Followers

Wednesday, October 30, 2013

വിവാഹ വാര്‍ഷികദിനം 

'ചേട്ടാ, ഇന്ന് നമ്മുടെ വിവാഹ വാര്‍ഷികദിനമാണ്‌.'

'ഓഹ്, നീ അതൊക്കെ കൃത്യമായി ഓര്‍മ്മിക്കുന്നുണ്ടാല്ലോ. നല്ലത്. ഇന്ന് നിനക്ക് ഞാനൊരു സമ്മാനം തരാന്‍ ഉദ്ദേശിക്കുന്നു. പറയൂ; എന്താണ്‌ വേണ്ടത്?

'ഞാനാവശ്യപ്പെടുന്ന സമ്മാനം തരുമോ?'

'നീ ചോദിക്കുന്നതെന്തും തരണമെന്നാണ്‌ എന്റെ ആഗ്രഹം. പക്ഷേ, എന്റെ സാമ്പത്തികശേഷി നിനക്കറിയാമല്ലോ. അതിന്റെ പരിധിയിലൊതുങ്ങുന്ന എന്തും തരാം.'

'സാമ്പത്തിക ബാദ്ധ്യത വരാത്ത സമ്മാനമായാലോ?'

'ഓ, സന്തോഷം; തരാം.'

'സാമ്പത്തികലാഭമുള്ള സമ്മാനമാണെങ്കിലോ?'

'അങ്ങനെ ഒരു സമ്മാനമോ? ശരി. എന്തായാലും തരാം.'

'ഇന്നൊരു ദിവസമെങ്കിലും എന്റെ ചേട്ടന്‍ പരസഹായം കൂടാതെ തിരിച്ചുവരണം; എനിക്കതു മാത്രം മതി.'

Monday, October 28, 2013

സര്‍ട്ടിഫിക്കറ്റ്‌

Najm Zaman writes:

നാട്ടില്‍ അത്യാവശ്യം അറബിയെല്ലാം വായിക്കാനും എഴുതാനും പറയാനും കഴിയുന്ന (അതദ്ദേഹത്തിന്റെ ധാരണയും ആവാം) ഒരാള്‍ സൌദിയില്‍ ഇന്റര്‍വ്യൂന്ന്‌ പങ്കെടുക്കുന്നു.

ഇന്റര്‍വ്യൂവിനിടെ ജോര്‍ദാനിയായ മുദീര്‍ (മാനേജര്‍) നമ്മുടെ മലയാളിയോട്‌ ചോദിച്ചു: വേന്‍ ശഹാദ?

സൌദിയല്ലേ; മുസ്‌ലിം രാജ്യമല്ലേ; ഇസ്‌ലാമല്ലേ; അപ്പോ പിന്നെ മുസ്‌ലിമാണെന്ന്‌ ഉറപ്പു വരുത്താനുള്ള ചോദ്യമാകുമെന്ന്‌ കരുതി നമ്മുടെ മലയാളി പറഞ്ഞു: ലാ ഇലാഹ ഇല്ലല്ലാഹ്‌ മുഹമ്മദ്‌ റസൂലുല്ലാഹ്‌.

ഇത്‌ കേട്ട്‌ അന്തം വിട്ട ജോര്‍ദാനി വീണ്ടും: 'ലാ, ലാ, ശഹാദ, ശഹാദ.'

'അശ്‌ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്‌ വ അശ്‌ഹദു  അന്ന മുഹമ്മദര്‍റസൂലുല്ലാഹ്‌' എന്ന്‌ ഉറച്ച സ്വരത്തില്‍ മലയാളി വീണ്ടും പറഞ്ഞു.

എല്ലാം കഴിഞ്ഞ്‌ പുറത്തു വന്ന്‌ കമ്പനിയിലെ മറ്റൊരു മലയാളിയോട്‌ ഇന്റര്‍വ്യുവിനെ കുറിച്ച്‌ പറഞ്ഞപ്പോഴാ നമ്മുടെ ആള്‍ക്ക്‌ ജോര്‍ദാനി ചോദിച്ചത്‌ സര്‍ട്ടിഫിക്കറ്റ്‌ ആയിരുന്നു എന്ന്‌ മനസ്സിലായത്‌.

