Followers

Saturday, October 31, 2015

വാചകമടി

Rafeeque Socialite writes:
 ·
സമയം സന്ധ്യ കഴിഞ്ഞിരിക്കുന്നു. കവലയില്‍ ജീപ്പില്‍ ഘടിപ്പിച്ച മൈക്കില്‍ ഒരാള്‍  പ്രസംഗിക്കുകയാണ്. മുന്നില്‍ ശ്രോതാവായി ഉള്ളത് കള്ളു ഷാപ്പില്‍  നിന്ന് പൂസായി വന്ന വാസ്വേട്ടന്‍  മാത്രം.

പ്രസംഗം ഉച്ചസ്ഥായിയിലെത്തി.
"നാട്ടുകാരേ, ഇവിടെ പഞ്ചായത്തിന്റെ കീഴില്‍ പ്രവർത്തിക്കുന്ന കൊപ്ര യൂനിറ്റ് പൂട്ടിയിരിക്കുകയാണ്. പ്രിന്റിങ് യൂനിറ്റും ഗാര്‍മന്റ് യൂനിറ്റും പൂട്ടിയിരിക്കുകയാണ്."

ഇത്രയുമായപ്പോള്‍ വാസ്വേട്ടന്‍  ഇടപെട്ടു: "നിര്‍ത്തെടാ. അഞ്ചു മണി കഴിഞ്ഞാല്‍ ഇതൊക്കെ പൂട്ടും. അത് സാധാരണയാ. വാചകമടി മതിയാക്കി വീട്ടില്‍ പോടാ."

സര്‍ദാര്‍

ഡല്‍ഹിയില്‍ ഒരു സര്‍ദാറിന്റെ സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിക്കുകയായിരുന്നു രണ്ടു കേമന്മാര്‍.  അവര്‍ ആ സവാരിക്കിടയില്‍ കുറെ സര്‍ദാര്‍ ഫലിതങ്ങള്‍ പറഞ്ഞും റിക്ഷക്കാരനെ  കളിയാക്കിയും  ചിരിച്ചുകൊണ്ടിരുന്നു. പാവം റിക്ഷക്കാരന്‍ എല്ലാം കേട്ടുസഹിച്ചുകൊണ്ട് അവരെ ലക്‌ഷ്യത്തിലെത്തിച്ചു. റിക്ഷയില്‍ നിന്ന് ഇറങ്ങിയ ശേഷം അവര്‍ അന്വേഷിച്ചു: 'കൂലി എത്ര?'
സര്‍ദാര്‍ പറഞ്ഞു: 'കൂലി ഒന്നും വേണ്ടാ'.
അതും അവരെ ചിരിപ്പിച്ചു.
അപ്പോള്‍ സര്‍ദാര്‍ തന്റെ പോക്കറ്റില്‍ നിന്ന് ഒരു രൂപയുടെ രണ്ടു നാണയങ്ങളെടുത്ത് അവര്‍ക്കു നേരെ നീട്ടിക്കൊണ്ട് പറഞ്ഞു: 'നിങ്ങള്‍ ഈ രൂപ വാങ്ങി കയ്യില്‍ സൂക്ഷിക്കുക. എന്നിട്ട് ആദ്യം കാണുന്ന യാചകനായ സര്‍ദാറിന്‌ ഇത് നല്‍കുക.'

മാറ്റങ്ങള്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മസ്‌ജിദിലെ അറിയിപ്പില്‍ വന്ന മാറ്റങ്ങള്‍:

ഒന്നാം ഘട്ടത്തില്‍:
'പള്ളിയില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ല.'

അല്‍പ്പകാലത്തിനു ശേഷം:
'പള്ളി കോമ്പൌണ്ടില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

പിന്നീട്:
'പള്ളിയില്‍  കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

വീണ്ടും മാറ്റം:
'നമസ്ക്കാരസമയത്ത് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുക'

അടുത്ത ഘട്ടത്തില്‍:
'പള്ളി കോമ്പൌണ്ടില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

പിന്നെയും മാറ്റി:
'പള്ളിയില്‍ കയറുമ്പോള്‍ മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

അവസാന ഘട്ടത്തില്‍:
'നമസ്ക്കാരസമയത്ത് മൊബൈല്‍ ഫോണ്‍ സയലന്റാക്കുക.'

