Followers

Saturday, January 28, 2012

ബഷീറിന്‍റെ കുട


വൈക്കം മുഹമ്മദ് ബഷീര്‍ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി. തന്‍റെ കാലന്‍ കുട ഒരിടത്ത് തൂക്കിയിട്ടു; സീറ്റില്‍ ചെന്നിരുന്നു. അപ്പോള്‍ മറ്റൊരള്‍ ബഷീറിന്‍റെ കുടയുമെടുത്ത് ഇറങ്ങിപ്പോവുന്നു. ബഷീര്‍ അയാളെ വിളിച്ചിട്ട് ചോദിച്ചു: താങ്കളാണോ വൈക്കം മുഹമ്മദ് ബഷീര്‍?
അയാള്‍: അല്ല.
ബഷീര്‍: എങ്കില്‍ ആ കുട അവിടെ വച്ചേക്ക്. അത് വൈക്കം മുഹമ്മദ് ബഷീറിന്‍റെ കുടയാണ്‌.

ഉരല്‌

 വികാരിയച്ചന്‍: എന്നാലും ഏലിയമ്മേ, ഭര്‍ത്താവിനെ ഉലക്ക കൊണ്ടടിച്ചത് ശരിയായില്ല.
ഏലിയാമ്മ: ശരിയാണാച്ചോ, ഉരല്‌ പൊക്കി അതിയാന്‍റെ തലയിലിടാനാ എനിക്ക് തോന്നിയത്; ഞാന്‍ പൊക്കിയിട്ടത് പൊങ്ങിയില്ല.

ദാമ്പത്യജീവിതം



ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഒരു ചിന്തകന്‍ പറഞ്ഞത്: ഒന്നാം വര്‍ഷം ഭാര്യ പറയുന്നത് ഭര്‍ത്താവ് കേള്‍ക്കും. രണ്ടാം വര്‍ഷം ഭര്‍ത്താവ് പറയുന്നത് ഭാര്യ കേള്‍ക്കും. മൂന്നാം വര്‍ഷം ഭാര്യയും ഭര്‍ത്താവും പറയുന്നത് നാട്ടുകാര്‍ കേള്‍ക്കും.

കറുത്ത വസ്ത്രം


ഒരു വിവാഹച്ചടങ്ങ് വീക്ഷിക്കുകയായിരുന്ന കൊച്ചു കുഞ്ഞ് അമ്മയോട്: കല്യാണപ്പെണ്ണെന്താണമ്മേ വെള്ള വസ്ത്രം ധരിച്ചിരിക്കുന്നത്?
അമ്മ: വെള്ള വിശുദ്ധിയുടെ നിറമാണ്‌.
കുഞ്ഞ്: വെളുപ്പിന്റെ വിപരീതം കറുപ്പല്ലേ?
അമ്മ: അതെ.
കുഞ്ഞ്: അപ്പോള്‍ ചെറുക്കന്‍ കറുത്ത വസ്ത്രം ധരിച്ചതോ?


Friday, January 27, 2012

കഴുതയും ഫലിതവും

ഞാന്‍ ഒരു മൃഗശാലയില്‍ ചെന്നു. അപ്പോള്‍ എല്ലാ മൃഗങ്ങളും ചിരിക്കുകയായിരുന്നു; കഴുത എന്തോ കാര്യമായ ആലോചനയിലും.
അടുത്ത ആഴ്ചയും ഞാന്‍ അതേ മൃഗശാലയിലെത്തി. അപ്പോള്‍ എല്ലാ മൃഗങ്ങളും ഓരോരോ ജോലികളില്‍ വ്യാപൃതരാണ്‌. അതേസമയം കഴുത പൊട്ടിച്ചിരിക്കുകയായിരുന്നു.
കഴുതയുടെ തൊട്ടടുത്ത കൂട്ടിലുണ്ടായിരുന്ന കുതിരയോട്, രണ്ടു തവണയും കണ്ട കാര്യത്തെ സംബന്ധിച്ച് ഞാന്‍  അന്വേഷിച്ചു.
കുതിര പറഞ്ഞു: കഴിഞ്ഞ ആഴ്ച കുറുക്കന്‍ ഒരു തമാശ പറഞ്ഞിരുന്നു. അത് കേട്ടാണ്‌ ഞങ്ങളെല്ലാം അന്ന് ചിരിച്ചത്. കഴുതയ്ക്ക് ഇന്നാണ്‌ അത് മനസ്സിലായത്; അതുകൊണ്ടാണ്‌ അവന്‍ ഇപ്പോള്‍ ചിരിക്കുന്നത്‌.

Friday, January 13, 2012

മീന്‍ ഫ്രൈ



അദ്ധ്യാപകന്‍ കുട്ടികളോട്, അവര്‍ കാലത്ത് എന്ത് ഭക്ഷണമാണ്‌ കഴിച്ചത് എന്നന്വേഷിച്ചു.

ബാബു: ചപ്പാത്തിയും ഫിഷ് ഫ്രൈയും കഴിച്ചു.
അദ്ധ്യാപകന്‍: മലയാളത്തില്‍ പറ.
ബാബു: മീന്‍ ഫ്രൈ.
അദ്ധ്യാപകന്‍: പച്ച മലയാളത്തില്‍ പറ.
ബാബു: പച്ചമീന്‍ ഫ്രൈ.

