Followers

Friday, March 28, 2014

ഉൽഘാടനം

Siddeeq Kizhakkethil writes:

ഇപ്പൊ ലൈവായി നടക്കുന്ന ഒരു തമാശ:

അപ്പുറത്തെ ഗ്രാമത്തിലെ ഒരു കാക്ക ഞങ്ങളുടെ അങ്ങാടിയിലേക്ക്‌ വന്നതാണു. നമസ്ക്കാര സമയമായപ്പോൾ പള്ളിയില്‍ കയറി.

പള്ളിയുടെ മുറ്റത്ത്‌ നിൽക്കുന്ന പ്രായം ചെന്ന ഒരു ഹാജിയാരോട്‌ അയാള്‍ ചോദിച്ചു:

'ഞങ്ങളുടെ പള്ളിയിൽ ഒരു പുതിയ സാധനം വാങ്ങിയിട്ടുണ്ട്. അതൊന്ന് ഉൽഘാടനം നടത്താൻ ഒരു ആളെ വേണം. നിങ്ങൾക്ക്‌ ഒഴിവുണ്ടാകുമോ?'

'ആ നോക്കാം. എന്താണു സാധനം?'

'ഒരു മയ്യിത്ത്‌ കട്ടിലാണ്‌...'

Wednesday, March 26, 2014

കാമാസക്ത

Pramod Kadavil Pushkaran writes:

യുവാവായ മത്തായി പള്ളിയില്‍ കുമ്പസരിക്കാനെത്തി, കുമ്പസാരകൂട്ടില്‍ നിന്ന്‌ മത്തായി വൈദികനോട്‌ വിങ്ങി പൊട്ടി.
അച്ചോ, അച്ചന്‍ എന്നോട് ക്ഷമിക്കണം, കാമാസക്തയായ ഒരു പെണ്ണിന്‍റെ പിടിയില്‍ അകപ്പെട്ടു പോയി ഞാന്‍. ഇപ്പോള്‍ ഞാന്‍ ആ തെറ്റ്‌ മനസിലാക്കുന്നു, ദൈവം എന്നോട്‌ ക്ഷമിക്കില്ലേ?
വൈദികള്‍ ആശങ്കയോടെ ചോദിച്ചു, മത്തായി പറയു ആരാണ്‌ ആ പെണ്ണ്‌ ?
മത്തായി : അത്‌ പറയാന്‍ ഞാന്‍ അശക്തനാണ്‌, അവളുടെ സല്‍പേര്‌ നശിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല,
വൈദികന്‍: എന്നായാലും ഞാന്‍ അറിയേണ്ടതല്ലേ മത്തായി , പറയൂ കാതറീനെയാണോ നീ ഉദ്ദേശിച്ചത്‌
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: അപ്പോള്‍ പെട്രീഷ്യ ആയിരിക്കും
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: ചായക്കട നടത്തുന്ന കാര്‍ത്യായനി ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍: നീ ഉദ്ദേശിച്ചത്‌, മാര്‍ഗരിറ്റിനെ അല്ലേ ?
മത്തായി : എനിക്ക്‌ പറയാന്‍ പറ്റില്ല, പിതാവേ..
വൈദികന്‍ : മത്തായി നീ നല്ലവനാണ്‌ അതുകൊണ്ടല്ലേ നിന്നെ വഴിതെറ്റിച്ചവളായിട്ടും നീ ‌അവളുടെ പേര്‌ വെളിപ്പെടുത്താതിരുന്നത്‌. നിന്‍റെ തെറ്റ്‌ ദൈവം പൊറുക്കും...

സമാധാനത്തോടെ മത്തായി കുമ്പസാര കൂട്ടില്‍ നിന്ന്‌ പുറത്തിറങ്ങി‌. മത്തായിയെ കാത്ത്‌ ആകാംഷയോടെ പള്ളിക്ക് പുറത്തു നിന്ന് സുഹൃത്ത്‌ സുരേഷ്‌ ഓടി എത്തി:
എന്തായി അളിയാ ?
മത്തായി : നാല്‌ പെണ്ണുങ്ങളുടെ പേര്‌ അച്ചന്‍റെ കൈയ്യില്‍ നിന്ന്‌ കിട്ടി മോനേ, വേഗം വാ...(!!)
(Copy & Paste)

Saturday, March 22, 2014

സുഖം

അയാള്‍ തന്റെ ഭാര്യയ്ക്ക് ജീവിതകാലത്ത് ഒട്ടും സമാധാനം കൊടുത്തിരുന്നില്ല. പിന്നീട് ഭാര്യയുടെ മരണശേഷം അയാള്‍ക്ക് അവരോട് വല്ലാതെ സഹതാപം തോന്നി.  അവരെ തന്നെ വിചാരിച്ചുകൊണ്ടാണ്‌ ഒരു രാത്രി അയാള്‍  കിടന്നുറങ്ങിയത്. അന്നവര്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
അയാള്‍ ചോദിച്ചു: നിനക്ക് സുഖം തന്നെയല്ലേ?
ഭാര്യ: അതെ; വളരെ സുഖമാണ്‌.
ഭര്‍ത്താവ്: എന്റെ കൂടെ ജീവിച്ചതിനേക്കാള്‍ സുഖമാണോ?
ഭാര്യ: തീര്‍ച്ചയായും.
ഭര്‍ത്താവ്: അപ്പോള്‍ നീ സ്വര്‍ഗത്തിലാണ്‌ അല്ലേ?
ഭാര്യ: അല്ല; നരകത്തിലാണ്‌. 

Thursday, February 27, 2014

കല്ലറ

ഒരാള്‍ സെമിത്തേരിയില്‍ ഒരു കല്ലറയ്ക്കരുകില്‍ അങ്ങേയറ്റത്തെ സങ്കടത്തോടെ കരഞ്ഞ് വിലപിച്ചുകൊണ്ടിരിക്കുന്നത് മറ്റൊരാള്‍ കണ്ടു. രണ്ടാമന്‍ ഒന്നാമന്റെ അടുത്ത് ചെന്നുനോക്കി. അപ്പോള്‍ അയാള്‍ ഇങ്ങനെ പിറുപിറുക്കുകയായിരുന്നു: നീ എന്തിനാണ്‌ മരിച്ചത്? നീ മരിച്ചതുകൊണ്ടല്ലേ ഞാനിങ്ങനെ സങ്കടപ്പെടേണ്ടിവന്നത്?

രണ്ടാമന്‍: നിങ്ങളുടെ സ്വകാര്യത്തില്‍ ഇടപെടുന്നതില്‍ എനിക്ക് താല്‍പര്യമില്ല. എന്നാലും ഒരു മരണത്തെത്തുടര്‍ന്ന് മറ്റാരും ഇങ്ങനെ സങ്കടപ്പെട്ടത് ഞാന്‍ ഇതു വരെ കണ്ടിട്ടില്ല. അതുകൊണ്ട് ചോദിച്ചുപോവുകയാണ്‌. നിങ്ങളുടെ ആരാണ്‌ ഈ അടക്കം ചെയ്യപ്പെട്ടിരിക്കുന്നയാള്‍?

ഒന്നാമന്‍: എന്റെ ഭാര്യയുടെ ആദ്യ ഭര്‍ത്താവ്.

Wednesday, February 26, 2014

കുരിശ്

Vishnu Das writes:

കണക്ക് ക്ലാസില്‍ ഇരുന്ന് കുരിശ് വരയ്ക്കുന്ന സണ്ണിക്കുട്ടിയെ നോക്കി ടീച്ചര്‍: 'കുട്ടികളായാല്‍ ഇങ്ങനെ
വേണം,പഠിക്കുന്ന സമയത്ത് ദൈവ വിശ്വാസം ഒക്കെ വേണം '

സണ്ണികുട്ടി: അതല്ല ടീച്ചറെ എല്ലാരും ഉറങ്ങുമ്പോള്‍ ചെകുത്താന്‍ വരുമെന്ന്
വല്ല്യമ്മച്ചി പറഞ്ഞിട്ടുണ്ട്.

Monday, February 3, 2014

അഭിപ്രായസ്വാതന്ത്ര്യം 

അനുയായി: നമ്മുടെ പാര്‍ട്ടിയില്‍ അഭിപ്രായസ്വാതന്ത്ര്യമുണ്ടോ?
നേതാവ്: ഉണ്ടല്ലോ; ധാരാളമുണ്ട്.
അനുയായി: എന്നുവെച്ചാല്‍ എത്രത്തോളമുണ്ട്?
നേതാവ്: നിങ്ങള്‍ വാ തുറക്കുന്നതു വരെ. 

Wednesday, January 15, 2014

റിലേ നിരാഹാരസമരം

കുട്ടി: അച്ഛാ, 'റിലേ നിരാഹാരസമരം' എന്നാല്‍ എന്താണ്‌ ?