ബി ജെ പി

Shiyas Perumathura writes:

ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ജങ്ഷനിൽ ബി ജെ പി യുടെ വാഹന പ്രചരണത്തിൽ നിന്നും കേട്ടത്
"ഇനി ഒരു മുസൽമാന്റെ രക്തവും കേരളത്തിന്റെ മണ്ണിൽ വീഴാതിരിക്കാൻ, എൽ ഡി എഫ്, യു ഡി എഫ് അക്രമരാഷ്ട്രീയത്തെ അവസാനിപ്പിക്കാൻ ബി ജെ പി സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്ന് ഈ നാട്ടിലെ ജനാധിപത്യവിശ്വാസികളോട് വിനയത്തിന്റെ ഭാഷയിൽ അഭ്യര്‍ത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ് ."

Friday, October 30, 2015

ബീഫ്


Rafeeque Socialite writes:

ബാലറ്റ് മെഷീൻറെ പ്രവർത്തനം അയാൾ വിശദീകരിക്കാൻ തുടങ്ങി....
"വോട്ട് രേഖപ്പെടുത്തിയാൽ നീണ്ട ഒരു ബീപ് ശബ്ദം കേൾക്കാം...."
കൂടി നിന്ന ഒരു വോട്ടർ ചോദിച്ചു
"ങ്ങേ...ബീഫോ....."

Sunday, October 25, 2015

തിയറി

യൌവനത്തോട് വിടപറയുന്ന ഒരമ്മ: കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള അഞ്ചു തിയറികള്‍ നേരത്തെ എനിക്കറിയാമായിരുന്നു. എന്റെ ഒന്നാമത്തെ പ്രസവത്തിനു മുമ്പ് അവ ഞാന്‍  ആളുകള്‍ക്ക് വിശദീകരിച്ചുകൊടുക്കുകയും പ്രാവര്‍ത്തികമാക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് കുട്ടികള്‍ അഞ്ചുണ്ട്. തിയറികളെക്കുറിച്ച് ഞാന്‍  ഒന്നും മിണ്ടാറില്ല. 

ബാറ്ററി

Muhammed Salman P writes:

പതിമൂന്നു വര്‍ഷം ഗള്‍ഫില്‍ ജീവിച്ച ഒരു മലയാളി കുട്ടി ആദ്യമായി നാട്ടില്‍ വന്നതാണ്‌. രാവിലെ ഉറക്കമുണര്‍ന്ന് നോക്കിയപ്പോള്‍  മുറ്റത്തു കൂടി ഓടുന്ന ഒരു പൂവന്‍ കോഴിയെ കണ്ടു. മുമ്പൊന്നും അവന്‍ കോഴിയെ കണ്ടിട്ടില്ല. കൌതുകത്തോടെ അവനും കോഴിയുടെ പിന്നാലെ ഓടി. മുറ്റം മുഴുവന്‍ പല തവണ ഓടിത്തളര്‍ന്ന കോഴി ഒടുവില്‍ ഒരു മരച്ചുവട്ടില്‍ സഡന്‍ ബ്രേക്കിട്ടതു പോലെ നിന്നു. ഇതു കണ്ടപ്പോള്‍ കുട്ടി ഉറക്കെ വിളിച്ചു പറഞ്ഞു: മമ്മീ ഇതിന്റെ ബാറ്ററി തീര്‍ന്നു. 

ദോഷം

CR Rajalakshmi writes:

ആദ്യരാത്രിയില്‍ വരന്‍ വധുവിനോട്: ജാതകദോഷം കൊണ്ടാണ്‌ എന്റെ കല്യാണം ഇത്രയും വൈകിപ്പോയത്.
വധു: എനിക്ക് ജാതകദോഷമൊന്നും ഉണ്ടായിരുന്നില്ല. വേറൊരു ദോഷമായിരുന്നു.
വരന്‍: മനസ്സിലായില്ല.
വധു: പേരുദോഷം.