പൈല്‍സ്



മദ്യപനായ മത്തായി വികാരിയച്ചനോട്: അച്ചോ, ഈ പൈല്‍സ് എന്ന് പറഞ്ഞാല്‍ എന്താണ്‌?
മത്തായിയുടെ മദ്യപാനം നിറുത്തിക്കാന്‍ ഈ ചാന്‍സ് ഉപയോഗിക്കാമെന്ന സദുദ്ദേശത്തില്‍ അച്ചന്‍ കള്ളം പറഞ്ഞു: മത്തായീ, അത് വളരെ പേടിക്കേണ്ട ഒരു രോഗമാണ്‌. അമിതമായി മദ്യപിക്കുന്നവര്‍ക്കാണ്‌ ഇത് പിടിപെടുക. എന്താ മത്തായിക്ക് ഇതുണ്ടോ?
മത്തായി: എനിക്കില്ലച്ചോ, മെത്രാന്‌ പൈല്‍സാണെന്ന് കേട്ടു; അതുകൊണ്ട് ചോദിച്ചതാണ്‌.

സീറ്റ് കിട്ടിയില്ല



വൈദികന്‍ ബസില്‍ കയറി; നല്ല തിരക്കായത് കൊണ്ട് സീറ്റ് കിട്ടിയില്ല. അദ്ദേഹം അല്‍പ്പം മുമ്പോട്ട് മാറിനിന്നപ്പോള്‍ ഒരു യുവാവ് എഴുനേറ്റു. അച്ചന്‌ വളരെ സന്തോഷമായി. ഇക്കാലത്തും ഇങ്ങനെ പുരോഹിതന്‍മാരെ നഹുമാനിക്കുന്ന ചെറുപ്പക്കാരുണ്ടല്ലോ എന്ന സന്തോഷം. അച്ചന്‍ അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞു. അയാള്‍ കൂട്ടാക്കിയില്ല. അച്ചന്‍ അയാളെ ബലമായി പിടിച്ചിരുത്താന്‍ ശ്രമിച്ചു. അയാള്‍ പരഞ്ഞു: എന്നെ വിടച്ചോ, എനിക്കിറങ്ങേണ്ട സ്ഥലമെത്തി.

എതിര്‌ നില്‍ക്കാറില്ല



സസുഖം കഴിയുന്ന ഒരു കുടുംബത്തിലെ ഭാര്യാ ഭര്‍ത്താക്കന്‍മാരോടായി ദൈവം പറഞ്ഞു: നിങ്ങള്‍ രണ്ടിലൊരാളെ എനിക്ക് വേണം. അത് ആരാണെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.
ഭര്‍ത്താവ്: ദൈവമേ, അത് ഞാനാകട്ടെ. ഞാന്‍ മരിച്ചാലും എനിക്ക് ധാരാളം സ്വത്തുള്ളത് കൊണ്ട് അതുപയോഗിച്ച് ഇവള്‍ക്ക് കുട്ടികളെ വളര്‍ത്താന്‍ കഴിയുമല്ലോ.
ഭാര്യ: ദൈവമേ, അദ്ദേഹത്തിന്‍റെ ഇഷ്ടത്തിന്ന് ഞാനൊരിക്കലും എതിര്‌ നില്‍ക്കാറില്ല; ഇക്കാര്യത്തിലും ഞാനതിന്ന് മുതിരുന്നില്ല.

കൂട്ടിപ്പോയാല്‍



അന്നാമ്മ അച്ചനോട്: വ്രതകാലത്ത് അറിയാതെ കോഴി 'കൂട്ടിപ്പോയാല്‍' എന്ത് ചെയ്യണം, അച്ചോ?
അച്ചന്‍: 'വാതിലടച്ചാല്‍' മതി അന്നാമ്മേ.

മണത്തറിഞ്ഞു



പള്ളിപ്പെരുന്നാളിന്ന് പ്രസംഗിക്കാനെത്തിയതായിരുന്നു ബിഷപ്പ്. സദസ്സ് വളരെ ശുഷ്കം. ക്ഷുപിതനായിക്കൊണ്ട് ഇടവകയച്ചനോട്: ഞാന്‍ ഇന്നിവിടെ പ്രസംഗിക്കാന്‍ വരുന്ന കാര്യം നേരത്തെ ഇടവകയില്‍ അറിയിച്ചിരുന്നില്ലേ?
അച്ചന്‍: ഇല്ല പിതാവേ. എന്നാലും അക്കാര്യം എങ്ങനെയോ ജനങ്ങള്‍ മണത്തറിഞ്ഞെന്നാണ്‌ തോന്നുന്നത്.

കാരണക്കാരന്‍



മുഴുക്കുടിയനും തമ്മാടിയുമായ ഔസേപ്പിന്‍റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതാണ്‌ വികാരിയച്ചന്‍.
ഔസേപ്പിന്‍റെ ഭാര്യ കുടുംബത്തിലെ സകല പ്രശ്നങ്ങളും കഷ്ടപ്പാടുകളും അച്ചന്‌ മുമ്പില്‍ നിരത്തി. (എന്നിട്ട് ഭര്‍ത്താവിന്‌ നേരെ വിരല്‍ ചൂണ്ടിയിട്ട് പറഞ്ഞു:) ഇതിയാന്‍ ഒരുത്തനാണച്ചോ ഇതിനെല്ലാം കാരണക്കാരന്‍.
അച്ചന്‍: ഔസേപ്പേ, നീ കേട്ടില്ലേ ഇപ്പറഞ്ഞതെല്ലാം?
ഔസേപ്പ്: കേട്ടച്ചോ.
അച്ചന്‍: ഔസേപ്പേ, മദ്യമാണ്‌ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം.
ഔസേപ്പ്: നന്ദിയുണ്ടച്ചോ. അച്ചനൊരാളെങ്കിലും പറഞ്ഞല്ലോ ഈ കുടുംബത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണക്കാരന്‍ ഞാനല്ലെന്ന്.