അച്ഛന്‍: ഒരാള്‍ക്ക് വിശപ്പ് തോന്നുമ്പോള്‍ അയാള്‍ ഭക്ഷണം കഴിക്കാന്‍ പോവുകയും ഭക്ഷണം കഴിച്ച മറ്റൊരാള്‍ തല്‍സ്ഥാനത്തിരിക്കുകയും ചെയ്യുന്ന നിരാഹാരസമരം.

Sunday, November 24, 2013

കുറച്ചുണ്ട്

'ഈ അഡ്രസ് ഒന്നു പറഞ്ഞു തരാമോ?'

'ഇത് ഇങ്‌ഗ്ലീഷിലാണല്ലോ. നിങ്ങള്‍ അതൊന്ന് വായിച്ചു തരൂ.'

'കുറച്ചുണ്ട്.'

'മുഴുവന്‍ ഇല്ലേ?'

'കുറച്ചുണ്ട്.'

'എന്നാല്‍ ഉള്ളതു വായിക്കൂ.'

'ഉള്ളതാണ്‌ ഞാന്‍ വായിച്ചത്.'

'സ്ഥലത്തിന്റെ പേരാണോ ഈ വായിച്ചത്?'

'അതെ.'

'എങ്കില്‍ അത് വായിക്കേണ്ടത് കൂരാച്ചുണ്ട് എന്നാണ്‌.'

Thursday, November 21, 2013

വെറുതെ

ടി. മുഹമ്മദ് വേളം writes:

        നാട്ടിന്‍പുറത്ത് അത്യാവശ്യം ഉറുക്ക്, മന്ത്രം ഏലസ്സ്, തകിട്, തരികിട മതകുടില്‍വ്യവസായങ്ങള്‍ നടത്തി വേണ്ടത്ര പച്ചപിടിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിയാരെ നാട്ടുകാരനായ ഒരു പ്രവാസി ഉംറ വിസക്ക്  കൊണ്ടുപോയ ഒരു കഥയുണ്ട്. മക്കയില്‍ പോയി ഉംറ കഴിഞ്ഞ് മദീനയില്‍ ചെന്ന മുസ്‌ലിയാരെ  പ്രവാസി  പ്രവാചകന്റെയും അനുചരമാരുടെയും ഭൗതിക ശരീരങ്ങള്‍ ഖബ്‌റടക്കിയ മസ്ജിദുന്നബവിയുടെ പരിസരവും ജന്നത്തുല്‍ ബഖീഉം കാണിച്ചുകൊടുത്തു. പ്രവാചകന്റെയും ഖലീഫമാരുടെയും ഹസ്രത്ത് ആഇശയുടെയും ഖബ്‌റുകള്‍ ഓരോന്നായി കണ്ട ശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്രെ, 'നാട്ടിലായിരുന്നെങ്കില്‍ എത്ര കോടിയുടെ മുതലാണ് ഇവിടെ വെറുതെ കിടക്കുന്നത്' എന്ന്.

Monday, November 18, 2013

ചിരി

ഭാര്യ ഒരു വിഡ്ഢിത്തം പറഞ്ഞു. അതു കേട്ട ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയാകട്ടെ കനത്ത മൌനത്തിലാണ്‌. ഈ സമയത്താണ്‌ അവരുടെ മകള്‍ കടന്നുവന്നത്.
അവള്‍ ചോദിച്ചു: അച്ഛന്‍ എന്തിനാ ചിരിക്കുന്നത്?
അയാള്‍ മറുപടി പറയാന്‍ തുടങ്ങിയെങ്കിലും ചിരി മൂലം തുടരാന്‍ കഴിഞ്ഞില്ല.
ഭാര്യ: മോളേ, അത് അമ്മ പറഞ്ഞു തരാം. ഞാന്‍ ഇന്നലെ ഒരു തമാശ പറഞ്ഞിരുന്നു. അച്ഛനത് ഇപ്പോഴാണ്‌ മനസ്സിലായത്. അതുകൊണ്ടാണ്‌ അച്ഛന്‍  ചിരിച്ചുകൊണ്ടിരിക്കുന്നത്.


Sunday, November 17, 2013

മമ്മി

ഒന്നാമന്‍: 'നിങ്ങള്‍ ഈ നാട്ടുകാരാണോ?
രണ്ടാമന്‍: അല്ല; ഞങ്ങള്‍  കുടിയേറ്റക്കാരാ. എന്റെ നാട് തൃശൂര്‍. അവളുടേത്...
രണ്ടാമന്റെ മകന്‍: അച്ഛാ, അത് ഞാന്‍ പറയാം.
രണ്ടാമന്‍: ശരി. പറ.
മകന്‍: ഈജിപ്ത്.
ഒന്നാമനും രണ്ടാമനും: ഹ ഹ ഹ. ഈജിപ്‌തോ?
മകന്‍: അതെ, 'മമ്മി'കളുടെ നാട് ഈജിപ്താണെന്ന് ഞാന്‍ ഇന്നലെ സ്കൂളില്‍ പഠിച്ചല്ലോ.

Saturday, November 16, 2013

നൂറു രൂപ

Pc SanalKumar Ias Rtd writes:

"നിര്‍ത്തെടോ വണ്ടി "
അയാള്‍ വണ്ടി നിര്‍ത്തി..
"ഡ്രൈവിങ് ലൈസൻസ് കാണട്ടെ. "
കൊടുത്തു.
"ബുക്കും പേപ്പറും എവിടെ?"
കാണിച്ചു.
"പുക പരിശോധിച്ച സര്ട്ടിഫിക്കറ്റ്?"
"ഉണ്ട് സാർ "
ഒന്നിലും കുഴപ്പമില്ല.
"സാർ ഞാൻ പൊയ്ക്കോട്ടേ.എന്തിന്റെ എങ്കിലും കുറവുണ്ടോ?"
ശബ്ദം താഴ്ത്തി
"ഒരു നൂറു രൂപയുടെ കുറവുണ്ട് "

Friday, November 15, 2013

മുട്ട

Pc SanalKumar Ias Rtd writes:

"ചുമ്മാതല്ല ടീച്ചര്‍  നിന്നെ തല്ലിയത്.അവരെ കോഴി എന്ന് വിളിച്ചാല്‍ അവര്‍ പിന്നെ തല്ലാതിരിക്കുമോ ? ആട്ടെ എന്തിനാണ് അവരെ നീ കോഴി എന്ന് വിളിച്ചത്?"
"അത് പിന്നെ എല്ലാ വിഷയത്തിനും എനിക്ക് അവര്‍ മുട്ടയാ ഇട്ടു തരുന്നത്. അവരെ പിന്നെ എങ്ങനെ വിളിക്കണം ?"

Saturday, November 9, 2013

നെഞ്ചുവേദന

ഹോസ്‌പിറ്റല്‍ മനേജര്‍: നെഞ്ചുവേദനയുമായി വന്ന ആള്‍ക്ക് ഗ്യാസിനുള്ള മരുന്ന് നല്‍കി വിട്ടെന്നോ?

ഡോക്‌ടര്‍: അയാളെ കണ്ടിട്ട് കാല്‍ കാശിന്‌ ഗതിയില്ലാത്തവനാണെന്ന് തോന്നി. അതുകൊണ്ട്‌ ചെയ്‌തുപോയതാണ്‌. ക്ഷമിക്കണം.

റാണി

തേനീച്ച വളര്‍ത്തലാണ്‌ കുമാരന്റെ തൊഴില്‍. അവനും രമയും സ്നേഹത്തിലായി. പിന്നെ കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങി.
രമ: നമുക്കൊരു സിനിമയ്ക്ക് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ സര്‍കസിന്‌ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ പാര്‍ക്കിലോ ബീച്ചിലോ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്റെ വീട്ടിലൊന്ന് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ ചേട്ടന്‍ വരണ്ട; ഞാന്‍ ഒറ്റയ്ക്ക് പോയ്‌ക്കൊള്ളാം.
കുമാരന്‍: അതും പറ്റില്ല.
രമ: ചേട്ടന്‍ വാക്ക് മാറ്റരുത്. കല്യാണം കഴിഞ്ഞാല്‍ എന്നെ റാണിയെപ്പോലെ സൂക്ഷിക്കുമെന്ന് പറഞ്ഞിരുന്നതാണ്‌; എന്നിട്ടിപ്പോള്‍ ഇങ്ങനെയാണോ ചെയ്യുന്നത്?
കുമാരന്‍: ഞാന്‍ വാക്ക് മാറ്റിയിട്ടില്ല. തേനീച്ചയുടെ റാണിയെ സൂക്ഷിക്കുന്നതു പോലെ നിന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; പുറത്തെങ്ങും വിടാതെ.