അനുസരണ

Pc SanalKumar Ias Rtd writes:

ഒരു പാപ്പാന്റെ വിവാഹം കഴിഞ്ഞു.
പിറ്റേന്ന് അയല്‍ക്കാരി ചേച്ചി ചോദിച്ചു: 'എന്തായിരുന്നു പെണ്ണേ, ഇന്നലെ വീട്ടില് അര്‍ദ്ധരാത്രിയില് വലിയ ബഹളം കേട്ടല്ലോ. ഞങ്ങളുമൊക്കെ കല്യാണം കഴിച്ചിട്ടുള്ളവരാ, കേട്ടോ.'

'ഓ എന്തു പറയാനാ ചേച്ചീ? അയാള് എന്നെ അനുസരണ പടിപ്പിക്കുകയായിരുന്നു. ഇരിയെടീ, നില്ലെടീ, കുനിയെടീ എന്നൊക്കെ ഉള്ള കല്പനകള്‍. കുറെ കഴിഞ്ഞപ്പം ശരിക്കും എനിക്കങ്ങു മദം ഇളകി.'

'എന്നിട്ടെന്തായി?'

'എന്താകാനാ.ആ മൂലയില് കിടപ്പുണ്ട്. ഞാന്‍ രണ്ടു ചവിട്ടേ ചവിട്ടിയുള്ളൂ.'

Sunday, October 20, 2013

ഉറക്കം

അപരിചിതമായ ആ നഗരത്തില്‍ ഞാനെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. ലോഡ്‌ജില്‍ കിടന്നാല്‍ വേഗം ഉറക്കം വരില്ല. അതു വരെ വായിക്കാന്‍ കയ്യില്‍ പുസ്‌തകം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടാണ്‌ അടയ്ക്കാന്‍ തുടങ്ങിയ ആ ബുക്‌ സ്റ്റാളില്‍ ഞാന്‍ കയറിയത്. ആകെ പരതിയിട്ടും പറ്റിയതൊന്നും കിട്ടിയില്ല. അവസാനം ഞാന്‍ ഒരു പേന വാങ്ങി.

പകല്‍മാന്യന്മാര്‍

പഴയ പാട്ട്:

പണ്ടൊരു നാളില്‍ പട്ടണനടുവില്‍ പാതിരനേരം സൂര്യനുദിച്ചു.
പട്ടാപ്പകലു മഹാന്മാരായി ചുറ്റിനടന്നവര്‍ കണ്ണുമിഴിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ഞെട്ടിവിറച്ചു.
അവരെ തെരുവിലെ വേശ്യപ്പുരകള്‍ക്കരികില്‍ കണ്ടു ജനങ്ങള്‍ ചിരിച്ചു.

പുതിയ പാട്ട്:

ഇന്നൊരു നാളില്‍ പട്ടണനടുവില്‍ നട്ടുച്ചയ്ക്ക് കേമറ വെച്ചു.
പകല്‍മാന്യന്മാര്‍ കഥയറിയാതെ പതിവു പോലെ വിഹരിച്ചു.
സന്മാര്‍ഗത്തിന്‍ കുലപതിമാരാം തമ്പ്രാക്കന്മാര്‍ ലെന്‍സില്‍ പെട്ടു.
'കേമറ വെച്ചവന്‍ കുറ്റക്കാരന്‍' എന്ന് സമൂഹം ആര്‍ത്തുവിളിച്ചു. 

കോഴി

ഒരു കൊച്ചുകുടിലില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന ആ മുത്തശ്ശി ധാരാളം കോഴികളെ വളര്‍ത്തിയിരുന്നു. അവര്‍ക്ക് അതൊരു വരുമാനമാര്‍ഗവുമായിരുന്നു. ഒരു ദിവസം അവര്‍ എല്ലാ പൂവന്‍കോഴികളെയും കൊന്നു കളയാന്‍ തീരുമാനിച്ചു. അയല്‍വാസികളോടുള്ള ഒരു സൌന്ദര്യപ്പിണക്കമായിരുന്നു അതിനുള്ള പ്രകോപനം.
ആരോ ചോദിച്ചു: 'അതിന്ന് പൂവന്‍ കോഴികളെ കൊല്ലുന്നതെന്തിന്‌?'
മുത്തശ്ശി തിരിച്ചു ചോദിച്ചു: 'എന്റെ കോഴി കൂവിയില്ലെങ്കില്‍ നിങ്ങള്‍ക്കെങ്ങനെ നേരം പുലരും?'