നരകം


പള്ളിയില്‍ നമസ്കാര ശേഷം കേട്ട അറിയിപ്പ്: നാളെ കാലത്ത് 10 മണിക്ക് മദ്‌റസാ ഹാളില്‍ ബഹുമാനപ്പെട്ട ഖാസി അവര്‍കളുടെ മതപ്രസംഗം ഉണ്ടായിരിക്കുന്നതാണ്‌. വിഷയം: നരകം. എല്ലാവരും കുടുംബ സമേതം അവിടെ എത്തിചേരാന്‍ പരമാവധി പരിശ്രമിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുകയാണ്‌.

കുര്‍ബാന



ഒരു ഹിന്ദു ക്രിസ്ത്യാനിയിയായ സുഹൃത്തിനെ കളിയാക്കാന്‍ വേണ്ടി ചോദിച്ചു: 'അല്ല, ഈ കുര്‍ബാനയെന്ന ആനയെ എവിടെയാ കെട്ടിയത്?
ക്രിസ്ത്യാനി: അത് ബ്രഹ്മാവെന്ന മാവില്‍ കെട്ടിയിരിക്കുന്നു.

പുരുഷനും സ്ത്രീയും



മുല്ലാ നസ്‌റുദ്ദീന്‍റെ ഭാര്യ അദ്ദേഹത്തോട് പറഞ്ഞു: നിങ്ങളെ എനിക്ക് വിചിത്രമായി തോന്നുന്നു. ചിലപ്പോള്‍ നിങ്ങള്‍ ഒരു നല്ല പുരുഷനാണ്‌. മാന്യന്‍, ധീരന്‍, എല്ലാം കൊണ്ടും കൊള്ളാവുന്നവന്‍. എന്നാല്‍ മറ്റു ചിലപ്പോള്‍ നിങ്ങള്‍ ഒരു പെണ്ണിനെ പ്പോലെയാണ്‌ തോന്നിക്കുന്നത്. നാണം കുണുങ്ങിയും ഉള്‍വലിയുന്നവനും അധീരനും മറ്റും. എന്താണ്‌ ഈ വിചിത്ര സ്വഭാവത്തിന്ന് കാരണം?
മുല്ല: അത് പാരമ്പര്യമാണ്‌.
 ഭാര്യ: പാരമ്പര്യമോ?
മുല്ല: അതെ, എനിക്ക് ജന്‍മം നല്‍കിയവരില്‍ ഒരാള്‍ പുരുഷനും മറ്റെ ആള്‍ സ്ത്രീയും ആണല്ലോ.

കല്‍പ്പന


മുല്ലാ നസ്‌റൂദ്ദീനോട് ഒരാള്‍ ചോദിച്ചു: എന്താണ്‌ പതിനൊന്നാമത്തെ കല്‍പ്പന?

മുല്ല: നീ പിടിക്കപ്പെടാതിരിക്കാന്‍ ശ്രമിക്കുക.

ഒരു സിനിമ



സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ മകന്‍ അച്ഛനോട്: അച്ഛാ, 'A' എന്നാല്‍ ഏന്താണര്‍ത്ഥം?
അച്ഛന്‍: 'A' എന്നാല്‍ ഒരു, ഒന്ന് എന്നൊക്കെയാണര്‍ത്ഥം.
മകന്‍: എന്നാല്‍ ഞാന്‍ ഇന്ന് 'ഒരു' സിനിമ കണ്ടു.

ഗോഡ്



ടീച്ചര്‍: വാട്ടീസ് യുവര്‍ നെയിം?
വിദ്യാര്‍ത്ഥി: ദേവന്‍.
ടീച്ചര്‍: റ്റെല്‍ മി ഇന്‍ ഇങ്ഗ്ലീഷ്, ആസ് എ കംപ്ളീറ്റ് സെന്‍റന്‍സ്.
വിദ്യാര്‍ത്ഥി: മൈ നെയിം ഈസ് ഗോഡ്

മൈ ഹെഡ്



കുട്ടി വീട്ടിലിരുന്ന് തന്‍റെ പാഠം ചൊല്ലിപ്പഠിക്കുകയാണ്‌: മൈ ഹെഡ്, ടീച്ചറുടെ തല... മൈ ഹെഡ്, ടീച്ചറുടെ തല.
അടുക്കളയിലെ പണിത്തിരക്കിനടയില്‍ ഇത് കേട്ട അമ്മ വിളിച്ച് പറഞ്ഞു: മോനേ അത് ശരിയല്ല. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അമ്മയുടെ തല... മൈ ഹെഡ്, അമ്മയുടെ തല.
ഇത് കേട്ടുകൊണ്ടാണ്‌ അച്ഛന്‍ കയറി വന്നത്. അച്ഛന്‍ പറഞ്ഞു: നീ ചൊല്ലുന്നത് ശരിയല്ലെടാ. മൈ ഹെഡ് എന്നാല്‍ എന്‍റെ തല എന്നാണ്‌.
കുട്ടി, തെറ്റ് തിരുത്തിക്കൊണ്ട് ഇങ്ങനെ ചൊല്ലി: മൈ ഹെഡ്, അച്ഛന്‍റെ തല... മൈ ഹെഡ്, അച്ഛന്‍റെ തല.
ഇത് കേട്ട ചേച്ചിയും തിരുത്തിക്കൊടുത്തു.
പിന്നെ ചേട്ടനും തിരുത്തിക്കൊടുത്തു.
അവസാനം കുട്ടി ഇങ്ങനെ ചൊല്ലി: മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല. മൈ ഹെഡ് ഞാനല്ലാത്ത എല്ലാവരുടേയും തല.