വെള്ളപ്പം

രാമന്‍കുട്ടി ഒരു ഹോട്ടലില്‍ ചെന്ന് രണ്ടു വെള്ളപ്പം വാങ്ങി; അതിന്റെ കട്ടികൂടിയ നടുഭാഗം ഒഴികെ ബാക്കി തിന്നു. വീണ്ടും രണ്ടു വെള്ളപ്പം വാങ്ങി അപ്രകാരം ചെയ്‌തു. ഇത് കണ്ട സപ്ലയര്‍ കാരണം ചോദിച്ചു; രാമന്‍ കുട്ടിയുടെ മറുപടി: ഞാന്‍ ചികിത്സയിലാണ്‌; കട്ടിയുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്. 

Wednesday, November 6, 2013

നേതാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍, ജഗദീശ്: ആരാണ്‌ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാവുക? മമ്മൂട്ടിയോ മോഹന്‍ ലാലോ?

ശ്രീനിവാസന്‍: അവര്‍ രണ്ടു പേരും എല്‍.ഡി.എഫില്‍ ചേരുകയും ഒരാള്‍ മുഖ്യ മന്ത്രിയും മറ്റേ ആള്‍ പാര്‍ട്ടി സെക്രട്ടരിയും ആവുകയാണെങ്കില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കും. 

Wednesday, October 30, 2013

വിവാഹ വാര്‍ഷികദിനം 

'ചേട്ടാ, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികദിനമാണ്‌.'

'ഓഹ്, നീ അതൊക്കെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ടാല്ലോ. നല്ലത്. ഇന്ന് നിനക്ക് ഞാനൊരു സമ്മാനം തരാന്‍ ഉദ്ദേശിക്കുന്നു. പറയൂ; എന്താണ്‌ വേണ്ടത്?

'ഞാനാവശ്യപ്പെടുന്ന സമ്മാനം തരുമോ?'

'നീ ചോദിക്കുന്നതെന്തും തരണമെന്നാണ്‌ എന്റെ ആഗ്രഹം. പക്ഷേ, എന്റെ സാമ്പത്തികശേഷി നിനക്കറിയാമല്ലോ. അതിന്റെ പരിധിയിലൊതുങ്ങുന്ന എന്തും തരാം.'

'സാമ്പത്തിക ബാദ്ധ്യത വരാത്ത സമ്മാനമായാലോ?'

'ഓ, സന്തോഷം; തരാം.'

'സാമ്പത്തികലാഭമുള്ള സമ്മാനമാണെങ്കിലോ?'

'അങ്ങനെ ഒരു സമ്മാനമോ? ശരി. എന്തായാലും തരാം.'

'ഇന്നൊരു ദിവസമെങ്കിലും എന്റെ ചേട്ടന്‍ പരസഹായം കൂടാതെ തിരിച്ചുവരണം; എനിക്കതു മാത്രം മതി.'

Monday, October 28, 2013

സര്‍ട്ടിഫിക്കറ്റ്‌

Najm Zaman writes:

നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന്‌ പങ്കെടുക്കുന്നു.

ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട്‌ ചോദിച്ചു: വേന്‍ ശഹാദ?

സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന്‌ ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന്‌ കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാഹ്‌.

ഇത്‌ കേട്ട്‌ അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'

'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു  അന്ന മുഹമ്മദര്‍റസൂലുല്ലാഹ്‌' എന്ന്‌ ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.

എല്ലാം കഴിഞ്ഞ്‌ പുറത്തു വന്ന്‌ കമ്പനിയിലെ മറ്റൊരു മലയാളിയോട്‌ ഇന്റര്‍വ്യുവിനെ കുറിച്ച്‌ പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക്‌ ജോര്‍ദാനി ചോദിച്ചത്‌ സര്‍ട്ടിഫിക്കറ്റ്‌ ആയിരുന്നു എന്ന്‌ മനസ്സിലായത്‌.

അനുസരണ

Pc SanalKumar Ias Rtd writes:

ഒരു പാപ്പാന്റെ വിവാഹം കഴിഞ്ഞു.
പിറ്റേന്ന് അയല്‍ക്കാരി ചേച്ചി ചോദിച്ചു: 'എന്തായിരുന്നു പെണ്ണേ, ഇന്നലെ വീട്ടില് അര്‍ദ്ധരാത്രിയില് വലിയ ബഹളം കേട്ടല്ലോ. ഞങ്ങളുമൊക്കെ കല്യാണം കഴിച്ചിട്ടുള്ളവരാ, കേട്ടോ.'

'ഓ എന്തു പറയാനാ ചേച്ചീ? അയാള് എന്നെ അനുസരണ പടിപ്പിക്കുകയായിരുന്നു. ഇരിയെടീ, നില്ലെടീ, കുനിയെടീ എന്നൊക്കെ ഉള്ള കല്പനകള്‍. കുറെ കഴിഞ്ഞപ്പം ശരിക്കും എനിക്കങ്ങു മദം ഇളകി.'

'എന്നിട്ടെന്തായി?'

'എന്താകാനാ.ആ മൂലയില് കിടപ്പുണ്ട്. ഞാന്‍ രണ്ടു ചവിട്ടേ ചവിട്ടിയുള്ളൂ.'

Sunday, October 20, 2013

ഉറക്കം

അപരിചിതമായ ആ നഗരത്തില്‍ ഞാനെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ലോഡ്‌ജില്‍ കിടന്നാല്‍ വേഗം ഉറക്കം വരില്ല. അതു വരെ വായിക്കാന്‍ കയ്യില്‍ പുസ്‌തകം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ്‌ അടയ്ക്കാന്‍ തുടങ്ങിയ ആ ബുക്‌ സ്റ്റാളില്‍ ഞാന്‍ കയറിയത്. ആകെ പരതിയിട്ടും പറ്റിയതൊന്നും കിട്ടിയില്ല. അവസാനം ഞാന്‍ ഒരു പേന വാങ്ങി.

പകല്‍മാന്യന്മാര്‍

പഴയ പാട്ട്:

പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.

പുതിയ പാട്ട്:

ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു. 

കോഴി

ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്‌?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'

Friday, October 18, 2013

പത്തു മാസം

അമ്മ: നിന്നെ പത്തു മാസം ചുമന്നു നടന്നവളാണ്‌ ഞാന്‍.  എന്നിട്ടും ഞാന്‍ പറയുന്നതൊന്നും നീ അനുസരിക്കുന്നില്ലല്ലോ.

മകന്‍: അമ്മ ഈ കസേരയില്‍ കയറിയിരിക്ക്. അമ്മയെ ഞാന്‍ പത്ത് മാസം ചുമന്നോണ്ട് നടക്കാം. അപ്പോള്‍ ആ കടമങ്ങ് വീടുമല്ലോ.

ഷര്‍ട്ടും പേന്റും

ഡുണ്ടു: എന്റെ റെയ്‌ന്‍ കോട്ടുമിട്ടാണോ നിന്റെ നടപ്പ്?

ടിന്റു: അതേ.

ഡുണ്ടു: അതിവിടെ അഴിച്ചു വച്ചിട്ട് പോയ്ക്കോ.

ടിന്റു: നിന്റെ ഷര്‍ട്ടും പേന്റും നനയാതിരിക്കാനാണ്

കറി

രാജന്‍: നീ കല്യാണത്തിനു പോയില്ലേ?

സതീഷ്: പോയി.

രാജന്‍: എങ്ങനെയുണ്ട് സദ്യ?

സതീഷ്: പോത്താണ്‌ കറി വെച്ചത്.

ചില്ലറ

പതിനൊന്നു രൂപ നല്‍കേണ്ടിടത്ത് 100 രൂപാ നോട്ട് നല്‍കിയ യാത്രക്കാരനോട് കണ്ടക്ടര്‍: ഒരു രൂപ ചില്ലറയുണ്ടോ?

യാത്രക്കാരന്‍: പതിനൊന്നു രൂപ തന്നാലോ?

കണ്ടക്ടര്‍: വലിയ ഉപകാരം.

യാത്രക്കാരന്‍: ഇല്ലാഞ്ഞിട്ടാണ്‌. അല്ലെങ്കില്‍ തരുമായിരുന്നു. 

ഹജ്ജ്

ബീരാന്‍ ഹജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് ആജാനബാഹുവായ ഒരാള്‍ ബീരാനെ തട്ടിത്തെറിപ്പിച്ചു. ബീരാന്‍ അയാളെ ഇടിക്കാന്‍ ഓങ്ങിയതു കണ്ട മറ്റൊരാള്‍: ഇതു ഹജ്ജാണ്‌; അതിനിടയില്‍ ശണ്ഠകൂടാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഹജ്ജിന്റെ പുണ്യം  നഷ്ടപ്പെടും.