Thursday, October 15, 2015

പുഷ്പുള്‍

ഒരിക്കല്‍ എറണാകുളത്ത് ഭക്ഷണം കഴിക്കാനായി സീതിഹാജി ഒരു വന്‍കിട ഹോട്ടലില്‍ കയറി. പുഷ്/പുള്‍ എന്ന് എഴുതിവെച്ചിരുന്ന ഹാഫ്‌ഡോര്‍ തുറന്ന് അദ്ദേഹം അകത്തേയ്ക്ക് കയറി. മതിയായ ഭക്ഷണം കഴിച്ച് അതേ ഡോര്‍ തുറന്ന് പുറത്തിറങ്ങി. റോഡില്‍ വെച്ച് അദ്ദേഹം ഒരു സുഹൃത്തിനെ കണ്ടുമുട്ടി.
‘ഹാജി ഭക്ഷണം കഴിച്ചോ?’
‘കഴിച്ചല്ലോ’
‘എവിടെനിന്ന്?’
പിറകോട്ട് ചൂണ്ടിക്കാണിച്ച് ഹാജി പറഞ്ഞു. ‘അവിടെ പുഷ്പുള്‍ എന്നൊരു ഹോട്ടലുണ്ട്.’

DC Books

Wednesday, October 14, 2015

ജ്യോല്‍സ്യന്‍ 

കേരളത്തിലെ അറിയപ്പെടുന്ന  ഒരു ബിസിനസ് സ്ഥാപനത്തിലേക്ക് യോഗ്യനായ ഒരു ജ്യോല്‍സ്യനെ ആവശ്യമുണ്ട്. സ്ഥിരം നിയമനമാണ്‌ ഉദ്ദേശിക്കുന്നത്. സ്ഥാപനത്തിന്‌ ആവശ്യമായ ജ്യോതിഷ ഉപദേശങ്ങള്‍ നല്‍കുകയാണ്‌ ജോലി.  അസിസ്റ്റന്റ് മാനേജര്‍ക്ക് തുല്യമായ ശമ്പളവും മറ്റു ആനുകൂല്യങ്ങളും അതിനു പുറമെ കാണിക്കകളും  ലഭിക്കും.  സ്ഥാപനത്തിന്റെ പേര്‌ രഹസ്യമായി സൂക്ഷിക്കുന്നു.  കവടി നിരത്തിയോ മറ്റോ ഈ സ്ഥാപാനം ​ഏതെന്ന് കണ്ടുപിടിക്കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടുക. 

മൂത്രശങ്ക

ചന്ദ്രശേഖരൻ ചാലകുടി  writes:

തിരുവനന്ത പുരത്തു പഠിക്കുന്ന മകന്റെ, പൈസക്ക് വേണ്ടിയുള്ള അടിക്കടി യുള്ള കത്തുകൾ കൊണ്ടു തിരുമേനി പൊറുതി മുട്ടി. അയയ്ക്കുന്ന പണം പോരാ പോരാ എന്നു് മകന്‍റെ എഴുത്തുകള്‍. അകത്തുള്ളോരും പറഞ്ഞപ്പോള്‍‍ നമ്പൂതിരി തീരുമാനിച്ചു, തിരുവന്തരം വരെ പോയി ഒന്നു് നേരിട്ടു പരിശോധിക്കാം. നമ്പൂതിരി ബസ്സിറങ്ങി. നിയമാസഭാ മന്ദിരത്തിന്‍റെ ഭാഗം വന്നപ്പോള്‍‍ കലശലായ മൂത്രശങ്ക. പിന്നൊന്നും നോക്കിയില്ല.... കഴിഞ്ഞു. പോലീസ്സുകാരന്‍ 50 രുപയുടെ ശിക്ഷ കടലാസ്സുമായി. തിരുമേനി അതടച്ചു. നേരെ വീട്ടില്‍ വന്നൂ് അകത്തൊള്ളോളോടു് പറഞ്ഞു...ശിവ ശിവ..ഒന്നു മൂത്ര ശങ്ക മാറ്റാന്‍‍ രൂഫാ അമ്പതു്. അവന്‍‍ ശരിക്കും വലയുകയായിരിക്കുമല്ലോ.