വിവാഹം



ഇടവക പുരോഹിതനോട് ഒരു ചെറുപ്പക്കാരന്‍റെ അന്വേഷണം: ഒരു വിവാഹം മാത്രമേ കഴിക്കാവൂ എന്ന് നിയമമുണ്ടാക്കാന്‍ കാരണമെന്താണ്‌?
പുരോഹിതന്‍: സ്വയം സംരക്ഷിക്കാന്‍ കഴിവില്ലാത്തവരെ നിയമം സംരക്ഷിക്കണമെന്നുണ്ട്.

Thursday, January 5, 2012

താഴെ വെച്ചു



അച്ചനും കപ്യാരും കൂടി ഒരിടം വരെ പോവുകയാണ്‌. വഴിക്കൊരു തോടുണ്ട്. ഇറങ്ങിക്കടക്കണം. അവര്‍ തോട് കടക്കാനൊരുങ്ങുമ്പോള്‍  ഒരു യുവതിയും അവിടെയെത്തി. അവള്‍ക്ക് ഒരു തരത്തിലും കടക്കാന്‍ കഴിയുന്നില്ല. അവസാനം കപ്യാര്‍ അവളെ ചുമന്ന് അക്കരെയെത്തിച്ചു.
പിറ്റേന്ന് കാലത്ത് അച്ചനും കപ്യാരും തമ്മില്‍ സംസാരിച്ചിരിക്കയായിരുന്നു. അപ്പോള്‍ അച്ചന്‍ കപ്യാരോട്: എന്നാലും അവളെ ചുമന്ന് കടത്തിയത് അത്രയങ്ങ് ശരിയായെന്ന് എനിക്ക് തോന്നുന്നില്ല.
കപ്യാര്‍: ഞാന്‍ തോട് കടന്നപ്പോള്‍ അവളെ താഴെ വച്ചു. അച്ചനിപ്പോഴും അവളെ ഏറ്റിക്കൊണ്ട് നടക്കുകയാണോ?

ഒരെണ്ണം ഫ്രീ



കത്രീന പന്ത്രണ്ടാമത്തെ പ്രസവത്തിന്‌ ഹോസ്പിറ്റലില്‍ അഡ്മിറ്റായിരിക്കയാണ്‌. ഭര്‍ത്താവ് ചാക്കോച്ചന്‍ ഡോക്ടറോട് പറഞ്ഞു: ഒരു ഡസന്‍ തികയ്കണമെന്നാണ്‌ ഞങ്ങള്‍ രണ്ടാളുകളുടേയും ആഗ്രഹം.
കത്രീനയുടെ പ്രസവം കഴിഞ്ഞപ്പോള്‍ കുട്ടികള്‍ രണ്ടെണ്ണം.
ഡോക്ടര്‍: ചാക്കോച്ചാ, കണക്ക് തെറ്റിയല്ലോ. ഇനിയിപ്പോള്‍ രണ്ട് ഡസന്‍ പൂര്‍ത്തിയാക്കുന്നോ, അതോ ഒന്നര മതിയോ?
ചാക്കോച്ചന്‍: ഡോക്ടര്‍ എന്താണിപ്പറയുന്നത്? എല്ലാറ്റിനും ഫ്രീയുള്ള കാലമല്ലേ? കത്രീന 12 പെറ്റപ്പോള്‍ കര്‍ത്താവ് ഒരെണ്ണം ഫ്രീ തന്നു. അത്രയേ ഉള്ളു.

വലിയ ഉപകാരം



വികാരിയച്ചന്‍ പൌലോസിനോട്: നിന്‍റെ ഭാര്യയെ തട്ടിക്കൊണ്ട് പോയ വര്‍ഗീസിനെ ഇന്ന് ഞാന്‍ കണ്ടിരുന്നു. ഞാന്‍ നന്നായിട്ട് ചീത്ത പറഞ്ഞു. അവന്ന് മാനസാന്തരം വരാനിടയുണ്ട്.
പൌ: അത് വേണ്ടായിരുന്നച്ചോ. ഇപ്പോള്‍ ഞാനവനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.
അച്ചന്‍: അപ്പോള്‍ 'ശത്രുവിനെ സ്നേഹിക്ക'യെന്ന പാഠം ന്നി പഠിച്ചുവല്ലേ?
പൌ: അതല്ലച്ചോ. അവന്‍ എനിക്ക് വലിയ ഉപകാരം ചെയ്തവനാണ്‌. അത്കൊണ്ടാ സ്നേഹിക്കുന്നത്.