ബീരാന്‍: ഹജ്ജ് പിന്നെയും ചെയ്യാന്‍ കഴിയും. ഈ ചങ്ങാതിയെ പിന്നെ കാണുകയില്ല. 

മട്ടന്‍

ഒരാള്‍ ബീഫ്‌ കടയില്‍: ഇളയ കുട്ടന്റെ ഇറച്ചിയുണ്ടോ?

കടക്കാരന്‍: മട്ടന്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. 

Saturday, October 12, 2013

നര

Fasil Ks writes:

ജിജ്ഞാസയോടെ കുട്ടിയുടെ ചോദ്യം.: "അമ്മേ, എന്തു കൊണ്ടാണ് അമ്മയുടെ ചില മുടികള്‍ നരച്ചിരിക്കുന്നത് ? "

കിട്ടിയ തക്കത്തിനു മകനെ ഉപദേശിച്ചു കളയാം എന്ന് അമ്മയും തീരുമാനിച്ചു."മകനെ, നീയാണതിനു കാരണം. നീ ഓരോ പ്രാവശ്യം കുരുത്തക്കേട്‌ കാണിക്കുമ്പോഴും എന്റെ ഓരോ മുടി നരക്കാന്‍ തുടങ്ങും "

"ഓഹോ" കുട്ടി നിഷ്കളങ്കമായി പറഞ്ഞു " ഇപ്പൊ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അമ്മൂമ്മയുടെ മുടി മുഴുവന്‍ നരച്ചു പോയതെന്ന് !!"

#ഇംഗ്ലീഷ് കഥയോട് കടപ്പാട്

Tuesday, October 8, 2013

സുഖവാസകേന്ദ്രം

'അച്ഛനെവിടെ?'
'സുഖവാസകേന്ദ്രത്തില്‍.'
'ഓഹോ, നല്ല കാര്യം.'
'ഏതു സുഖവാസകേദ്രത്തിലാണ്‌?'
'മെഡിക്കല്‍ കോളേജില്‍'
'ങേ, എന്തു പറ്റി?'
'ഒരു അറ്റാക്ക്.'
'എന്നിട്ടാണോ സുഖവാസകേന്ദ്രത്തില്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്?'
'രോഗം സുഖമാകാന്‍ വേണ്ടി വസിക്കുന്ന കേന്ദ്രം എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളു.' 

സില്‍ക്ക്

പണ്ടൊരു കുട്ടി ഇങ്‌ഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്. അവന്‍  ഒരു പദത്തിന്റെ അര്‍ത്ഥം പഠിച്ചു. സില്‍ക്ക് = പട്ട്.

പിന്നെ അവന്‍ വീട്ടിലിരുന്ന് കുറേ പദങ്ങളുണ്ടാക്കി.
സില്‍ക്ക = പട്ട,
സില്‍ക്കി = പട്ടി,
സില്‍ക്കം = പട്ടം,
സില്‍ക്കണം = പട്ടണം,
സില്‍ക്കിണി = പട്ടിണി.

Wednesday, October 2, 2013

ഹൃദയം

തന്റെ കാറുമായി വര്‍ക്ക് ഷോപ്പിലെത്തിയ ഡോക്‌ടറോട് മെക്കാനിക്ക്: 'ഞാനീ യന്ത്രത്തിന്റെ ഹൃദയം തുറന്ന് അതിന്റെ വാല്‌വ് പുറത്തെടുത്ത് ശരിയാക്കി വീണ്ടും ഉള്ളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ?  എന്നിട്ടെന്താ? എനിക്ക് കിട്ടുന്നത് തുച്ഛമായ കൂലി. താങ്കള്‍ക്കോ ഭീമന്‍ ശമ്പളവും. ഇത് അനീതിയല്ലേ?'

ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്‌ടര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ട് ചോദിച്ചു: ആ എഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമോ? 

Wednesday, September 18, 2013

ഒതളങ്ങ

Ashraf Kandathinte writes

നല്ലൊരു ഓഫീസും കമ്പ്യൂട്ടറുമൊക്കെയായിട്ടാണ് ആ ഗ്രാമത്തില്‍ അയാള്‍ ബിസിനസ് തുടങ്ങിയത്. പിറ്റേ ദിവസം അവിടെ ബോര്‍ഡുയര്‍ന്നു. “ ഒതളങ്ങ ഒന്നിനു 10 രൂപ നിരക്കില്‍ എടുക്കപ്പെടും...”
ആള്‍ക്കാര്‍ അത്ഭുതപ്പെട്ടു. ആര്‍ക്കും വേണ്ടാത്ത ഒതളങ്ങയ്ക്ക് 10 രൂപയോ..! അവര്‍ നാടു മുഴുവന്‍ നടന്ന് ഒതളങ്ങ ശേഖരിച്ചു, അയാള്‍ പത്തുരൂപ നിരക്കില്‍ എല്ലാം വാങ്ങി. അധികം താമസിയാതെ ആ നാട്ടില്‍ ഒതളങ്ങ കിട്ടാതായി. അപ്പോള്‍ വീണ്ടും ബോര്‍ഡുയര്‍ന്നു:
“ ഒതളങ്ങ ഒന്നിനു 20 രൂപ..”
അതോടെ പലരും പുറത്തൊക്കെ പോയി ഒതളങ്ങ ശേഖരിച്ച് അയാള്‍ക്കു വിറ്റു. എല്ലാത്തിനും 20 രൂപ വീതം കിട്ടുകയും ചെയ്തു. ക്രമേണ ഒതളങ്ങ വരവ് വീണ്ടും കുറഞ്ഞു.
അപ്പോള്‍ അയാള്‍ വീണ്ടും വിലയുയര്‍ത്തി, ഒരെണ്ണത്തിനു 30 രൂപയാക്കി. കുറച്ചെണ്ണം കൂടി കിട്ടിയെങ്കിലും പിന്നീട് വരവ് തീരെ നിലച്ചു. അപ്പോള്‍ വീണ്ടും വിലയുയര്‍ന്നു,
“ഒരു ഒതളങ്ങ 50 രൂപ..!” മോഹവില. എന്നാല്‍ ഒരിടത്തും ഒതളങ്ങ കിട്ടാനില്ല.
ആയിടെ കമ്പനി ഉടമസ്ഥന്‍ തന്റെ അസിസ്റ്റന്റിനെ ഓഫീസിലിരുത്തി അത്യാവശ്യമായി വിദേശപര്യടനത്തിനു പോയി.
അസിസ്റ്റന്റ് അന്നാട്ടിലെ ചിലരോടു പറഞ്ഞു, “ഈ ഗോഡൌണില്‍ കിടക്കുന്ന ഒതളങ്ങ മുഴുവന്‍ ഞാന്‍ 35 രൂപയ്ക്കു നിങ്ങള്‍ക്കു തരാം. മുതലാളി വരുമ്പോള്‍ 50 രൂപയ്ക്ക് വിറ്റോളു, ഒരധ്വാനവുമില്ലാതെ 15 രൂപ ലാഭമുണ്ടാക്കാം..”
വിവരമറിഞ്ഞ ആള്‍ക്കാര്‍ ക്യൂ നിന്ന് ഗോഡൌണില്‍ കിടന്ന ഒതളങ്ങ മുഴുവന്‍ 35 രൂപ നിരക്കില്‍ കരസ്ഥമാക്കി. അവസാനത്തെ ഒതളങ്ങയും വിറ്റു തീര്‍ന്ന ആ രാത്രി അസിസ്റ്റന്റ് കടപൂട്ടി സ്ഥലം വിട്ടു.
ചാക്കുകളില്‍ ഉണക്ക ഒതളങ്ങയുമായി ആ നാട്ടുകാര്‍ കുറേനാള്‍ കാത്തിരുന്നു, പിന്നെ എല്ലാം കുഴിവെട്ടി മൂടി.

ചോദ്യം 

Ashraf Kandathinte writes:


മജിസ്ട്രേറ്റ് കോടതിയില്‍ ഒരു കേസിന്‍റെ വിചാരണ നടക്കുകയാണ്‌. വളരെ പ്രായം ചെന്ന ഒരു സ്ത്രീയെ സാക്ഷിയായി വിചാരണ ചെയ്യുന്നു. വാദി ഭാഗം വക്കീല്‍ എഴുന്നേറ്റു:

“മിസിസ്. അച്ചാമ്മ, ഞാന്‍ ആരാണെന്നു മനസിലായോ?”

