Followers

Sunday, November 24, 2013

കുറച്ചുണ്ട്

'ഈ അഡ്രസ് ഒന്നു പറഞ്ഞു തരാമോ?'

'ഇത് ഇങ്‌ഗ്ലീഷിലാണല്ലോ. നിങ്ങള്‍ അതൊന്ന് വായിച്ചു തരൂ.'

'കുറച്ചുണ്ട്.'

'മുഴുവന്‍ ഇല്ലേ?'

'കുറച്ചുണ്ട്.'

'എന്നാല്‍ ഉള്ളതു വായിക്കൂ.'

'ഉള്ളതാണ്‌ ഞാന്‍ വായിച്ചത്.'

'സ്ഥലത്തിന്റെ പേരാണോ ഈ വായിച്ചത്?'

'അതെ.'

'എങ്കില്‍ അത് വായിക്കേണ്ടത് കൂരാച്ചുണ്ട് എന്നാണ്‌.'

Thursday, November 21, 2013

വെറുതെ

ടി. മുഹമ്മദ് വേളം writes:

        നാട്ടിന്‍പുറത്ത് അത്യാവശ്യം ഉറുക്ക്, മന്ത്രം ഏലസ്സ്, തകിട്, തരികിട മതകുടില്‍വ്യവസായങ്ങള്‍ നടത്തി വേണ്ടത്ര പച്ചപിടിക്കാതെ പ്രയാസപ്പെട്ടിരിക്കുന്ന ഒരു മുസ്‌ലിയാരെ നാട്ടുകാരനായ ഒരു പ്രവാസി ഉംറ വിസക്ക്  കൊണ്ടുപോയ ഒരു കഥയുണ്ട്. മക്കയില്‍ പോയി ഉംറ കഴിഞ്ഞ് മദീനയില്‍ ചെന്ന മുസ്‌ലിയാരെ  പ്രവാസി  പ്രവാചകന്റെയും അനുചരമാരുടെയും ഭൗതിക ശരീരങ്ങള്‍ ഖബ്‌റടക്കിയ മസ്ജിദുന്നബവിയുടെ പരിസരവും ജന്നത്തുല്‍ ബഖീഉം കാണിച്ചുകൊടുത്തു. പ്രവാചകന്റെയും ഖലീഫമാരുടെയും ഹസ്രത്ത് ആഇശയുടെയും ഖബ്‌റുകള്‍ ഓരോന്നായി കണ്ട ശേഷം നെടുവീര്‍പ്പിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞത്രെ, 'നാട്ടിലായിരുന്നെങ്കില്‍ എത്ര കോടിയുടെ മുതലാണ് ഇവിടെ വെറുതെ കിടക്കുന്നത്' എന്ന്.

Monday, November 18, 2013

ചിരി

ഭാര്യ ഒരു വിഡ്ഢിത്തം പറഞ്ഞു. അതു കേട്ട ഭര്‍ത്താവ് ചിരിച്ചുകൊണ്ടിരിക്കുന്നു. ഭാര്യയാകട്ടെ കനത്ത മൌനത്തിലാണ്‌. ഈ സമയത്താണ്‌ അവരുടെ മകള്‍ കടന്നുവന്നത്.
അവള്‍ ചോദിച്ചു: അച്ഛന്‍ എന്തിനാ ചിരിക്കുന്നത്?
അയാള്‍ മറുപടി പറയാന്‍ തുടങ്ങിയെങ്കിലും ചിരി മൂലം തുടരാന്‍ കഴിഞ്ഞില്ല.
ഭാര്യ: മോളേ, അത് അമ്മ പറഞ്ഞു തരാം. ഞാന്‍ ഇന്നലെ ഒരു തമാശ പറഞ്ഞിരുന്നു. അച്ഛനത് ഇപ്പോഴാണ്‌ മനസ്സിലായത്. അതുകൊണ്ടാണ്‌ അച്ഛന്‍  ചിരിച്ചുകൊണ്ടിരിക്കുന്നത്.


Sunday, November 17, 2013

മമ്മി

ഒന്നാമന്‍: 'നിങ്ങള്‍ ഈ നാട്ടുകാരാണോ?
രണ്ടാമന്‍: അല്ല; ഞങ്ങള്‍  കുടിയേറ്റക്കാരാ. എന്റെ നാട് തൃശൂര്‍. അവളുടേത്...
രണ്ടാമന്റെ മകന്‍: അച്ഛാ, അത് ഞാന്‍ പറയാം.
രണ്ടാമന്‍: ശരി. പറ.
മകന്‍: ഈജിപ്ത്.
ഒന്നാമനും രണ്ടാമനും: ഹ ഹ ഹ. ഈജിപ്‌തോ?
മകന്‍: അതെ, 'മമ്മി'കളുടെ നാട് ഈജിപ്താണെന്ന് ഞാന്‍ ഇന്നലെ സ്കൂളില്‍ പഠിച്ചല്ലോ.