നമ്മുടെ വീട്ടിലേക്ക്



അങ്ങേയറ്റം ദരിദ്രനായ ഒരാളും അയാളുടെ മകനും ഒരു വഴിക്ക് നടന്ന് പോവുകയാണ്‌. അപ്പോള്‍ ഒരു സംഘം ഒരു മയ്യിത്തുമായി വരുന്നു. കൂടെ മരിച്ചയാളുടെ ഭാര്യയുമുണ്ട്.
അവര്‍ വിലപിച്ചുകൊണ്ടിരിക്കുന്നു: എന്‍റെ പൊന്നേ, കിടക്കാന്‍ ബെഡ്ഡോ കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഇല്ലാത്ത, വിളക്കും വെളിച്ചവുമില്ലാത്ത, നേരം പോക്കിന്ന് അതിഥികള്‍ വരാത്ത ഒരിടത്തേക്കാണല്ലോ ഇവരിപ്പോള്‍ താങ്കളെ കൊണ്ട് പോകുന്നത്.

ഇത് കേട്ട് വഴിപോക്കനായ ദരിദ്രന്‍റെ മകന്‍ പറഞ്ഞു: ബാപ്പാ, ഇവര്‍ ഇയാളെ കൊണ്ട് പോകുനത് നമ്മുടെ വീട്ടിലേക്കാണെന്ന് തോന്നുന്നു.

താന്‍ കുഴിച്ച കുഴിയില്‍......



ടിന്‍റുമോന്‍ ഒരു ഖബര്‍സ്താനടുത്ത്കൂടി നടന്ന് പോവുകയായിരുന്നു. അപ്പോള്‍ ഒരു സ്ത്രീ ഒരു ഖബ്റിനടുത്തിരുന്ന് കരയുന്നത് അവന്‍റെ ശ്രദ്ധയില്‍ പെട്ടു.
ടിന്‍റുമോന്‍: എന്തിനാ നിങ്ങള്‍ കരയുന്നത്? ആരുടെ ഖബ്റാണിത്?
സ്ത്രീ: ഇതെന്‍റെ ഭര്‍ത്താവിന്‍റെ ഖബ്റാണ്‌. അദ്ദേഹം മരിച്ചതോടെ ഞാന്‍ ഒറ്റപ്പെട്ടുപോയി. എനിക്ക് ജീവിക്കാന്‍ വകയില്ലാതെയായി.
ടിന്‍റുമോന്‍: അദ്ദേഹത്തിന്‍റെ തൊഴിലെന്തായിരുന്നു?
സ്ത്രീ: ഖബര്‍ കുഴിക്കലായിരുന്നു.
ടിന്‍റുമോന്‍: താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുമെന്ന് അദ്ദേഹത്തിന്നറിയില്ലായിരുന്നോ?

കന്യക



പുരോഹിതന്‍: ഇവിടെ കൂടിയിരിക്കുന്ന സ്ത്രീകളിലെ കന്യകമാര്‍ എഴുന്നേറ്റ് നില്‍ക്കണം.
അപ്പോള്‍ ഒരു സ്ത്രീ അവരുടെ കൈകളില്‍ ഒരു കുഞ്ഞുമായി എഴുന്നേറ്റ് നിന്നു.
പുരോഹിതന്‍: നിങ്ങള്‍ ഒരു കന്യകയാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒരമ്മയല്ലേ?
അവര്‍: അതെ, ഞാനൊരമ്മയാണ്‌. പക്ഷെ, എന്‍റെ കയ്യിലിരിക്കുന്ന ഈ പെണ്‍കുഞ്ഞ്; അത് കന്യകയാണ്‌. അതിന്‌ സ്വയം എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയില്ലല്ലോ.

മരണം



പഴയ സോവിയറ്റ് യൂനിയനിലെ രോഗിയും അവശനുമായ ഒരു വൃദ്ധന്‍. ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലാതെ മരിക്കാന്‍ കിടക്കുന്നയാള്‍. ഒരു രാത്രിയില്‍ ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ടു ഞെട്ടിയുണര്‍ന്നു; അയാള്‍ ചോദിച്ചു: ആരാണത്?
മറുപടി: മരണം.
അയാള്‍: ഈശ്വരാ, നന്ദി. അതൊരു രഹസ്യപ്പോലീസുകാരന്‍ ആയിരിക്കുമോ എന്നായിരുന്നു, ഞാന്‍ പേടിച്ചത് .

മരിച്ചിട്ടില്ല



മുല്ലാ നസ്‌റുദ്ദീന്‍ അത്യാസന്ന നിലയിലയിലായിരുന്നു. ഒരു വൈദ്യന്‍ അദ്ദേഹത്തെ പരിശോധിച്ചു. നാടിമിടിപ്പ് നോക്കിയിട്ട് പറഞ്ഞു: രോഗി മരിച്ചിരിക്കുന്നു. (ഇയാള്‍ മദ്യപിച്ചിരുന്നു. അത് കൊണ്ട് നാടി പരിശോധിച്ചത് തെറ്റായിട്ടായിരുന്നു.)
മുല്ല കണ്ണ്‌ തുറന്ന് നോക്കുകയും വളരെ പ്രയസപെട്ടാണെങ്കിലും 'ഞാന്‍ മരിച്ചിട്ടില്ലെ'ന്ന് പറയുകയും ചെയ്തു.
മുല്ലയുടെ ഭാര്യ: ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ; വലിയ പഠിപ്പും പട്ടവുമുള്ള വൈദ്യരാ പറഞ്ഞത് നിങ്ങള്‍ മരിച്ചെന്ന്. അതല്ലാതെ ഇക്കാര്യത്തില്‍  നിങ്ങളുടെ വാക്ക് വിശ്വസിക്കന്‍ എനിക്കാവില്ല.