അല്പം സൂക്ഷിച്ചു നോക്കിയിട്ട് : “ഓ നീയാ മത്തായീടെ ഇളയ മോനല്ലേ. നിന്നെ എനിയ്ക്കു പണ്ടേ അറിയാം. ചെറുപ്പം മുതലേ നീ കുറച്ച് അലമ്പായിരുന്നു. മറ്റുള്ളവരെ കുറിച്ചു കുറ്റം പറയലായിരുന്നു പ്രധാന ഹോബി. ആദ്യഭാര്യയെ തല്ലിയോടിച്ചവനല്ലേ നീ?  നീയെപ്പോഴാ വക്കീലായത്?”

വാദി ഭാഗം വക്കീല്‍ സ്തംഭിച്ചു പോയി. എന്തു പറയണമെന്ന് ഒരു പിടിയും കിട്ടിയില്ല. അയാള്‍ വീണ്ടും അവരുടെ അടുത്തു ചെന്നു. പ്രതിഭാഗം വക്കീലിനെ ചൂണ്ടിയിട്ടു ചോദിച്ചു:
“മിസിസ് അച്ചാമ്മ, ആ ആളെ മനസ്സിലായോ?”

അയാളെയും അല്പനേരം നോക്കിയിട്ട് അച്ചാമ്മ : “അതു ആ പപ്പനാവന്റെ മോനല്ലേ? അവനേം എനിയ്ക്കറിയാം. ചെറുപ്പത്തില്‍ എന്‍റെ വീട്ടില്‍ നിന്നു തേങ്ങായും മാങ്ങായുമൊക്കെ അടിച്ചോണ്ടു പോയിട്ടുണ്ട്. ഇവനു മൂന്നാലു പെണ്ണുങ്ങളുമായി ബന്ധമുണ്ടെന്നു നാട്ടില്‍ മുഴുവന്‍ പാട്ടല്ലേ. അതിലൊന്നു നിന്‍റെ കെട്ട്യോളാ. ഇവനെ പോലെ ഒരു മോശപെട്ട വക്കീല്‍ ഒരിടത്തുമില്ല.”

പ്രതിഭാഗം വക്കീല്‍ ബോധം കെട്ട അവസ്ഥയിലായി. ഇനിയെന്തു ചെയ്യണമെന്ന് രണ്ടു പേരും സ്തംഭിച്ചു നില്ക്കേ മജിസ്ട്രേറ്റ് രണ്ടു പേരെയും അരികിലേയ്ക്കു വിളിച്ചു:
“എന്നെക്കുറിച്ചെങ്ങാനും അവരോടു വല്ല ചോദ്യവും ചോദിച്ചാല്‍ ദൈവത്തിനാണേ ചോദിയ്ക്കുന്നവനെ ഞാന്‍ തൂക്കാന്‍ വിധിക്കും. ഓര്‍ത്തോളൂ.

വൈന്‍

Ashraf Kandathinte writes:



തണുപ്പുള്ള ഒരു തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍പെട്ട ഒരു കാര്‍ ഒരു പുരുഷനും മറ്റേ കാര്‍ ഒരു സ്ത്രീയുമായിരുന്നു ഓടിച്ചിരുന്നത്. അപകടത്തില്‍ ഇരു കാറുകളും ഭാഗികമായി തകര്‍ന്നിരുന്നു. അത്ഭുതമെന്നു പറയാമല്ലോ കാര്‍ ഓടിച്ചിരുന്ന രണ്ടുപേര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

ഇരുവരും കാറില്‍ നിന്നും പുറത്തിറങ്ങി. പുറത്തിറങ്ങിയതും പുരുഷന്‍ സ്ത്രീയെ ശകാരിക്കാന്‍ തുടങ്ങി.

"അല്ലേലും സ്ത്രീകള്‍ ഇങ്ങനെ തന്നെയാ, ഒരു ശ്രദ്ധയുമില്ലാതെയാ വാഹനം ഓടിക്കുന്നത്. നിങ്ങള്‍ സ്ത്രീകളാണ് അപകടങ്ങള്‍ കൂടുതലും ഉണ്ടാക്കുന്നത്."

അയാളുടെ ശബ്ദം കൂടിക്കൂടി വന്നു. എന്നാല്‍ ആ സ്ത്രീ വളരെ മാന്യമായി അയാളോട് പറഞ്ഞു:

"സുഹൃത്തേ, ഭാഗ്യത്തിന് നമുക്ക്‌ രണ്ടാള്‍ക്കും ഒന്നും പറ്റിയില്ലല്ലോ. ഒരു പക്ഷെ നമ്മളെ രണ്ടാളെയും എക്കാലവും നല്ല സുഹൃത്തുക്കളാക്കാന്‍ ദൈവം ഒരുക്കിയതായിരിക്കും ഈ അപകടം. അതിനു നമുക്ക്‌ ദൈവത്തോട് നന്ദി പറയാം."

തെറ്റ്‌ പൂര്‍ണ്ണമായും സ്ത്രീയുടെ ഭാഗത്തായിരുന്നിട്ടും ആ പാവം അവളുടെ വാചകത്തില്‍ വീണുപോയി. ആ സ്ത്രീ കാറിന്റെ പിന്‍ സീറ്റില്‍ നിന്നും ഒരു വൈന്‍ കുപ്പി കൈയ്യിലെടുത്തിട്ടു പറഞ്ഞു:

"നോക്കൂ സുഹൃത്തേ, ദൈവത്തിന്‍റെ ഓരോ കളികള; നമുക്ക്‌ രണ്ടാള്‍ക്കും ആഘോഷിക്കാനായി ദൈവം ഒരു പോറല്‍ പോലുമേല്‍പ്പിക്കാതെ ഈ വൈന്‍ കുപ്പി കാത്തുരക്ഷിച്ചത് കണ്ടില്ലേ? ഇതാ പകുതി കുടിച്ചിട്ട് ബാക്കി എനിക്ക് തരൂ."

പണ്ട് ഹവ്വാ ആദത്തിനെ പഴം തീറ്റിച്ച കഥ അറിയാത്ത ആ പാവം ഒറ്റ വലിക്ക് കുപ്പിയുടെ പകുതി കാലിയാക്കി. ബാക്കി ആ സ്തീക്കു നീട്ടിക്കൊണ്ട് പറഞ്ഞു:

"സുഹൃത്തേ, നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാ......... സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു എല്ലാം മറക്കാനായി ഇതാ കഴിക്കൂ, ഇതിന്‍റെ പകുതി. ഇതോടെ എല്ലാ പ്രശനങ്ങളും തീര്‍ന്നല്ലോ."

അത് കേട്ട് ചിരിച്ചുകൊണ്ട് ആ സ്ത്രീ മറുപടി പറഞ്ഞു:

"പ്രശനം തീര്‍ന്നെന്നോ വെള്ളമടിച്ച് കാറോടിച്ച് എന്റെ കാറില്‍ കൊണ്ടോയി ഇടിപ്പിച്ചതും പോരാ ഞെളിഞ്ഞു നിന്ന് ഡയലോഗ് അടിക്കുന്നോ? ഞാന്‍ പോലീസിനെ വിളിച്ചിട്ടുണ്ട് അവര് വരട്ടെ, അവര് തീരുമാനമുണ്ടാക്കിക്കൊള്ളും."

ക്ലാസ്സ്‌ ടീച്ചർ

Ashraf Kandathinte writes:

വിവാഹശേഷം ശശിക്ക് ഒരു സ്ത്രീയുടെ ഫോണ്‍ കാൾ.

സ്ത്രീ : സർ, എനിക്ക് നിങ്ങളെ നേരിൽ കണ്ട് ഒന്ന് സംസാരിക്കണം. നിങ്ങളാണ്‌ എന്റെ കുട്ടികളിൽ ഒരാളുടെ അച്ഛൻ.

ശശി ഞെട്ടി.

ശശി : ഇത് സീമ ആണോ ?

സ്ത്രീ : അല്ലാ..

ശശി : ത്രേസ്യാ?

സ്ത്രീ : അല്ലാ ..

ശശി : ഉണ്ണി മേരി?

സ്ത്രീ : അല്ലാാാ ...

ശശി : പിന്നാരാണു നിങ്ങൾ ..

ആശയ കുഴപ്പത്തിൽ ആയ സ്ത്രീ: സർ, ഞാൻ നിങ്ങളുടെ മകന്റെ ക്‌ളാസ്  ടീച്ചർ ആണ്. അവന്റെ പ്രോഗ്രസ്  റിപ്പോര്‍ട്ടിനെ പറ്റി   സംസാരിക്കാൻ ഒന്നിവിടെ വരെ വരണം.

വെള്ളമടി

Ashraf Kandathinte writes:
 
ശശിയും ഭാര്യയും സഞ്ചരിക്കുന്ന കാർ പോലീസ് തടഞ്ഞു.
പോലീസ്: "മിസ്റ്റര്‍ 55 കിലോ മീറ്ററില്‍ സഞ്ചരിക്കേണ്ട റോഡിലൂടെ താങ്കള് 70 കിലോമീറ്റര് വേഗതയില്‍  സഞ്ചരിചില്ലേ. ആയിരം രൂപ ഫൈനുണ്ട്!