ഇരുചക്രം 

ഓട്ടോറിക്ഷ ഒരിടത്ത് പാര്‍ക്ക് ചെയ്ത ശേഷം അതിന്റെ ഒരു വീല്‍ ഊരി മാറ്റുകയായിരുന്നു അയാള്‍. ഇതു കണ്ട സുഹൃത്ത്: എന്തു പറ്റി? എന്തിനാ വീല്‍ ഊരുന്നത്?
അയാള്‍: ഇവിടെ ഇരുചക്രവാഹനങ്ങള്‍ മാത്രമേ പാര്‍ക്ക് ചെയ്യാവൂ എന്ന് എഴുതി വെച്ചത് കണ്ടില്ലേ?

കളര്‍ ടി.വി

അയാള്‍  ടിവി വില്‍ക്കുന്ന കടയില്‍ ചെന്ന് ചോദിച്ചു: ഇവിടെ കളര്‍ ടി.വി ഉണ്ടോ?
സെയില്‍സ് മാന്‍: ഉണ്ടല്ലോ.
അയാള്‍ : എനിക്കൊരു പച്ച ടി.വി വേണം.

ഓക്സ്‌ഫോഡ്

ഒന്നാമന്‍: ഫോഡ് എന്നാല്‍ എന്താണ്‌?
രണ്ടാമന്‍: അതൊരു വണ്ടിയുടെ പേരാണ്‌.
ഒന്നാമന്‍: അപ്പോള്‍ ഓക്സ്‌ഫോഡ് എന്നാല്‍ കാളവണ്ടി ആയിരിക്കും അല്ലേ? 

ഒരേ പ്രായം 

അദ്ധ്യാപകന്‍: നിന്റെ വയസ്സെത്ര?
വിദ്യാര്‍ത്ഥി: 11
അദ്ധ്യാപകന്‍: നിന്റെ അച്ഛന്റെ വയസ്സെത്ര?
വിദ്യാര്‍ത്ഥി: 11
അദ്ധ്യാപകന്‍:   നിനക്കും അച്ഛനും ഒരേ പ്രായമാണോ?
വിദ്യാര്‍ത്ഥി: അതെ. ഞാന്‍ ജനിച്ചപ്പോഴാണ്‌ അങ്ങേര്‌ അച്ഛനായത്. 

ബി.എ.

 നിരക്ഷരനും തന്റെ കുഗ്രാമത്തിനു പുറത്തുള്ള ലോകം കണ്ടിട്ടില്ലാത്തവനുമാണ്‌ രായന്‍. എങ്കിലും   താന്‍ വലിയ വിവരമുള്ളവനാണെന്നാണ്‌   വിചരം.  പുതിയ ആരെ പരിചയപ്പെട്ടാലും അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അന്വേഷിക്കും. ആ പ്രദേശത്തുകാരില്‍ അപൂര്‍വ്വം ചില പത്താം ക്ലാസുകാരുണ്ടെങ്കിലും ബാക്കി എല്ലാം ഏഴിനു താഴെയാണ്‌. അതിനു മേലെയുള്ള വിദ്യാഭാസത്തെക്കുറിച്ച് അയാള്‍ക്ക് ഒരു ധാരണയുമില്ല. അതിനിടയില്‍   ഗ്രാമപ്പഞ്ചായത്തിലെ   ഒരു ഉദ്യോഗസ്ഥനെ രായന്‍ പരിചയപ്പെടാന്‍ ഇടയായി.
അയാളോട് രായന്‍: നിങ്ങള്‍ ഏതു വരെപഠിച്ചു?
ഉദ്യോഗസ്ഥന്‍: ബി.എ.
രായന്‍: ഹ ഹ. ആകെ പഠിച്ചത് രണ്ടക്ഷരം. അതു തന്നെ തലതിരിച്ചും.