കമ്മ്യൂണിസ്റ്റ്



വൈക്കം മുഹമ്മദ് ബഷീറീനോട് ഒരാള്‍: ധാരാളം കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളുള്ള താങ്കള്‍ എന്ത് കൊണ്ടാണ്‌ ഒരു കമ്മ്യൂണിസ്റ്റാകാത്തത്?
ബഷീര്‍: കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍ നന്‍മയുള്ളവരാണ്‌. എന്നാല്‍ കമ്മ്യൂണിസത്തിന്ന് ഈ നന്‍മ വേണ്ടത്രയില്ല. അത്കൊണ്ട് ഞാന്‍ കമ്മ്യൂണിസത്തെ വിട്ട് കമ്മ്യൂണിസ്റ്റുകാരെ സുഹൃത്തുക്കളാക്കി.

ഒന്നും ഒന്നും



ഒന്നും ഒന്നും ചേര്‍ന്നാല്‍ രണ്ട്. ഇത് നമ്മുടെ സാധാരണ മനുഷ്യരുടെ അറിവ്.
എന്നാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ അദ്ദേഹത്തിന്‍റെ ഒരു കഥാപാത്രത്തെ കൊണ്ട് പറയിക്കുന്നത് ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്യ ഒന്നാകുമെന്നാണ്‌.
കുഞ്ഞുണ്ണി മാഷ് പറയുന്നത് ഇങ്ങനെ: ഒന്നും ഒന്നും തമ്മില്‍ ചേര്‍ക്കാന്‍ കഴിയില്ല. കാരണം ഒന്ന് ഒന്നേയുള്ളു.

ചട്ടുകം.



ടീച്ചര്‍: ഊഷ്മാവ് അളക്കുന്ന ഉപകരണത്തിന്‍റെ പേരെന്താണ്‌?
കുട്ടി: ചട്ടുകം.
ടീച്ചര്‍: നിന്നോട് ഞാനെന്താണ്‌ ചോദിച്ചത്?
കുട്ടി: ഉപ്പുമാവ് ഇളക്കുന്ന ഉപകരണത്തിന്‍റെ പേര്‌ ചോദിച്ചു.

നിയമം



ലാ - അതായത് നിയമം- കുറച്ചു പേരുടെ ആവശ്യത്തിനുവേണ്ടി കുറച്ചുപേര്‍ കൂടി ഉണ്ടാക്കി എല്ലാവരെയുംകൊണ്ട് അനുസരിപ്പിക്കുകയാണ്‌ ചെയ്യുന്നത്.
(പേജ് 18, ചിരിയും ചിന്തയും. ഇ.വി. കൃഷ്ണ പിള്ള, രചന ബുക്സ്, കൊല്ലം.)

കാട്ടാന



മുത്തശ്ശിയും കൊച്ചുമകളും സിനിമ കാണാന്‍ പോയി. അവര്‍ സിനിമയില്‍ ലയിച്ചിരിക്കയാണ്‌. അപ്പോഴുണ്ട് സ്ക്രീനില്‍ ഒരു കാട്ടാന പ്രത്യക്ഷപ്പെടുന്നു. മുത്തശ്ശിക്ക് പേടിയായി. കൊച്ചുമകള്‍ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു: മുത്തശ്ശീ, ഇത് സിനിമയാണ്‌.
മുത്തശ്ശി; അതെനിക്കറിയാം; പക്ഷെ ആനക്കതറിയില്ലല്ലോ.

മര്യാദക്ക് വണ്ടിയെടുക്ക്.



മരക്കച്ചവടക്കാരനായ ഹുസൈന്‍ ഹാജി തന്‍റെ ജീപ്പില്‍ മലമുകളില്‍ മരം മുറിക്കുന്നിടത്ത് പോവുകയാണ്‌. ഡ്രൈവറാണ്‌ ജീപ്പ് ഓടിക്കുന്നത്. നല്ല ചളിയുള്ള ഒരിടത്തെത്തി. സാമാന്യം നല്ല ഡ്രൈവറാണ്‌. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വണ്ടി മല കയറുന്നില്ല. ഇത് കണ്ട ഹാജി: താനങ്ങോട്ട് മാറി നില്‍ക്ക്; ഞാന്‍ ഓടിക്കാം.
എങ്ങനെയൊക്കെ ശ്രമിച്ചിട്ടും വണ്ടി ഒരിഞ്ച് പോലും മുമ്പോട്ട് നീക്കാന്‍ ഹാജിക്കും കഴിഞ്ഞില്ല.
ഹാജി ഡൈവിങ് സീറ്റില്‍ നിന്ന് മാറിയിരുന്നിട്ട് പറഞ്ഞു: ഇത് വരെ നീ ഇങ്ങനെയാണ്‌ ഓടിച്ചത്. ഇങ്ങനെയല്ല മര്യാദക്ക് വണ്ടിയെടുക്ക്.

ഏറ്റവും അടുത്ത്



ടീച്ചര്‍: ചന്ദ്രനോ പാകിസ്താനോ ഏതാണ്‌ നമ്മോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്?
കുട്ടി: ചന്ദ്രന്‍?
ടീച്ചര്‍: ചന്ദ്രന്‍ തന്നെയാണോ?
കുട്ടി: അതേ ടീച്ചര്‍; ചന്ദ്രനെ നമുക്ക് കാണാന്‍ കഴിയും; പാക്കിസ്താനെ കാണാന്‍ കഴിയില്ല. അപ്പോള്‍ ചന്ദ്രന്‍ തന്നെയല്ലേ അടുത്ത്?

ഡി.എന്‍.എ.



