Followers

Thursday, October 11, 2012

രണ്ടാമന്‍ എവിടെ?


ഒരു ഗ്രാമത്തിലെ പ്രൈമറി സ്കൂള്‍; അവിടെ കുട്ടികള്‍ പഠനത്തില്‍ മോശമാണെന്ന് നാട്ടുകാര്‍ക്ക് പരാതി. കുട്ടികള്‍ക്ക് ബുദ്ധിയില്ലെന്ന് അദ്ധ്യാപകര്‍. എന്നാല്‍ അധ്യാപകരുടെ ബുദ്ധിയില്ലായ്മയാണ്‌ കാരണമെന്നാണ്‌ നാട്ടുകാരുടെ പക്ഷം. ഈ വിവരം അധ്യാപകരുടെ ചെവിയിലും എത്തി. എന്ന് മാത്രമല്ല പരിഹാരമെന്തെന്ന് ആലോചിക്കാന്‍ ഒരു സ്റ്റാഫ് മീറ്റിംഗ് വിളിക്കാനും അവര്‍ തീരുമനിച്ചു. ഒരു ഞായറഴ്ചയാണ്‌ മീറ്റിംഗ് നടക്കുന്നത്. അധ്യാപകര്‍ക്ക് ബുദ്ധിയില്ല എന്ന് പറയുന്നത് ശരിയോ എന്ന പരിശോധനാണ്‌ അജന്‍ഡയിലെ ഏക ഇനം. യോഗം ചേര്‍ന്ന് മണിക്കൂറുകള്‍ ആലോചിച്ചിട്ടും അവര്‍ക്ക് ഉത്തരമൊന്നും ലഭിച്ചില്ല. അവസാനം ഒരു ചായ കുടിക്കാമെന്ന് അവര്‍ തീരുമാനിച്ചു. അന്ന് പ്യൂണ്‍ ഇല്ലായിരുന്നു; പ്യൂണിനെ മനപ്പൂര്‍വ്വം മാറ്റിനിറുത്തിയതാണ്‌. അയാള്‍ നട്ടുകാരന്‍ കൂടിയാണ്‌ എന്നത് തന്നെ മുഖ്യ കാരണം. പകരം ഒരു അധ്യാപകന്‍ ചായ വാങ്ങാന്‍ പോകാമെന്ന് വച്ചു. തൊട്ടടുത്ത കവലയിലെ ചായക്കടയിലെത്തി ചായയ്ക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ ചായക്കാരന്ന് ഒരു സംശയം. അയാള്‍ ചോദിച്ചു; അല്ല മാഷേ, ഇന്ന് ഞായറാഴ്ചയല്ലേ? പിന്നെന്താ സ്കൂളില്‍ പരിപാടി?
മാഷ്: ഞങ്ങള്‍ക്ക് ബുദ്ധിയില്ല എനൊരു പരാതിയുണ്ടല്ലോ നിങ്ങള്‍ നാട്ടുകര്‍ക്ക്; അതിനെക്കുറിച്ച് ആലോചിക്കാന്‍ വേണ്ടി ഇന്നൊരു സ്റ്റാഫ് മീറ്റിംഗ് നടക്കുകയാണ്‌.
ചായക്കാരന്‍: എന്നിട്ടെന്തായി?
മാഷ്: ആലോചന നടക്കുകയാണ്‌.
ചായക്കാരന്‍: ബുദ്ധിയുണ്ടോ എന്ന് പരീക്‌ഷിക്കാന്‍ പറ്റിയ ഒരു ചോദ്യം ഞാന്‍ ചോദിക്കാം.
മാഷ് വളരെ നിസ്സാര ഭാവത്തില്‍ പറഞ്ഞു: ചോദിച്ചോളൂ.
ചായക്കാരന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് ആണ്‍ മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
മാഷ് വളരെ നേരം ഇരുന്നും നിന്നും കണ്ണ്‌ തുറന്നും അടച്ചും  ആലോചിച്ചു. അവസാനം വളരെ നിരാശയോടെ തോല്‍വി സമ്മതിച്ചപ്പോള്‍ ചായക്കാരന്‍ ഉത്തരം പറഞ്ഞ് കൊടുത്തു: രണ്ടാമന്‍ ഞാനാണ്‌.
തനിക്ക് ബുദ്ധിയില്ലെന്ന് ബോധ്യമായെങ്കിലും  മറ്റുള്ളവരുടെ ബുദ്ധി പരിശോധിക്കാന്‍ ഒരു അളവ് കോല്‍ കിട്ടിയ സന്തോഷത്തിലാണ്‌ അയാള്‍ ചായയുമായി സ്കൂളിലേക്ക് തിരിച്ചത്.
സ്കൂളിലെത്തിയതും അയാള്‍ സഹ അധ്യാപകരോട് പറഞ്ഞു: നിങ്ങള്‍ക്ക് ബുദ്ധിയുണ്ടോ എന്ന് പരിശോധിക്കാന്‍ പറ്റിയ ഒരു ചോദ്യം കിട്ടിയിട്ടുണ്ട്‌.
പ്രധാന അധ്യാപകന്‍ പറഞ്ഞു: എങ്കില്‍ അതൊന്നു കേള്‍ക്കട്ടെ.
അധ്യാപകന്‍: ചോദ്യമിതാണ്‌. എന്‍റെ അച്ഛന്ന്‌ രണ്ട് മക്കളുണ്ട്. അതിലൊരാള്‍ ദല്‍ഹിയിലാണ്‌. എങ്കില്‍ രണ്ടാമന്‍ എവിടെ?
 രണ്ടാമന്‍ എവിടെ എന്ന് അദ്ധ്യാപകര്‍ ഒറ്റക്കും കൂട്ടായും ആലോചിച്ചു. ചിലര്‍ ചായ കുടിച്ച് കൊണ്ട് ആലോചീച്ചു. ചീലര്‍ ചായ കുടിക്കാന്‍ പോലും മറന്നുകൊണ്ട് ആലോചിച്ചു. പക്‌ഷെ ഉത്തരം മാത്രം കിട്ടിയില്ല. അവര്‍ ഒന്നടങ്കം തോല്‍വി സമ്മതിച്ചു.
അപ്പോള്‍ ചോദ്യം ചോദിച്ച അദ്ധ്യാപകന്‍ വിജയ ഭാവത്തില്‍  ഉത്തരം വിളിച്ചു പറഞ്ഞു: ആ രണ്ടാമത്തെ മകനാണ്‌ കവലയില്‍ ചായക്കട നടത്തുന്നത്.

No comments:

Post a Comment