ഡെലിവേര്‍ഡ്

പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാന്‍ പണമില്ലാത്തതുകൊണ്ടാണ്‌ അയാള്‍ അവരുടെ സ്വര്‍ണ്ണത്താലി പണയം വെക്കാന്‍ പോയത്. ബാങ്കിലിരിക്കെ മൊബൈല്‍ ഫോണില്‍ ഭാര്യയെ പല തവണ   വിളിച്ചുനോക്കി.   കസ്റ്റമര്‍ ബിസിയാണ്‌ എന്ന മറുപടിയാണ്‌ കിട്ടിക്കൊണ്ടിരുന്നത്. അവസാനം അയാള്‍ ഒരു എസ്.എം.എസ് അയച്ചു. ഉടനെ മറുപടി വന്നു.  അയാള്‍ സന്തോഷം കൊണ്ടു തുള്ളിച്ചാടി. ഭാര്യ പ്രസവിച്ചതിലും  താലി പണയം വെക്കാതെ കഴിഞ്ഞതിലുമുള്ള സന്തോഷവുമായിരുനു അയാള്‍ക്കപ്പോള്‍.
വന്ന മറുപടിയില്‍  'ഡെലിവേര്‍ഡ്' എന്നുണ്ടായിരുന്നു.

ഇലകള്‍

ടിന്റുമോന്‍  ഒരിക്കല്‍ ആര്‍ട്ട് ഗാലറി സന്ദര്‍ശിച്ചു. പിന്നെ ദിവസവും അവിടെ പോകുന്നത് പതിവാക്കി.   ഇത് ശ്രദ്ധയില്‍ പെട്ട ബാബു ചോദിച്ചു: എന്തിനാടാ നീ ദിവസേന ആ ആര്‍ട്ട് ഗാലറിയില്‍ പോകുന്നത്?
ടിന്റു: ഇല പൊഴിഞ്ഞോന്ന് നോക്കാന്‍ പോയതാ.
ബാബു: എന്ത്?
ടിന്റു: അവിടെ    ഒരു കുറ്റിച്ചെടി കയ്യില്‍ പിടിച്ച് അതിന്റെ ഇലകള്‍ കൊണ്ട് നഗ്നത മറച്ചുനില്‍ക്കുന്ന ഒരു യുവതിയുടെ ചിത്രമുണ്ട്. ആ ചെടിയിലെ ഇലകള്‍ പൊഴിഞ്ഞോ എന്ന് നോക്കാനാണ്‌ ഞാന്‍ ദിവസേന അവിടെ പോകുന്നത്.

കിഡ്‌നി

ഗ്രാമീണനായ ഒരു സര്‍ദാര്‍ജി സ്പോക്കണ്‍ ഇങ്‌ഗ്ലീഷ് ക്ലാസില്‍ ചേര്‍ന്നു.  തുടക്കത്തില്‍  ആളുകളെ പരിചയപ്പടുന്നതും സ്വയം പരിചയപ്പെടുത്തുന്നതും മറ്റുമാണ്‌ ഒരു വിധം  പഠിച്ചത്. അതിനിടയില്‍ ഒരു അത്യാവശ്യത്തിന്‌ അദ്ദേഹവും കുടുംബവും പട്ടണത്തിലേക്ക് പോയി. ഇതു തന്നെ തന്റെ ഇങ്‌ഗ്ലീഷ് പ്രയോഗിക്കാന്‍ പറ്റിയ സമയമെന്ന് അദ്ദേഹം മനസ്സിലുറച്ചു. കിട്ടിയ ഓരോ അവസരവും ഉപയോഗപ്പെടുത്താന്‍ ഒട്ടും മടികാണിച്ചതുമില്ല.
പാര്‍ക്കില്‍ കണ്ട ഒരാള്‍ക്ക് അദ്ദേഹം തന്നെയും ഭാര്യയെയും മകനെയും മകളെയും പരിചയപ്പെടുത്തിയത് ഇപ്രകാരം  ആയിരുന്നു.
'അയാം സര്‍ദാര്‍. ദിസ് ഈസ് മൈ സര്‍ദാര്‍നി. ദാറ്റ് ഈസ് മൈ കിഡ്. ആന്‍ഡ് ദിസ്  സ്മാള്‍ വണ്‍ ഈസ് മൈ കിഡ്‌നി.'