Friday, October 18, 2013

പത്തു മാസം

അമ്മ: നിന്നെ പത്തു മാസം ചുമന്നു നടന്നവളാണ്‌ ഞാന്‍.  എന്നിട്ടും ഞാന്‍ പറയുന്നതൊന്നും നീ അനുസരിക്കുന്നില്ലല്ലോ.

മകന്‍: അമ്മ ഈ കസേരയില്‍ കയറിയിരിക്ക്. അമ്മയെ ഞാന്‍ പത്ത് മാസം ചുമന്നോണ്ട് നടക്കാം. അപ്പോള്‍ ആ കടമങ്ങ് വീടുമല്ലോ.

ഷര്‍ട്ടും പേന്റും

ഡുണ്ടു: എന്റെ റെയ്‌ന്‍ കോട്ടുമിട്ടാണോ നിന്റെ നടപ്പ്?

ടിന്റു: അതേ.

ഡുണ്ടു: അതിവിടെ അഴിച്ചു വച്ചിട്ട് പോയ്ക്കോ.

ടിന്റു: നിന്റെ ഷര്‍ട്ടും പേന്റും നനയാതിരിക്കാനാണ്

കറി

രാജന്‍: നീ കല്യാണത്തിനു പോയില്ലേ?

സതീഷ്: പോയി.

രാജന്‍: എങ്ങനെയുണ്ട് സദ്യ?

സതീഷ്: പോത്താണ്‌ കറി വെച്ചത്.

ചില്ലറ

പതിനൊന്നു രൂപ നല്‍കേണ്ടിടത്ത് 100 രൂപാ നോട്ട് നല്‍കിയ യാത്രക്കാരനോട് കണ്ടക്ടര്‍: ഒരു രൂപ ചില്ലറയുണ്ടോ?

യാത്രക്കാരന്‍: പതിനൊന്നു രൂപ തന്നാലോ?

കണ്ടക്ടര്‍: വലിയ ഉപകാരം.

യാത്രക്കാരന്‍: ഇല്ലാഞ്ഞിട്ടാണ്‌. അല്ലെങ്കില്‍ തരുമായിരുന്നു. 

ഹജ്ജ്

ബീരാന്‍ ഹജ്ജ് ചെയ്തുകൊണ്ടിരിക്കുകയാണ്‌. അതിനിടയില്‍ തിരക്കേറിയ ഒരു സ്ഥലത്ത് വച്ച് ആജാനബാഹുവായ ഒരാള്‍ ബീരാനെ തട്ടിത്തെറിപ്പിച്ചു. ബീരാന്‍ അയാളെ ഇടിക്കാന്‍ ഓങ്ങിയതു കണ്ട മറ്റൊരാള്‍: ഇതു ഹജ്ജാണ്‌; അതിനിടയില്‍ ശണ്ഠകൂടാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഹജ്ജിന്റെ പുണ്യം  നഷ്ടപ്പെടും.

ബീരാന്‍: ഹജ്ജ് പിന്നെയും ചെയ്യാന്‍ കഴിയും. ഈ ചങ്ങാതിയെ പിന്നെ കാണുകയില്ല. 

മട്ടന്‍

ഒരാള്‍ ബീഫ്‌ കടയില്‍: ഇളയ കുട്ടന്റെ ഇറച്ചിയുണ്ടോ?

കടക്കാരന്‍: മട്ടന്‍ വില്‍ക്കുന്ന കടയില്‍ കിട്ടും. 

