്പസമയത്തിനകം  എതിര്‍ പാര്‍ട്ടിക്കാര്‍ വീട്ടിലെത്തി. അവര്‍ക്കു വേണ്ടി മല്‍സരിക്കാന്‍ നിര്‍ബന്ധിച്ചു. അവരുടെ മുമ്പിലും സമര്‍ത്ഥമായി ഒഴികഴിവുകള്‍ നിരത്തിനോക്കി. പക്ഷേ, അവരും വിടുന്ന മട്ടില്ല.

അതിനിടയില്‍ ഈ വന്നവരില്‍ ഒരാളോട് അബ്ദുല്ല: 'രാജന്റെ ഭാര്യ സ്ഥാനാര്‍ത്ഥിയാകാന്‍ പറ്റുന്ന ആളാണെന്നാണ്‌ ഞാന്‍ കേട്ടത്. അവര്‍ ഏതെങ്കിലും വാര്‍ഡില്‍ മല്‍സരിക്കുന്നുണ്ടോ?'
രാജന്‍: 'ഈയിടെയാണല്ലോ. ഞങ്ങളുടെ കല്യാണം നടന്നത്. പെട്ടെന്ന് തെരഞ്ഞെടുപ്പും വന്നു. അവളുടെ വോട്ട് അടുത്ത പഞ്ചായത്തിലാണ്‌. ഇവിടേക്ക് മാറ്റിയിട്ടില്ല. സത്യം പറഞ്ഞാല്‍ അത്  മറന്നുപോയതാണ്‌. അതുകൊണ്ട് ഇത്തവണ മല്‍സരിക്കാന്‍ പറ്റുകയില്ല.'

പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമനുഭവിക്കുന്ന ഒരാളുടെ മുഖം എങ്ങനെയിരിക്കുമോ അങ്ങനെയായി  അബ്ദുല്ലയുടെ  മുഖമപ്പോള്‍. സന്തോഷത്താല്‍ വീര്‍പ്പുമുട്ടിക്കൊണ്ട് അയാള്‍ പറഞ്ഞു: 'അങ്ങനെ ഒരു നിയമമുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. അറിഞ്ഞിരുന്നുവെങ്കില്‍ നിങ്ങളുടെ വിലപ്പെട്ട സമയം  നഷ്ടപ്പെടുത്തുമായിരുന്നില്ല. എന്റെയും നസീമയുടെയും വോട്ട് ഇവിടെയല്ല; നാട്ടിലാണ്‌. ഞങ്ങളിതു വരെ ഇവിടെ റേഷന്‍ കാര്‍ഡ് പോലും ഉണ്ടാക്കിയിട്ടില്ല.'  

No comments:

Post a Comment