Tuesday, October 13, 2015

നന്നെ ചെറുത്‌

നമ്പൂതിരി തന്റെ ബന്ധുവീട്ടില്‍ ചെന്നതാണ്‌. അവിടെ തന്റെ കൂട്ടുകാരന്‍  നമ്പീശനും ഉണ്ടായിരുന്നു. വീട്ടുകാര്‍ ഇരുവര്‍ക്കും ചായയും പഴവും നല്‍കി. രണ്ടു പഴങ്ങളില്‍ ഒന്ന്  നന്നെ ചെറുതായിരുന്നു. വലിയ പഴം നമ്പൂതിരി എടുത്തു. ഇതിനെ  നമ്പീശന്‍ കളിയാക്കി.
നമ്പൂതിരി: ഞാന്‍ ചെയ്തത് ശരിയായില്ലെന്നല്ലേ നമ്പീശന്‍ പറയുന്നത്? ആവട്ടെ. ആദ്യം പഴമെടുത്തത് നമ്പീശനാണെങ്കില്‍ എന്ത് ചെയ്യുമായിരുന്നു?
നമ്പീശന്‍:  ചെറുത്‌ ഞാനെടുത്ത്‌, വലിയത്‌ നമ്പൂരിക്ക് തരുമായിരുന്നു.
നമ്പൂതിരി: അതു തന്നെയല്ലേ ഞാനും ചെയ്തത്‌? 

ഭ്രാന്തന്‍

സ്കൂള്‍ വാര്‍ഷികത്തിന്‌ കലാപരിപാടികള്‍ നടക്കുകയാണ്‌. കവിതാപാരായണമാണ്‌ ഒരിനം.

ഒരു കുട്ടി ചൊല്ലി:
പന്ത്രണ്ടു മക്കളെപ്പെറ്റൊരമ്മേ
നിന്റെ മക്കളില്‍ ഞാനാണു ഭ്രാന്തന്‍
......
ഇതു കേള്‍ക്കാനിടയായ നമ്പൂതിരി: ഇവന്നല്ല; ഇക്കാലത്ത് പന്ത്രണ്ട്‌ കുട്ടികള്‍ക്ക് ജന്മം നല്‍കിയ   ഇവന്റെ അമ്മയ്ക്കാണ്‌ ഭ്രാന്ത്.

ഹോംലി മീല്‍സ്

നഗരത്തില്‍ ചെന്ന നമ്പൂതിരി ഉച്ചയ്ക്ക് ഒരു ഹോട്ടലില്‍ കയറി. കാഷ്യറോട് ചോദിച്ചു: ഇവിടെ നല്ല ഊണ്‌ കിട്ട്വോ?
കാഷ്യര്‍: അതെ. ഇവിടെ ഹോംലി മീല്‍സ് തന്നെ കിട്ടും.
നമ്പൂതിരി: എന്ന് വെച്ചാ എന്താ?
കാഷ്യര്‍: ഹോം‌ലി മീല്‍സ് എന്നാല്‍   വീട്ടിലുണ്ടാക്കുന്ന അതേ ഊണ്‍ തന്നെ.
നമ്പൂതിരി:  അത് കഴിച്ച് മടുത്തിട്ടാ നോം ഈ പട്ടണത്തില്‍ വന്നു നോക്കിയത്. ഇവിടെയും ഇല്ലത്തെ ഊണാണ്‌ ഉള്ളതെങ്കില്‍ വെറുതെ കാശ്‌ കളയുന്നില്ല. അടുത്ത വണ്ടിക്ക് ഇല്ലത്തേക്ക് മടങ്ങിപ്പോയി അവിടത്തെ ഊണു തന്നെ കഴിക്കാം.