ശശി : " ഇല്ല സാര്‍,  60 ലാ പോയത്."
ഭാര്യ : "അല്ല ശശിയേട്ടാ, നമ്മള് 80 ല്‍ അല്ലെ വന്നത്?"
ശശി സംയമനം പാലിക്കുന്നു.

പോലീസ്:  "എന്തായാലും ഒരു ഹെഡ് ലൈറ്റ് പൊട്ടി കിടക്കുകയാ അതിനു ആയിരം രൂപ ഫൈനുണ്ട് "
ശശി: "അയ്യോ സാറേ അതിപ്പോ പാര്‍ക്ക് ചെയ്തിടത്ത് നിന്ന് പൊട്ടിയതാ.
നാളെ രാവിലെ നന്നാക്കാന്‍ കൊടുക്കണം."
ഭാര്യ : " ശശിയേട്ടാ, ചേട്ടന് ഇത് തന്നെയാ രണ്ടാഴ്ച ആയി പറയുന്നേ.
നാളെ രാവിലെ കൊടുക്കാം എന്ന്. നാളെയെങ്കിലും കൊടുക്കണേ."
ശശി സംയമനം പാലിക്കുന്നു.

പോലീസ് : "സീറ്റ് ബെല്‍റ്റ് ഇടാതെ അല്ലെ വന്നത് അതിനും ഫൈനുണ്ട്, അഞ്ഞൂറു രൂപ "
ശശി : "അയ്യോ സാര്‍ അത് ഇപ്പോള്‍ വണ്ടി നിര്‍ത്തിയപ്പോ ഊരിയതാ."
ഭാര്യ : ശശിയേട്ടാ ... ചേട്ടന് സീറ്റ് ബെല്‍റ്റ് പണ്ടേ ഇഷ്ട്ടം അല്ലല്ലോ."
കണ്ട്രോള്‍ വിട്ട ശശി: " ഫാ...മണ്ടത്തി ... മിണ്ടിപ്പോകരുത്‌ ആവശ്യം ഇല്ലാത്തിടത്ത്
കയറി അഭിപ്രായം പറയുന്നോടീ?"

പോലീസ് : "നിങ്ങളുടെ ഭര്ത്താവ് എപ്പോഴും ഇങ്ങനെ ആണോ പെരുമാറുന്നത്?"
ഭാര്യ : "ഏയ് ശശിയേട്ടൻ പാവമാ... വെള്ളമടിച്ചാലേ എന്നോട് ദേഷ്യപ്പെടാറുള്ളൂ.

Sunday, September 8, 2013

സമ്മാനം

'ഹെലോ'

'ഹെലോ'

'കണ്‍ഗ്രാജുലേഷന്‍സ്'

'എ.. എന്താ?'

'ഇന്ത്യയിലെ പ്രശസ്‌തമായ ജ്വല്ലറിയായ 'സ്വര്‍ണ്ണക്കട'യുടെ ഓണം നറുക്കെടുപ്പില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.'

'ഞാന്‍ ആ ജ്വല്ലറിയില്‍ നിന്ന് സാധനമൊന്നും വാങ്ങിയിട്ടില്ലല്ലോ, പിന്നെങ്ങനെയാ എനിക്ക് സമ്മാനം കിട്ടുന്നത്?'

'അത് ഞങ്ങള്‍ മൊബൈല്‍ നമ്പറുകളിട്ട് നറുക്കെടുക്കുകയായിരുന്നു. അങ്ങനെയാണ്‌ ഇപ്പോള്‍ പല കമ്പനികളും ചെയ്യുന്നത്.'

'ഓ അങ്ങനെയാണോ? ഏതായാലും ഞാന്‍ വിജയിച്ചതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.'

'ഓകെ. ആ സന്തോഷത്തില്‍ ഞങ്ങളും പങ്കാളികളാകുന്നു.'

'ആട്ടെ, എന്താ സമ്മാനം?'

'നിങ്ങള്‍ നേടിയിരിക്കുന്ന സമ്മാനം മൂന്നു പവന്‍ സ്വര്‍ണ്ണമാലയാണ്‌.'

'അതെയോ? എന്റമ്മോ! ഇന്നലെ വാരഫലത്തില്‍ കണ്ടിരുന്നു സ്വര്‍ണ്ണം ലഭിക്കുമെന്ന്.'

'നിങ്ങളുടെ പോസ്റ്റല്‍ അഡ്ഡ്രസ്സ് പറഞ്ഞു തരൂ. സമ്മാനം ആ അഡ്രസ്സില്‍ അയക്കുന്നതാണ്‌.'

'ശാന്തമ്മ
ചാണകക്കുഴി വീട്
പി.ഒ. പശുത്തൊഴുത്ത്
വഴി. കാലിച്ചന്ത'

'സമ്മാനപ്പൊതി വരുമ്പോള്‍ ആയിരം രൂപ നല്‍കി അത് സ്വീകരിക്കണം.'

'1000 രൂപയോ? അതെന്തിനാണ്‌?'

'അത് സമ്മാനം അയക്കുന്നതിന്നുള്ള വിവിധ ചെലവുകളും നികുതികളും മറ്റുമാണ്‌.'

'അല്ല ഞാനൊന്ന് ചോദിക്കട്ടെ; മൂന്നു പവന്‍ സ്വര്‍ണ്ണം സമ്മാനം എന്നു പറഞ്ഞാല്‍ ഒരു 60,000 രൂപക്കു മേല്‍ വില വരില്ലേ?'

'അതെ. ഇന്നത്തെ മാര്‍ക്കറ്റനുസരിച്ച് അറുപത്താറായിരത്തി....'

'ഇരിക്കട്ടെ, ഇത്രയും വലിയ തുക എനിക്ക് സമ്മാനമായി നല്‌കുന്ന നിങ്ങള്‍ക്ക് ഒരു ആയിരം രൂപ കൂടി ചെലവഴിച്ചുകൂടേ?'

'അത്; ഞങ്ങളുടെ കമ്പനി നിയമം അങ്ങനെയാണ്‌.'

'അതെയോ? എന്നാല്‍ നിങ്ങള്‍ക്ക് വലിയ ലാഭമുള്ള മറ്റൊരു നിര്‍ദ്ദേശം ഞാന്‍ മുമ്പോട്ടു വെക്കാം.'

'ശരി. പറയൂ...'

'നിങ്ങളെന്റെ പേര്‍ക്ക് മൂന്നു പവനു പകരം രണ്ടര പവന്‍ അയച്ചാല്‍ മതി. അല്ലെങ്കില്‍ വേണ്ട; രണ്ടു പവന്‍ മതി. എന്നാലും കുഴപ്പമില്ല. ആയിരം രൂപ തരാന്‍ എന്റെ കയ്യില്‍ ഇല്ല. ഇല്ലാഞ്ഞിട്ടാണേ, അല്ലാതെ നിങ്ങള്‍ മറ്റൊന്നും വിചാരിക്കരുത് കെട്ടോ.'

'.......'

'ഹെലോ, കട്ടായോ?'

ശാന്തമ്മയുടെ ആത്മഗതം: ഹല്ല, പിന്നെ; ഞമ്മളടുത്താ ഇവന്മാരുടെ ഒരു മറ്റേ കളി!


Saturday, September 7, 2013

ഭൂമിയില്‍

ആദ്യമായി വിമാന യാത്ര നടത്തുന്ന ഒരു സ്ത്രീ പയലറ്റിനോട്: ലക്‌ഷ്യത്തിലെത്തില്ലേ?കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ; അല്ലേ?

പയലറ്റ്: എനിക്ക് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരു കാര്യമേ ഉള്ളൂ. നിങ്ങളെ ആകാശത്തിട്ട് ഞാന്‍ തിരികെ പോരുകയില്ല; ഏതെങ്കിലും വിധത്തില്‍  എല്ലാവരെയും ഭൂമിയില്‍ തിരിച്ചെത്തിക്കുക  തന്നെ ചെയ്യും. 