അച്ഛന്‍: ടെസ്റ്റ് കഴിഞ്ഞില്ലേ?. റിസല്‍റ്റ് എന്താണ്‌?
മകന്‍: ഞാന്‍ തോറ്റു.
അച്ഛന്‍: ഇനി മേല്‍ നീയെന്നെ അച്ഛാ എന്ന് വിളിക്കരുത്.
മകന്‍: ഞാന്‍ പോയത് ഡി.എന്‍.എ. ടെസ്റ്റിനായിരുന്നില്ല; വെറുമൊരു ഡ്രൈവിങ് ടെസ്റ്റിനായിരുന്നു.

മലയാളം



കമല: എടീ സരളേ ഞാനിങ്ങ് കേരളത്തില്‍ ജനിച്ചത് നന്നായി.
സരള: അതെന്താടീ?
കമല: ഞാന്‍ അമേരിക്കയിലെങ്ങാന്‍ ജനിച്ചിച്ചിരുന്നെങ്കില്‍, അവിടെ ഇംഗ്ളീഷ് പറയേണ്ടി വരുമായിരുന്നില്ലേ? എനിക്കൊരു പൊടി അറിയില്ലടീ. ഇവിടെയാകുമ്പോള്‍ മലയാളം പറഞ്ഞാല്‍ മതിയല്ലോ.

പ്ലൂട്ടോയെ പുറത്താക്കി



ഒരു പത്ര വാര്‍ത്ത:
പ്ലൂട്ടോയെ പുറത്താക്കി:
നാളെ ഭാരത് ബന്ദ്

ന്യൂ ദെല്‍ഹി: നവ ഗ്രഹങ്ങളുടെ ഭാഗമായി കണക്കാക്കിവന്നിരുന്ന പ്ലൂട്ടോയെ ഈയിടെ നവഗ്രഹങ്ങളില്‍ നിന്ന് പുറത്താക്കാന്‍ ചില ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിരിക്കയാണല്ലോ. ഇത് സാമ്രാജ്യത്ത ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. ഈ കിരാത നടപടിയില്‍ പ്രതിഷേധിച്ച് നാളെ ഭാരത ബന്ദ് നടത്താന്‍  സര്‍വ കക്ഷി യോഗം തീരുമാനിച്ചിരിക്കുന്നു. കേരളത്തില്‍  ഹര്‍ത്താല്‍ എന്ന പേരിലുള്ള ബന്ദായിരിക്കും നടക്കുകയെന്നും അറിയിപ്പില്‍ പറയുന്നു.

സായിപ്പ്



ഒരു സായിപ്പ് മലയാളം പഠിക്കാന്‍ വേണ്ടി കേരളത്തില്‍ വന്നു. ഒന്നാം നാള്‍ തന്നെ ആവർത്തിച്ച് കേട്ട  രണ്ടു വാചകം അദ്ദേഹം ശരിക്കും പഠിച്ചു.
1. മഹാ ഭാഗ്യം‌ കരണ്ട് വന്നല്ലോ.
2. ഒഹ് നാശം പിന്നെയും പോയി.

നൂറിന്‍റെ കടലാസ്



ബസില്‍ യാത്ര ചെയ്യുന്ന ഒരമ്മൂമ്മ സീറ്റിലും സീറ്റിന്നടിയിലും എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കണ്ടക്റ്റര്‍ അവര്‍ എന്താണ്‌ തെരയുന്നതെന്ന് അന്വേഷിച്ചു.
അമ്മൂമ്മ: എന്‍റെ നൂറിന്‍റെ കടലാസ് കാണുന്നില്ല.
ഉടനെ കണ്ടക്റ്റര്‍ ബെല്ലടിച്ച് ബസ് നിറുത്തി എന്നിട്ട് അവരോടൊപ്പം തെരയാന്‍ കൂടി. വളരെ പണിപ്പെട്ടിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. സങ്കടത്തോടെ കണ്ടക്റ്റര്‍ ചോദിച്ചു: അമ്മുമ്മാ, ഇനി എന്ത് ചെയ്യും?
അമ്മൂമ്മ: ഓ, അത് സാരമില്ല മോനേ. ഞാന്‍ ബസ്സിറങ്ങുന്നിടത്ത് രാമന്‍ നായരുടെ കടയില്‍ നിന്ന് പുതിയ ഒരു നൂറിന്‍റെ പൊതി വാങ്ങിക്കൊള്ളാം.

ദോശമാവ്



ടീച്ചര്‍: ചൂടാക്കുമ്പോള്‍ ഖരമായി മാറുന്ന ഒരു ദ്രാവകത്തിന്‍റെ പേര്‌ പറയുക.
കുട്ടി: ദോശമാവ്.

കടം



ബാബു തന്‍റെ കൂട്ടുകാരന്‍ കണ്ണനെ ദൂരെ ഒരിടത്ത് കച്ചവടത്തിന്ന് പോകാന്‍ ക്ഷണിച്ചു.
കണ്ണന്‍: എന്‍റെ കയ്യില്‍ കാഷില്ല; ഞാന്‍ വരുന്നില്ല.
ബാബു: എന്‍റെ കയ്യില്‍ 10000 ഉണ്ട്. 5000 നിനക്ക് കടം തരാം. എന്നിട്ട് നമുക്ക് ഷെയറായിട്ട് കച്ചവടം ചെയ്യാം.
കണ്ണന്‍ സമ്മതിച്ചു. ഇരുവരും കച്ചവടത്തിന്ന് പോയി. വഴിയില്‍ ഒരു കൊള്ള സംഘം അവരെ പിടി കൂടി.
അപ്പോള്‍ കണ്ണന്‍ ബാബുവിനോട്: ഇതാ പിടിച്ചോ, ഞാന്‍ നിനക്ക് തരാനുള്ള 5000. ഇനി നമ്മള്‍ തമ്മില്‍ ഒരു ഇടപാടും ബാക്കിയില്ല.