Saturday, October 12, 2013

നര

Fasil Ks writes:

ജിജ്ഞാസയോടെ കുട്ടിയുടെ ചോദ്യം.: "അമ്മേ, എന്തു കൊണ്ടാണ് അമ്മയുടെ ചില മുടികള്‍ നരച്ചിരിക്കുന്നത് ? "

കിട്ടിയ തക്കത്തിനു മകനെ ഉപദേശിച്ചു കളയാം എന്ന് അമ്മയും തീരുമാനിച്ചു."മകനെ, നീയാണതിനു കാരണം. നീ ഓരോ പ്രാവശ്യം കുരുത്തക്കേട്‌ കാണിക്കുമ്പോഴും എന്റെ ഓരോ മുടി നരക്കാന്‍ തുടങ്ങും "

"ഓഹോ" കുട്ടി നിഷ്കളങ്കമായി പറഞ്ഞു " ഇപ്പൊ എനിക്ക് മനസ്സിലായി എന്തുകൊണ്ടാണ് അമ്മൂമ്മയുടെ മുടി മുഴുവന്‍ നരച്ചു പോയതെന്ന് !!"

#ഇംഗ്ലീഷ് കഥയോട് കടപ്പാട്

Tuesday, October 8, 2013

സുഖവാസകേന്ദ്രം

'അച്ഛനെവിടെ?'
'സുഖവാസകേന്ദ്രത്തില്‍.'
'ഓഹോ, നല്ല കാര്യം.'
'ഏതു സുഖവാസകേദ്രത്തിലാണ്‌?'
'മെഡിക്കല്‍ കോളേജില്‍'
'ങേ, എന്തു പറ്റി?'
'ഒരു അറ്റാക്ക്.'
'എന്നിട്ടാണോ സുഖവാസകേന്ദ്രത്തില്‍ എന്നൊക്കെ പറഞ്ഞ് കളിയാക്കുന്നത്?'
'രോഗം സുഖമാകാന്‍ വേണ്ടി വസിക്കുന്ന കേന്ദ്രം എന്നേ ഞാനുദ്ദേശിച്ചിട്ടുള്ളു.' 

സില്‍ക്ക്

പണ്ടൊരു കുട്ടി ഇങ്‌ഗ്ലീഷ് പഠിക്കാന്‍ പോയ കഥയുണ്ട്. അവന്‍  ഒരു പദത്തിന്റെ അര്‍ത്ഥം പഠിച്ചു. സില്‍ക്ക് = പട്ട്.

പിന്നെ അവന്‍ വീട്ടിലിരുന്ന് കുറേ പദങ്ങളുണ്ടാക്കി.
സില്‍ക്ക = പട്ട,
സില്‍ക്കി = പട്ടി,
സില്‍ക്കം = പട്ടം,
സില്‍ക്കണം = പട്ടണം,
സില്‍ക്കിണി = പട്ടിണി.

Wednesday, October 2, 2013

ഹൃദയം

തന്റെ കാറുമായി വര്‍ക്ക് ഷോപ്പിലെത്തിയ ഡോക്‌ടറോട് മെക്കാനിക്ക്: 'ഞാനീ യന്ത്രത്തിന്റെ ഹൃദയം തുറന്ന് അതിന്റെ വാല്‌വ് പുറത്തെടുത്ത് ശരിയാക്കി വീണ്ടും ഉള്ളില്‍ വെച്ച് പ്രവര്‍ത്തിപ്പിക്കുന്നു. താങ്കള്‍ ചെയ്യുന്നതും ഇതു തന്നെയല്ലേ?  എന്നിട്ടെന്താ? എനിക്ക് കിട്ടുന്നത് തുച്ഛമായ കൂലി. താങ്കള്‍ക്കോ ഭീമന്‍ ശമ്പളവും. ഇത് അനീതിയല്ലേ?'

ഒരു നിമിഷം സ്തംഭിച്ചുപോയ ഡോക്‌ടര്‍ ആത്മവിശ്വാസം വീണ്ടെടുത്തിട്ട് ചോദിച്ചു: ആ എഞ്ചിന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ താങ്കള്‍ക്കത് ചെയ്യാന്‍ കഴിയുമോ?