Thursday, August 22, 2013

കുട്ടികള്‍

Ashraf Kandathinte writes:

അഞ്ചു മക്കളുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ ഓരോ വീട് കൊടുക്കുന്നു എന്ന് കേട്ടപ്പോള്‍ കുട്ടപ്പനും തോന്നി ഈ സ്കീമില്‍ ഒരു വീടിനു അപേക്ഷിക്കണം എന്ന്.
കുട്ടപ്പന്‍ ഭാര്യയോട്: എടീ, നമുക്ക് രണ്ടു കുട്ടികള്‍ ഇല്ലേ?അപ്പുറത്തെ സരസയുടെയുടെ മൂന്നു കുട്ടിള്‍ എന്റേതാണ്. നമുക്ക് ആ കുട്ടികളെ കൂടി ഇങ്ങോട്ട് കൊണ്ടുവരാം. അങ്ങനെ നമുക്ക് അഞ്ചു കുട്ടികളാകും. അങ്ങനെ നമുക്ക് വീടിനു അപേക്ഷിക്കുകയുംചെയ്യാം...
കുട്ടപ്പന്‍ പോയി സരസയുടെ മൂന്നുകുട്ടികളെ കൂട്ടിക്കൊണ്ടു വന്നു...
തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ സ്വന്തം മക്കളെ കാണാനില്ല...
കുട്ടപ്പന്‍: എടീ, നമ്മുടെ മക്കളെവിടെ?
ഭാര്യ : ആ മത്തായി വന്നു അയാളുടെ കുട്ടികളാണെന്ന് പറഞ്ഞു കൊണ്ടുപോയി.
അയാള്‍ക്കും വീടിനു വേണ്ടി അപേക്ഷിക്കാനാണത്രേ .! 

ജാപ്പനീസ് ഭാഷ

Ashraf Kandathinte writes:

ബിൽഗേറ്റ്സ് ഒരു പുതിയ തീരുമാനം എടുത്തു.
മൈക്രോസോഫ്റ്റ് യുറോപ്പിന് ഒരു പുതിയ ചെയർമാൻ.
ഇന്റർവ്യൂ ഹാളിൽ അയ്യായിരം പേര്‍.
ആദ്യ അനൌൻസ്മെന്റ്: ജാവ അറിയാത്തവർക്ക് മടങ്ങിപോകാം.
രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു ...ജാവയും കോപ്പും ഒന്നും അറിയുകേല. എന്നാലും വന്നതല്ലേ നിന്നുകളയാം , ഇവന്മാര് മൂക്കൊന്നും ചെത്തുകേലല്ലോ.
അടുത്ത അനൌൻസ്മെന്റ്: ഇരുനൂറു പേരെ എങ്കിലും മാനേജ് ചെയ്ത പരിചയം വേണം; ഇല്ലാത്തവർക്ക് തിരികെ പോകാം.
വീണ്ടും രണ്ടായിരം ആളുകൾ ഹാൾ വിട്ടറങ്ങി.
ശശി മനസ്സിൽ ഓർത്തു; രണ്ടവന്മാരെ ഇതുവരെ മാനേജ് ചെയ്യാൻ കിട്ടിയിട്ടില്ല , പിന്നല്ലേ ഇരുനൂറു. പോട്ട് പുല്ലു. ഇവിടെ നിന്നെന്നു കരുതി ഇവന്മാര് മൂക്കിക്കൂടെ കേറ്റുകയും ഒന്നും ഇല്ലല്ലോ. ചുമ്മാ നിന്ന് കളയാം.
അടുത്ത അനൌൻസ്മെന്റ്: മാനേജ്‌മന്റ്‌ ഡിഗ്രി ഇല്ലാത്തവർക്ക് പോകാം.
അഞ്ഞൂറ് പേര് സ്ഥലം കാലിയാക്കി.
ശശി ഉള്ളിൽ ഒന്ന് ഊറി ചിരിച്ചു. പത്തും ഗുസ്തിയും കഴിഞ്ഞ എനിക്ക് പുല്ലു ഡിഗ്രി. വന്ന സ്ഥിതിക്ക് നിക്കാം. അറ്റ്ലീസ്റ്റ് കളി ഒന്ന് കാണാമല്ലോ.
അവസാന അനൌൻസ്മെന്റ്: ജാപ്പനീസ് ഭാഷ അറിയാത്തവർക്ക് പോകാം.
നാനൂറ്റി തൊണ്ണൂറ്റി എട്ടുപേർ ഹാൾ വിട്ടിറങ്ങി.
ശശി ഒന്ന് പരുങ്ങി. ഈ പണ്ടാര ഭാഷയിൽ ഒരൊറ്റ അക്ഷരം അറിയില്ല. എന്നാലും അങ്ങ് നിന്ന് കളയാം
ഹാളിൽ ആകെ രണ്ടുപേര് മാത്രം ബാക്കിയായി.
ബിൽ ഗൈറ്റ്സ് അവരുടെ അടുത്തെത്തി ...
അവരോടായി പറഞ്ഞു: .നിങ്ങൾ രണ്ടുപേര് മാത്രമേയുള്ളൂ ജാപ്പനീസ് ഭാഷ അറിയാവുന്നവർ. ആ ഭാഷയിൽ നിങ്ങൾ തമ്മിൽ സംസാരിക്കുന്നതു കേൾക്കാൻ താല്പര്യമുണ്ട്.
ശശി മെല്ലെ തിരിഞ്ഞു മറ്റെയാളോട് ചോദിച്ചു: " എന്തൊക്കെയുണ്ടെടാ ആളിയാ "

മറ്റെയാൾ മറുപടി പറഞ്ഞു: "സുഖം തന്നെടെ മച്ചു .............."

Friday, July 26, 2013

മദ്യം 

ഒരു ഭാര്യയും ഭര്‍ത്താവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു. അപ്പോള്‍ ഭാര്യ പറഞ്ഞു: ഐ ലവ് യൂ.
ഇത് കേട്ട ഭര്‍ത്താവ് ആശ്ചര്യത്തോടെ ചോദിച്ചു: നീ തന്നെയാണോ സംസാരിക്കുന്നത്? അല്ലെങ്കില്‍ മദ്യമോ?
ഭാര്യ: അതെ, ഞാന്‍ തന്നെയാണ്‌ സംസാരിക്കുന്നത്.
ഭര്‍ത്താവ്: നീ സംസാരിക്കുന്നത് എന്നോടാണോ?
ഭാര്യ: അല്ല; മദ്യത്തോടാണ്‌.  

Thursday, July 25, 2013

ചാട്ടവാറടി

Navas Kadavanad writes:

ആഫ്രിക്കയിലെ ഒരു കൊടും കാട്ടിലൂടെ നടന്നു പോകുകയായിരുന്നു ഡിസൂസ എന്ന അമേരിക്കക്കാരനും സയീദ്‌ ജബ്ബാർ എന്ന പാകിസ്ഥാനും തൊട്ടി ശശി എന്ന ഇന്ത്യാക്കാരനും ,..... പൊടുന്നനെ കുറച്ചു കാട്ടു ജാതികാർ അവരെ പിടിച്ചുകൊണ്ടു കാട്ടുമൂപ്പന്റെ അടുത്തെത്തിച്ചു ,

"നിങ്ങൾ നിയമം തെറ്റിച്ചു ഞങ്ങളുടെ കാട്ടിൽ അതിക്രമിച്ചു കയറി നിങ്ങള്ക്ക് 100 ചാട്ടവാറടി ശിക്ഷ വിധിച്ചിരിക്കുന്നു " മൂപ്പന്‍ പറഞ്ഞു ഇത് കേട്ടുടനെ അമേരിക്കക്കാരൻ ശിക്ഷ ഇളവു കിട്ടാനായി കരഞ്ഞു പറയാൻ തുടങ്ങി ,....

അവസാനം മൂപ്പൻ പറഞ്ഞു " ശരി എങ്കിൽ ഒരു ഇളവു ചെയ്യാം നിങ്ങളെ അടിക്കുന്ന സമയത്ത്നിങ്ങൾ പറയുന്ന സാധനം മുതുകിൽ കെട്ടിവേച്ചേ അടിക്കൂ "

ആദ്യം അമേരിക്കക്കാരനായിരുന്നു അടി കിട്ടിയത്.... അടിക്കുന്നതിനു മുന്നേ അയാൾ അവടെ കിടന്ന ഒരു ചാക്ക് ആണ് മുതുകിൽ കെട്ടിവെക്കാൻ പറഞ്ഞത്... , കുറച്ചു അടികിട്ടിയപ്പോഴേക്കും ചാക്ക് കീറി അയാളുടെ മുതുകിൽ അടി കൊള്ളാൻ തുടങ്ങി.,...

അടുത്തത്‌ പാകിസ്താൻകാരന്‍റെ ഊഴമായിരുന്നു.... അയാള് തോട്ടി ശശിയെ പുച്ഛത്തോടെ നോക്കിയിട്ടു പറഞ്ഞു "ഞങ്ങൾ പാക്കിസ്ഥാൻകാര്‍ക്ക് വേദന യൊന്നും പ്രശ്നമല്ല... എന്റെ മുതുകിൽ നേരിട്ട് തല്ലിക്കോ "

അടുത്തത്‌ തൊട്ടി ശശീയുടെ ഊഴം ആയിരുന്നു...