Saturday, November 16, 2013

നൂറു രൂപ

Pc SanalKumar Ias Rtd writes:

"നിര്‍ത്തെടോ വണ്ടി "
അയാള്‍ വണ്ടി നിര്‍ത്തി..
"ഡ്രൈവിങ് ലൈസൻസ് കാണട്ടെ. "
കൊടുത്തു.
"ബുക്കും പേപ്പറും എവിടെ?"
കാണിച്ചു.
"പുക പരിശോധിച്ച സര്ട്ടിഫിക്കറ്റ്?"
"ഉണ്ട് സാർ "
ഒന്നിലും കുഴപ്പമില്ല.
"സാർ ഞാൻ പൊയ്ക്കോട്ടേ.എന്തിന്റെ എങ്കിലും കുറവുണ്ടോ?"
ശബ്ദം താഴ്ത്തി
"ഒരു നൂറു രൂപയുടെ കുറവുണ്ട് "

Friday, November 15, 2013

മുട്ട

Pc SanalKumar Ias Rtd writes:

"ചുമ്മാതല്ല ടീച്ചര്‍  നിന്നെ തല്ലിയത്.അവരെ കോഴി എന്ന് വിളിച്ചാല്‍ അവര്‍ പിന്നെ തല്ലാതിരിക്കുമോ ? ആട്ടെ എന്തിനാണ് അവരെ നീ കോഴി എന്ന് വിളിച്ചത്?"
"അത് പിന്നെ എല്ലാ വിഷയത്തിനും എനിക്ക് അവര്‍ മുട്ടയാ ഇട്ടു തരുന്നത്. അവരെ പിന്നെ എങ്ങനെ വിളിക്കണം ?"

Saturday, November 9, 2013

നെഞ്ചുവേദന

ഹോസ്‌പിറ്റല്‍ മനേജര്‍: നെഞ്ചുവേദനയുമായി വന്ന ആള്‍ക്ക് ഗ്യാസിനുള്ള മരുന്ന് നല്‍കി വിട്ടെന്നോ?

ഡോക്‌ടര്‍: അയാളെ കണ്ടിട്ട് കാല്‍ കാശിന്‌ ഗതിയില്ലാത്തവനാണെന്ന് തോന്നി. അതുകൊണ്ട്‌ ചെയ്‌തുപോയതാണ്‌. ക്ഷമിക്കണം.

റാണി

തേനീച്ച വളര്‍ത്തലാണ്‌ കുമാരന്റെ തൊഴില്‍. അവനും രമയും സ്നേഹത്തിലായി. പിന്നെ കല്യാണം കഴിഞ്ഞ് ഒരുമിച്ച് താമസം തുടങ്ങി.
രമ: നമുക്കൊരു സിനിമയ്ക്ക് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ സര്‍കസിന്‌ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ പാര്‍ക്കിലോ ബീച്ചിലോ പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്റെ വീട്ടിലൊന്ന് പോകാം.
കുമാരന്‍: പറ്റില്ല.
രമ: എന്നാല്‍ ചേട്ടന്‍ വരണ്ട; ഞാന്‍ ഒറ്റയ്ക്ക് പോയ്‌ക്കൊള്ളാം.
കുമാരന്‍: അതും പറ്റില്ല.
രമ: ചേട്ടന്‍ വാക്ക് മാറ്റരുത്. കല്യാണം കഴിഞ്ഞാല്‍ എന്നെ റാണിയെപ്പോലെ സൂക്ഷിക്കുമെന്ന് പറഞ്ഞിരുന്നതാണ്‌; എന്നിട്ടിപ്പോള്‍ ഇങ്ങനെയാണോ ചെയ്യുന്നത്?
കുമാരന്‍: ഞാന്‍ വാക്ക് മാറ്റിയിട്ടില്ല. തേനീച്ചയുടെ റാണിയെ സൂക്ഷിക്കുന്നതു പോലെ നിന്നെ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു; പുറത്തെങ്ങും വിടാതെ.

വെള്ളപ്പം

രാമന്‍കുട്ടി ഒരു ഹോട്ടലില്‍ ചെന്ന് രണ്ടു വെള്ളപ്പം വാങ്ങി; അതിന്റെ കട്ടികൂടിയ നടുഭാഗം ഒഴികെ ബാക്കി തിന്നു. വീണ്ടും രണ്ടു വെള്ളപ്പം വാങ്ങി അപ്രകാരം ചെയ്‌തു. ഇത് കണ്ട സപ്ലയര്‍ കാരണം ചോദിച്ചു; രാമന്‍ കുട്ടിയുടെ മറുപടി: ഞാന്‍ ചികിത്സയിലാണ്‌; കട്ടിയുള്ളതൊന്നും കഴിക്കരുതെന്ന് ഡോക്‌ടര്‍ പറഞ്ഞിട്ടുണ്ട്. 

Wednesday, November 6, 2013

നേതാവ്

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ചാനല്‍ പരിപാടിയില്‍, ജഗദീശ്: ആരാണ്‌ ഏറ്റവും നല്ല രാഷ്ട്രീയ നേതാവാവുക? മമ്മൂട്ടിയോ മോഹന്‍ ലാലോ?

ശ്രീനിവാസന്‍: അവര്‍ രണ്ടു പേരും എല്‍.ഡി.എഫില്‍ ചേരുകയും ഒരാള്‍ മുഖ്യ മന്ത്രിയും മറ്റേ ആള്‍ പാര്‍ട്ടി സെക്രട്ടരിയും ആവുകയാണെങ്കില്‍ കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കും.