Saturday, October 10, 2015

വനിതാ വാര്‍ഡ്

Rafeeque Socialite writes:

വനിതാ വാർഡായി മാറിയതിനാൽ നമ്മുടെ മെംബർ ഇപ്രാവശ്യം മത്സരിക്കുന്നില്ല..
"സാറേ..ഇനി വിശ്രമ ജീവിതം നയിക്കാം അല്ലേ....."
മെംബർ നിരാശയോടെ പറഞ്ഞു: "എങ്ങിനെ വിശ്രമിക്കും. ഇനി മെംബറുടെ പണി കൂടാതെ വീട്ടിലെ ജോലിയും ചെയ്യണം ..
ഭാര്യ മത്സരിക്കുന്നുണ്ട്."

Thursday, October 8, 2015

മോര്‍ച്ചറി

മോര്‍ച്ചറിയില്‍ കിടത്തിയിരിക്കുന്ന 'ശവം' പറഞ്ഞു: ഞാന്‍ മരിച്ചിട്ടില്ല. മരിച്ചെന്ന് വിധിച്ചത് ഡോക്‌ടര്‍ക്ക് പറ്റിയ തെറ്റാണ്‌.
മോര്‍ച്ചറി കീപ്പര്‍: ഞാന്‍ ആരെ വിശ്വസിക്കണം? ഡോക്‌ടറെയോ വെറും ഒരു ശവമായ നിന്നെയോ?

Wednesday, October 7, 2015

കവടി

ജ്യോതിഷപരിഷത്തിന്റെ വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സിനിമാ താരം മധു. നോട്ടീസില്‍ അച്ചടിച്ചിരുന്ന പേരുകാരില്‍ പലര്‍ക്കും ആ പരിപാടിയില്‍ സംബന്ധിക്കാന്‍ സാധിച്ചിരുന്നില്ല. ഇത് പരാമര്‍ശിച്ചുകൊണ്ട് സംഘാടകരോട് മധു: 'ചടങ്ങില്‍ എത്താന്‍ കഴിയുന്നവരാണോ എന്ന് കവടി നിരത്തിനോക്കി വരുമെന്ന് ഉറപ്പുള്ളവരെ മാത്രം ക്ഷണിച്ചാല്‍ മതിയായിരുന്നില്ലേ?'

Sunday, October 4, 2015

രക്ഷപ്പെട്

ടിന്റുമോന്‍ കുളത്തില്‍ വീണു. അവനു നീന്തല്‍ അറിയില്ല. അതിനാല്‍ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്‌. ഇതിനിടയിലാണ്‌ ഒരു മീനിനെ കയ്യില്‍ കിട്ടിയത്. ഒന്ന് പൊങ്ങിയപ്പോള്‍ അതിനെ കരയിലേക്കെറിഞ്ഞിട്ട് പറഞ്ഞു: എന്റെ കാര്യം കഷ്ടമാണ്‌; നീയെങ്കിലും പോയി രക്ഷപ്പെട്.

Friday, October 2, 2015

കാരണം

കല്യാണം കഴിഞ്ഞതിന്റെ മൂന്നാം നാള്‍ പെണ്ണ്‌ പിണങ്ങിപ്പോയി. കാരണം ചോദിച്ചിട്ട് അവള്‍ പറയുന്നില്ല. 'ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. സഹിക്കാന്‍ പറ്റുന്നില്ല. ഞാന്‍ മടുത്തു; വെറുത്തു.' ഇത്രയേ പറയുന്നുള്ളു.

അവസാനം അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയെ വരുത്തി. അവളെക്കൊണ്ട് ചോദിപ്പിച്ചു. അപ്പോഴാണ്‌ കാരണം മനസ്സിലായത്. ഭര്‍ത്താവ് നല്ല ഒന്നാം തരം വലിക്കാരനാണെന്ന്. വലിയെന്നാല്‍ സിഗരറ്റ് വലിയല്ല; കൂര്‍ക്കം വലി.

സംശയം

പോക്കരിനോട് അമ്മദ് ഒരാഴ്‌ചത്തെ അവധിയിക്ക് 2000 രൂപ കടംവാങ്ങി. ആഴ്‌ചകള്‍ പലത് കഴിഞ്ഞു. പോക്കര്‍ പല തവണ ചോദിച്ചു. എന്നിട്ടെന്താ? അമ്മദ് തുക തിരിച്ചടച്ചില്ല. അങ്ങനെയാണ്‌ പോക്കരിനെ കാണുമ്പോള്‍ അമ്മദ് മുങ്ങാന്‍ തുടങ്ങിയത്.
ഇത്രയുമെത്തിയപ്പോള്‍ ഇനിയവനെ കണ്ടുമുട്ടിയാല്‍ പോലും പണം ചോദിക്കില്ലെന്ന് പോക്കര്‍ തീരുമാനിച്ചു; സങ്കടം തോന്നിയിട്ടാണ്‌.