" നിനക്കെന്താ മുതുകിൽ കെട്ടാൻ വേണ്ടത് " മൂപ്പൻ ചോദിച്ചു ....

ഒട്ടും ആലോചിക്കാതെ ശശി പറഞ്ഞു " എന്‍റെ മുതുകിൽ ഈ നില്ക്കുന്ന പാക്കിസ്ഥാൻ കാരനെ കെട്ടി വെച്ചാൽ മതി തമ്പ്രാ "

Friday, July 19, 2013

വാക്കേറ്റം

Usman Iringattiri writes:

ഭാര്യയും ഭര്‍ത്താവും തമ്മില്‍ പൊരിഞ്ഞ വാക്കേറ്റം നടക്കുകയാണ്.
പറയാന്‍ പാടില്ലാത്തതും മറക്കാന്‍ പറ്റാത്തതുമൊക്കെ വിളിച്ചു പറഞ്ഞിട്ടൊടുവില്‍ ഭാര്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു:
''നിങ്ങളോടൊപ്പം ഇനി എനിക്ക് വയ്യ.
ഞാന്‍ എന്റെ വീട്ടിലേക്കു പോകുകയാ... എന്റെ തല വിധി ..
എത്ര നല്ല അന്വേഷണങ്ങള്‍ വന്നതാ..''

മൂക്കൊലിപ്പിച്ചും തേങ്ങിക്കരഞ്ഞും അവള്‍ തന്റെ കീറിയ ബാഗിലേക്ക് സാരിയും മാക്സിയുമൊക്കെ വാരിവലിച്ചു വെക്കുകയാണ്.
പുറത്ത് ഒന്നും സംഭവിക്കാത്ത മട്ടില്‍ പത്രംവായിച്ചിരിപ്പാണ് അയാള്‍ .
ഒന്നും മിണ്ടുന്നില്ല.

അവസാനം അവള്‍ ബാഗും തോളിലിട്ട്‌ ഇറങ്ങി.
ഇടയ്ക്കിടെ അവള്‍ അയാളെ തിരിഞ്ഞു നോക്കുന്നുണ്ട്.
ഇപ്പോള്‍ തിരിച്ചു വിളിക്കും എന്ന പ്രതീക്ഷയിലാണ് നോട്ടം !
അയാള്‍ക്കുണ്ടോ വല്ല കുലുക്കവും?

അയാള്‍ കൂടുതല്‍ സീരിയസായി പത്രം വായിച്ചു കൊണ്ടിരിക്കുകയാണ്..
ഒടുവില്‍ സഹികെട്ട് അവള്‍ പറഞ്ഞു :
'ങ്ങള് വിളിക്ക് ണ് ണ്ടങ്കി അങ്ങട് വിളിക്യാ .. അല്ലെങ്കി ഞാനങ്ങ്ട് കേറി വരും..'
ഇത് കേട്ടപ്പോള്‍ അയാള്‍ക്ക്‌ ചിരി പൊട്ടി ..
'ന്നാ ന്റെ മോള് ങ്ങട് പോര്..'! :)

Thursday, July 18, 2013

കോട

ബിജു വി തമ്പി writes:

കട്ടപ്പനയിൽ പണ്ടൊരു യുവാവ്
വാറ്റാൻ ഉണ്ടാക്കിയ
കോട നിറച്ച ടാങ്കിൽ വീണു മരിച്ചു .
ചില കുടിയന്മാർ പറഞ്ഞു
"എന്ത് സുഖകരമായ മരണം ! "

Sunday, July 14, 2013

വിടവ്

Noufal T Purangu writes:

നമസ്കാരത്തില്‍ തോളുകള്‍ ചേര്‍ത്തു അണി ഒപ്പമാക്കി വിടവില്ലാതെ ചേര്‍ന്നു നില്‍ക്കണം എന്നാണ് നിയമം. ജുമുഅക്ക് വന്ന ഒരു മൊല്ലാക്ക അശ്രദ്ധമായി വരികള്‍ക്കിടയില്‍ വിടവിട്ടു നില്‍ക്കുന്ന ചെറുപ്പക്കാരെ കണ്ടു. അയാള്‍ അണി ഒപ്പമാക്കി ആ ഗാപ്പില്‍ കയറി നമസ്‌ക്കരിച്ചു.
നമസ്‌ക്കാരം കഴിഞ്ഞ ഉടനെ മൊല്ലാക്ക ഉപദേശം തുടങ്ങി:
"നിങ്ങള്‍ ഇങ്ങനെ അശ്രദ്ധരായി നമസ്കരിക്കരുത്. അണിയൊപ്പിച്ചു നില്‍ക്കണം. മാത്രമല്ല; അണികള്‍ക്കിടയില്‍ വിടവുണ്ടാകരുത്. അണിയിലെ ആളുകള്‍ തമ്മില്‍ അകലമിട്ടാല്‍ മനസുകള്‍ തമ്മില്‍ അകലും. അണികള്‍ക്കിടയില്‍ സ്ഥലം കാലിയാക്കിയാല്‍ അവിടെ പിശാച് കയറി നില്‍ക്കും എന്നാണു."
പൊറുതി കെട്ട ചെറുപ്പക്കാരില്‍ ഒരുവന്‍: "അവസാനം പറഞ്ഞതില്‍ എനിക്കൊരല്‍പ്പം സംശയമുണ്ടായിരുന്നു ഇപ്പോള്‍ അതും ഉറപ്പായി"

Thursday, July 11, 2013

മന്‍മോഹന്‍

ഒരാള്‍ ഒരു കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയാണ്‌. അതിനിടെ ഹാളില്‍ നിന്ന് മൊബൈല്‍ റിങ് ചെയ്‌തു.
ഇത് കേട്ടപ്പോള്‍ പ്രസംഗകന്‍ പറഞ്ഞു: വിവിധ ഇടങ്ങളില്‍ നാം ചെല്ലാറുണ്ട്. ഓരോയിടത്തും എത്തിച്ചേരുമ്പോള്‍, നമ്മുടെ മൊബൈല്‍ അവിടേയ്‌ക്കനുയോജ്യമായ മോഡിലേക്ക്  മാറ്റണം. ഇത്തരം സന്ദര്‍ഭങ്ങള്‍കനുയോജ്യമായ മോഡ്, മന്‍മോഹന്‍ മോഡ് ആകുന്നു.

Tuesday, July 9, 2013

ദാഹശമനി

കടുത്ത വരള്‍ച്ചയും ഉഷ്‌ണവുമുള്ള കൊടുംവേനലിലായിരുന്നു ഒരു വര്‍ഷത്തെ റമദാന്‍. വ്രതമനുഷ്ഠിക്കുന്നവരെ ദാഹം വല്ലാതെ തളര്‍ത്തുന്നുണ്ടായിരുന്നു. പക്ഷേ, ഒരു ഉമ്മാമയ്ക്ക് ദാഹം ഒരു പ്രശ്‌നമായി അനുഭവപ്പെട്ടില്ല. ആളുകള്‍ അതിന്റെ കാരണം ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു: മുത്തു നബിയുടെ സുന്നത്തെടുക്കുന്നതുകൊണ്ടാണ്‌ ദാഹമില്ലാത്തത്.
ഏതാണീ ദാഹശമനിയായ സുന്നത്തെന്ന് ജനം അന്വേഷിച്ചു. അപ്പോള്‍ അവര്‍
ആ രഹസ്യം വെളിപ്പെടുത്തി: വുദുവിനു ശേഷം അല്‍പ്പം വെള്ളം കുടിക്കണമെന്ന് ഒരു സുന്നത്തുണ്ട്. ഞാന്‍ പത്തു മണിക്ക് ഖുര്‍ആന്‍ ഓതാന്‍ വുദു എടുക്കും. പിന്നെ ളുഹ്‌റ്‌ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. പിന്നെ അസര്‍ നമസ്‌ക്കരിക്കാന്‍ വുദു എടുക്കും. 

Sunday, July 7, 2013

പഴം 

Adarsh Damodaran writes:

"വൈലോപ്പിള്ളിയുടെ മാമ്പഴം കണ്ടോ കുട്ട്യേ?"

"ഇല്ല, ഫ്രിഡ്ജിൽ സ്ട്രോബെറിയുണ്ട്, എടുക്കട്ടെ"

"അത് ഒരു പുസ്തകമാണ്, മോളെ"

"ഓ, ഇപ്പൊ ആരാ ഇതൊക്കെ വാങ്ങുന്നത്,
ആപ്പിളും ബ്ലാക്ക്ബെറിയും ഉണ്ടല്ലോ "

"അത് പഴങ്ങളല്ലേ, കുട്ട്യേ?"