പരിപ്പ് കിട്ടുന്നില്ല



പുതിയ സൈക്കിള്‍ കിട്ടിയ കുട്ടി ഊണും ഉറക്കവും പോലും മറന്ന് സൈക്കിളില്‍ കളിക്കുകയാണ്‌. ഇത് കണ്ട അച്ഛന്‍: ഇവനിതിന്‍റെ പരിപ്പെടുക്കുമെന്നാ തോന്നുന്നത്.
കുട്ടി അമ്മയുടെ അടുത്ത് ചെന്ന് പറഞ്ഞു: അമ്മേ ഇതിന്‍റെ പരിപ്പെടുക്കുന്നത് എങ്ങനെയാണ്‌? ഒന്ന് കാണിച്ച് തരൂ. ഞാനെടുത്തിട്ട് പരിപ്പ് കിട്ടുന്നില്ല.

അറിയുമോ?



ഒരു നാട്ടിന്‍പുറത്തുകാരി ബസില്‍ കയറി; സീറ്റില്‍ ചെന്നിരുന്നു. കണ്ടക്റ്റര്‍ അടുത്ത് ചെന്ന് ചോദിച്ചു: എങ്ങോട്ടാ?
അവര്‍: മനസ്സിലായില്ല; നിങ്ങള്‍ക്കെന്നെ അറിയാമോ?

ആശ്വാസായി



നമ്പൂതിരിയോട് കാര്യസ്ഥന്‍: തിരുമേനീയുടെ കാര്‍ ഒരാളെ ഇടിച്ചു.
നമ്പൂതിരി: അയ്യോ, പൊല്ലാപ്പായല്ലോ, ഇനീപ്പം കേസും കൂട്ടവുമായി നടക്കണോല്ലോ, ന്‍റെ ഭഗവാനേ.
നമ്പൂതിരി ഇത് തന്നെ ആലോചിച്ചും പറഞ്ഞും ഇരിക്കുകയായിരുന്നു; അതിനിടെ  ഉണ്ണിനമ്പൂതിരി കയറിവന്നു പറഞ്ഞു: അച്ഛാ മുത്തച്ഛനെയാ നമ്മുടെ കാറിടിച്ചത്.
നമ്പൂതിരി: ഹാവൂ, ആശ്വാസായി, കേസിനും കൂട്ടത്തിനും പോവൂലാലോ.

പരിഹാരം



നമ്പൂതിരിയുടെ മകനെ ടീച്ചര്‍ അടിച്ചു; അവന്‍റെ കൈ മുറിഞ്ഞു. നമ്പൂതിരി ടീച്ചറെ കാണാന്‍ ചെന്നു.
ടീച്ചര്‍: പറ്റിപ്പോയി തിരുമേനീ. ഇതിന്ന് പരിഹാരമായി ഞാന്‍ എന്താ വേണ്ടതെന്നു വെച്ചല്‍ ചെയ്യാം.
നമ്പൂതിരി: എന്ത് വേണേലും ചെയ്വോ?
ടീച്ചര്‍: ചെയ്യാം തിരുമേനീ.
നമ്പൂതിരി: അവന്‍റെ ഇടത് കൈയല്ലേ മുറിഞ്ഞത്? അപ്പോ ടീച്ചര്‍ നാളെ കാലത്ത് ഇല്ലത്തേക്ക് വര്വാ. എന്നിട്ട് അവന്‍ കലത്ത് ഇടത് കൈ കൊണ്ട് ചെയ്യണതൊക്കെ അങ്ങ് ചെയ്ത് കൊടുക്വാ. അതന്നെ പരിഹാരം.

വൈരം

മൊല്ലാക്ക ഭാര്യയോടൊന്നുടക്കി. അയാള്‍ തറപ്പിച്ച് പറഞ്ഞു: ഇല്ല, ഇനി നിന്നോട് ഞമ്മള്‍ മിണ്ടൂലാ.
അപ്പോള്‍ ടി.വി.യിലെ വാര്‍ത്തയുടെ സമയമായിരുന്നു.
വാര്‍ത്ത: ഇന്ന് 'വൈര'വുമായി തീവണ്ടിയില്‍ യാത്ര ചെയ്ത യുവാവിനെ ചെന്നൈയില്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇത് കേട്ട മൊല്ലാക്ക ഭാര്യയോട്: എടീ, നബീസാ ഇനി ഞമ്മക്ക് നിന്നോടൊരു 'വൈര'വും ഇല്ല. ഈ വയസ്സ് കാലത്ത് സ്റ്റേഷനും കോടതിയുമായിട്ട് കളികാന്‍ വയ്യ.

ചെസ്സ്



ഉണ്ണിനമ്പൂതിരിയോട് അയല്‍ വാസി ചെറുക്കന്‍: ഉണ്ണി തിരുമേനിക്ക് ചെസ്സ് കളിക്കനറിയോ?
ഉണ്ണി: അറിയുമോന്ന്. താന്‍ പാടത്തേക്ക് നട. ഞാന്‍ ഷൂ ഇട്ടിട്ട് ഇപ്പോ വരാം.