പിന്നെ അമ്മദ് ഒരു സദസ്സില്‍ ഇരിക്കുന്നുണ്ടെങ്കില്‍ പോക്കര്‍ അവിടേക്ക് ചെല്ലാതായി. ക്രമേണ അമ്മദിനെ കണ്ടാല്‍ പോക്കര്‍ വഴി മാറി നടക്കുമെന്നായി. അതോടെ അമ്മദിന്‌ ആ 'ബാദ്ധ്യത' ഒഴിവായിക്കിട്ടി. കടം നല്‍കിയതും പോക്കര്‍! വഴിമാറി നടക്കുന്നതും പോക്കര്‍!

ഈ നിലയില്‍ അല്‍പ്പകാലംകൂടി കഴിഞ്ഞപ്പോള്‍ അമ്മദിന്‌ ഒരു സംശയം. ആര്‌ ആരോടാണ്‌ കടംവാങ്ങിയത്? താന്‍ പോക്കരോട് കടംവാങ്ങിയോ? അതല്ല; പോക്കര്‍ തന്നോട് വാങ്ങിയോ? അമ്മദ് ചിന്തിച്ചു: രണ്ടാമതു പറഞ്ഞതാണ്‌ സംഭവിച്ചിരിക്കുക. ഇല്ലെങ്കില്‍ അവനെന്തിനാണ്‌ തന്നെ കാണുമ്പോള്‍ വഴിമാറി നടക്കുന്നത്?

ഇക്കാര്യം പോക്കരോട് ചോദിച്ച് സംശയനിവാരണം വരുത്താമെന്നും അമ്മദ് തീരുമാനിച്ചു. അമ്മദിന്റെ ചോദ്യം കേട്ടപ്പോള്‍ പോക്കരിനും സംശയം. തുക 2000 ആണെന്ന് പോക്കര്‍ ഓര്‍ക്കുന്നു. പക്ഷേ ആര്‌ ആരോടാണ്‌ വാങ്ങിയത്‌?

അവസാനം നാട്ടുകൂട്ടത്തിനു മുമ്പില്‍ പ്രശ്‌നമെത്തി. എന്നുവെച്ചാല്‍ അമ്മദ് എത്തിച്ചു. അവര്‍ ഇരുവരെയും ചോദ്യം ചെയ്‌തു. തുക കൊടുത്തതിനും വാങ്ങിയതിനും സാക്ഷികളില്ല. വാങ്ങിയിട്ടുണ്ടെന്നോ കൊടുത്തിട്ടുണ്ടെന്നോ ഇരുവരും ആരോടും പറഞ്ഞിട്ടുമില്ല. കിട്ടാനുണ്ടെന്നോ കൊടുക്കാനുണ്ടെന്നോ ആരും പറഞ്ഞതായും ഒരു തെളിവുമില്ല.

പിന്നെ, സാക്ഷികളുള്ളത് ഒരു കാര്യത്തിനു മാത്രം. അമ്മദിനെ കാണുമ്പോള്‍ പോക്കര്‍ വഴിമാറിനടക്കുന്നത് കണ്ട പലരുമുണ്ട്. അപ്പോള്‍ പിന്നെ എന്ത് സംശയം? അമ്മദിനോട് പോക്കരാണ്‌ കടംവാങ്ങിയത്.
നാട്ടുകൂട്ടം വിധിച്ചു: അമ്മദിന്‌ പോക്കര്‍ 2000 രൂപ നല്‍കണം. ഇത്രയും കാലം പണം നല്‍കാതെ മുങ്ങിനടന്നതിന്‌ പരസ്യമായി മാപ്പ് പറയുകയും ചെയ്യണം.