Followers

Thursday, June 29, 2017

വിവാഹാലോചന


അയാളും ഭാര്യയും തമ്മില്‍ വഴക്ക് കൂടിയ ശേഷമാണ് കാലത്ത് ആപ്പീസില്‍ പോയത്.  വൈകീട്ട് തിരിച്ചു വരാന്‍ അല്‍പ്പം വൈകി.  കാളിംഗ് ബെല്‍ അടിച്ച ഉടനെ അകത്തു നിന്ന് ഭാര്യ വഴക്ക് പുനരാരംഭിച്ചിരുന്നു.

"ഇഷ്ടം ഉണ്ടാവുമ്പോ പോകുന്നു, തോന്നുമ്പോ വരുന്നു, ഇത് സത്രമല്ല, ഫോണ്‍ ചെയ്തിട്ട് എടുത്തില്ല ..... " അങ്ങനെയൊക്കെ പറഞ്ഞു കൊണ്ടാണ് ഭാര്യ വാതില്‍ തുറന്നത്.  അയാളുടെ കൂടെ ജോലി ചെയ്യുന്ന ഒരു ചെറുപ്പക്കാരന്‍ കൂടെ ഉണ്ടായിരുന്നു. ചെറുപ്പക്കാരനെ കണ്ടപ്പോള്‍ ഭാര്യ ശരിക്കും ചമ്മി.  പെട്ടെന്ന് അടുക്കളയിലേക്ക് വലിഞ്ഞ ഭാര്യ അയാളോട് കയര്‍ത്തു.

"ആരെങ്കിലും കൂടെ ഉണ്ടെങ്കില്‍ പറയണ്ടേ, വലിയ മോശമായില്ലേ, എന്നെപറ്റി അയാള്‍ എന്ത് വിചാരിക്കും, നിങ്ങള്‍ക്കും നാണമില്ലേ മനുഷ്യാ ........" ഭാര്യ തുടര്‍ന്നു.

മുഖത്ത് പാല്‍ പുഞ്ചിരി വരുത്തി ചെരുപ്പക്കാരനെ സ്വീകരിച്ച് ഇരുത്തി ചായയും പലഹാരവും ഒക്കെ നല്‍കി പറഞ്ഞയച്ച ശേഷം ഭാര്യ വഴക്ക് പുനരാരംഭിച്ചു.

"നിങ്ങള്‍ അയാളെ എന്തിനാ കൊണ്ടു വന്നത്?  അയാളുടെ മുന്നില്‍ എന്നെ കൊച്ചാക്കാന്‍ ഉള്ള പരിപാടി ആയിരുന്നല്ലേ ........."

"ഹേയ്, അല്ലേ അല്ല.  ഞാന്‍ അയാളെ ഒരു അപകടത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചതാ" അയാള്‍ പറഞ്ഞു.

"എന്ത് അപകടം? വെറുതെ നുണ പറയല്ലേ ..... " ഭാര്യ വിടുന്ന ലക്ഷണമില്ല.

"കഴിഞ്ഞ ആഴ്ച മുതല്‍ അയാള്‍ വിവാഹാലോചനകള്‍ ആരംഭിച്ചിരുന്നു. ഇവിടെ വന്നു കണ്ടു കാര്യങ്ങള്‍ മനസിലാക്കിയ സ്ഥിതിക്ക്,  ഇനിയിപ്പോ, അത് വേണ്ടെന്നു വെക്കാനാണ് സാധ്യത.  ഫ്രണ്ട് ഇന്‍ നീഡ്‌ ഈസ്‌ എ ഫ്രണ്ട് ഇന്‍ഡീഡ് എന്നല്ലേ!"

അവള്‍ തുടര്‍ന്ന് പറയുന്നത് കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ സോപ്പും തോര്‍ത്തും എടുത്ത് കുളിമുറിയിലേക്ക് കയറി.

Basheer Muhammed

No comments:

Post a Comment